20. മതപരിവര്‍ത്തനത്തിന്‍റെ ചരിത്രപാഠങ്ങള്‍

20. മതപരിവര്‍ത്തനത്തിന്‍റെ ചരിത്രപാഠങ്ങള്‍



ടിവി അബ്ദുറഹിമാന്‍കുട്ടി

മൊബൈല്‍. 9495095336



                                                ജന്മഗൃഹത്തിലേക്കുള്ള പുനരാഗമനം എന്നാണല്ലോ ഘര്‍വാപസിയുടെ ഉദ്ദേശം. അടുത്തകാലത്തായി ഇന്ത്യയിലെ ചില പ്രദേശങ്ങളില്‍ ചിലരെ തേടിപ്പിടിച്ച് ഹിന്ദുമതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ഘര്‍സേവകര്‍ ശ്രമം നടത്തുന്നതിനിടയിലാണ് ഘര്‍വാപസി എന്ന പദം കൂടുതല്‍ പ്രചാരം നേടാന്‍ ഹേതുവായത്. ഇന്ത്യയിലെ ഇരുപത്തിയഞ്ച് ലക്ഷം മുസ്ലിംകളെയും, ഇരുപത് ലക്ഷം ക്രിസ്ത്യാനികളെയും, മൂന്ന് ലക്ഷം ജൈനരെയും, രണ്ട്ലക്ഷം ബൗദ്ധരെയും അടക്കം മൊത്തം അമ്പത് ലക്ഷം അഹിന്ദുക്കളെ ഹിന്ദുക്കളാക്കി മതപരിവര്‍ത്തനം ചെയ്യിക്കുക എന്നതായിരുന്നു 2014 നവംബര്‍ 15,16 തിയ്യതികളില്‍ നാഗപ്പൂരില്‍വെച്ച് ചേര്‍ന്ന ആര്‍.എസ്.എസ്സിന്‍റെ സമ്പൂര്‍ണ്ണ സമ്മേളനത്തിലെ തീരുമാനങ്ങളില്‍പ്പെടും. മുസ്ലിം പ്രദേശങ്ങളില്‍ ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ച് കാളീവിഗ്രഹം സ്ഥാപിച്ച് ആഴ്ച്ചതോറും ഹിന്ദുമതത്തിലേക്കുള്ള മതപരിവര്‍ത്തന ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്നാണ് വജ്റംഗദള്‍ നേതാവ് അഞ്ജ ചൗഹാന്‍ ഭീഷണി മുഴക്കിയത്. 

                                       ഇതിന്‍റെ ചുവട് പിടിച്ച് ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കണമെന്ന ആര്‍.എസ്.എസ്. സംഘ്ചാലക് മോഹന്‍ ഭഗതിന്‍റെയും യു.പി.യിലെ ആര്‍.എസ്.എസ്. നേതാവ് രാജേന്ദ്ര സിംങ്ങിന്‍റെയും ഭീഷണിയും ഘര്‍വാപസി എന്ന പേരില്‍ വി.എച്ച്. പിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന നിര്‍ബ്ബന്ധിത മതപരിവര്‍ത്തനമേളകളും രാജ്യത്തിന്‍റെ മതേതര സംസ്ക്കാരത്തിന്‍റെ അടിത്തറയിളക്കി ഹിന്ദുരാഷ്ട്രം പടുത്തുയര്‍ത്താന്‍ ഹിന്ദുത്വശക്തികള്‍ ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നു എന്നാണല്ലോ വ്യക്തമാകുന്നത്. കേരളത്തില്‍പ്പോലും ഇതിന്‍റെ അലയടികള്‍ ചിലയിടങ്ങളില്‍ നടന്നിരുന്നു. 2021-ന്നോടൊ ഇന്ത്യയിലെ മുഴുവന്‍ മുസ്ലിംകളെയും ക്രിസ്ത്യാനികളെയും രാജ്യത്തുനിന്നും തുരത്തുമെന്നാണ് ഇവരുടെ മറ്റൊരു വീരവാദം. ഏതാനും മാസങ്ങളായി ആനുകാലികങ്ങളും വാര്‍ത്താ മാധ്യമങ്ങളും പ്രസിദ്ധികരിക്കുന്നതുപോലെ ഈ രീതിയിലുള്ള പ്രലോപനങ്ങളും പ്രകോപനങ്ങളും ഭാരതത്തില്‍ നിലനിന്നുവരുന്ന നൂറ്റാണ്ടുകളുടെ മതേതരത്വ സംസ്ക്കാരത്തിനും പൈതൃകത്തിനും അനിയോജ്യമല്ലെന്നും അപ്രസക്തമാണെന്നുമാണ് ഇന്ത്യയുടെ മഹത്തായ പാരമ്പര്യവും ചരിത്രവും പാരമ്പര്യവും സാധൂകരിക്കുന്നത്. 

                                                                ഈ അവസരത്തില്‍ ഘര്‍വാപസിയുടെ മുഖവും അന്തര്‍മുഖവും വിശകലനം ചെയ്യുന്നത് നന്നായിരിക്കും. ഭാരതത്തിലെ ആദിമ നിവാസികള്‍ തുടക്കത്തില്‍ പ്രാകൃത സമ്പ്രദായങ്ങളും ആരാധനാരീതികളും ആചരിച്ചിരുന്ന ദ്രാവിഡരായിരുന്നു. ക്രമേണ അവരില്‍ ഒരു വിഭാഗം സംസ്ക്കാരസമ്പന്നരായി മാറി. ആര്യന്മാരുടെ അധിനിവേശത്തിനു മുമ്പുള്ള ഭാരതത്തിന്‍റെ ചരിത്രം വിരല്‍ ചൂണ്ടുന്നത് ഇതിലേക്കാണ്. മഹത്തായ ദ്രാവിഡ സംസ്ക്കാരവും നാഗരികതയും അനാവരണം ചെയ്യുന്ന സംരംഭങ്ങളായിരുന്നു പഞ്ചാബ്, സിന്ധ്, രാജസ്ഥാന്‍ മേഖലകളില്‍ നടത്തിയ ഉദ്ഖനനങ്ങള്‍.

                    അവിഭക്ത ഇന്ത്യയിലെ ഹാരപ്പ പ്രദേശത്ത് 1921-22 കളില്‍ റെയില്‍പാത സ്ഥാപിക്കാന്‍ ഭൂമി കുഴിച്ച സമയത്ത് വെങ്കലത്തിലും കളിമണ്ണിലും നിര്‍മ്മിച്ച ശില്‍പ്പങ്ങള്‍ മുദ്രകള്‍ തുടങ്ങിയവ ലഭിച്ചതിനെ തുടര്‍ന്നാണ് കൂടുതല്‍ ഖനനത്തിന് ആരംഭം കുറിച്ചത്. തുടര്‍ന്ന് ഇതിനോടനുബന്ധമായി പുരാവസ്തു ഗവേഷകര്‍ മോഹന്‍ജൊദാരൊ, ലോഥാല്‍, പാട്ലീപുത്ര, ദ്വാരക, സാരാനാഥ്, ഇരിക്കമേട്, കാളിബംഗ തുടങ്ങിയ വിവിധ കേന്ദ്രങ്ങളില്‍ ഖനനം നടത്തിയപ്പോള്‍ കോട്ട, വീടുകള്‍, റോഡുകള്‍, ഇഷ്ടികകള്‍ കൊണ്ടു നിര്‍മ്മിച്ച ആഴവും വീതിയുമുള്ള അഴുക്കുചാലുകള്‍, വിളക്കുമരങ്ങള്‍, ചുറ്റുമതില്‍, കിണറുകള്‍, ധാന്യപ്പുര തുടങ്ങിയവ കണ്ടെത്തി. വീണ്ടും ഗവേഷണങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് ഇന്ത്യയുടെ ആദിമ നിവാസികള്‍ ദ്രാവിഡന്മാര്‍ തന്നെയാണെന്ന് തെളിഞ്ഞു. ക്രിസ്തുവിന് 2700- 1750 വര്‍ഷങ്ങള്‍ക്കിടയില്‍ ജീവിച്ചിരുന്ന ഇവരില്‍ ഒരു വിഭാഗം അക്കാലത്തെ ലോകത്തിലെ ഉത്തമ സംസ്ക്കാരത്തോളമോ അതിലുപരിയോ വിശിഷ്ട സംസ്ക്കാരത്തിന്‍റെ ഉടമകളായിരുന്നു. ക്രി.വ. മൂന്ന് നൂറ്റാണ്ട് മുമ്പ് ആര്യസംസ്ക്കാരത്തിന്‍റെ അധിനിവേശത്തോടെയാണ് ഈ മാതൃകാ സംസ്ക്കാരത്തിന് മങ്ങലേറ്റുതുടങ്ങിയത്.

                                    ദ്രാവിഡ-ആര്യ സംസ്ക്കാരങ്ങളുടെ വളര്‍ച്ചയെ തുടര്‍ന്ന് ക്രമാനുഗതമായി വിവിധ കാലഘട്ടങ്ങളില്‍ ഭാരതത്തില്‍ ഉദയംചെയ്ത വിവിധ മതങ്ങളില്‍ വന്ന പരിണാമങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം. ഹിന്ദുമതം രൂപം പ്രാപിക്കുന്നതിനുമുമ്പ് ഇവിടെ നിലനിന്നിരുന്ന ശക്തമായ രണ്ട് മതങ്ങളാണ് ജൈനമതവും ബുദ്ധമതവും.  ആര്യന്മാരുടെ അധിനിവേശത്തോടെ ഏഴാം നൂറ്റാണ്ടിന്‍റെ ആരംഭത്തിലാണ് ഹിന്ദുമതത്തിന്‍റെ പ്രചാരം വര്‍ദ്ധിച്ചുവന്നത്. ഇക്കാലത്ത് സിലോണിലെ ഗോദകാഭയന്‍ എന്ന രാജാവിന്‍റെ ഭരണത്തില്‍ ബുദ്ധമതത്തില്‍ പിളര്‍പ്പുണ്ടായതിനെ തുടര്‍ന്ന് അഭയഗിരിവിഹാരത്തില്‍ നിന്ന് മഹായാനക്കാരായ അറുപത് ബുദ്ധഭിക്ഷുക്കള്‍ ഇന്ത്യന്‍മഹാ സമുദ്രത്തിന്‍റെ കിഴക്കന്‍ തീരത്തിലൂടെ കേരളത്തില്‍ എത്തിയതിനെ തുടര്‍ന്ന് ബുദ്ധമതം ഇവിടെയും ശക്തിപ്രാപിച്ചിരുന്നു. ബുദ്ധ-ജൈന മതങ്ങളും ഹിന്ദുമതത്തിന്‍റെ ആവിര്‍ഭാവ വിഭാഗങ്ങളായ ശൈവ-വൈഷ്ണവ മതങ്ങളും പരസ്പരം മതപരിവര്‍ത്തനം നടത്തുകയും കലഹിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പതിനൊന്നുവരെയുള്ള നൂറ്റാണ്ടുകളില്‍ കേരളത്തില്‍ ബൗദ്ധ-ജൈന മതങ്ങള്‍ നാമാവശേഷമാവുകയും ഹിന്ദുമതം കൂടുതല്‍ പ്രചാരത്തില്‍ വരികയും ചെയ്തു.

                                   ജൈനമതം വിട്ട് ഹിന്ദുമതത്തിലേക്ക് വന്ന പാണ്ഡ്യരാജാവായ ഹരികേസരി മാറവര്‍മ്മന്‍ ഏഴായിരത്തോളം ജൈനമത അനുയായികളെ കഴുവിലേറ്റി കൊന്നു. ഈ കാലഘട്ടത്തില്‍ ജൈനമതത്തിനെതിരെ വൈഷ്ണവമതം പുഷ്ടിപ്പെടുത്താന്‍ സംസ്കൃതത്തില്‍ രചിക്കപ്പെട്ട കൃതിയാണ് മുകുന്ദനമാല. വിവിധ മതവിഭാഗങ്ങള്‍ പരസ്പരം കലഹം രൂക്ഷമായപ്പോള്‍ മതപ്രചരണത്തില്‍ അനുനയത്തിന്‍റെ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ച് ഹൈന്ദവശാസ്ത്ര പഠനത്തിന് ഗുരു പ്രഭാകരന്‍റെ നേതൃത്വത്തില്‍ പ്രത്യേക സംവിധാനം ഒരുക്കുകയും മതപ്രചരണത്തിന് സമുന്വയപാത സ്വീകരിക്കുകയും ചെയ്തു. വലിയ ശിഷ്യസമ്പത്തിന്‍റെ ഉടമയായിത്തീര്‍ന്ന അദ്ദേഹം വ്യാപകമായ രീതിയില്‍ ഹിന്ദുമത പ്രചരണത്തിന് പദ്ധതികള്‍ ആവിഷ്ക്കരിച്ച് പ്രാവര്‍ത്തികമാക്കി. 

                       എറണാംകുളം ജില്ലയിലെ കാലടിയില്‍ ഒരു വൈദീക ബ്രാഹ്മണന്‍റെ പുത്രനായി ജനിച്ച ശ്രീ. ശങ്കരാചാര്യര്‍ (788-820) പിതാവിന്‍റെ മരണത്തെ തുടര്‍ന്ന് ബാല്യകാലത്ത് തന്നെ നാടുവിട്ട് ഭാരതം മുഴുവന്‍ സഞ്ചരിച്ച് രാജ്യത്തിന്‍റെ നാലുദിശകളില്‍ മഠങ്ങള്‍ സ്ഥാപിച്ചു. ബുദ്ധ-ജൈന മതാചാര്യന്മാരെ ഹിന്ദുമതത്തിന്‍റെ ഉല്‍കൃഷ്ടമായ തത്വങ്ങളുടെ വെളിച്ചത്തില്‍ വാദപ്രതിവാദം നടത്തി പരാജയപ്പെടുത്തി   ഹൈന്ദവ മതപ്രചരണത്തില്‍ നവീന മുഖം നല്‍കി ഹിന്ദുമതത്തിന് പ്രത്യേക ചൈതന്യം നല്‍കി. ശ്രീ ബുദ്ധന്‍ എമ്പതിലധികം വര്‍ഷംകൊണ്ട് നിര്‍വ്വഹിച്ച കാര്യങ്ങള്‍ ശങ്കരാചാര്യര്‍ മുപ്പത്തിരണ്ട് വയസ്സിനകം നിര്‍വ്വഹിച്ചു. പ്രഛന്നബുദ്ധന്‍ എന്ന വിശേഷണത്താല്‍ പുകള്‍പ്പെറ്റു.

        ഗുരു പ്രഭാകരന്‍റേയും, ശ്രീ ശങ്കരാചാര്യരുടേയും വാഗ്വാദങ്ങളും സംവാദങ്ങളും സംസ്കൃത ഭാഷയിലായതിനാല്‍ അധികവും ബുദ്ധിജീവികളെ സ്വാധീനിക്കാനേ കഴിഞ്ഞുള്ളു. സാധാരണക്കാരുടെ ഇടയില്‍ വേണ്ടത്ര വേരോട്ടം ലഭിക്കാന്‍ പ്രയാസമായി. ഇതിനെ തുടര്‍ന്ന് ഭക്തിപ്രസ്ഥാന രംഗത്ത് നിറസാന്നിദ്ധ്യമായിരുന്ന യതിവര്യന്മാരുടെ ആചാരങ്ങളും ഉപദേശങ്ങളും സാധാരണക്കാരില്‍ ഉണര്‍വ് പകര്‍ന്നു. ഒമ്പതാം നൂറ്റാണ്ടോടെ ആര്യന്മാര്‍ പൂര്‍വ്വകാല ആചാരങ്ങള്‍ ഉള്‍ക്കൊണ്ട് പല മേഖലകളിലും രൂപപ്പെട്ട ആര്യ-ദ്രാവിഡ സങ്കലനവും   വേദ ദര്‍ശനത്തില്‍ ശ്രീ ശങ്കരാചാര്യര്‍ നേടിക്കൊടുത്ത വിജയവും ഭാരതത്തില്‍ ഹിന്ദുമതത്തിന്‍റെ വളര്‍ച്ചയ്ക്ക് ആക്കംകൂട്ടി. ഹിന്ദുമതത്തിന്‍റെ ആവിര്‍ഭാവ വിഭാഗങ്ങളായ ശൈവമതം, വൈഷ്ണവമതം, ശക്തേയമതം, കാപാലികമതം എന്നിവ ഹിന്ദുമതത്തിന്‍റെ കീഴിലായി. യഹൂദ, ക്രൈസ്തവ, ഇസ്ലാം മതങ്ങളെപ്പോലെ പ്രവാചകന്മാര്‍ മുഖേനയല്ല ഹിന്ദുമതം രൂപപ്പെട്ടത്. മറിച്ച് വേദങ്ങള്‍, പുരാണങ്ങള്‍, ഇതിഹാസങ്ങള്‍, ബ്രാഹ്മണങ്ങള്‍, ബുദ്ധ-ജൈന മതത്തിലെ കാതലായ വശങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് ഹിന്ദുമത തത്വങ്ങള്‍ ആവിഷ്ക്കരിച്ചത്. 

          ഇന്ത്യയിലുടനീളം സംഭവിച്ചുകൊണ്ടിരുന്ന ഈ പരിഷ്ക്കരണം ഹേതുവായി കേരളത്തിലും പരിവര്‍ത്തനത്തിന് നാന്ദികുറിക്കുന്നതോടൊപ്പം ബ്രാഹ്മണാധിപത്യവും വളര്‍ന്നു. മറ്റു സ്ഥലങ്ങളില്‍ ബ്രാഹ്മണര്‍ക്കു നേടാന്‍ കഴിഞ്ഞതിനേക്കാള്‍ സ്വാധീനം  കേരളത്തില്‍ നേടാന്‍ കഴിഞ്ഞത് രണ്ടു കാരണങ്ങള്‍ക്കൊണ്ടാണ്. ഒന്ന് ഇവിടുത്തെ ബ്രാഹ്മണര്‍ സംഘടിതരായിരുന്നു. 32 ഗ്രാമങ്ങളിലായി അധിവസിച്ചിരുന്ന മലയാള ബ്രാഹ്മണര്‍ നാലു കഴകങ്ങളായിതിരിഞ്ഞ് ഓരോ തളിയാതിരിമാരുടെ കീഴില്‍ സംഘടിക്കുകയും മുഴുവന്‍ ഗ്രാമങ്ങളിലെ തളിയന്മാരും തളിയാതിരിമാരും പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ ഒന്നിച്ചുകൂടി സാമുദായിക- രാഷ്ട്രീയ തീരുമാനങ്ങള്‍ എടുത്ത് അംഗീകരിക്കുകയും ചെയ്തിരുന്നു. മറ്റൊന്ന് തമിഴകത്തേക്ക് വന്ന ബ്രാഹ്മണര്‍ തദ്ദേശീയരുമായി സങ്കലനം നടക്കാത്തതിനാല്‍ അവിടെ വിദേശികളായിതന്നെ നിലനിന്നു. മലയാള ബ്രാഹ്മണര്‍ ആര്യദ്രാവിഡ സങ്കലനത്തില്‍ നിന്ന്  രൂപപ്പെട്ടവരായിരുന്നതിനാല്‍ കേരളത്തിലെ പരദേശി ബ്രാഹ്മണരും തദ്ദേശീയരും ചേര്‍ന്ന്  നമ്പൂതിരി എന്ന പേരില്‍ പുതിയൊരു സമുദായം  ഉടലെടുത്തു. തന്മൂലം വേദ ധര്‍മ്മത്തിന് നേടാന്‍ കഴിയാത്ത വിജയം കേരളത്തില്‍ ബ്രാഹ്മണന്‍റെ വിജയമായി പര്യവസാനിച്ചു. വേദോപനിഷത്തുക്കളുടെ അധികാരികള്‍ ഇവിടെ ബ്രാഹ്മണര്‍ മാത്രമായിത്തീര്‍ന്നു. അതോടൊപ്പം ഭരണത്തിലും അവര്‍ നിര്‍ണ്ണായക ശക്തിയായി മാറി.

                     ശ്രീനാരായണ ഗുരു, ശ്രീ ചട്ടമ്പിസ്വാമികള്‍, അയ്യങ്കാളി, പണ്ഡിറ്റ് കറപ്പന്‍, സഹോദരന്‍ അയ്യപ്പന്‍ തുടങ്ങിയ പരിഷ്കര്‍ത്താക്കളുടെ തീവ്ര ശ്രമങ്ങളാലും ക്ഷേത്ര പ്രവേശനം തുടങ്ങിയ പോരാട്ടങ്ങള്‍ ഹേതുവായുമാണ് ഹൈന്ദവ വിഭാഗത്തിലെ നാനാ ജാതികളും  ഇന്ന് കാണുന്ന ഹിന്ദുത്വമെന്ന ഒരു കുടക്കീഴിലായത്. ഇനിയും ഇന്ത്യയെന്ന ഭാരത രാജ്യത്തിലെ പൂര്‍വ്വികര്‍ ദ്രാവിഡരായിരുന്നു എന്ന കാര്യത്തില്‍ സംശയത്തിന് വകയുണ്ടാകാന്‍ സാധ്യതയില്ല. ആകയാല്‍ തീവ്ര ഹിന്ദുവാദികള്‍ പ്രചരിപ്പിക്കുംപോലെ അഹിന്ദുക്കളും, ഭാരതീയര്‍ മൊത്തവും ഘര്‍വാപസിയിലൂടെ ചെന്നെത്തേണ്ടത് ഹിന്ദുത്വത്തിലേക്കല്ല. മറിച്ച് പൂര്‍വ്വിക സംസ്ക്കാരമായ ദ്രാവിഡ സംസ്ക്കാരത്തിലേക്കാണ്. ഈ കാഴ്ച്ചപ്പാടില്‍ ഘര്‍സേവകര്‍ ആവിഷ്ക്കരിച്ച പ്രലോപിപ്പിച്ചും പ്രകോപിപ്പിച്ചും ഭീഷണിപ്പെടുത്തിയുമുള്ള ക്രിമിനല്‍കുറ്റവും ഘര്‍വാപസി ഭരണഘടനാ വിരുദ്ധമായി തീരും.

                          രാജശില്‍പ്പികള്‍ വിഭാവനം  ചെയ്ത ഭരണഘടനയനുസരിച്ച് ഇന്ത്യ ഒരു മതേതര ബഹുസ്വര രാഷ്ട്രമാണ്. എല്ലാ മതങ്ങളെയും ഒരുപോലെ സംരക്ഷിക്കുമെന്നും ഒരു മതത്തെയും രാഷ്ട്രത്തിന്‍റെ മതമായി പ്രഖ്യാപിക്കുകയില്ലെന്നുമാണ് മതേതര രാഷ്ട്രം എന്നതിന്‍റെ വിവക്ഷ. രാഷ്ട്രം മതങ്ങള്‍ക്കെതിരൊ മതങ്ങളോട് അനാസ്ഥ കാണിക്കുകയോ ചെയ്യരുതെന്ന് ഭരണഘടന അനുശാസിക്കുന്നു. എല്ലാ മതങ്ങളോടും നിഷ്പക്ഷ സമീപനംവെച്ചു പുലര്‍ത്തുകയും വ്യത്യസ്ഥ മതവിഭാഗങ്ങളുടെ ഐക്യവും സഹകരണവും ഉറപ്പുവരുത്തുകയും ചെയ്യണം. രാഷ്ട്ര താല്‍പര്യങ്ങളെ ഹനിക്കാത്ത രീതിയില്‍ ഭരണഘടനയുടെ പരിധിക്കുള്ളില്‍ നിന്നുകൊണ്ടുള്ള വിശ്വാസം, ആരാധന, ചിന്ത, ആശയപ്രകടനം എന്നിവക്കുള്ള സ്വാതന്ത്ര്യം ഉണ്ട്. അവ പ്രചരിപ്പിക്കാനും സമാധാനപരമായ രീതിയില്‍ സംഘടിക്കാനും ആശയവിനിമയം നടത്താനും ആരാധന നടത്താനും പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട്. രാഷ്ട്രം എല്ലാ മതങ്ങളേയും ഒരുപോലെ പരിഗണിക്കുന്നു. ഒരു മതത്തേയും നിരുത്സാഹപ്പെടുത്തുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യാന്‍ പാടില്ല.

                             ഇതിനുള്ള അവകാശം ഭരണഘടനയില്‍ ചേര്‍ക്കപ്പെട്ടിട്ടുണ്ട്. ഓരോ പൗരന്‍റെയും അവകാശ സംരക്ഷണത്തിന് ഭരണഘടന വിശാലമായ രീതിയില്‍ മൗലികാവകാശങ്ങളിലൂടെ ഉറപ്പും പരിരക്ഷയും നല്‍കുന്നു. ഈ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടാല്‍ ഓരോ വ്യക്തിക്കും ഹൈക്കോടതിയെയോ സുപ്രിംകോടതിയെയോ സമീപിക്കാം. നമ്മുടെ രാജ്യം എല്ലാ മതങ്ങളെയും ഒരുപോലെ കരുതുന്നു. ചിന്തിക്കാനും ആശയവിനിമയം നടത്താനും അവസരം നല്‍കുന്നു. രാഷ്ട്രത്തിന് സ്വന്തമായൊരു മതമില്ല. ഭരണഘടന എല്ലാ വിഭാഗത്തിനും തുല്ല്യനീതി ഉറപ്പാക്കുന്നു. നിയമത്തിന്‍റെ മുമ്പില്‍ എല്ലാവരും തുല്ല്യരാണ്. ആര്‍ട്ടിക്കിള്‍ 25മുതല്‍ 28വരെ മതസ്വാതന്ത്ര്യത്തിനുള്ള അവകാശം നല്‍കുന്നു. നമ്മുടെ രാജ്യത്ത് ഓരോ പൗരനും തന്‍റെ ഹിതമനുസരിച്ച് മതത്തില്‍ വിശ്വസിക്കാനും നിരസിക്കാനും മതപരിവര്‍ത്തനത്തിനും അവകാശമുണ്ട്.   

                              മതം എന്ന പദത്തിന് ധര്‍മ്മം, അഭിപ്രായം, അറിവ്, ഇഷ്ടം തുടങ്ങിയ അര്‍ത്ഥങ്ങള്‍ നിഘണ്ടു നല്‍കുന്നു. വേദഗ്രന്ഥങ്ങളിലോ പ്രവാചകന്മാര്‍ മുഖേന അവതരിച്ച ദിവ്യവചനങ്ങളിലോ വിശ്വസിച്ച് ആരാധനക്ക് അര്‍ഹനായ ഒരു ശക്തിയോട് കീഴ്പ്പെട്ട് അതനുസരിച്ചുള്ള ആചാരാനുഷ്ടാനങ്ങളോടെ വെളിച്ചത്തില്‍ ക്രമീകരിച്ച് ജീവിക്കുന്നതാണ് യഥാര്‍ത്ഥ മതം. ഒരു മതത്തില്‍ നിന്ന് ഒരു വ്യക്തി മറ്റൊരു മതത്തെ സ്വീകരിക്കുന്നതാണ് മതംമാറ്റം. ഓരോ മതവിഭാഗത്തിനും സ്വന്തം മതം അഭിമാന ചിഹ്നമായതിനാല്‍ പലപ്പോഴും അതില്‍ നിന്നൊരംഗം മതം മാറുമ്പോള്‍ നമ്മുടെ രാജ്യത്ത് അതൊരു വൈകാരിക പ്രശ്നമായി ഉയര്‍ന്നുവരാറുണ്ട്.

                           ഓരോ പൗരനെ സംബന്ധിച്ചിടത്തോളം മതംമാറ്റം വ്യക്തിപരമാണ്. പരപ്രേരണയില്ലാതെ തന്‍റെ ഇഷ്ടാനുസരണം മതം മാറാന്‍ ഭരണഘടന പരിരക്ഷ നല്‍കുന്നു.പഠനങ്ങളിലൂടെയും അന്വേഷണങ്ങളിലൂടെയും സത്യമെന്ന് ബോധ്യപ്പെടുന്ന മതത്തെ പുണരാനുള്ള സ്വാതന്ത്ര്യം ഓരോ പൗരന്‍റെയും മൗലീകാവകാശമാണ്. അത് തടയാനോ പ്രതിബന്ധം സൃഷ്ടിക്കാനോ ആര്‍ക്കും അവകാശമില്ല.

                           ഈ അവകാശത്തിന്‍റെ വെളിച്ചത്തില്‍ തങ്ങളുടെ ആഗ്രഹമനുസരിച്ച് ഇസ്ലാംമത വിശ്വാസികളായിത്തീര്‍ന്ന പല വ്യക്തികളും ഉണ്ട്. വ്യത്യസ്ഥ മതത്തില്‍ ജീവിച്ച് സത്യാന്വേഷണങ്ങളാലും സാഹചര്യങ്ങളാലും ഇസ്ലാമിലേക്ക് എത്തിച്ചേര്‍ന്നവരാണ് കേരളീയ മുസ്ലിംകളില്‍ വലിയൊരു വിഭാഗം.

                                                        ഓരോ ശിശുവും ജനിക്കുന്നത് വിശുദ്ധ മാര്‍ഗ്ഗത്തിലാണ്. മാതാപിതാക്കുളുടേയും പരിപാലകരുടേയും മാര്‍ഗ്ഗം പിന്‍പ്പറ്റി ക്രമാനുഗതമായി വിവിധ മതക്കാരനായി മാറുന്നു. ആ വ്യക്തി ജീവിച്ചുവരുന്ന മതവിശ്വാസ പ്രമാണങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും സംതൃപ്തനാകാതെ വരുമ്പോള്‍ മറ്റൊരു മതത്തിന്‍റെ ആശയം ഗ്രഹിക്കുകയും ആ മതത്തിലേക്ക് പരിവര്‍ത്തനം നടത്തുകയും ചെയ്യുന്നു.

                                                         നവ മുസ്ലിം വിവിധങ്ങളായ സങ്കീര്‍ണപ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരുന്നു. മാതാപിതാക്കള്‍, സഹോദരി സഹോദരന്മാര്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍, തദ്ദേശീയര്‍, പൂര്‍വ്വമതക്കാര്‍ തുടങ്ങിയവരില്‍ മിക്കപ്പോഴും ശക്തമായ എതിര്‍പ്പു അഭിമുഖീകരിക്കേണ്ടിവരും. മറ്റുവിഭാഗങ്ങളേക്കാള്‍ ഉപരി പൂര്‍വ്വമതക്കാരുടെ എതിര്‍പ്പു അതിശക്തമാകാന്‍ ഇടയുണ്ട്. ഒരു നവ മുസ്ലിംമിനെ സംബന്ധിച്ചിടത്തോളം തന്‍റെ കുടുംബ പിന്തുണ വളരെയേറെ ആശ്വാസകരമാകും. മിക്കപ്പോഴും അതു അസാധ്യമായിതീരുകയാണ് പതിവ്. കുടുംബ സ്വത്തിന്‍റെ അവകാശംപോലും നിഷേധിക്കപ്പെടുന്നു. ഈ പരിതസ്ഥിതിയില്‍ പാരമ്പര്യ മുസ്ലിംകളില്‍നിന്ന് മാന്യമായ അംഗീകാരം ലഭിക്കാതെ വന്നാല്‍ നവമുസ്ലിംകളാകുന്നവര്‍ മാനസിക സംഘര്‍ഷത്തിലകപ്പെടും. ഇങ്ങനെ ഒരു സ്ഥിതിവിശേഷം സംജാതമാകുമ്പോള്‍ ഒറ്റപ്പെടലിന്‍റെ അവസ്ഥ അഭിമുഖീകരിക്കേണ്ടിവരും. പൂര്‍വ്വ മതക്കാര്‍ പ്രലോപിപ്പിച്ചും പ്രകോപിപ്പിച്ചും അവരുടെ മതത്തിലേക്ക് തന്നെ കൊണ്ടുപോകാന്‍ ശ്രമങ്ങള്‍ നടത്തും. തന്മൂലം നവമുസ്ലിംകള്‍ക്ക് നാനാരംഗത്തും മുസ്ലിം സമുദായത്തിന്‍റെ പൂര്‍ണ്ണ പിന്തുണ പരമ പ്രധാനമാണ്.

                                                                ഇതര മതസ്ഥര്‍ക്ക് ഇസ്ലാമിലേക്കുള്ള മതംമാറ്റം വളരെ ലളിതമാണ്. ശഹാദത്ത് കലിമ ചൊല്ലി ഇസ്ലാമിക വിശ്വാസം ദൃഢീകരിച്ചാല്‍ മുസ്ലിംമായി. തുടര്‍ന്നു അതു സ്ഥിരീകരിക്കണമെങ്കില്‍ സൃഷ്ടാവില്‍ പങ്കുചേര്‍ക്കാതെ നമസ്കാരം പോലുള്ള നിര്‍ബ്ബന്ധ അനുഷ്ഠാന കര്‍മ്മങ്ങള്‍ കൃത്യമായി നിര്‍വ്വഹിക്കണം.

                                                        മതം മാറ്റം നടന്നത് സര്‍ക്കാരിന്‍റെ അംഗീകാരത്തിന് വിധേയമാകണമെങ്കില്‍  നിയമാനുസൃത സര്‍ട്ടിഫിക്കറ്റ് അനിവാര്യമാണ്. സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അനുവാദമുള്ള രണ്ടു സ്ഥാപനങ്ങള്‍ മാത്രമേ കേരളത്തിലുള്ളു. മഊനത്തുല്‍ ഇസ്ലാം സഭയും, കോഴിക്കോട് തര്‍ബിയ്യത്തുല്‍ ഇസ്ലാം സഭയും.