5. വിദ്യാഭ്യാസം
ടിവി അബ്ദുറഹിമാന്‍കുട്ടി
മൊബൈല്‍. 9495095336
അക്കാലത്ത് വെളിയംകോടും പരിസരത്തും മലബാറിലെ പ്രമുഖ പട്ടണവും സാമൂതിരിയുടെ രണ്ടാം തലസ്ഥാനവുമായിരുന്ന പൊന്നാനിയില്‍പോലും ഒരു വിദ്യാലയം ഉണ്ടായിരുന്നില്ല. കോഴിക്കോട് മുതല്‍ തെക്ക് കൊടുങ്ങല്ലൂര്‍ ആലവരെയുള്ള വള്ളുവനാട് ഉള്‍പ്പെട്ട തെക്കെ മലബാറില്‍ നാമമാത്ര സ്കൂളുകള്‍ മാത്രമെ ഉണ്ടായിരുന്നുള്ളു. പ്രാഥമിക വിദ്യാഭ്യാസത്തിന് എഴുത്താശാന്മാരുടെ കുടിപ്പള്ളിക്കൂടമായിരുന്നു പ്രധാന ആശ്രയം. മലയാളം ആര്യനെഴുത്തായും ഇംഗ്ലീഷ് നരക ഭാഷയായും മുസ്ലിം സമുദായത്തിലെ വലയൊരു വിഭാഗം തെറ്റിദ്ധരിച്ചുപോന്നിരുന്ന അക്കാലത്ത് മുസ്ലിം കുട്ടികള്‍ സ്കൂള്‍ പഠനത്തിനു പോയാല്‍ മലബാറില്‍ പലയിടത്തും പരിഹാസങ്ങളും അപശബ്ദങ്ങളും ചിലപ്പോഴൊക്കെ അല്ലറചില്ലറ അക്രമവും ഏല്‍ക്കേണ്ടിവന്നിരുന്നു. ഇങ്ങനെയൊരു സാഹചര്യത്തിലാണ് ചരിത്ര പുരുഷന്‍ പഠനമാരംഭിക്കുന്നത്.
നാട്ടുസമ്പ്രദായമനുസരിച്ച് സ്വപിതാവില്‍ നിന്നുതന്നെ പ്രാഥമിക മതപഠനവും അറബിഭാഷയും പഠിച്ചു. തുടര്‍ന്ന് 13 നാഴിക അകലെ പ്രവര്‍ത്തിച്ചിരുന്ന ചാവക്കാട്ടെ ഹയര്‍ എലിമെന്‍ററി സ്കൂളില്‍ ചേര്‍ന്നു. റോഡ് സൗകര്യം വിരളമായ അക്കാലത്ത് മിക്കപ്പോഴും കാല്‍നടയായോ വഞ്ചിയിലോ ആയിരിക്കാം നാമമാത്ര സഹപാഠികളോടൊന്നിച്ച് സ്കൂളിലേക്കുള്ള പോക്കുവരവ്. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയില്‍ തെക്കെ മലബാറില്‍ ഒഴുക്കിനെതിരെ നീന്തി സ്കൂള്‍ പഠനം നടത്തിയ അപൂര്‍വ്വം മുസ്ലിംകളില്‍ ഒരാളാണ് അദ്ദേഹം.
സ്കൂള്‍ പഠനത്തിനുശേഷം, വെളിയംകോട്ടെയും മാറഞ്ചേരിയിലെയും പള്ളികളില്‍ പുരാതന കാലം മുതല്‍ നടന്നുവന്നിരുന്ന മതപഠനക്ലാസി(ദര്‍സ്)ല്‍ ചേര്‍ന്നു. അക്കാലത്തു ദക്ഷിണേന്ത്യയിലെ തന്നെ മികച്ച മുസലിം പഠനകേന്ദ്രമായ പൊന്നാനി വലിയപള്ളി ദര്‍സില്‍ ഉപരിപഠനാര്‍ത്ഥമാണ് അദ്ദഹം എത്തിയത.് ഈ ദര്‍സില്‍ സ്വദേശത്തുനിന്നും വിദേശത്തുനിന്നുമായി നാനൂറോളം മറുനാടന്‍ വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്നു എന്ന് ഇതേ കാലത്ത്, 1887ല്‍ പ്രസിദ്ധീകരിച്ച വില്യം ലോഗന്‍റെ മലബാര്‍മാനുവലിലുണ്ട്. വലിയപള്ളിയിലെ ദര്‍സിലെ തൂക്കുവിളക്കിനുചുറ്റുമിരുന്ന് എത്ര കൂടുതല്‍ കാലം പഠിച്ച് ڇവിളക്കത്തിരിക്കല്‍ڈ ബിരുദം നേടുന്നുവോ അതു പഠനത്തിന്‍റെ ഔന്നത്യമായി പരിഗണിച്ചിരുന്ന കാലമായിരുന്നു അത്. മുസ്ലിം ഭൂരിപക്ഷത്തിന്‍റെ പഠന മാധ്യമം അറബിയും അറബി മലയാളവും ആയിരുന്നു. ഇതേ കാലത്താണ് മക്തി തങ്ങള്‍ വേറിട്ടവഴിയിലൂടെ സഞ്ചരിച്ച് പൊന്നാനി വലിയ ദര്‍സ്സിലെ വിവിധ ഭാഷക്കാരായ സഹപാഠികളുമായുള്ള സമ്പര്‍ക്കവും കുടുംബ പൈതൃകവും ഹേതുവായി മലയാളം ഇംഗ്ലീഷ്, പേര്‍ഷ്യന്‍, ഹിന്ദുസ്ഥാനി, തമിഴ് എന്നീ ഭാഷകളിലുംകൂടി പരിജ്ഞാനം നേടിയത്.
പിതാവ് ബ്രിട്ടീഷ് സര്‍ക്കാരിനു കീഴില്‍ കര്‍ണ്ണാടകയിലെ ഹുസൂറില്‍ പേര്‍ഷ്യന്‍ ഭാഷ വിവര്‍ത്തനം ചെയ്തിരുന്ന മുന്‍ഷിയായിരുന്നു. വിവിധ ഭാഷകളിലെ പ്രാവീണ്യം കൈമുതലായ മക്തി തങ്ങള്‍ പിതാവിന്‍റെ പാത പിന്‍പറ്റി സര്‍ക്കാര്‍ സര്‍വ്വീസില്‍ യുവാവായിരിക്കുമ്പോള്‍ തന്നെ എക്സൈസ് ഇന്‍സ്പെക്ടറായി ജോലിയില്‍ കയറി. ചെറുപ്പംമുതല്‍ നല്ലൊരു വായനക്കാരനും പ്രഭാഷകനും എഴുത്തുകാരനുമായിരുന്നു.