14. ഓത്തുപള്ളിയും
കുടിപള്ളികൂടവും
ടിവി അബ്ദുറഹിമാന്‍കുട്ടി
മുബൈല്‍ : 9495095336
പ്രാചീന കാലം മുതല്‍ മലബാറില്‍ ഹിന്ദുക്കളും മുസ്‌ലിംകളും തുടര്‍ന്ന് പോന്നിരുന്ന സുദൃഢ ബന്ധം ഹേതുവായി ഇരു മതസ്ഥരുടെയും പല ആചരങ്ങള്‍ക്കും കീഴ്‌വഴക്കങ്ങള്‍ക്കും സാമ്യമുണ്ടായിരുന്നു. ശിശുക്കളുടെ വിദ്യാരംഭ ചടങ്ങുകളില്‍ പോലും രൂപത്തിലും ഭാവത്തിലും ഏതാണ്ട് ഇതേ സമ്പദ്രായം നിലനിന്നിരുന്നു. സ്‌കൂളുകളും മദ്രസ്സകളും വൈജ്ഞാനിക രംഗത്ത് ആധിപത്യമുറപ്പിക്കുന്നതിന് മുമ്പ് മത-ഭൗതിക വിദ്യാഭ്യാസ മേഖലയിലെ ശിശു പഠനശാലകളായിരുന്ന ഓത്തുപള്ളിയും കുടിപള്ളിക്കൂടവും ഈ പൈതൃകത്തിന്‍റെ തുടര്‍ച്ചയാവാം.
ഹജ്ജ് പെരുന്നാളിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ ഓത്തുപള്ളികളില്‍ ആചരിച്ചു പോന്നിരുന്ന കൈയെഴുത്ത് ചടങ്ങോടേയായിരുന്നു മുസ്‌ലിം കുട്ടികളുടെ വിദ്യാരംഭം. അന്ന് മുഴുവന്‍ ആണ്‍-പെണ്‍ പഠിതാക്കളും പുത്തനുടുപ്പും ആഭരണങ്ങളും അണിഞ്ഞെത്തുന്നതിനാല്‍ കൈയെഴുത്ത് പെരുന്നാളെന്നും കേള്‍വിപ്പെട്ടു. ഇത് സാഘോഷം കൊണ്ടാടി. മൂപ്പെത്തിയ മുള മുറിച്ച് ചെത്തി കൂര്‍പ്പിച്ചുണ്ടാക്കിയ ഏതാണ്ട് ഒന്‍പത് ഇഞ്ച് നിളവും കാല്‍ ഇഞ്ച് വീതിയുമുള്ള കലമ്, അറബി മഷിയില്‍ മുക്കി കുട്ടികളുടെ കൈവെള്ളയില്‍ മൊല്ലാക്ക വിശുദ്ധ വചനങ്ങള്‍ എഴുതുന്ന ചടങ്ങാണ് കൈയെഴുത്ത്. ഒരു മുക്കാല്‍, രണ്ട് മുക്കാല്‍, ഒരണ, രണ്ടണ, നാലണ, എട്ടണ തുടങ്ങിയ നാണയതുട്ടുകള്‍ ഓരോരുത്തരുടെ സാമ്പത്തിക ശേഷി അനുസരിച്ച് ഗുരു ദക്ഷിണ നല്‍കും. മധുര പാനീയങ്ങളും പലഹാരങ്ങളും ചീരിണിയും ഭക്ഷണവും കഴിച്ച് സമംഗളം പര്യവസാനിക്കും. പലയിടത്തും പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ ആഘോഷങ്ങള്‍ക്ക് കൊഴുപ്പു കൂട്ടി. കാലാന്തരത്തില്‍ ഈ സമ്പ്രദായം മദ്രസകളിലേക്കും മാപ്പിള സ്‌കൂളുകളിലേക്കും വ്യാപിച്ചു. നാമമാത്ര പ്രദേശങ്ങളില്‍ ഇപ്പോഴും ഈ പാരമ്പര്യം തുടരുന്നു. ചില ഓത്തുപള്ളികള്‍ സ്‌കൂളുകളില്‍ തന്നെ പ്രവര്‍ത്തിച്ചു. സ്‌കൂള്‍ പഠനത്തിന് പഠിതാക്കളെ ആകര്‍ഷിക്കുന്നതിനായിരുന്നു ഈ രീതി തുടര്‍ന്ന് വന്നത്. രാവിലത്തെ ഓത്തു പഠനം കഴിഞ്ഞാല്‍ അതെ സ്‌കൂളില്‍ ഭൗതീക പഠനം ആരംഭിക്കും. ഇടത്തരം വീടുകളിലെ കുട്ടികള്‍ തലേദിവസത്തെ പഴങ്കഞ്ഞി കുടിച്ചാണ് രാവിലെ ക്ലാസുകളില്‍ എത്താറ്. ചില സ്‌കൂളുകളില്‍ ഉച്ചക്കോ ശേഷമോ ലഘു ഭക്ഷണം വിതരണം ചെയ്യും. സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയാല്‍ തന്നെ പലപ്പോഴും കിഴങ്ങ് വര്‍ക്ഷങ്ങള്‍ പുഴുങ്ങി ഭക്ഷിച്ചൊ കഞ്ഞി കുടിച്ചൊ തെുടപെതാഹം തീര്‍ക്കും. ഇന്നത്തെ പോലെ ചോറും കറിയും സുലഭമായിരുന്നില്ല.
പല മാപ്പിള സ്‌കൂളുകളും നിലനിന്ന് പോന്നിരുന്നതും ചില സ്‌കൂളുകള്‍ സ്ഥാപിക്കാന്‍ ഹേതുവായതും മൊല്ലാക്കാന്മരുടെ ത്രീവശ്രമത്താലാണ്. അതിനാല്‍ മൊല്ലാക്കന്മാരുടെ സേവനം മാപ്പിള്ള സ്‌കൂളുകളില്‍ അവിഭാജ്യ ഘടകമായി തീര്‍ന്നു. തീര പ്രദേശങ്ങളിലെ പല സ്‌കൂളുകളിലെയും വിദ്യാര്‍ത്ഥികള്‍ കൊഴിഞ്ഞുപോകുന്ന അവസരങ്ങളില്‍ കടലില്‍ ഇറങ്ങി പിടിച്ച് സ്‌കൂളിലേക്ക് തിരിച്ച്‌കൊണ്ടുവന്ന മൊല്ലാക്കന്മാരുണ്ടായിരുന്നു. മൊല്ലാസാര്‍ എന്നും മൊല്ലാടീച്ചറെന്നും ആദരപൂര്‍വ്വം വിളിച്ചിരുന്ന ഇവരുടെ മാതൃക സേവനം പഠിതാക്കളുടെ ദൗര്‍ലഭ്യം അനുഭവപ്പെടുന്ന ഇന്നത്തെ സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് അനുകരണീയമാണ്. ഇവരില്‍ ചിലര്‍ പിന്നീട് അധ്യാപകരായും നണ്‍ ടീച്ചിങ്ങ് സ്റ്റാഫായും സര്‍ക്കാര്‍ സര്‍വീസില്‍ കയറി.
ഓത്ത് + പള്ളി = ഓത്തുപള്ളി
ഓതിക്കന്‍ എന്നാണ് ഗുരുവിനെ ബ്രാഹ്‌മണര്‍ വിളിരിച്ചിരുന്നത്. ഓതിക്കനില്‍ നിന്ന് കേട്ട് പഠിക്കുന്നതിനാല്‍ വേദ പഠനത്തെ ഓത്ത് എന്ന് വിളിച്ചു. ഇത്തരം പഠന ശാലകള്‍ ഓത്താന്‍ മഠങ്ങള്‍ എന്നറിയപ്പെട്ടു. പല പ്രസിദ്ധ ക്ഷേത്രങ്ങളോടനുബന്ധിച്ചും ഓത്തന്‍ മഠങ്ങള്‍ സ്ഥാപിച്ചിരുന്നു. വിശുദ്ധ ഗ്രന്ഥങ്ങള്‍ പഠിക്കുന്നതിനും പാരായണം ചെയ്യുന്നതിനും മുസ്‌ലിംകളും ഈ വാക്ക് തന്നെ പ്രയോഗിച്ചു. പാലി ഭാഷാ പദമാണ് പള്ളി. ബുദ്ധ -ജൈന മത വിഭാഗങ്ങളുടെ പ്രാര്‍ത്ഥന മന്ദിരങ്ങള്‍ പള്ളി എന്നറിയപ്പെട്ടു. ജൂത-ക്രൈസ്തവ-മുസ്‌ലീം മതസ്ഥരും തങ്ങളുടെ ആരാധനാലയങ്ങളെ പള്ളിയെന്നു വിളിച്ചു. വീട്ടുകോലായയിലും പള്ളികള്‍, മൊല്ലാക്കന്മാരുടെ വീടുകള്‍, ഇതര സ്ഥലങ്ങള്‍ എന്നിവടങ്ങളോട് ചേര്‍ത്ത് മുളകള്‍ നാട്ടി ഓല മേഞ്ഞ ഷെഡുകളിലും നടന്ന് പോന്നിരുന്ന മുസ്‌ലിം ശിശു പഠനശാലകള്‍ കാലാന്തരത്തില്‍ ഓത്തുപള്ളികളെന്ന് അറിയപ്പെട്ടു.
ഗുരുനാഥന്മാരെ മൊല്ല, മൊല്ലാക്ക, പിന്നീട് മുഅല്ലിം, ഉസ്താദ് എന്ന് വിളിച്ചു. മൊല്ലാമാര്‍ അറബി-മലയാള രചനകളും പ്രാഥമിക കിതാബുകളും പഠിച്ചവരാണ്. മുസ്‌ലിയാമാരും മുദരിസമ്മാരും കിതാബുകളില്‍ പ്രാവീണ്യം നേടിയ പണ്ഡിതന്‍മാരാണ്. സാധാരണക്കാരുമായി കൂടുതല്‍ബന്ധം മൊല്ലാമാര്‍ക്കാണ്. ചില മഹല്ലുകളിലെ അവസാനവാക്ക് മുസ്‌ല്യാമ്മാരുടെതും മുദരിസ്സമ്മാരുടെതുമായിരുന്നു.
പലയിടത്തും അഡ്മിഷന് നിശ്ചിത സമയം നിര്‍ണയിച്ചിരുന്നില്ല. രക്ഷിതാവിന്‍റെ ഹിതമനുസരിച്ച് എതവസരത്തിലും ചേര്‍ക്കാം. കനം കുറഞ്ഞ മരപലക(ലൗഹ്)യില്‍ ചെകിടി മണ്ണ് കുറുക്കിപുരട്ടി ഉണക്കി, കലമ് അറബി മഷിയില്‍ മുക്കി എഴുതികൊടുത്താണ് പാഠ ഭാഗങ്ങള്‍ ആരംഭത്തില്‍ പഠിപ്പിച്ചിഅതിനാല്‍ ഓരോ കുട്ടിയടുടെ പഠഭാഗങ്ങള്‍ പഠിപ്പിച്ചും പരിശോധിച്ചും തെറ്റുകള്‍ തിരുത്തിയും മൊല്ലാക്കന്മാര്‍ അധ്യാപനത്തില്‍ വ്യാപൃതനായിരുന്നു. പലകകളില്‍ എഴുതുന്ന ഉത്തരവാദിത്തം രാത്രിവരെ തുടര്‍ന്നു. ചിലയിടങ്ങളില്‍ ഈ ചുമതല മൊല്ലാക്കന്മാരുടെ സഹധര്‍മ്മണികള്‍ എറ്റെടുത്തു.
പഠന സമയം രാവിലെ മുതല്‍ വൈകുന്നേരം വരെ തുടര്‍ന്നിരുന്ന പ്രദേശങ്ങളുമുണ്ടായിരുന്നു. സര്‍ക്കാര്‍ എലിമെന്‍ററി സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും അത്തരം വിദ്യാലയങ്ങളില്‍ മുസ്‌ലിംകളധികവും കുട്ടികളെ ചേര്‍ത്തില്ല. ആ സമയം കൂടി ഓത്തുപള്ളികളില്‍ തന്നെ വിനിയോഗിച്ചു. പള്ളി വിടാന്‍ അല്‍പ സമയം മുമ്പായിരിക്കും ഓരോ ദിവസത്തേയും പഠനതത്തിന്റെ മൊത്താവര്‍ത്തനമായ പഠിച്ചോത്ത്. ഖുര്‍ആനിലെ പഠിച്ച ഭാഗങ്ങള്‍ ഓരോ കുട്ടിയും ഓതികൊടുക്കുന്ന സമയത്ത് മറ്റു പഠിതാക്കള്‍ എറ്റ് ചൊല്ലുന്ന രീതിയാണ് പഠിച്ചോത്ത്. പ്രൈമറി വിദ്യാഭ്യാസം സര്‍ക്കാര്‍ സാര്‍വത്രികമായി നിര്‍ബന്ധമാക്കിയ പ്രദേശങ്ങളില്‍ പഠന സമയം പത്ത് മണി വരെ നിജപ്പെടുത്തി.
സ്ത്രീകള്‍ നടത്തിയിരുന്ന ഓത്തുപള്ളികളുമുണ്ടായിരുന്നു. അധികവും വീടുകളിലെ കോലായകളിലായിരുന്നു. ഇവിടങ്ങളില്‍ മാല, മൗലൂദ്, കിസ പാട്ടുകള്‍ അധിക പഠന വിഷയങ്ങളായിരുന്നു. അധ്യാപികയെ ഉസ്താദ്, മൊല്ല, മൊല്ലാച്ചി എന്ന് ആദരപൂര്‍വ്വം വിളിച്ചു. മൊല്ലാക്കന്മാരെ പോലെ തന്നെ മൊല്ലാത്തികളും പ്രദേശത്തെ വീടുകളില്‍ ഖത്തം ഓതാനും മാല, മൗലൂദ് പാരായണത്തിനും പോയിരുന്നു. പഠനത്തിന് പല രീതികളും പ്രചാരത്തിലുമുണ്ടായിരുന്നു.
അലിഫിന് അ-അ, അലിഫിന് ഇ-ഇ, അലിഫിന് ഉ-ഉ, ബാക്ക് ബ-ബ, ബാക്ക് ബി-ബി, ബാക്ക് ബു-ബു, താക് ത-ത, താക് തി-തി, താക് തു-തു, ജീമന്‍ ജ-ജ, ജീമന്‍ ജി-ജി, ജീമന്‍ ജു-ജു
അലിഫിന് പുള്ളിയില്ല, ബാക്കൊരു പുള്ളി താഴെ, താക്ക് രണ്ടു പുള്ളി മേലെ, 'സാ'ക്ക് മൂന്ന്പുള്ളിമേലെ, ജീമിനു ഒരു പുള്ളി താഴെ, യാക്ക് രണ്ടു പുള്ളി താഴെ, അലിഫിന് ഫത്ഹ് അ, അലിഫിന് കിസറ് ഇ, അലിഫിന് ളമ്മ് ഉ, ബാക്ക് ഫതഹ് ബാ, ബാക്ക് കിസറ് ബി, ബാക്ക് ളമ്മ് ബു
തുടങ്ങിയ പ്രയോഗങ്ങളിലൂടെ വായിച്ച് ഓതിയായിരുന്നു അറബി അക്ഷരങ്ങളും കൂട്ടിയെഴുത്തും വാചകങ്ങളും പാഠ്യ ഭാഗങ്ങളും പഠിപ്പിച്ചിരുന്നത്. വായിച്ചോത്ത് പൂര്‍ത്തിയായലാണ് ഖൂര്‍ആന്‍ പഠനാരംഭം. പഠനത്തിന് ഏകീകൃത രീതിയോ സിലബസ്സോ ഇല്ല.
ബിസ്മില്ലാഹി റഹ്‌മാനി റഹീം എന്ന സൂക്തം ഓതി പഠിച്ചിരുന്ന രീതിയുടെ ഒരുദാഹരണം ഇങ്ങനെ.
ബാക് ബീ സീന് കെട്ടു ബിസ്, മീമന്‍ മീ-ബിസ്മി, ലാമിന് സെദ്ദ് ലാമന്‍ ലാ ഐകഹി-ല്ലാഹി, റാക് സെദ്ദും റകറ ഹാകെട്ട്-റഹ്, മീമ് മാ നൂനി- മാനി, റാക്ക് സെദ്ദും റക്ക്‌റ ഐകഹി റഹ് മീമന്‍മി-റഹീം.”
ഈയൊരു രീതിയിലും ഖുര്‍ആനിലെ ചെറിയ അധ്യായങ്ങള്‍ പഠിച്ചിരുന്നു.
ആരംഭത്തില്‍ അലിഫ് മുതല്‍ അറബി അക്ഷരമാല പഠിപ്പിക്കും. തുടര്‍ന്ന് പുള്ളി ഉള്ള അക്ഷരങ്ങളും പുള്ളിയില്ലാത്ത അക്ഷരങ്ങള്‍ വേര്‍തിരിച്ച് പഠിപ്പിക്കും. പിന്നീട് ഓരോ അക്ഷരത്തിന് ശേഷം നീട്ടാഅലിഫ് ചേര്‍ത്ത് നീട്ടി ചൊല്ലി പഠിപ്പിക്കും. ഫതഹ്, കിസറ്, ളംമ് എന്നീ ഹര്‍ക്കത്തുകള്‍ ചേര്‍ത്തുള്ള പഠനമാണ് തുടര്‍ന്നുള്ള അദ്യാസനം. അടുത്ത പഠനം അക്ഷരങ്ങള്‍ ചേര്‍ത്തുള്ള കുട്ടെഴുത്താണ്. ഫാത്തിഹ പഠനത്തോടെയാണ് വായിച്ചോത്ത് തുടര്‍ന്ന് ക്രമാനുകൃതമായി ഖുര്‍ആനിലെ ചെറിയ അധ്യായങ്ങള്‍ ഓതി പഠിക്കും. ഇതാണ് മറ്റൊരു രീതി.
മിടുക്കന്മാരായ വിദ്യാര്‍ത്ഥികള്‍ ഖുര്‍ആന്‍ പാരായണ പഠനം വേഗത്തില്‍ അഭ്യസിക്കുമെങ്കിലും പലരും കൗമാരപ്രായം എത്തിയാല്‍ പോലും പലപ്പോഴും ഖുര്‍ആന്‍ പഠനം പൂര്‍ത്തിയാകാറില്ല.
ഹൈന്ദവ തറവാടുകളില്‍ കുട്ടികളെ പഠിപ്പിക്കാന്‍ എഴുത്താശാന്‍മാരെ നിയോഗിച്ചിരുന്നതു പോലെ പല മുസ്‌ലീം തറവാടുകളില്‍ മൊല്ലാമാരെയും മൊല്ലാത്തിമാരെയും നിയമിച്ചു. ഗുരുനാഥ(മൊല്ലാത്തി)കളുടെ നേതൃത്വത്തില്‍ വീടുകളിലും ഈ സമ്പ്രദായം തുടര്‍ന്നു. ബഹു ഭൂരിപക്ഷം പെണ്‍കുട്ടികളെയും കൂടിയാല്‍ പത്ത് വയസ്സ് പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ ഓത്തുപള്ളി, സ്‌കൂള്‍ പഠനങ്ങള്‍ നിര്‍ത്തി അന്യ പുരുഷന്മാരെ കാണാന്‍ കഴിയാത്ത വിധത്തില്‍ വീട്ടിനകത്ത് തന്നെ പാര്‍പ്പിക്കും. ഈ സമ്പ്രദായത്തെ അകം അടക്കല്‍ എന്നാണ് വിളിക്കാറ്. ഖുര്‍ആന്‍, ഇസ്‌ലാമിക വിജ്ഞാനവും അഭ്യസിച്ച യുവതികള്‍ക്ക് വിവാഹാലോചന വേളകളില്‍ പ്രത്യേക പരിഗണന ലഭിച്ചു. ആശാന്മാര്‍ക്ക് നല്‍കിയിരുന്നത് പോലെ തതുല്ല്യമായ പ്രതിഫലം മൊല്ലാമ്മാര്‍ക്കും നല്‍കി. ഫാതിഹ,'അ'മ്മ,തബാറ,യാസീന്‍ എന്നീ സൂറത്തുകള്‍ ആരംഭിക്കുമ്പോഴും പഠിതാവിന്റെ കല്ല്യാണത്തിനോടനുബന്ധിച്ച് ഖുര്‍ആന്‍ പഠന പുര്‍ത്തീകരണ സൂചകമായി ഖത്തം തീര്‍ക്കുമ്പോഴും ആണ്ടര്‍ദി ദിവസങ്ങളിലും ചില പ്രത്യേക മാമൂലുകളും എം എസ് വെള്ളതുണിയും തൂവെള്ള ഓയില്‍ മുണ്ടും മറ്റു ഹദീയയും നല്‍കി. സാമ്പത്തിക ശേഷിയനുസരിച്ച് ചിലവീടുകളില്‍ നിന്ന് അരിയും തേങ്ങയും ഒന്നുമുതല്‍ അഞ്ച് വരെ പറനെല്ലും കാണിക്ക്യയായി നല്‍കി. ഓത്തു പള്ളി പഠനം കഴിഞ്ഞാല്‍ ദര്‍സുകളില്‍ ചേര്‍ന്ന് പത്ത് കിത്താബിലെ മുതഫരിദ് ഓതി കൊണ്ടായിരുന്നു ഉപരി പഠനത്തിന്‍റെ ആരംഭം. ഉയര്‍ന്ന കിത്താബുകള്‍ ഓതിപഠിച്ച പണ്ഡിതകളായ മഹതികളും പല തറവാടുകളില്‍ ഉണ്ടായിരുന്നു.
യാതൊരു പ്രതിഫലവും ലഭിച്ചില്ലെങ്കിലും നിസ്വാര്‍ത്ഥമായി 'വജിഹില്ലാഹി' ക്ക്(ദൈവീക പ്രതിഫലത്തിന്) വേണ്ടി പഠിപ്പിച്ചിരുന്ന ഗുരുനാഥന്‍മാരും വിരളമല്ല. മത നിഷ്ഠയിലധിഷ്ടിതമായ ജീവിതം നയിച്ചിരുന്ന ഇവരുടെ കുടുംബങ്ങള്‍ക്ക് അര്‍ദ്ധ പട്ടിണിയിലും മുഴു പട്ടിണിയിലും ജീവിത പ്രാരാബ്ധത്തിലും ഓടുപുരകളിലും ഓലകൂരകളിലും ആവോളം മനസ്സുഖം ലഭിച്ചിരുന്നു.
ഓത്തുപള്ളീലന്നുനമ്മള്‍ പോയിടുന്ന കാലം
ഓര്‍ത്തു കണ്ണീര്‍ വാര്‍ത്തു നില്‍ക്കെയാണ് മേഘം
കോന്തലെക്കള്‍ നീ എനിക്ക് കെട്ടിയ നെല്ലിക
കണ്ട് ചൂരല്‍ വീശിയില്ലേ നമ്മുടെ മൊല്ലാക്ക”
ഓര്‍മ്മയില്‍ ഇന്നും ഓമനത്തം തുളുമ്പി വരുന്ന കവി പി. ടി. അബ്ദുറഹിമാന്റെ വരികള്‍ നമ്മെ ഓത്തുപള്ളികളുടെ മധുരിക്കുന്ന പൂര്‍വ്വ കാല സ്മരണയിലേക്ക് കൊണ്ടു പോകുന്നവയാണ്.
ശിക്ഷാ രീതികള്‍ പ്രാകൃതമായിരുന്നു. ചൂരല്‍ കൊണ്ടടിച്ചും ഏത്തമിടീച്ചും പാഠഭാഗങ്ങള്‍ ഒരേ ഇരിപ്പിന് മനപ്പാഠമാക്കിച്ചും പഠിതാക്കളെ മാനസിക പീഡനങ്ങള്‍ക്ക് വിധേയരാക്കി.അക്കാലത്തെ രക്ഷാകര്‍ത്തൃസമൂഹം ഇതിനെ ആക്ഷേപരഹിതമായി ഉള്‍കൊണ്ടു. മൊല്ലാക്കയുടെചൂരല്‍ പതിഞ്ഞ ഭാഗം നരാകാഗ്നിക്ക് നിഷിദ്ധമെണാണ് വാമൊഴി.
സി എച്ച് മുഹമ്മദ് കോയ സാഹിബ് ഓത്തു പളളിയിലെ ബാല്യകാലം അനുസ്മരിക്കുന്നതു നോക്കു:
മൂരിവടിപോലത്തെ ഒരുവടിയുണ്ടണ്ടാക്കി പൈതങ്ങളെ പൊതിരെതല്ലുന്നത് വിദ്യാഭ്യാസത്തിന്റെ ഒരവിഭാജ്യഘടകമാണെന്ന് അധ്യാപകന്മാരും അങ്ങിനെ ചെയ്യാഞ്ഞാല്‍ കുട്ടികള്‍ നന്നാവില്ലെന്ന് രക്ഷിതാക്കന്മാരും അന്നു വിശ്വസിച്ചിരുന്നു. തല്ലിനുള്ള വടികള്‍ വിദ്യാര്‍ത്ഥികള്‍ തന്നെയാണ് കൊണ്ടണ്ടുവന്ന് കൊടുക്കാറ്. വേഗം ഓത്തു പഠിക്കാത്തതിനും ഓത്തുപുരയില്‍ സംസാരിച്ചിരുന്നതിനും യാസീന്‍ എന്ന അദ്ധ്യായം ഹൃദ്യസ്ഥമാക്കുന്നതില്‍ വൈമുഖ്യം കാണിച്ചതിനുമാണ് കൂടുതല്‍ തല്ല്. (എന്റെ)ഉപ്പാപ്പ എവിടെയെങ്കിലും പോയിവരുമ്പോള്‍ ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ സംസാരിക്കുകയായിരിക്കും. ഉടനെ ഉപ്പാപ്പ ഒരു കൂട്ടത്തല്ല് പാസ്സാക്കും. എത്രയോ നിരപരാധര്‍ ഈ കൂട്ടപ്പിഴ സഹിക്കേണ്ടണ്ടിവന്നിട്ടുണ്ടണ്ട്.
അറബി ലിപികളില്‍ ചില പ്രത്യേക കുത്തുകള്‍ ചേര്‍ത്ത് ഏഴക്ഷരങ്ങള്‍ കൂടി അധികരിപ്പിച്ചാല്‍ റോമന്‍ ലിപികളിലെന്നപോലെ മലയാളമെഴുതാന്‍ സാധിക്കും. ഓത്തുപുരകളില്‍ പഠിച്ച മിക്ക പെണ്‍കുട്ടികള്‍ക്കും ഇതറിയാം. ഈ ലിപിയില്‍ എഴുതിയ ഒട്ടധികം മത ഗ്രന്ഥങ്ങളും നോവലുകളും വൈദ്യഗ്രന്ഥങ്ങള്‍പോലുമുണ്ടണ്ട്. ശ്രുതി മധുരമായ മാപ്പിളപ്പാട്ടുകളെല്ലാം തന്നെ ഈ ലിപിയിലാണ്. ഒന്നു രണ്ടു മാസികകളും കാണും. ഇതെല്ലാം ആസ്വദിക്കുവാന്‍ മുസ്‌ലികളില്‍ നൂറ്റുക്കു തൊണ്ണൂറുപേര്‍ക്കും സാധിക്കും. ഇത് അക്ഷരജ്ഞാനമായി അംഗീകരിക്കുകയാണെങ്കില്‍ മലബാറിലെ മുസ്‌ലിം സ്ത്രീകളുടെ സാക്ഷരത്വശതമാനം 95 ഓളം വരും. മാപ്പിളക്കവിതകള്‍ പാടാന്‍ മാത്രമല്ല രചിക്കാന്‍ കൂടി പാടവമുള്ള പല മഹിളകളുമുണ്ടണ്ട്. കാലോചിതമായ പരിഷ്‌ക്കാരങ്ങള്‍ വരുത്താന്‍ കൂട്ടാക്കത്തതുകൊണ്ട് ഓത്തുപുരകള്‍ ഇപ്പോള്‍ നാമവശേഷമായിരിക്കുന്നു.
ഇന്നത്തെ പല മാപ്പിള സ്‌കൂളുകളുടെയും ഉല്‍ഭവം ഇത്തരം ഓത്തുപുരകളില്‍ നിന്നായിരുന്നുവെന്ന് കാണാം. കാലത്തിന്‍റെ വെള്ളപ്പൊക്കത്തില്‍ ഓത്തുപുരകള്‍ അടി പുഴകിപ്പോയി. പക്ഷേ ചെങ്കല്ലില്‍ നിന്നുള്ള ചീടിമണ്ണു തേച്ച് മൂക്കുകയറുമുള്ള മരപ്പലകയിന് മേല്‍ ഇന്ത്യന്‍ മഷികൊണ്ട് പരിശുദ്ധ ഖുര്‍ആന്‍ എഴുതി ആ പലകയും മടിയില്‍വെച്ച് ഒരേ പായയിലിരിക്കുന്ന സതീര്‍ത്ഥ്യരൊരുമിച്ച് നീട്ടിവലിച്ച് ഉറക്കെ ഓതിപഠിച്ച ആ കാലം എന്‍റെ മനോദര്‍പ്പണത്തില്‍ നിന്നും മായുന്നില്ല”
ക്രമേണ മുക്രി, മൊല്ല, മുഅദിന്‍, മുസ്‌ല്യാമാരുടെയും മക്കളും പേരകുട്ടികളും അദ്ധ്യാപക തസ്തികയിലും ഇതര ഔദ്യോഗിക സ്ഥാനങ്ങളിലും ഉന്നതപദവികളിലും വഹിച്ചു.
തെക്കന്‍ കേരളത്തില്‍ ഓത്തുപള്ളിയെ പള്ളിപുര എന്നാണ് വിളിച്ചിരുന്നത്. വീട്ടിന്‍റെ കോലായയിലായിരുന്നു പള്ളിപുരകള്‍ അധികവും. ഏതാണ്ട് മുപ്പതോളം കുട്ടികള്‍ പഠനത്തിനെത്തും. ചിലയിടങ്ങളില്‍ ഹൈന്ദവ ശിശുക്കള്‍ ആദ്യാക്ഷരം കുറിക്കുന്ന ദിവസം തന്നെ മുസ്‌ലിം കുട്ടികള്‍ക്കും അറബി ആപ്ത വാക്യങ്ങള്‍ വെറ്റിലയിലെഴുതി ഭക്ഷിക്കാന്‍ കൊടുക്കും. തത്സമയം ഉസ്താദുമാര്‍ക്ക് ദക്ഷിണ നല്‍കും.
കേരളത്തിന് പുറത്ത് മക്തബുകളും മദ്രസകളുമായിരുന്നു മുസ്‌ലിം പാഠശാലകള്‍. മക്തബുകളില്‍ എഴുത്ത്, വായന, കണക്ക് എന്നിവയും മദ്രസകളില്‍ ഖുര്‍ആന്‍, ഫിഖ്ഹ്, വ്യാകരണം, തത്വശാസ്ത്രം തുടങ്ങിയവയും അഭ്യസിപ്പിച്ചു.
ഹൈന്ദവ ശിശുക്കളുടെ വിദ്യാരംഭം വിജയദശമി നാളില്‍ ക്ഷേത്രാങ്കണത്തിലും ഗുരു ശ്രേഷ്ഠരുടെ സന്നിധാനത്തിലുമായിരുന്നു. ഇതിനെ എഴുത്തിനിരുത്തല്‍ എന്ന് വിളച്ചു. ചടങ്ങുകളില്‍ ഏറ്റവും പ്രാധാന്യം നാക്കിലെഴുത്താണ്. നവാഗതരായ കുട്ടികളെ ഗുരുക്കള്‍ മടിയില്‍ കയറ്റിയിരുത്തി വിരല്‍ തുമ്പുകൊണ്ടോ സ്വര്‍ണ്ണംകൊണ്ടൊ നാക്കില്‍ ആദ്യാക്ഷരം കുറിക്കും. തുടര്‍ന്ന് താലത്തിലോ ഉരളിയിലോ അരിയിട്ട് അതില്‍ കൈപിടിച്ച് എഴുതിക്കും. ഹിന്ദുക്കളുടെ പാരമ്പര്യ വിദ്യാഭ്യാസം ഗുരുകുലങ്ങളിലും കുടിപള്ളികൂടങ്ങളിലുമായിരുന്നു. പഠിതാക്കള്‍ അക്ഷരമാല ചൂണ്ടണ്ടു വിരല്‍ കൊണ്ടണ്ട് നിലത്ത് മണലില്‍ എഴുതിയും ഗുരുനാഥന്‍ പനയോലകളില്‍ എഴുതികൊടുക്കുന്ന ശ്ലോകങ്ങള്‍ വായിച്ചും പഠിച്ചു. സംസ്‌കൃതം, നാട്ടുവൈദ്യം, ജോത്സ്യം തുടങ്ങിയവയായിരുന്നു പാഠ്യ ഭാഗങ്ങള്‍. പാകത്തിന് മുറിച്ച് വൃത്തിയാക്കി ഉണക്കി കുട്ടികള്‍ തന്നെ കൊണ്ടണ്ടുവരുന്ന ഓലകളില്‍ കൂര്‍ത്ത മുനയുള്ള എഴുത്താണി, മുള്ളന്‍ പന്നിയുടെ മുള്ള്, ചെറിയ ഉളി തുടങ്ങിയവ കൊണ്ട് ആശാന്‍ എഴുതി കൊടുക്കുന്ന ഭാഗങ്ങള്‍ ഹൃദ്യസ്ഥമാക്കും. പഠിച്ചുകഴിഞ്ഞ ഓലകള്‍ ചുരുളുകളാക്കി കെട്ടിവയ്ക്കും. കെട്ടുകളുടെ എണ്ണവും വലിപ്പവുമാണ് വിദ്യാഭ്യാസത്തിന്റെ മാനദണ്ഡമായി കണക്കാക്കുന്നത്. അരിയും തേങ്ങയും പലവ്യഞ്ജനങ്ങളും ആഴ്ച്ചപൈസയും കാണിക്കാപണവുമാണ് ആശാന്മാര്‍ക്ക് പ്രതിഫലമായി നല്‍കിയിരുന്നത്. ചെമ്പ്തകിടുകളിലും പനയോലകളിലുമാണ് അധികവും ഗ്രന്ഥങ്ങള്‍ രചിച്ചിരുന്നത്. അക്കാലത്ത് പല പ്രദേശങ്ങളിലും ദേശത്തെ എഴുത്താശാന്മാരുടെയും കണക്കന്മാരുടെയും കുടുംബങ്ങളിലെ വിവാഹങ്ങള്‍ നടത്തി കൊടുത്തിരുന്നത് നാട്ടുകാരുടെ ചിലവിലായിരുന്നു. ഏകാദ്ധ്യാപകരുടെ കളരികള്‍, മഠങ്ങള്‍, എഴുത്തുപള്ളികൂടങ്ങള്‍, കുടിപളളികൂടങ്ങള്‍, ഓത്തുപള്ളികള്‍ തുടങ്ങിയവയായിയരുന്നു പ്രധാന പാഠശാലകള്‍. അവസാനത്തെ മൂന്നും ശിശു പാഠശാലകളായിരുന്നു. ഓത്തുപള്ളികളധികവും മുസ്‌ലിം കേന്ദ്രങ്ങളിലായിരുന്നു.