46. സമസ്തയും
മത വിദ്യാഭ്യാസ ഏജന്‍സികളും
ടിവി അബ്ദുറഹിമാന്‍കുട്ടി മാസ്റ്റര്‍
മൊബൈല്‍. 9495095336
സ്വാതീകരും പ്രഗത്ഭരുമായ മുസ്‌ലിം പണ്ഡിതന്മാര്‍ കോഴിക്കോട് കുറ്റിച്ചിറ വലിയ ജുമുാഅത്ത് പള്ളിയില്‍ സമ്മേളിച്ച് 1925ല്‍ വരക്കല്‍ മുല്ല കോയ തങ്ങളുടെ നേതൃത്വത്തില്‍ ഉലമാ സഭ രൂപീകരിച്ചു. അദ്ദേഹത്തിന്‍റെ വിയോഗത്തിന് ശേഷംപാങ്ങില്‍ അഹ്‌മ്മദ് കുട്ടി മുസ്‌ലിയാര്‍, തിരുവാലി പി. കെ. മുഹമ്മദ് മീറാന്‍ മുസ്‌ലിയാര്‍, പൊന്നാനി കോടിമ്പിയകത്ത് മുഹമ്മദ് മുസ്‌ലിയാര്‍ ഉള്‍പ്പെട്ട 40 അംഗ സമസ്ത കേരളാ ജംയ്യത്തുല്‍ ഉലമ പണ്ഡിത സഭ(മുശാവറ) 1934 നവംബര്‍ 14 ന് റജിസ്റ്റര്‍ ചെയ്തു. സര്‍ക്കാര്‍ ചെലവില്‍ മതവിദ്യാഭ്യാസം അധിക കാലം മുന്നോട്ടു നീങ്ങാന്‍ സാധ്യത ഇല്ലെന്ന് കാന്ത ദര്‍ശിയായ സയ്യിദ് അബിദുറഹിമാന്‍ ബാഫക്കി തങ്ങള്‍ ഗ്രഹിച്ചതിനെ തുടര്‍ന്ന് 1945 ലെ സമസ്തയുടെ കാര്യവട്ടം സമ്മേളനത്തില്‍ വെച്ച് മത വിദ്യാഭ്യാസത്തിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനം ഉണ്ടായി.
സ്വാതന്ത്ര്യാനന്തരം മതേതര രാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടതിനാല്‍ 1949ല്‍ മലബാറിലെ പൊതു വിദ്യാലയങ്ങളില്‍ മത പഠനം നിര്‍ത്തലാക്കി. സമുദായം ഇതൊരു വെല്ലുവിളിയായി സ്വീകരിച്ചു. മഹല്ലുകള്‍ തോറും മദ്രസ്സകള്‍ ഉയര്‍ന്ന് വരാന്‍ തുടങ്ങി. മത പ്രചരണവും ദീനി വിദ്യാഭ്യാസവും ഊര്‍ജിതപ്പെടുത്താന്‍ വേണ്ടി 1950 ല്‍ സമസ്തയുടെ കീഴില്‍ വിദ്യാഭ്യാസ ബോര്‍ഡ് നിലവില്‍ വന്നു. പ്രഥമ യോഗം 1951 സെപ്തംബര്‍ 11 ന് ചേര്‍ന്നു. സയ്യിദ് അബ്ദുറഹിമാന്‍ ബാഫക്കി തങ്ങള്‍, പറവണ്ണ മെയ്തീന്‍കുട്ടി മുസ്‌ലിയാര്‍ തുടങ്ങിയവരാണ് പ്രമുഖ ശില്‍പികള്‍ കേരളത്തിനകത്തും പുറത്തും എറ്റവും കൂടുതല്‍ മദ്രസ്സകള്‍ ബോര്‍ഡിന് കീഴിലാണുള്ളത്. മൊത്തം 9260. പെരിന്തല്‍മണ്ണക്കടുത്ത് എഞ്ചിനിയംഗ് കോളേജും വിവിധ സ്ഥലങ്ങളില്‍ നിരവധി മത-ഭൗതീക സമുന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നു.
ദക്ഷിണ കേരളാ ജംഇയ്യത്തുല്‍ ഉലമ, സുന്നി വിദ്യാഭ്യാസ ബോര്‍ഡ്, കേരളാ നദ്‌വതുല്‍ മുജാഹിദീന്‍ വിഭാഗങ്ങള്‍, മജ്‌ലിസു തഅ്‌ലിമില്‍ ഇസ്‌ലാമി തുടങ്ങി പല മുസ്‌ലീം സംഘടനകളുടെയും കീഴില്‍ തതനുസ്രത സിലബസ്സനുസരിച്ച് മദ്രസ്സകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നു. ഐ എ എസ് തുടങ്ങിയ പരീക്ഷകള്‍ക്ക് സ്‌കോളര്‍ഷിപ്പും മറ്റു സഹായങ്ങളും നല്‍കിവരുന്നു. ഈ സംഘടനകളുടെയും മറ്റു സിലബസ്സനുസരിച്ച് സംസ്ഥാനത്തിന് അകത്തും പുറത്തും രാവിലെയും രാത്രിയുമായി ഏതാണ്ട് ഇരുപത്തി അയായിരത്തിലധികം മദ്രസ്സകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ആധുനിക വല്‍കരണത്തിന്‍റെ ഭാഗമായി 1980 മുതല്‍ മദ്രസ്സകളില്‍ ഭൗതീകവിഷയങ്ങള്‍ പഠിപ്പിക്കുന്നതിന് സര്‍ക്കാറുകള്‍ ഫണ്ട് നല്‍കി തുടങ്ങി. അടുത്ത കാലത്തായി കേരളവും ഈ രംഗത്ത് സജീവമാണ്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും മദ്രസ്സാ ബോര്‍ഡുകള്‍ സര്‍ക്കാര്‍ രൂപീകരിക്കുകയും പൊതു വിദ്യാലയങ്ങളെക്കാള്‍ ഇത്തരം മദ്രസ്സകള്‍ മുസ്‌ലിം പഠനപഠനേതര രംഗത്ത് മികച്ച പ്രകടനം കാഴ്ച വെക്കുകയും ചെയ്യുന്നു. ഈ മേഖലയില്‍ മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കുന്നതിന് എസ്. പി. ക്യൂ. ഇ. എം. പദ്ധതി അനുസരിച്ച് കേന്ദ്ര മന്ത്രലായം ശാസ്ത്രം, കണക്ക്, സാമൂഹിക പാഠം, ഹിന്ദി ഇംഗ്ലീഷ് എന്നിവ പഠിപ്പിക്കാന്‍ സാമ്പത്തിക സഹായം നല്‍കുന്നു. ആര്‍. ടി. ഇ. നിയമം രണ്ട്(എന്‍) വകുപ്പു പ്രകാരം ഈ മദ്രസകള്‍ സ്‌കൂളിന്‍റെ പരിധിയില്‍ വരുന്നിലെങ്കിലും ഭരണഘടനയുടെ 29, 30 ആര്‍ട്ടിക്കള്‍ സംരക്ഷണം ലഭിക്കുന്നതിനാല്‍ പല മുസ്‌ലീം സര്‍വ്വകലാശാലകളും ഇത്തരം സ്ഥാപനങ്ങള്‍ക്ക് അഫിലിയേഷന്‍ നല്‍കി മത പഠനത്തോടൊപ്പം ഉന്നത പഠനത്തിന് വഴിയൊരുക്കി.