28. എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും

28. എന്‍.എസ്.എസും 
എസ്.എന്‍.ഡി.പിയും







ടിവി അബ്ദുറഹിമാന്‍കുട്ടി

                                                മുബൈല്‍ : 9495095336



    ക്ഷേത്രങ്ങളോട് അനുബന്ധിച്ച് വിദ്യാലയങ്ങളും വായന ശാലകളും ആരംഭിക്കണമെന്ന് ശ്രീ നാരായണ ഗുരു ഹൈന്ദവരെ ഉത്‌ബോധിപ്പിച്ചു.  തിരുവിതാംകൂറില്‍ ശ്രീമൂലം മഹാരാജാവിന്‍റെ ഭരണത്തില്‍(1885-1924) പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കി അംഗീകരിച്ചു. പുലയ സമുദായത്തില്‍ പിറന്ന അയ്യങ്കാളി അധഃസ്ഥിത വിഭാഗക്കാര്‍ക്കും പൊതു വിദ്യാലയങ്ങളില്‍ പ്രവേശനം അനുവദിക്കണമെന്നാവിശ്യപ്പെട്ട് പ്രക്ഷോഭം നയിച്ചതിനെ തുടര്‍ന്ന് 1910 ല്‍ താഴ്ന്ന ജാതിക്കാര്‍ക്ക് പൊതു സ്‌കൂളുകളില്‍ പ്രവേശനം അനുവദിച്ചു.  സിവില്‍ സര്‍വീസില്‍ തമിഴ് ബ്രാഹ്‌മണര്‍ക്ക് നല്‍കിയിരുന്ന അമിത പ്രാധാന്യത്തില്‍ പ്രതിഷേധിച്ചും ഉദ്യോഗസ്ഥ നിയമനങ്ങളില്‍ തദ്ദേശീയര്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കണമെന്ന് അവശ്യപ്പെട്ടും പതിനായിരത്തിലധികം പേര്‍ ഒപ്പിട്ട് ജി. പി. പിള്ള, കെ. പി. ശങ്കരമേനോന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ശ്രീമൂലം രാജാവിന് 1891 ല്‍ സമര്‍പ്പിച്ച നിവേദനം മലയാളി മെമ്മോറിയലെന്നും ഈഴവരുടെ വിദ്യാഭ്യാസ ഉദ്യോഗ കാര്യങ്ങളില്‍ സാമൂഹിക അവശത പരിഹരിക്കാന്‍ ഡോ. പല്‍പ്പുവിന്‍റെ നേതൃത്വത്തില്‍ 13,176 ഈഴവര്‍ ഒപ്പിട്ട് 1896 സെപ്തംബര്‍ 3ന് ശ്രീമൂലം തിരുന്നാളിന് സമര്‍പ്പിച്ച നിവേദനം ഇഴവ മെമ്മൊറിയലെന്നും അറിയപ്പെട്ടു. ഇതിനെ തുടര്‍ന്ന് ശ്രീ നാരായണ ഗുരു ആജീവനാന്ത അദ്ധ്യക്ഷനായി ഈഴവ സമുദായം 1903 ല്‍ എസ്. എന്‍. ഡി. പിയും 1914ല്‍ കെ. കേളപ്പന്‍ പ്രസിഡന്‍റായി നായര്‍ സമുദായ ഭൃത്യ സംഘവും 1915 ല്‍ മന്നത്ത് പത്മനാഭന്‍റെ നേതൃത്വത്തില്‍ കറുകച്ചാലില്‍ എന്‍. എസ്. എസ് സ്‌കൂളും രൂപികരിച്ച് സാമൂഹിക അവശതകള്‍ പരിഹരിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചു.  ഈ രണ്ട് സമുദായങ്ങളും വിദ്യാഭ്യാസ രംഗത്തും ഔദ്യോകിക രംഗത്തും ആര്‍ജവത്തോടെ മുന്നേറിയപ്പോള്‍ മുസ്‌ലിം ഭൂരിപക്ഷം ആലസ്യത്തോടെയാണ് നിലകൊണ്ടത്. സാമൂഹിക സന്തുലിതാവസ്ഥ നില നിര്‍ത്തുന്നതിനും ഔദ്യോഗിക രംഗത്തെ ഔന്നിത്യത്തിനും ആധുനിക വിദ്യാഭ്യാസം കൂടിയുണ്ടായല്‍ മാത്രമേ സമുദായം പ്രബുദ്ധമാകൂ എന്ന് ഗ്രഹിച്ച പ്രസിദ്ധരും പ്രാമാണികരും സുമനസ്സുകളുമായ ഒരു വിഭാഗം മുസ്‌ലിം നേതാക്കള്‍ തീവ്ര ശ്രമങ്ങള്‍ ആരംഭിച്ചു.