15. അഗ്നി ബാധയും അതിശയ രക്ഷപ്പെടലും

15. അഗ്നി ബാധയും അതിശയ രക്ഷപ്പെടലും



ടിവി അബ്ദുറഹിമാന്‍കുട്ടി

മൊബൈല്‍. 9495095336




                               മക്തി തങ്ങള്‍ തന്‍റെ ദൗത്യകൃത്യ നിര്‍വ്വഹണത്തിന്‍റെ ഭാഗമായി പല പ്രദേശങ്ങളിലും താമസിച്ചിട്ടുണ്ട്. തൃശ്ശൂരില്‍ താമസിക്കുന്ന സമയത്ത് അവിടെ പടര്‍ന്ന് പിടിച്ച അഗ്നി ബാധയില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട സംഭവം അദ്ദേഹം വിവരിക്കുന്നത് നോക്കൂ:

                             ഞാനും കുടുംബവും തൃശൂര്‍ ചെട്ടിയങ്ങാടിയില്‍ താമസിക്കുന്ന സമയത്ത് അവിടെ നിന്ന് ഞാന്‍ പോന്നിട്ട് നാലാം ദിവസം ആ ഭാഗത്ത് തീപിടിച്ചു. രണ്ടായിരം ഉറുപ്പികയോളം വിലക്കുള്ള കിതാബുകള്‍(പുസ്തകങ്ങള്‍) ഇരിന്നിരുന്നതുമായ പുല്ല് പൊതിഞ്ഞതായ ഏറ്റവും ചെറിയ ഒരു പുരയിലായിരുന്നു എന്‍റെ ബീവിയും മറ്റും താമസിച്ചിരുന്നത്. അതിന് ഏകദേശം നാലഞ്ച് കോല്‍ അകലെയുള്ള പുരക്കാണ് ആദ്യം തീപിടിച്ചത്. അത് കത്തുന്ന സമയത്ത് പുരുഷന്മാരില്ലാത്ത വ്യസനത്താല്‍ എന്‍റെ മകള്‍ ഖുര്‍ആന്‍ എടുത്ത് തുറന്ന് പടിഞ്ഞാറോട്ടേക്ക് തിരിഞ്ഞ് നിന്ന്(അള്ളാഹുവിനോട്)കൃഫ ചെയ്യുന്ന തമ്പുരാനെ എന്ന് കരഞ്ഞ് പറഞ്ഞ് നിന്നു. തീ വലതുഭാഗം ചാഞ്ഞ് പിടിച്ചു. ഒട്ടുവളരെ വീടുകള്‍ ഒന്നിച്ചു കത്തി. എന്‍റെ വീട്ടിന്മേലുള്ള പുല്ല് കരിഞ്ഞു. പൊളിച്ചിടാന്‍ ആരുമില്ലാതിരുന്നിട്ടും വീട് രക്ഷപ്പെട്ടു.

                   അത് പോലെ തന്നെ എന്‍റെ കൂടെ വന്നിരുന്നതും ഞാന്‍ ഏറ്റവും സ്നേഹിക്കുന്നതുമായ കുട്ടിയുടെ വീട് എണ്‍പതാമത്തേതായിരുന്നു. തീ നാളം ആ പുരയുടെ അകത്തേക്ക് കടന്ന് തുണികള്‍ കത്തിയെങ്കിലും വീട് രക്ഷപ്പെട്ടു. അല്‍പമായ തീ എന്‍റെ വീട്ടിനെ തൊട്ടിരുന്നുവെങ്കില്‍ ഞങ്ങളുടെ തമ്പുരാനെ കുറ്റപ്പെടുത്തിയത് മൂലം തമ്പുരാന്‍റെ ശിക്ഷയാണെന്ന് പറഞ്ഞ് നസ്രാണികള്‍ കൂവുമായിരുന്നു. ദുനിയാവില്‍ മുഴുവന്‍ പരത്തുന്നതും എന്നന്നേക്കും സാക്ഷിയായി പറഞ്ഞ് കാണിക്കത്തക്ക നിലയില്‍ ബുക്കുകളില്‍ എഴുതിവെക്കുകയും ചെയ്യുമായിരുന്നു. അത് കൊണ്ട് ഒരുവനായ പടച്ചവന്‍ എന്‍റെ വീടിനെ മാത്രമല്ല എന്‍റെ കൂടെ വന്ന കുട്ടിയുടെയും വീടിനെയും രക്ഷപ്പെടുത്തി. തീക്കെടുത്തിയത് നസാറ ജനവിഭാഗമായിരുന്നു. അവര്‍ തീ പിടിക്കാത്ത എന്‍റെ വീടും തീപിടിച്ച മറ്റു വീടും കണ്ട് അതിശയിച്ചു. ആകാശ ഭൂമികളില്‍ അല്ലാഹുവിന്‍റെ ഉദ്ദേശ്യമില്ലാതെ ഒന്നും തന്നെ നടത്തപ്പെടുകയില്ല.