10. തൊപ്പിയിടാന്‍ ഇവിടെ വരണം


10. തൊപ്പിയിടാന്‍ ഇവിടെ വരണം




ടിവി അബ്ദുറഹിമാന്‍കുട്ടി

മൊബൈല്‍. 9495095336


         'പൊന്നാനിയില്‍ പോയി തൊപ്പിയിടുക, കേരളമാകെ പ്രചരിച്ച ഒരു ചൊല്ലാണിത്. പൊന്നാനിയില്‍ വന്ന് ഇസ്ലാം മതം സ്വീകരിക്കുന്നതിനാണ് ഇങ്ങനെ പറഞ്ഞിരുന്നത്. പുതുതായി ഇസ്ലാം മതം സ്വീകരിക്കുന്നവരെ തല മൊട്ടയടിച്ച് തൊപ്പി ധരിപ്പിക്കുക പതിവായിരുന്നു. തൊപ്പിയിട്ടാല്‍ പിന്നെ മനുഷ്യ മഹത്വത്തില്‍ നിന്നും എത്രയോ അടി ദൂരമകലെ മാറി നില്‍ക്കേണ്ട താഴ്ന്ന ജാതിക്കാരന് ഒട്ടും ഭയക്കാതെ തന്നെ മേലാളരുടെ ചാരത്തിരുന്നിടാനും മാന്യനായ മനുഷ്യനാകാനും അവസരം ലഭിക്കുന്നു. 

            എവിടെയെങ്കിലും പോയി തൊപ്പിയിട്ടാല്‍ പോരാ അതിനു നിയമ സാധുത ലഭിക്കണമെങ്കില്‍ പൊന്നാനിയിലെ മഊനത്തില്‍ വന്നു തന്നെ തൊപ്പിയിടണം. അശാസ്ത്രീയ സാമ്പത്തിക ആസൂത്രണങ്ങളും പലിശക്കെടുതിയും കാരണം ഒരു കാലത്ത് കൊടും പട്ടിണിയില്‍ അകപ്പെട്ട സര്‍ക്കാരിനോട് സാമ്പത്തിക വിദഗ്ദര്‍ സുരക്ഷിതത്വത്തിനുളള മാര്‍ഗ്ഗം നിര്‍ദ്ദേശിച്ച സമയത്ത് ഇന്ത്യാ ഗവണ്‍മെന്‍റ് പൊന്നാനിയില്‍ പോയി തൊപ്പിയിടട്ടെ എന്നാണ് പ്രശസ്ത ചിന്തകനും കോളമിസ്റ്റുമായിരുന്ന എം.പി. നാരായണപ്പിളള ആലങ്കാരികമായി പറഞ്ഞത്. 

                അനിസ്ലാമികതയുടെ അന്ധകാരങ്ങളില്‍നിന്നും ഇസ്ലാമിന്‍റെ വെളിച്ചം സ്വീകരിക്കാന്‍ സ്വയം തയ്യാറാകുന്ന ഭാരതീയര്‍ക്ക് വേണ്ട സൗകര്യങ്ങളൊരുക്കാനാണ് മഊനത്തുല്‍ ഇസ്ലാം സഭ രൂപീകൃതമായത്. അടിച്ചമര്‍ത്തപ്പെടുകയായിരുന്ന അവശ ജാതിക്കാര്‍ക്ക് മനുഷ്യ ജാതിയിലേക്ക് അംഗത്വം നല്‍കുകയാണ് സഭ ചെയ്യുന്നത്. ഇസ്ലാമിന്‍റെ മാനവിക വശവും ആന്തരിക ചൈതന്യവും കണ്ടെത്താന്‍ മഹാഭാഗ്യം ലഭിച്ച ഇതര മതാനുയായികളും പ്രത്യയശാസ്ത്ര വിശ്വാസികളുമായ എത്രയോ സഹൃദയരെ സഭയില്‍ നിന്ന് ശഹാദത്ത് കലിമ ചൊല്ലിക്കൊടുത്ത് നേര്‍മാര്‍ഗ്ഗത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയിട്ടുണ്ട്.