23. പ്രലോപനങ്ങള്‍ പ്രകോപനങ്ങള്‍
ടിവി അബ്ദുറഹിമാന്‍കുട്ടി
മൊബൈല്‍. 9495095336
സ്വാതന്ത്ര്യം ലഭിച്ചതു മുതല്‍ 1952 വരെയുള്ള അഞ്ചുവര്‍ഷം സഭക്ക് പരീക്ഷണത്തിന്‍റെ നാളുകളായിരുന്നു. 1947ലും 48ലും ഉത്തരേന്ത്യയില്‍ വ്യാപിച്ച വര്‍ഗ്ഗീയ കലാപങ്ങള്‍ ദക്ഷിണേന്ത്യയിലേക്ക് പടരാതിരിക്കാന്‍ മുഖ്യകാരണം മുസ്ലിംലീഗിന്‍റെ തീവ്ര ശ്രമങ്ങളായിരുന്നു. എന്നിരുന്നാലും സഭക്ക് ചില തിക്താനുഭവങ്ങള്‍ സഹിക്കേണ്ടിവന്നു. ആര്യസമാജം, ഹൈന്ദവ തീവ്രവാദ സംഘടനകള്‍, കെ കേളപ്പന്‍റെ നേതൃത്വത്തിലുള്ള ഉപജാപക സംഘം, ഒരു വിഭാഗം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സഭയെ നിരന്തരം വേട്ടയാടി. പ്രലോപനങ്ങളെയും പ്രകോപനങ്ങളെയും തുടര്‍ന്ന് ചില നവ മുസ്ലിംകള്‍ പൂര്‍വ്വ മതത്തിലേക്ക് തിരിച്ചുപോയി. അവരെ ദുരുപയോഗപ്പെടുത്തി സഭക്കെതിരില്‍ സര്‍ക്കാരിലേക്ക് പരാതികള്‍ അയപ്പിച്ചു. ഇതിന് അനുകൂലമായ രീതിയില്‍ പോലീസ് ശുപാര്‍ശകളും മദ്രാസ്സിലെ സര്‍ക്കാര്‍ ഭരണ സ്ഥിരാകേന്ദ്രങ്ങളിലെത്തി. ചില സര്‍ക്കാര്‍ മിഷണറിമാരുടെയും ബസ്സ് ജീവനക്കാരുടെയും സഹായത്താല്‍ സഭയിലേക്ക് വന്നിരുന്ന നിരപരാധികളായ അന്തേവാസികളെ പോലീസ് സ്റ്റേഷനിലെത്തിച്ചു. ചിലരെ പോലീസുദ്യോഗസ്ഥന്മാരുടെ ഭീഷണിക്കും മാനസിക പീഡനത്തിനും ഇരയാക്കി. ചിലരെ പ്രോസിക്യൂട്ട് ചെയ്തു. ഇങ്ങനെയുള്ള പീഡനങ്ങള്‍ വര്‍ദ്ധിച്ചപ്പോള്‍ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബിന്‍റെ നേതൃത്വത്തിലുള്ള മദ്രാസ്സ് അസംബ്ലിയിലെ മലബാറിലെ മുസ്ലിംലീഗ് എം.എല്‍.എ.മാരുടെ അവസരോചിത ഇടപ്പെടലുകളും സ്വാധീനവും ഹേതുവായി എതിരാളികളുടെ ദുരാരോപണം ലക്ഷ്യപ്രാപ്തിയിലെത്തിയില്ല. ഓമന്തൂര്‍ രാമസ്വാമി റെഡ്ഡിയാര്‍, പി. കുമാരസ്വാമി തുടങ്ങിയവരായിരുന്നു മുഖ്യമന്ത്രിമാര്‍. തദവസരത്തില്‍ സഭയില്‍നിന്ന് സര്‍ക്കാരിലേക്ക് അയച്ച നിവേദനത്തിന്‍റെ സംക്ഷിപ്തരൂപം
സയ്യിദ് അബൂബക്കര്‍ ബിന്‍ മുഹമ്മദ് ഹൈദ്രോസ് ചെറിയകോയത്തങ്ങള്‍, പ്രസിഡന്‍റ്, പൊന്നാനി മഊനത്തുല്‍ ഇസ്ലാം സഭ സമര്‍പ്പിക്കുന്നത്.
സര്‍,
ഇന്ത്യന്‍ കമ്പനീസ് ആക്റ്റ് 26ാം വകുപ്പ് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും 50 കൊല്ലമായി നിലനില്‍ക്കുന്നതുമായ സംഘടനയാണ് പൊന്നാനി മഊനത്തുല്‍ ഇസ്ലാം സഭ.
1. മുസ്ലിംകള്‍ക്കിടയില്‍ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക. 2. ദാനധര്‍മ്മം പ്രോത്സാഹിപ്പിക്കുക 3. തെറ്റായ ആദര്‍ശങ്ങളെ ഉന്മൂലനം ചെയ്യുക. 4. മുസ്ലിംകളുടെ ആവലാതികള്‍ ഗവണ്‍മെന്‍റിനെ ധരിപ്പിക്കുക. 5. മുസ്ലിംകള്‍ക്കിടയിലെ ഭിന്നതകളെ അനുരഞ്ജിപ്പിക്കുക. 6. ഇസ്ലാം മത വിശ്വാസികള്‍ക്ക് സര്‍വ്വപ്രധാനമായ അദ്ധ്യാപനം പകര്‍ന്ന് കൊടുക്കുക തുടങ്ങിയവയാണ് സഭയുടെ പ്രധാന ലക്ഷ്യങ്ങള്‍. അധികാരികളില്‍ നിന്നോ പൊതുജനങ്ങളില്‍ നിന്നോ യാതൊരുവിധ പരാതികള്‍ക്കും ഇടം നല്‍കാത്ത രീതിയില്‍ സഭ അതിന്‍റെ വിഷയ വിവര പട്ടികയില്‍ രേഖപ്പെടുത്തിയിട്ടുള്ള ലക്ഷ്യങ്ങളെല്ലാം പരമാവധി കഴിവും വിഭവശേഷിയും ഉപയോഗിച്ച് നിര്‍വ്വഹിച്ച് കൊണ്ടിരിക്കുന്നു. മലബാറിന്നകത്തും പുറത്തുമുള്ള ജനങ്ങളുടെ ആദരവും ആത്മവിശ്വാസവും ആര്‍ജ്ജിക്കുകയും ചെയ്യുന്നു. മുസ്ലിംകളും അമുസ്ലിംകളും പഠിക്കുന്ന ഒരു പ്രാഥമിക വിദ്യാലയവും പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ഒരു ഹൈസ്ക്കൂളും സഭയുടെ കീഴിലുണ്ട്.
2. ഇസ്ലാംമത പുതുവിശ്വാസികള്‍ക്കായി സഭ നടത്തിക്കൊണ്ടിരിക്കുന്ന പ്രാഥമിക സേവനങ്ങള്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങളെ സ്വമേധയാ ഇസ്ലാം മതം ആശ്ലേഷിക്കുവാനും സഭയിലേക്ക് ആകര്‍ഷിക്കുവാനും അവസരം നല്‍കുന്നു. മത പഠനക്ലാസ്സുകളില്‍ അന്തേവാസികള്‍ സജീവ ശ്രദ്ധപതിപ്പിക്കുന്നു. സഭ അന്തേവാസികളുടെ ക്രമമായ രജിസ്റ്റര്‍ സൂക്ഷിക്കുകയും രക്ഷിതാക്കള്‍ സഹിതം വരാത്ത പ്രായപൂര്‍ത്തിയാകാത്തവരെ നിരസിക്കുകയും ചെയ്യുന്നു. കഴിഞ്ഞകാലങ്ങളില്‍ സഭയോ അതിന്‍റെ ഏജന്‍റുകളോ ഒരു തരത്തിലുമുള്ള നിര്‍ബ്ബന്ധവും ബലാല്‍ക്കാരവും മതപരിവര്‍ത്തനത്തിന്‍റെ കാര്യത്തില്‍ ചെലുത്തിയിട്ടില്ല.
3. നിര്‍ഭാഗ്യവശാല്‍ ചില ആളുകള്‍ സഭയുടെ പ്രവര്‍ത്തികളെ തെറ്റിദ്ധരിക്കുകയും ഭയപ്പെടുകയും ചെയ്യുന്നു. ആര്യ സമാജ മന്ദിരം നിലവില്‍ വന്നതിനുശേഷം സഭയിലേക്ക് പ്രവേശനത്തിന്നായി വരുന്ന ആളുകളെ എല്ലാ തരത്തിലുള്ള ഉപദ്രവങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഇടക്കിടെ വിധേയരാവുകയും ചെയ്തുവരുന്നു. കാല്‍നടയായും ബസ്സുകളിലും വരുന്ന അന്തേവാസികളെ ചിലരുടെ പ്രലോപനങ്ങളാല്‍ പൊന്നാനി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും അവിടെനിന്ന് ആര്യസമാജമന്ദിരത്തിലേക്ക് പോകുവാന്‍ നിര്‍ബ്ബന്ധിക്കുകയും പതിവായിരുന്നു. അവര്‍ ഇക്കാര്യത്തില്‍ പരാജയപ്പെട്ടപ്പോള്‍ സ്റ്റേഷനില്‍ വെച്ച് അവരെ ഉപദ്രവിക്കലും പതിവായിരുന്നു. മദ്രാസ്സ് സിറ്റിപോലീസ് ആക്ടിലെ 64ാം വകുപ്പ് പ്രകാരം ഇടക്കിടെ പ്രോസിക്യൂട്ട് (ക്രിമിനല്‍ കുറ്റം ചുമത്തുക) ചെയ്യാറുമുണ്ട്.
ആര്യസമാജ മന്ദിരവും പൊന്നാനിയിലെ പോലീസ് സ്റ്റേഷനും കൈകോര്‍ത്ത് സഭയിലേക്ക് സ്വമേധയാ വരുന്നവരെ ശാരീരിക അക്രമണവും ക്രിമിനല്‍ കേസ്സും ചുമത്തി പിന്തിരിപ്പിക്കുകയാണ് എന്ന അഭിപ്രായം പൊതുജനങ്ങള്‍ക്ക് തീര്‍ച്ചയായും ഉണ്ട്. സഭയെ അപകീര്‍ത്തിപ്പെടുത്തുവാന്‍ പ്രചരണ പ്രവര്‍ത്തനങ്ങളുമായി മിസ്റ്റര്‍ കെ. കേളപ്പനെപ്പോലെ സ്വാധീനമുള്ള വ്യക്തികളും അദ്ദേഹത്തിന്‍റെ അനുയായികളും തുടര്‍ന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ അതിന്‍റെ മുര്‍ദ്ധന്യത്തിലെത്തിയപ്പോള്‍ വൈകിയാണെങ്കിലും സഭനേരിട്ടും സമുദായത്തിലെ വളരെ പ്രധാനപ്പെട്ട അംഗങ്ങള്‍ മുഖേനയും സഭയുടെ സമാധാന പ്രവര്‍ത്തനങ്ങളില്‍ ഇടപ്പെടുന്നതിന്നെതിരെ അധികാരികള്‍ക്ക് നിവേദനം നല്‍കി.
4. സഭയിലേക്ക് ബസ്സില്‍വരുന്ന അന്തേവാസികളെ ആര്യസമാജം മന്ദിരത്തിലേക്കും പോലീസ് സ്റ്റേഷനിലേക്കും ബലമായി നീക്കം ചെയ്യുന്ന കാര്യത്തില്‍ കുറച്ചു കാലത്തേക്ക് ശമനമുണ്ടായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ കഴിഞ്ഞ രണ്ട് ആഴ്ചയായി, പ്രാദേശിക പോലീസുമായി ബന്ധപ്പെട്ട ചില സര്‍ക്കാര്‍ ജീവനക്കാര്‍ സഭയിലേക്ക് സ്വമേധയാ സമാധാനപരമായി ഇസ്ലാം മതം സ്വീകരിക്കുവാനും മതപഠനം നടത്തുവാനും വരുന്ന നിരപരാധികളായ ആളുകളെ ഉപദ്രവിക്കുന്ന ഞെട്ടിക്കുന്ന ചില സംഭവങ്ങള്‍ ഉണ്ടായി. ഈ ആക്രമണങ്ങള്‍ക്ക് വിധേയരായവര്‍ സഭയിലേക്ക് നല്‍കിയ പരാതികളുടെ കോപ്പികള്‍ ഇതോടൊന്നിച്ച് സമര്‍പ്പിക്കുന്നു. ഈ നിഷ്ഠൂരമായ സംഭവങ്ങളാല്‍ മുസ്ലിം സമൂഹം വളരെയധികം ക്ഷോഭിച്ചിട്ടുണ്ട്. മതം സ്വീകരിക്കുവാനും അനുഷ്ഠിക്കുവാനും ഓരോ മതവിഭാഗത്തിനും പ്രചരിപ്പിക്കുവാനും നമ്മുടെ ഭരണഘടന ഉറപ്പുനല്‍കുന്നു. ഇതിനെതിരെയുള്ള ഇടപ്പെടല്‍ മൗലികാവകാശമായുള്ള സ്വാതന്ത്യത്തിന്മേലുള്ള അനീതിപരവുമായ കൈകടത്തലാണ് എന്നതിന് യാതൊരു സംശയവുമില്ല. ഈ സംഭവത്തെക്കുറിച്ച് ഇതോടൊന്നിച്ച് അടക്കം ചെയ്ത പ്രസ്താവനകള്‍ സൂചിപ്പിക്കുന്ന പോലീസിന്‍റെ പ്രവര്‍ത്തനങ്ങള്‍ മുസ്ലിം ജനസമൂഹത്തിന്‍റെ വികാരങ്ങളെ വ്രണപ്പെടുത്തുകും ഞെട്ടിക്കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ ഇത്തരം പ്രവണതകള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ ഉചിതവും ശക്തവുമായ നടപടികള്‍ എടുക്കുവാന്‍ ഞാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു. തങ്ങളെ ആക്രമിച്ച ഇത്തരം ആക്രമണകാരികള്‍ക്കെതിരായി നിയമക്കോടതിയില്‍ ക്രമിനല്‍ കേസ്സ് വിജയകരമായി നടത്തുവാന്‍ വ്യക്തമായ ചില കാരണങ്ങളാല്‍ ഈ നിരപരാധികള്‍ക്കോ അല്ലെങ്കില്‍ സഭക്കുപോലുമോ സാധ്യമല്ലായിരിക്കാം. എന്നാല്‍ ഇത്തരത്തിലുളള ആക്രമണകാരികളെ വെളിച്ചത്ത് കൊണ്ടുവരാനും പൊന്നാനിയിലുള്ള പോലീസ്സുകാരോടും ആര്യസമാജം ഓഫീസിനോടും അനാവശ്യകാര്യങ്ങളില്‍ ഇടപ്പെടാതിരിക്കുവാനും സഭയിലേക്ക് വരുന്നവരെ മുമ്പേ ചെയ്തുകൊണ്ടിരുന്നതുപോലെ ഉപദ്രവിക്കാതിരിക്കുവാനും താക്കീത് നല്‍കുവാന്‍ അധികാരികള്‍ക്ക് ചുമതലയുണ്ട് എന്ന കാര്യം ഞാന്‍ ഊന്നിപ്പറയുന്നു. ഇത്തരത്തിലുള്ള ഇടപെടലുകള്‍ വര്‍ഗ്ഗീയ ലഹളകളിലേക്കും സമാധാന ലംഘനങ്ങളിലേക്കും നയിക്കും എന്ന് വ്യസന സമേതം ഞാന്‍ പറയട്ടെ. മേല്‍സാഹചര്യത്തില്‍ പൊന്നാനി പോലീസിനും ആര്യസമാജമന്ദിരത്തിനും അവരുടെ അങ്ങേയറ്റം അനുചിതമായ പ്രവര്‍ത്തനങ്ങള്‍ പരിപൂര്‍ണ്ണമായും അവസാനിപ്പിക്കുവാന്‍ ആവശ്യപ്പെട്ടുകൊണ്ടും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ കുറ്റക്കാരായവരെ കണ്ടെത്തി ഉചിതമായ നടപടികള്‍ സ്വീകരിക്കുവാനും അടിയന്തര കല്പനകള്‍ പുറപ്പെടുവിക്കുവാനും ഞാന്‍ അങ്ങയോട് ബഹുമാനപുരസ്സരം അപേക്ഷിക്കുന്നു.
അവസാനമായി കഴിഞ്ഞ അരനൂറ്റാണ്ടായി സഭ തുടര്‍ന്നുവരുന്ന സമാധാനപരവും നിയമാനുസൃതവുമായിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും നടത്തുന്നതിന് സഭക്ക് പരിപൂര്‍ണ്ണ സംരക്ഷണം നല്‍കുവാന്‍ സഭയ്ക്കു വേണ്ടി താങ്കളോട് ഞാന്‍ വിനയപൂര്‍വ്വം അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു.
വിശ്വസ്തതയോടെ,
പൊന്നാനി മഊനത്തുല്‍ ഇസ്ലാം സഭക്കു വേണ്ടി
2.10.1950 ഒപ്പ്.
വി. സയ്യിദ് അബൂബക്കര്‍ ബിന്‍ മുഹമ്മദ്
ഹൈദ്രോസ് ചെറിയകോയതങ്ങള്‍
പ്രസിഡന്‍റ്
copy to:.
1. കലക്ടര്‍ ഓഫ് മലബാര്‍ കാലിക്കറ്റ്, 2. സബ്ഡിവിഷണല്‍ മജിസ്ട്രേറ്റ്, പാലക്കാട്, 3.എം. മുഹമ്മദ് ഇസ്മായില്‍ സാഹിബ്. എം. എല്‍. എ., 4. ബി. പോക്കര്‍ സാഹിബ് എം. എല്‍. എ, 5. കെ.എം. സീതിസാഹിബ് എം. എല്‍. എ, 6. എം. വി. ഹൈദ്രോസ് സാഹിബ് എം. എല്‍. എ, 7. പി. കെ. മൊയ്തീന്‍കുട്ടി സാഹിബ്എം. എല്‍. എ, 8. ജില്ലാ പോലീസ് സൂപ്രണ്ട്, കോഴിക്കോട്.