4. മലബാറും ഇസ്ലാമിക വളര്‍ച്ചയും




 4. മലബാറും ഇസ്ലാമിക വളര്‍ച്ചയും





ടിവി അബ്ദുറഹിമാന്‍കുട്ടി

മൊബൈല്‍. 9495095336


                കേരളത്തിലെ മറ്റു വിഭാഗങ്ങളെ അപേക്ഷിച്ച് മലബാറില്‍ മുസ്ലിംകളുടെ സംഖ്യ വര്‍ദ്ധിക്കാനും ഇതര മതസ്ഥരെ ധാരാളം ഇസ്ലാമിലേക്ക് ആകര്‍ഷിക്കാനും മതിയായ പല കാരണങ്ങള്‍ അന്നുണ്ടായിരുന്നു. ചരിത്രാതീത കാലം മുതല്‍ അറബികളുമായുള്ള വ്യാപാരബന്ധത്തെ തുടര്‍ന്ന് അവരില്‍ പലരും ഇവിടെ വിവാഹം ചെയ്ത് സകുടുംബം പാര്‍ത്തിരുന്നുവെന്ന് നടെ പറഞ്ഞുവല്ലൊ.

    മദ്ധ്യകാലഘട്ടത്തില്‍ സാര്‍വ്വലൗകിക സാഹോദര്യം ലക്ഷ്യമാക്കിയ സൂഫികളുടെ പ്രവര്‍ത്തനവും മുസ്ലിംകളെ അടുത്തറിയാന്‍ അവസരം നല്‍കി. സാമൂതിരിയുടെ ഇഷ്ടപ്പെട്ട പ്രജകളാണ് മുസ്ലിംകളെന്ന ഖ്യാതിയും അക്കാലത്ത് പരന്നിരുന്നു. സാമൂതിരി രാജാവ് ബ്രാഹ്മണര്‍ക്ക് അഭീഷ്ടദാനം നല്‍കിയത് പോലെ മുസ്ലിംകള്‍ക്കും നല്‍കി അവരെ ആദരിച്ച് അംഗീകരിച്ചിരുന്നു. മാമാങ്കാദ്ധ്യക്ഷനായ സാമൂതിരിക്ക് തിരുന്നാവായ നിലപാട് തറയില്‍ രക്ഷാപുരുഷനായി നില്‍ക്കുന്ന സമയത്ത് പ്രധാന അംഗരക്ഷകന്‍ സ്ഥാനം കോഴിക്കോട്ടെ ശാബന്ദര്‍ കോയക്കായിരുന്നു. കോയയുടെയും കോഴിക്കോട് ഖാസിയുടെയും പൊന്നാനി മഖ്ദൂമുകളുടെയും പ്രൗഢിയും ഭരണത്തിലൂള്ള സ്വാധീനവും മറ്റുള്ളവരെ ആകര്‍ഷിച്ചു.

  പ്രജകള്‍ക്കിടയില്‍ സാഹോദര്യവും മുസ്ലിം-അമുസ്ലിം വൈവാഹികബന്ധവും സാമൂതിരി പ്രോല്‍സാഹിപ്പിച്ചു. സാമൂതിരിയുടെ മേല്‍ക്കോയ്മയില്‍ വന്നതിന് ശേഷം വന്നേരി നാട്ടിലെ പെരുമ്പടപ്പില്‍ മുസ്ലിംകള്‍ക്ക് പാര്‍ക്കാന്‍  കുടുതല്‍ സൗകര്യങ്ങള്‍ നല്‍കിയതും, ചാലിയം മുതല്‍ തിരൂരങ്ങാടി വരെയുള്ള പ്രദേശങ്ങള്‍ ഭാഗികമായി വാഴാന്‍ മുസ്ലിംകള്‍ക്ക് അധികാരം നല്‍കിയതും സാമൂതിരി മുസ്ലിംകളോട് സ്വീകരിച്ച നിലപാട് വ്യക്തമാക്കുന്നതാണ്. പോര്‍ച്ചുഗീസ് വരവിന് ശേഷം പല കാരണങ്ങളാല്‍ സാമൂതിരിക്ക് നിരന്തരം പറങ്കികളുമായി പോരാടേണ്ടി വന്ന അവസരങ്ങളില്‍ നായര്‍ പടയാളികള്‍ക്ക് താഴ്ന്ന ജാതിക്കാരോടൊപ്പം യുദ്ധം ചെയ്യാനും നാവിക യുദ്ധത്തില്‍ പങ്കെടുക്കാനും അക്കാലത്തെ ജാതീയ വ്യവസ്ഥിതി അനുവദനീയമല്ലാത്തതിനാല്‍  നാവിക ശക്തി വര്‍ദ്ധിപ്പിക്കേണ്ടി വന്നു. അതിന് അമുസ്ലിം മത്സ്യത്തൊഴിലാളികളെയും ഇതര വിഭാഗങ്ങളെയും മുസ്ലിംകളാവാന്‍ സാമൂതിരി പ്രോല്‍സാഹിപ്പിച്ചു. അമുസ്ലിം കുടുംബങ്ങളില്‍ വെള്ളിയാഴ്ച ജനിക്കുന്ന ഒന്നോ രണ്ടോ ആണ്‍ കുഞ്ഞുങ്ങള്‍ മുസ്ലിമായി വളര്‍ത്തി നാവിക ശക്തി വര്‍ദ്ധിപ്പിക്കണമെന്ന രാജകീയ ശാസനവും ഇതേത്തുടര്‍ന്ന് പുറപ്പെടുവിക്കുകയുണ്ടായി.

            ഭാരതത്തില്‍ ആദ്യമായി അധിനിവേശ വിരുദ്ധ പോരാട്ടത്തിന് നേതൃത്വം നല്‍കിയ സാമൂതിരി-മരക്കാര്‍-മഖ്ദൂം സംയുക്ത സേന രൂപികരണവും, മുസ്ലിം പണ്ഡിതന്മാരുടെയും പൗരപ്രമുഖരുടെയും മാതൃകാപരമായ ജീവിത രീതിയും, വിഭാഗീയത ഇല്ലാതെ ഇതര മതസ്ഥരോടുള്ള  മുസ്ലിംകളുടെ സനേഹ സമ്പന്നമായ പെരുമാറ്റവും, സംസ്കൃതത്തിലും ആയുര്‍വേദത്തിലും പ്രാവീണ്യം സിദ്ധിച്ച് മലയാളക്കരയില്‍ സ്ഥിരപ്രതിഷ്ഠ നേടിയ മുസ്ലിം പണ്ഡിതന്മാരും ഹൈന്ദവാചാര്യന്മാരും തമ്മിലുള്ള സുദൃഢബന്ധവും, ഹൈന്ദവ കവികളുമായുള്ള മുസ്ലിം പണ്ഡിതന്മാരുടെ കൂട്ടായ്മയും, ഹൈന്ദവരില്‍ നിലനിന്നിരുന്ന  ജാതി-മത-വര്‍ഗ്ഗ-സമ്പത്തിന്‍റെ പേരിലുള്ള ഉച്ഛനീചത്വവും വിവേചനവും, താഴ്ന്ന ജാതിക്കാര്‍ ഇസ്ലാമിലേക്ക് മത പരിവര്‍ത്തനം നടത്തിയാല്‍ സമൂഹത്തില്‍ അവര്‍ക്ക് ലഭിക്കുന്ന അംഗീകാരവും ആദരവും, അവരോടുള്ള മുസ്ലിംകളുടെ വിവേചനരഹിതമായ പെരുമാറ്റവും, മൈസൂര്‍ സുല്‍ത്താന്മാരായ ഹൈദരലിയുടെയും ടിപ്പുവിന്‍റെയും ആഗമനവും, നാനാ ജാതി വിഭാഗങ്ങളോടും മുസ്ലിംകളുടെ സമഭാവനയോടെയുള്ള ഇടപെടലുകളും തുടങ്ങിയ പല കാരണങ്ങള്‍ ഇതിന് ശക്തി പകര്‍ന്നു.