16. മുസ്ലിം പ്രാതിനിധ്യസംഘം
ടിവി അബ്ദുറഹിമാന്‍കുട്ടി
മൊബൈല്‍. 9495095336
കഴിഞ്ഞ നൂറ്റാണ്ടിന്‍റെ ആദ്യത്തില്‍ മുസ്ലിം സംഘടനകള്‍ വേണ്ടത്ര ശക്തി പ്രാപിക്കാത്ത കാലത്ത് സമുദായത്തിന്‍റെ പ്രശ്നങ്ങളില്‍ സഭ യഥാസമയം ശക്തമായി ഇടപെടുകയും അവസരോചിതമായി പ്രതികരിക്കുകയും ചെയ്തിരുന്നു. വിവിധ ശാഖകളില്‍ യോഗം ചേര്‍ന്ന് ജനകീയ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് സര്‍ക്കാര്‍ പരിഹരിക്കേണ്ടവക്ക് മേല്‍ കമ്മിറ്റിയുടെ അംഗീകാരത്തോടെ നിവേദനങ്ങള്‍ സമര്‍പ്പിച്ചിരുന്നു. മുസ്ലിംകളെ ബാധിക്കുന്ന കാതലായ പ്രശ്നങ്ങളില്‍ സഭയുടെ ഉപദേശങ്ങളും സര്‍ക്കാര്‍ തേടിയിരുന്നു. സഭ സ്ഥാപിതമായ കാലത്ത് ബ്രിട്ടീഷ് ഗവണ്‍മെന്‍റ് മുസ്ലിംകളെ പ്രതിനിധീകരിക്കുന്ന ഒരു സംഘമെന്ന നിലയിലാണ് ഗണിച്ചുപോന്നിരുന്നത്.
ജിദ്ദയില്‍ ഒരു ഹോസ്പ്പിറ്റല്‍ നിര്‍മ്മാണത്തിനു മുസ്ലിംകളുടെ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് മലബാര്‍ കലക്ടര്‍ സി.എ. ഇന്നീസ് 1913ല്‍ സഭയിലേക്ക് എഴുതിയ കത്തും, മതപരമായ കാര്യങ്ങളില്‍ ഒരു ഉപദേശക സമിതി രൂപീകരിക്കുന്നതിനുവേണ്ടി ഇന്ത്യാഗവണ്‍മെന്‍റിന്‍റെ ആഭ്യന്തര വകുപ്പ് 1915ല്‍ സഭയിലേക്കയച്ച കത്തും ഇതിനു ദൃഷ്ടാന്തങ്ങളാണ്. സ്വാതന്ത്ര്യത്തിന് മുന്‍പും ശേഷവും സര്‍ക്കാര്‍ ഹജ്ജ് കമ്മിറ്റിയിലേക്ക് സഭയില്‍ നിന്ന് പ്രതിനിധിയെ നാമ നിര്‍ദ്ദേശം ചെയ്യുന്ന പതിവും ഉണ്ടായിരുന്നു. ആര്യ സമാജം പ്രവര്‍ത്തകന്‍ രാജ്പര്‍ 1925ല്‍ പ്രവാചക ശിരോമണിയെ അധിക്ഷേപിച്ച് രചിച്ച 'റങ്കില റസുല്‍' എന്ന കൃതിക്കെതിരിലും ഭാരതീയ വിദ്യാഭവന്‍ പ്രസിദ്ധികരിച്ച 'മത നേതാക്കള്‍' എന്ന കൃതിയില്‍ റസൂല്‍ തിരുമേനിയെ അവഹേളിച്ചതിനെതിരിലും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കൃതിക്കെതിരില്‍ ലേഖനമെഴുതിയ മുസ്ലിം ഔട്ട് ലുക്ക് പത്രാധിപരെ അറസ്റ്റ് ചെയ്ത് ജയിലടക്കപ്പെട്ടതില്‍ ഖേദം പ്രകടിപ്പിച്ചു. പ്രവാചകന്മാരെയും ആത്മീയ ആചാര്യന്മാരെയും അവഹേളിക്കുന്നവര്‍ക്കെതിരില്‍ കടുത്ത ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മുസ്ലിം നേതാക്കളെ അവഹേളിക്കുന്നത് കുറ്റകരമാക്കി നിയമ നിര്‍മ്മാണം നടത്തണമെന്ന് ലോകസഭയില്‍ മുസ്ലിം ലീഗ് നേതാവ് ബി. പോക്കര്‍ സാഹിബ് ബില്‍ അവതരിപ്പിച്ചു. ശക്തമായ മുസ്ലിം പ്രക്ഷോഭത്താല്‍ 1956 ല്‍ മതനേതാക്കളെന്ന കൃതി സര്‍ക്കാര്‍ കണ്ടുകെട്ടി.