2. പിറന്ന നാട്
ടിവി അബ്ദുറഹിമാന്‍കുട്ടി
മൊബൈല്‍. 9495095336
മലപ്പുറം ജില്ലയുടെ തെക്കെ അറ്റത്ത് പൊന്നാനിക്ക് സമീപം പഴയ വന്നേരി നാട്ടിലെ ഒരേ ഒരു തുറമുഖമായിരുന്ന വെളിയംകോട് 1847ല്‍ ജനനം. പിതാവ് സയ്യിദ് അഹ്മദ് തങ്ങള്‍ മാതാവ് ഷെരീഫാ ബീവി. 16-ാം നൂറ്റാണ്ടിന്‍റെ ആദ്യം മുതല്‍ പോര്‍ച്ചുഗീസുകാരുടെ കിരാത മര്‍ദ്ദനങ്ങള്‍ക്ക് വേദിയായ പ്രദേശങ്ങളാണ് പൊന്നാനിയും വെളിയങ്കോടും. കരിപുരണ്ട ആ കാലഘട്ടത്തില്‍ ദേശത്തെ സംരക്ഷിക്കുന്നതോടൊപ്പം അധിനിവേശ വിരുദ്ധപ്പോരാട്ടരംഗത്ത് ദിശാബോധം നല്‍കിയത് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമനും മകന്‍ അല്ലാമാ അബ്ദുല്‍ അസീസ് മഖ്ദൂമും പൗത്രന്‍ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമനുമാണ്. സാംസ്കാരികജീര്‍ണത സ്വയം കുഴിച്ചുമൂടിയ ശവക്കുഴിയിലേക്ക് കേരളത്തെ തള്ളിയിടാന്‍ പോര്‍ച്ചുഗീസുകാരുടെ മൃഗീയ മര്‍ദ്ദനം തയാറെടുത്ത ആ കാലഘട്ടം കേരള ചരിത്രത്തില്‍ ശ്രദ്ധേയമായ ഒരദ്ധ്യായമായി അവശേഷിക്കുന്നു. ഈ തകര്‍ച്ചയില്‍നിന്നും നാടിനെ രക്ഷിച്ചത് കേരളത്തിലെ നവോത്ഥാന പ്രതിനിധികളായ തുഞ്ചത്ത് എഴുത്തച്ഛനും ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമനും പൂന്താനവുമാണെന്ന് പ്രമുഖ ചരിത്ര പണ്ഡിതന്‍ പ്രൊഫ: ഇളംകുളം കുഞ്ഞന്‍പിള്ള രേഖപ്പെടുത്തിയിട്ടുണ്ട്.
വടക്ക് പൂകൈതപ്പുഴയും കിഴക്ക് തമ്പ്രാക്കളില്‍ തമ്പ്രാക്കളായ ആഴ്വാഞ്ചേരി തമ്പ്രാക്കളും തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തിലേക്ക് മുറജപത്തിന്നായി സഞ്ചരിച്ചിരുന്ന കേരളത്തിലെ പ്രമുഖ ജലപാതയായ കനോലികനാലും പടിഞ്ഞാറ് അറബിക്കടലും അതിരിട്ട പ്രകൃതി രമണീയമായ പുരാതന തുറമുഖ പട്ടണമാണ് വെളിയംകോട്. ജില്ലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ബിയ്യം കായല്‍ ഒഴുകിയെത്തി സംഗമിക്കുന്നത് ഇവിടെയാണ്. നിറഞ്ഞൊഴുകുന്ന പുഴയും വൃക്ഷലതാതികളും വിസ്തൃതമായ കതിരണിപ്പാടങ്ങളും പൂര്‍ണ്ണ അസ്തമയവും ഉള്‍പ്പെടെ വര്‍ണ്ണാഭമായ കാഴ്ച്ചകളാല്‍ വശ്യസുന്ദര മാസ്മരികത കളിയാടിയിരുന്ന ഇവിടം ഒരുകാലത്ത് ചരിത്രത്തിലും അല്‍പം ഐതിഹ്യത്തിലും പ്രമുഖ സ്ഥാനം നേടിയിരുന്നു.
സൂറത്തി സയ്യിദ് വംശം, കാളിയാരകത്ത് കാക്കത്തറ, ചേനാസ് മന, പാണ്ടന്‍പറമ്പത്ത് മന, വിശ്വ ചിത്രകലാ ആചാര്യനായ കെ.സി.എസ്. പണിക്കരുടെ കലാവൈഭവം തുടങ്ങിയവ വെളിയംകോടിനെ പ്രശസ്തിയിലേക്ക് ഉയര്‍ത്തിയ ഘടകങ്ങളാണ്. കൊടിയ ദാരിദ്ര്യത്തില്‍ കഴിഞ്ഞിരുന്ന ഇവിടത്തെ പാണ്ടന്‍പറമ്പത്ത് ഇല്ലം സത്യസന്ധത മുഖമുദ്രയാക്കിയതിനാല്‍ ധനാഢ്യരായതും, ഭട്ടതിരിപ്പാടിന്‍റെ ഇടപെടലുകളും ഇല്ലത്തേക്ക് ദാനമായി കിട്ടിയ കോടന്‍ ഭരണിയിലെ ഉപ്പുമാങ്ങയുടെ അതിരുചിയും, മാങ്ങയുടെ ഒരു കഷ്ണം രുചിച്ചാല്‍ തന്നെ മുന്നാഴി അരിയുടെ ചോറുണ്ണാന്‍ സാധ്യമാകുന്നതും നല്‍കുന്ന ഗുണപാഠം ഐതിഹ്യമാലയിലൂടെ പതിറ്റാണ്ടുകളായി മലയാളികള്‍ വായിച്ചറിഞ്ഞതാണ്.
പല സഞ്ചാരികളും ചിരിത്രകാരന്‍മാരും ഈ നാടിനെ കുറിച്ച് രചനകള്‍ നടത്തിയിട്ടുണ്ട്. ടിപ്പുവിന്‍റെ പതനത്തിനുശേഷം ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിക്ക് ലഭിച്ച സ്ഥലങ്ങളിലെ ജനങ്ങളുടെ ജീവിതരീതി, വാണിജ്യം, കൃഷി, ചരിത്രം തുടങ്ങിയവ വിശദമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗവര്‍ണര്‍ ജനറല്‍ വെല്ലസ്ലി പ്രഭു നിയോഗിച്ച ഡോ: ഫ്രാന്‍സിസ് ബുക്കാനന്‍(ഫ്രാന്‍സിസ് ഹാമില്‍ട്ടണ്‍ 1762-1829) ചാവക്കാടുനിന്ന് 1800 ഡിസംബര്‍ 13-ാം തിയതി ഇവിടെയെത്തിയിരുന്നു. അദ്ദേഹത്തിന്‍റെ സഞ്ചാര ഡയറിയായ 'എ ജേര്‍ണി ഫ്രം മദ്രാസ്സ് ത്രു കണ്‍ട്രീസ് ഓഫ് മൈസൂര്‍, കനറാ ആന്‍ഡ് മലബാര്‍' എന്ന ഗ്രന്ഥത്തില്‍ ഏകദേശം 45 വീടുകളും കുറച്ച് കടകളും ഇവിടെ ഉണ്ടായിരുന്നതായി രേഖപ്പെടുത്തുന്നു. അക്കാലത്ത് വലിയംകോട് എന്ന നാമത്തില്‍ അിറയപ്പെട്ടിരുന്ന ഈ ഗ്രാമത്തില്‍ തകര്‍ന്ന കോട്ടയുടെ ധാരാളം അവശിഷ്ടങ്ങള്‍ കണ്ടിരുന്നുവത്രെ. മുസലിംകള്‍ക്കെതിരെ പറങ്കികള്‍ നരനായാട്ട് നടത്തിയിരുന്ന പതിനാറാം നൂറ്റാണ്ടില്‍ നിരവധി മുസലിംകള്‍ ഇവിടെനിന്ന് അധിനിവേശവിരുദ്ധ പോരാട്ടത്തില്‍ പങ്കെടുത്തിരുന്നുവെന്ന് കേരളത്തിന്‍റെ ആദ്യത്തെ ലക്ഷണമൊത്ത ചരിത്രകൃതിയായ തുഹ്ഫത്തുല്‍മുജാഹിദീനില്‍ പ്രതിപാദിക്കുന്നുണ്ട്. പറങ്കികളുടെ കിരാത തേരുവാഴ്ച്ചയ്ക്ക് വിധേയയായ മുസ്ലിം യുവതിയെ രക്ഷിക്കാന്‍ കല്ല്യാണരാത്രിയില്‍ തനിയെ ചെന്ന് അടരാടി വീരമൃത്യു വരിച്ച കുഞ്ഞിമരക്കാര്‍ ശഹീദിന്‍റെ പോരാട്ട ചരിതം രോമാഞ്ചദായകമാണ്. 1919ല്‍ ആരംഭിച്ച ഗാന്ധിയന്‍ യുഗത്തിന് ഒരു നൂറ്റാണ്ട് മുമ്പ് ഭാരതത്തില്‍ ആദ്യമായി 1815-19 കാലയളവില്‍ നികുതി നിസ്സഹകരണത്തിലൂടെ ബ്രിട്ടീഷുകാര്‍ക്കെതിരെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടവീഥിയില്‍ അനുപമ മുദ്രചാര്‍ത്തിയ ദേശാഭിമാനത്തിന്‍റെ പുകള്‍പെറ്റ പ്രതീകം ഉമര്‍ ഖാസി തന്‍റെ ജന്മദേശമായ വെളിയംകോടിന്‍റെ നാമധേയം ഇന്ത്യക്കകത്തും മക്കായിലും അറേബ്യന്‍ നാടുകളിലും പ്രശോഭിപ്പിക്കുന്നതില്‍ അനുപമ പങ്കുവഹിച്ചു. അറേബ്യന്‍ രാജ്യങ്ങളില്‍ ബിലന്‍ കൂത്ത് എന്ന നാമത്തിലാണ് ഈ നാട് അിറയപ്പെട്ടിരുന്നത്.
18-ാം നൂറ്റാണ്ടില്‍ വെളിയംകോട് അങ്ങാടിയില്‍ പോലീസ് സ്റ്റേഷന്‍, രജിസ്റ്റര്‍ ഓഫീസ്, സെഷന്‍സ് കോടതി, ഹജൂര്‍ കച്ചേരി തുടങ്ങിയവ പ്രവര്‍ത്തിച്ചിരുന്നു. ഈ ഓഫീസുകള്‍ സ്ഥിതിചെയ്തിരുന്ന ഭാഗം കച്ചേരി പുറായി എന്നും കപ്പലുകള്‍ അണഞ്ഞിരുന്ന തീരത്തിന് സമീപമുള്ള പള്ളി കപ്പിച്ചാര്‍ പള്ളിയെന്നും അറിയപ്പെട്ടു. മൈസൂര്‍ സുല്‍ത്താന്മാരുടെ ഭരണത്തില്‍ നിര്‍മ്മിച്ച മലബാറിലെ പ്രമുഖ പാതയായ ചാലിയം-ചേറ്റുവ ടിപ്പുസുല്‍ത്താന്‍ റോഡ്(എന്‍.എച്ച്.17) ഈ നാടിനെ മുറിച്ച് കടന്നു പോകുന്നു. ടിപ്പുവിന്‍റെ സൈന്യം ഇവിടെ താവളമടിച്ച ഇടമാണ് തവളക്കുളം(താവളക്കുളം).