5. ജാതി വ്യവസ്ഥയുടെ പ്രതിഫലനവും ഇസ്ലാമിലെ സമത്വവും
ടിവി അബ്ദുറഹിമാന്‍കുട്ടി
മൊബൈല്‍. 9495095336
ആര്യന്മാരുടെ അധിനിവേശത്തോടെയാണ് ഭാരതത്തില്‍ ജാതീയ തയുടെ ഉത്ഭവം. ഇതിനു മുമ്പുള്ള സമൂഹം ഈ ചിന്തയില്‍ നിന്ന് വിമുക്തമായിരുന്നുവെന്ന് തിരുവള്ളവര്‍, വി.ടി. ചന്ദ്രശേഖര്‍ തുടങ്ങിയ ദളിത് ചിന്തകര്‍ പറയുന്നു. ബ്രാഹ്മണ സ്ഷൃടിയാണ് ഇതെന്ന് ഉത്ഭവവും വികാസവും വ്യക്തമാക്കുന്നു. നമ്പൂതിരി ബ്രാഹ്മണന്മാര്‍ ഭരണത്തിലും ഇതര ഉന്നത സ്ഥാനങ്ങളിലും നിര്‍ണ്ണായക സ്വാധീനം ചെലുത്തിയ എട്ടാം നൂറ്റാണ്ടിലാണ് ഇത് മൂര്‍ദ്ധന്യ ദശയിലെത്തിയത്. ആദ്യകാലത്ത് പൂജാരിമാര്‍, യോദ്ധാക്കള്‍, സാധാരണക്കാര്‍ എന്നീ മൂന്ന് വിഭാഗങ്ങളെ ഉണ്ടായിരുന്നുള്ളു. ബ്രാഹ്മണര്‍ പൂജാകര്‍മ്മങ്ങളിലും ക്ഷത്രിയര്‍ യുദ്ധരംഗത്തും വൈശ്യര്‍ കച്ചവടമേഖലയിലും കേന്ദ്രീകരിച്ചു.
പൗരാണിക കാലംമുതല്‍ പരിഷ്കൃത ജീവിതത്തിന്‍റെ ആരംഭദശയില്‍ തന്നെ ലോകത്തിന്‍റെ ചില ഭാഗങ്ങളില്‍ ജാതിയുടെ പ്രാകൃതഭാവം ഉദയം ചെയ്തിരുന്നുവെങ്കിലും ഇന്ത്യയിലേതുപോലെ രൂക്ഷമായിരുന്നില്ല. പ്രവൃത്തി വിഭജനമായിരുന്നു ഇതിന്‍റെ അടിസ്ഥാനം. ഇന്ത്യയില്‍ മാത്രം കാണുന്ന ഒരു പ്രത്യേക സാമൂഹിക പ്രതിഭാസമായതിനാല്‍ ഏതാണ്ട് മൂവായിരം വര്‍ഷത്തിലധികമായി ചാതുര്‍ വര്‍ണ്ണ്യവും പിന്നീട് ജാതിയും ഇവിടെ നിലനില്‍ക്കുന്നു. അധിനിവേശക്കാരായ ആര്യന്മാരും പൂര്‍വ്വനിവാസികളായ ദ്രാവിഡന്മാരും ഒന്നിച്ചു ചേര്‍ന്ന് ഒരു സമൂഹമായി ജീവിക്കാന്‍ തുടങ്ങിയതോടെയാണ് വര്‍ണ്ണവ്യത്യാസം ആരംഭിക്കുന്നത്.
ആര്യന്മാര്‍ യജമാനന്മാരും ആദിമനിവാസികള്‍ ദാസന്മാരുമായി പ്രവൃത്തിയില്‍ വിഭജനമുണ്ടായി. ദാസന്മാരെ ദസ്യൂക്കള്‍ എന്നാണ് വിളിച്ചിരുന്നത്. ദസ്യൂക്കള്‍ കറുത്ത നിറക്കാരും ആര്യന്മാര്‍ താരതമ്യേന വെളുത്ത നിറക്കാരും ആകയാല്‍ അവര്‍ക്കിടയില്‍ വര്‍ണ്ണവ്യത്യാസം ഉത്ഭവിച്ചു. ഈ വര്‍ണ്ണവ്യത്യാസത്തില്‍ നിന്നുമായിരിക്കാം വര്‍ണ്ണവ്യവസ്ഥയുടെ ആരംഭം. ഇടക്കിടെ ആര്യന്മാരും ദ്രാവിഡന്മാരുമായി വംശസങ്കലനം നടന്നിരുന്നു. തൊഴില്‍ വിഭജനം ആദ്യം ആരംഭിക്കുന്നത് ഭൗതികവും ആത്മീയവുമായ മേഖലയിലാണ്. തന്മൂലം ആത്മീയ മേഖലയില്‍ പുരോഹിതര്‍ എന്നൊരു വിഭാഗം ഉടലെടുത്തു. അതിനാല്‍ ഇന്തോ-ആര്യന്‍ ജനതയില്‍നിന്ന് ഉത്ഭവിച്ച പുരോഹിത വിഭാഗമാണ് ബ്രാഹ്മണര്‍. ഗണങ്ങളുടെ സംരക്ഷണത്തിനുവേണ്ടി ആയുധമെടുത്ത പോരാളികളാണ് ക്ഷത്രിയര്‍. ഇന്തോ- ആര്യന്‍ ഗോത്രങ്ങളിലെ ഒരു വിഭാഗം ഗോസംരക്ഷണത്തിലും കൃഷിയിലും വാണിജ്യത്തിലും ഏര്‍പ്പെട്ടു. അവരെ വൈശ്യര്‍ എന്നു വിളിച്ചു. ഈ ത്രൈവര്‍ണ്ണികരുടെ സില്‍ബന്തികളായി ജീവിച്ച ദസ്യൂക്കളാണ് ശൂദ്രന്മാരായിത്തീര്‍ന്നത്. ആദ്യകാലത്ത് ത്രൈവര്‍ണ്ണികര്‍ക്കിടയിലുള്ള വര്‍ണ്ണവ്യത്യാസം തൊഴില്‍പരം മാത്രമായിരുന്നു.
വേദാധ്യയനത്തിലൂടെ ക്ഷത്രിയന്‍ ബ്രാഹ്മണനാകുന്നതും കൃഷിയിലും കച്ചവടത്തിലും ഏര്‍പ്പെട്ട ബ്രാഹ്മണന്‍ വൈശ്യനാകുന്നതും അപൂര്‍വ്വമായി സംഭവിച്ചിരുന്നു. എന്നാല്‍ ത്രൈവര്‍ണ്ണികരുടെയും അവരുടെ ദ്യസുക്കളായ ശൂദ്രരുടെയും വേര്‍തിരിവ് പലയിടത്തും അതിശക്തമായിരുന്നു. അനാര്യന്മാരും ആര്യന്മാരും തമ്മില്‍ വര്‍ഗ്ഗ സങ്കലനം നടത്തിയതിനാലും ശൂദ്രവിഭാഗം രൂപപ്പെട്ടിരുന്നു. അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ ശൂദ്രന്മാര്‍ക്കും സവര്‍ണ്ണങ്ങളിലേക്ക് സ്ഥാനകയറ്റം നല്‍കിയിട്ടുണ്ട്. ഈ നാലു വര്‍ണ്ണങ്ങള്‍ക്കു പുറമെ വേറെയും പല ഗണങ്ങള്‍ വിവിധയിടങ്ങളില്‍ ജീവിച്ചിരുന്നു. കാലാന്തരത്തില്‍ ഇവര്‍ ബ്രാഹ്മണത്വത്തെ പിന്തുടര്‍ന്നു. ക്രമാനുഗതമായി ഇവരെല്ലാം ചേര്‍ന്ന് സവര്‍ണ്ണ വിഭാഗമായി തീരുകയായിരുന്നു. ഇവരില്‍ ശക്തരായ മേലാള വിഭാഗം ഭൂമി അവിഹിതമായി കയ്യടക്കി ജന്മിമാരായി തീര്‍ന്നു. ഈ വ്യവസ്ഥിതിയുടെ മറവില്‍ ഭിന്നിച്ച് ഭരിക്കുക എന്ന തന്ത്രവും സ്വീകരിച്ചു. താഴ്ന്ന ജാതിക്കാരോട് മൃഗങ്ങളേക്കാള്‍ പരുഷമായി പെരുമാറി. ക്രമേണ ജാതികളും ഉപജാതികളും വര്‍ദ്ധിച്ചു വന്നു. തങ്ങള്‍ക്ക് വഴങ്ങാത്തവരെ അയിത്തക്കാരായി മുദ്രകുത്തി അകറ്റി നിര്‍ത്തി. ആദിമ നിവാസികളായ പാണര്‍, വേട്ടര്‍, കുറവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ സമൂഹത്തിന്‍റെ അടിത്തട്ടിലേക്ക് ആഴ്ത്തപ്പെട്ടു. ബൗദ്ധ വിഹാരങ്ങളില്‍ പൂജാരിമാരായി കഴിഞ്ഞിരുന്ന ഗുരുക്കന്മാരെയെല്ലാം പൂണൂലിട്ട് നമ്പൂതിരിമാരാക്കി വാഴ്ത്തപ്പെട്ട് പുരോഹിതരാക്കി. വൈദ്യശാസ്ത്ര പണ്ഡിതന്മാരായ ബൗദ്ധര്‍ക്കും ബ്രാഹ്മണ പദവി നല്‍കിയവരാണ് ക്രമാനുഗതമായി അഷ്ടവൈദ്യന്മാരായിത്തീര്‍ന്ന മൂസ്സതുകള്‍.
ബി.സി. രണ്ടാം നൂറ്റാണ്ടില്‍തന്നെ ബ്രാഹ്മണാധിപത്യം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യയില്‍ നടന്നിരുന്നുവെങ്കിലും പൂര്‍ണ്ണമായും ഫലപ്രാപ്തിയിലെത്തിയില്ല. തുടര്‍ന്ന് ബ്രാഹ്മണന്‍റെ മഹത്വത്തെ ഉദ്ഘോഷിക്കുന്ന പല കൃതികളും രചിക്കപ്പെട്ടു. ഭഗവദ്ഗീതയും മനുസ്മൃതിയുമാണ് രചനകളില്‍ പ്രധാനം. ഭക്തിയുടെ സന്ദേശം ആവിഷ്ക്കരിച്ചതിനാല്‍ ഭഗവത്ഗീത ജനങ്ങളാല്‍ ആദരിക്കപ്പെട്ടെങ്കിലും ചാതുര്‍വര്‍ണ്ണ്യത്തെ അത് വാഴ്ത്തുകയും ഇതരവര്‍ണ്ണക്കാരെ പ്രത്യേകിച്ചും ശൂദ്രരെ ഇകഴ്ത്തുകയും ചെയ്തു.
സുരക്ഷിതമായ പ്രത്യേക വലയത്തില്‍ ഒതുങ്ങിക്കഴിഞ്ഞ ഒരു പ്രത്യേക വിഭാഗമായിരുന്നു ബ്രാഹ്മണര്‍. മനുസ്മൃതിയിലെ വീക്ഷണമനുസരിച്ച് ഭൂമിയിലുള്ള എല്ലാറ്റിന്‍റെയും ഉടമസ്ഥര്‍ ബ്രാഹ്മണരാണ്. ഔദാര്യമായി കരുതാതെ പാവനമായ ധര്‍മ്മമെന്ന നിലയില്‍ പരസ്യമായും സ്വകാര്യമായും ദാനങ്ങള്‍ നല്‍കിക്കൊണ്ട് ബ്രാഹ്മണനെ സംരക്ഷിക്കണം. ബ്രാഹ്മണനോടു കാണിക്കുന്ന ആതിഥ്യമര്യാദ ഏറ്റവും ഉയര്‍ന്ന മതപരമായ ഒരു കര്‍ത്തവ്യമായിത്തന്നെ ഗണിക്കണം. ഉപചാരപൂര്‍വ്വമായി ബ്രാഹ്മണനെ സല്‍ക്കരിക്കാതിരുന്നാല്‍ ഗൃഹസ്ഥന് ജന്മനാ നിലനിന്നുവരുന്ന പുണ്യം അതോടെ നഷ്ടപ്പെടും.
മനുസ്മൃതിയനുസരിച്ച് ജന്മവും ജാതിയും നോക്കിയായിരുന്നു കുറ്റങ്ങള്‍ക്ക് ശിക്ഷ വിധിച്ചിരുന്നത്. ഒരേ രീതിയിലുള്ള കുറ്റം ചെയ്ത ബ്രാഹ്മണനും ശൂദ്രനും ദളിതനും വ്യത്യസ്ത രീതിയിലായിരുന്നു ശിക്ഷ നല്‍കിയിരുന്നത്. ബ്രാഹ്മണന്‍ ക്രൂരമായ കുറ്റം ചെയ്താല്‍പ്പോലും വധശിക്ഷ നല്‍കരുത്. രാജാവിന് നാടുകടത്താം. പക്ഷെ അവരുടെ സ്വത്ത് കണ്ടുകെട്ടല്‍ അനുവദനീയമല്ല. എന്നാല്‍ അത് കൂടെ കൊണ്ടുപോകാന്‍ അനുവദിക്കണം. ബ്രാഹ്മണനെ അടിക്കാന്‍ ആഞ്ഞാല്‍ നരകത്തില്‍ നൂറുകൊല്ലം ശിക്ഷ അനുഭവിക്കും; അടിച്ചവന്‍ ആയിരംകൊല്ലം നരകത്തില്‍ കിടന്ന് നരകിക്കും. ശൂദ്രന്‍ ബ്രാഹ്മണന്‍റെ ഭാര്യയെ വ്യഭിചരിച്ചാല്‍ ശൂദ്രന്‍റെ സ്വത്ത് കണ്ടുകെട്ടുകയും അവന്‍റെ ജനനേന്ദ്രിയം മുറിച്ചുകളയുകയും വേണം. ഒരു ശൂദ്രന്‍ മറ്റൊരു ശൂദ്രനെ കൊന്നാല്‍ പത്ത് പശുക്കളെയും വൈശ്യനെയാണ് കൊന്നതെങ്കില്‍ ആയിരം പശുക്കളെയും പ്രതിവിധിയായി ബ്രാഹ്മണന് നല്‍കണം. ബ്രാഹ്മണനെയാണ് കൊന്നതെങ്കില്‍ ശൂദ്രന്‍ സ്വയം മരിക്കണം തുടങ്ങി ബ്രാഹ്മണര്‍ക്ക് അനുകൂലമായ രീതിയിലായിരുന്നു അക്കാലത്തെ ലിഖിതവും അലിഖിതവുമായ വ്യവസ്ഥകളും കീഴ്വഴക്കങ്ങളും.
സാമ്പത്തിക രാഷ്ട്രീയ രംഗങ്ങളില്‍ ബ്രാഹ്മണരുടെ സ്വാധീനശക്തി വര്‍ദ്ധിപ്പിക്കുകയെന്നതാണ് അന്നത്തെ ചാതുര്‍ വര്‍ണ്ണ്യത്തിന്‍റെ മുഖ്യ ലക്ഷ്യം. അതു ഫലപ്രാപ്തിയിലെത്തിയതോടെ അവര്‍ മനുസ്മൃതി രാജ്യത്തിലെ നിയമസംഹിതയായി മാറ്റാന്‍ ശ്രമിച്ചു. തല്‍ഫലമായി ചാതുര്‍വര്‍ണ്ണ്യം കൂടുതല്‍ ദൃഢീകരിക്കുകയും ജാതിവ്യവസ്ഥയായി രൂപാന്തരപ്പെടുകയും ചെയ്തു. വിജ്ഞാനത്തിന്‍റെ മേഖലയില്‍ നിന്ന് ശൂദ്രരെ അകറ്റി നിര്‍ത്തുകയായിരുന്നു തരംതാഴ്ത്തുന്നതിനായി മനുസ്മൃതി സ്വീകരിച്ച മറ്റൊരുരീതി.
ശൂദ്രമക്ഷരസംയുക്തം
ദൂരതഃപരിവര്‍ജ്ജ്യയേത്
എന്നതായിരുന്നു അക്കാലത്തെ മേലാളരുടെ പ്രമാണം. മതഗ്രന്ഥങ്ങള്‍ പാരായണം ചെയ്യുന്നത് ശൂദ്രന്‍ കേട്ടുപോയാല്‍ ബ്രാഹ്മണരുടെ ധര്‍മ്മശാസ്ത്രപ്രകാരം അവന്‍റെ ചെവിയില്‍ ഈയ്യം ഉരുക്കി ഒഴിക്കണം. അത് പാരായണം ചെയ്തുപോയാല്‍ അവന്‍റെ നാവറുക്കണം. ഹൃദിസ്ഥമാക്കിയാല്‍ അവന്‍റെ തലവെട്ടണം. ഇത് പ്രായോഗികവല്‍ക്കരിക്കാന്‍ സാധ്യമായില്ലെങ്കിലും ഈ രീതിയിലുള്ള ഭീഷണികള്‍ കൊണ്ടാണ് പുരോഹിതന്മാര്‍ അവരുടെ വിജ്ഞാന കുത്തക നിലനിര്‍ത്തിയത്.
ഈ സാഹചര്യത്തിലാണ് ഭാഷാപിതാവായ തുഞ്ചത്ത് ആചാര്യന്‍ സ്വയം അക്ഷരം വശമാക്കി സര്‍വ്വര്‍ക്കും പകര്‍ന്ന് നല്‍കാന്‍ സന്നദ്ധനായത്. ഇതുകണ്ട് സഹിക്കെട്ട ബ്രാഹ്മണാധിപത്യം തങ്ങള്‍ക്ക് മേല്‍കൈ നിലനിന്നിരുന്ന ഭരണത്തില്‍ സ്വാധീനം ചെലുത്തി എഴുത്തച്ഛന് വള്ളുവക്കോനാതിരിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് രാജ്യദ്രോഹ കുറ്റം ചുമത്തി അദ്ദേഹത്തെ തൂക്കിലേറ്റാന്‍ വിധിച്ചു. രാജഗുരുവായ ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ അവസരോചിത ഇടപെടല്‍ കാരണം നാടുകടത്തലായി ശിക്ഷ ലഘൂകരിച്ചു. തുടര്‍ന്നാണ് ആചാര്യന്‍ തന്‍റെ ആദ്യ ഗുരുകുലമായ തഞ്ചാവൂരില്‍ ഗുരുവായും ജീവിതാന്ത്യത്തില്‍ പെരുമ്പടപ്പ് സ്വരൂപത്തിന്‍റെ കീഴിലുള്ള ചിറ്റൂരില്‍ എത്തിപ്പെടുന്നതും രാമാനന്ദ അഗ്രഹാരത്തില്‍ ശിഷ്യരുമൊത്ത് വസിക്കുന്നതും.
ബ്രാഹ്മണരും അനുകൂലികളും ഒരുവശത്തും ബ്രാഹ്മണത്വത്തെ എതിര്‍ക്കുന്നവര്‍ മറുവശത്തുമായി കേരളീയ സമൂഹം വിഭജിക്കപ്പെട്ടു. ശൈവ - വൈഷ്ണവ ഭക്തി പ്രസ്ഥാനങ്ങളുടെ അനുയായികള്‍ ബ്രാഹ്മണരെ അനുകൂലിച്ചു. ജൈനരും ബൗദ്ധരും ബ്രാഹ്മണത്വത്തെ എതിര്‍ത്തു. തന്മൂലം സമൂഹം രണ്ട് ജാതിയായി വിഭജിക്കപ്പെട്ടു. ഒരു വിഭാഗം ഹിന്ദുക്കളും മറുവിഭാഗം ഹിന്ദുമതത്തിന്‍റെ പരിധിക്ക് പുറത്തുള്ളവരും. ഹിന്ദുമതം സ്വീകരിച്ചവരെ പിന്നെയും വിവിധ ജാതികളും ഉപജാതികളും വര്‍ണ്ണങ്ങളുമായി തരംതിരിച്ചു. രാജാക്കന്മാരെ ക്ഷത്രിയരായി അംഗീകരിച്ചു. കച്ചവടം അധികവും വൈദേശിക ആധിപത്യത്തിലായിരുന്നതിനാല്‍ ജൂതന്മാരും ക്രിസ്ത്യാനികളും അറബികളും ചൈനക്കാരുമൊക്കെ ഇവിടെ വാണിജ്യരംഗത്ത് പ്രബലരായി. അവരൊന്നും ഹിന്ദുമതത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെട്ടവരല്ലാത്തതിനാല്‍ കച്ചവടം തൊഴിലായി സ്വീകരിച്ച വൈശ്യര്‍ വിഭാഗം താരതമ്യേന കുറവായിരുന്നു.
ജാതിസമ്പ്രദായം ദൃഢീകരിക്കുന്നതിനും അതിന് സാര്‍വ്വത്രികമായ പ്രചാരം ലഭിക്കുന്നതിനും അനുകൂല സാഹചര്യം കേരളത്തിലുണ്ടായിരുന്നു. നമ്പൂതിരിമാര്‍ക്ക് സാമ്പത്തിക, രാഷ്ട്രീയ വൈദീക മേഖലകളില്‍ ലഭിച്ച സ്വാധീന ശക്തിതന്നെയാണ് ഇതില്‍ പ്രധാനം. പന്തീരാണ്ടുകാലം കൂടുമ്പോള്‍ ചേരുന്ന തിരുന്നാവായ മാമാങ്ക സഭയില്‍ എടുക്കുന്ന തീരുമാനം കേരളത്തിലെ ജനങ്ങളും ഭരണാധികാരികളും ഒരുപോലെ അംഗീകരിച്ചിരുന്നു. ജാതിവ്യവസ്ഥയും ഐത്താചാരവും ക്രമീകരിച്ചുക്കൊണ്ടുള്ള തീരുമാനം ഒരു മാമാങ്കസഭയില്‍വെച്ച് ഉണ്ടായതെന്നാണ് അനുമാനം. തൊഴിലിന് ഉച്ചനീചത്വം കല്‍പ്പിച്ചതും അതിന് കേരളഭൂമിയില്‍ അംഗീകാരം നല്‍കുകയും ചെയ്തത് ഈ മാമാങ്കസഭയാണ്. തന്മൂലം കേരളത്തില്‍ ജാതിവ്യവസ്ഥയും തദടിസ്ഥാനത്തിലുള്ള അയിത്തവും തീണ്ടലും രൂക്ഷമാകുന്നതിന് കാരണമായിത്തീര്‍ന്നു. ഇന്ത്യയില്‍ മറ്റൊരിടത്തും തന്നെ ബ്രാഹ്മണ നേതൃത്വത്തില്‍ നടന്നിരുന്ന ഇതുപോലൊരു രാഷ്ട്രീയ സമ്മേളനം രാജ്യത്തിന്‍റെ വിധി നിര്‍ണ്ണയിച്ചിരുന്നില്ല.
ബ്രാഹ്മണാധിപത്യത്തിന് മുമ്പുള്ള ചക്രവര്‍ത്തിയായിരുന്ന മഹാബലി ജാതി- വര്‍ഗ്ഗ ചിന്തകള്‍ക്കതീതമായായിരുന്നു കേരളം ഭരിച്ചിരുന്നതെന്നും ബ്രാഹ്മണാധിപത്യം നിലനിര്‍ത്തണമെന്ന ലക്ഷ്യത്തോടെയാണ് വാമനന്‍ അവതരിച്ചതെന്നും തുടര്‍ന്നാണ് മഹാബലി പാതാളത്തിലേക്ക് പോയതെന്നുമാണ് ഐതീഹ്യം. ഇതിന്‍റെ സ്മരണക്കാണല്ലോ വര്‍ഷംതോറും ഓണം ആഘോഷിക്കുന്നത്.
ആദ്യകാലം മുതല്‍ തുടര്‍ന്നുവന്നിരുന്ന സമൂഹത്തിലെ ഓരോരോ പ്രത്യേക ജാതിവിഭാഗത്തിന്‍റെ തൊഴിലും സമൂഹത്തിലെ ഇതര ജാതീയ വിഭാഗങ്ങളോടു ബന്ധപ്പെട്ടുള്ള അതിന്‍റെ പദവിയും ജന്മനാ നിര്‍ണ്ണിതമാവുന്ന സമുദായ വ്യവസ്ഥിതിയാണ് ജാതിവ്യവസ്ഥയെന്ന് വ്യക്തമായല്ലോ. ജാതിവ്യവസ്ഥിതിയുടെ പ്രത്യേകത ഇതുകൊണ്ട് അവസാനിക്കുന്നില്ല. അവനും അവന്‍ ഉള്‍പ്പെടുന്ന ജാതിയും തുടര്‍ന്ന് വരുന്ന അനന്തര തലമുറകളും പാരമ്പര്യവും തൊഴിലിലും പദവിയിലും മാറ്റം കൂടാതെ തുടരുക തന്നെ വേണമെന്ന څസനാതന' ബാദ്ധ്യതയാണ് ജാതി വ്യവസ്ഥിതിയുടെ മുഖമുദ്ര. ഈ വ്യവസ്ഥിതിയുടെ ദു:ഖകരമായ മറ്റൊരു അവസ്ഥയാണ് നമ്മുടെ നാട്ടില്‍ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന മേലാള കീഴാള ചേരിത്തിരിവ്. ഇത് കഴിഞ്ഞ കാലത്ത് അതിശക്തമായിരുന്നു. ഹിന്ദുക്കളിലുള്ള ജാതി വിഭജനങ്ങളുടെ വസ്തുത വിവരിക്കാന്‍ ഒരായുഷ്ക്കാലം മുഴുവന്‍ തന്നെ പ്രയത്നിക്കേണ്ടിവരുന്ന ഒരു ഭൂതകാല സാഹചര്യം ഇവിടെ നിലനിന്നിരുന്നു. അത്രയും സങ്കീര്‍ണ്ണമാണ് ജാതിതരംതിരിവെന്ന് ഈ വിഷയത്തെപ്പറ്റി വിശദമായി പഠിച്ച പണ്ഡിതര്‍ പറയുന്നു.
ഹരിജന്‍ ഉള്‍പ്പെടെ ദളിതരായ സ്ത്രീകള്‍ക്ക് ഒരു സാഹചര്യത്തിലും മാറുമറയ്ക്കാനും ഈഴവര്‍ ഉള്‍പ്പെടെയുള്ള താണ ജാതികളിലെ സ്ത്രീകള്‍ പുറത്തിറങ്ങിയാല്‍ റൗക്ക ധരിക്കുവാനും പാടില്ലെന്നായിരുന്നു അലിഖിത നിയമം. നായന്മാരടക്കമുള്ള വിവിധ ജാതിക്കാര്‍ക്കുപോലും സാമൂഹ്യമായ ചില അവകാശങ്ങളും സൗകര്യങ്ങളും നിഷേധിക്കപ്പെട്ടിരുന്നു. സ്വര്‍ണ്ണാഭരണങ്ങള്‍ അണിയുക, പല്ലക്കില്‍ സഞ്ചരിക്കുക, പ്രത്യേകതരം വസ്ത്രങ്ങള്‍ ധരിക്കുക, തലപ്പാവ് ധരിക്കുകയോ കുടപിടിക്കുകയോ ചെയ്യുക, മീശ വെക്കുക മുതലായ കാര്യങ്ങള്‍ക്ക് അവര്‍ രാജാവിനോ നാടുവാഴിക്കോ പതിവ് നിരക്കനുസരിച്ച് അടിയറവെച്ച് അനുവാദം വാങ്ങേണ്ടതായിരുന്നു. വീട്ടില്‍ എന്തെങ്കിലും നല്ലകാര്യം നടക്കുകയോ ആരെങ്കിലും മരിക്കുകയോ ചെയ്താല്‍ നാടുവാഴിക്ക് കാഴ്ച്ചവെക്കണമെന്ന കീഴ്നടപ്പിനു നീക്കുപോക്കുണ്ടായിരുന്നില്ല.
ജീവിതാവകാശങ്ങള്‍ മിക്കതും നിഷേധിക്കപ്പെട്ടിരുന്ന സാധാരണ ജനങ്ങള്‍ക്ക് നീതീകരണമില്ലാത്ത ഒട്ടേറെ നികുതികളുടേയും വരികളുടേയും ദുര്‍വ്വഹമായ ഭാരം ചുമക്കേണ്ടതായി വന്നതാണ് ഇതിന്‍റെയെല്ലാം ഫലമെന്ന് കേരളത്തിലെ തലയെടുപ്പുള്ള ചരിത്രകാരനായ എ. ശ്രീധരമേനോന്‍ പറയുന്നു. മാറുമറയ്ക്കല്‍ അനുവദനീയമല്ലാത്ത വിഭാഗം മാറുമറച്ച് പൊതുനിരത്തിലൂടെ സഞ്ചരിച്ചാല്‍ മുലക്കരം എന്നപേരിലുള്ള നികുതി തിരുവിതാംകൂര്‍-കൊച്ചി രാജ്യങ്ങളിലെ ഭരണകൂടം ചുമത്തിയിരുന്നു.
ബ്രാഹ്മണര്‍ പല്ലക്കില്‍ സഞ്ചരിക്കുന്ന സമയത്ത് ചുമക്കുന്നവരുടെ പ്രത്യേക ശബ്ദം കേട്ടാല്‍ ദളിതര്‍ മാറി നില്‍ക്കണമെന്നാണ് പതിറ്റാണ്ടുകള്‍ മുമ്പത്തെ അലിഖിത നിയമം. എല്ലാ ജാതിക്കാരും യാത്രചെയ്യുന്ന പൊതുവാഹനങ്ങളില്‍ ബ്രാഹ്മണര്‍ തനിച്ച് സഞ്ചരിച്ചതിന് അവര്‍ക്കും ഭ്രഷ്ട് കല്‍പ്പിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
ട്രെയിനില്‍ തനിക്കും കുടുംബത്തിനും മാത്രം സഞ്ചരിക്കുന്നതിന് ഒരു കമ്പാര്‍ട്ട്മെന്‍റ് റിസര്‍വ്വ് ചെയ്ത് കുടുംബസമേതം ക്രി.വ. 1911 ല്‍ വടക്കാഞ്ചേരിയിലേക്ക് യാത്രചെയ്തതിന് തെക്കേടത്ത് ഭട്ടതിരി പ്രായശ്ചിത്തം ചെയ്യേണ്ടി വന്നിട്ടുണ്ട്. തന്മൂലം പ്രസിദ്ധനായ കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിന്‍റെ സഹോദരി ചൊവ്വയിലെ അകവൂര്‍ മനയില്‍നിന്ന് ജന്മഗൃഹത്തിലേക്ക് ഐത്തം കരുതി തീവണ്ടി കയറാതെ കാല്‍നടയായാണ് യാത്രചെയ്തിരുന്നത്. കാലത്തും വൈകുന്നേരവും പത്തും പന്ത്രണ്ടും നാഴിക വീതം നടന്ന് ഓരോ ഇല്ലങ്ങളില്‍ താമസിച്ച് മൂന്നാം ദിവസമോ നാലാം ദിവസമോ ആണ് സ്വഗൃഹത്തില്‍ എത്തിയിരുന്നത്.
തൃശൂര്‍ മുളംകുന്നത്ത് കാവിനടുത്ത് കഞ്ചാത ഇല്ലത്തെ പരമേശ്വരന്‍ നമ്പൂതിരി ക്രി.വ. 896 (കൊ.വ. 1071) അച്ഛനമ്മമാരുടെ അസ്ഥി കാശിയില്‍ നിക്ഷേപിക്കാന്‍ പോയ അവസരത്തില്‍ മുങ്ങിക്കുളിക്കുന്ന ആചാരത്തിന് വിരുദ്ധമായി കോരിക്കുളിച്ച് സന്ധ്യാവന്ദനം നടത്തിയതിന് വൈദികന്മാര്‍ച്ചേര്‍ന്ന് ജാതിഭൃഷ്ട് കല്‍പ്പിച്ചിരുന്നുവെത്രെ.
ഉദയംപേരൂര്‍ സുന്നഹദോസിന് മുമ്പ് ക്രിസ്ത്യാനികളില്‍പ്പോലും ഉച്ചനീചത്വം നിലനിന്നിരുന്നു. ക്രിസ്ത്യാനികള്‍ താഴ്ന്ന ജാതിക്കാരെ സ്പര്‍ശിച്ചാലും ചില പ്രദേശങ്ങളില്‍ നായന്മാരെ സ്പര്‍ശിച്ചാലും മുങ്ങിക്കുളിക്കണം. കുളം, കിണര്‍ തുടങ്ങിയവ ദളിതര്‍ ഉപയോഗിച്ചാല്‍ അവ ശുദ്ധീകരിക്കണമെന്നാണ് അന്നത്തെ ജാതിപ്പിശാചിന്‍റെ പ്രഖ്യാപനം.
ദളിതരെ സ്പര്‍ശനംകൊണ്ടും നിര്‍ണ്ണയിക്കപ്പെട്ട ദൂരത്തിനകത്തുള്ള അവരുടെ സാന്നിധ്യംകൊണ്ടും മേല്‍ജാതിക്കാര്‍ അശുദ്ധമാകുമെന്നാണ് കീഴ്വഴക്കം. മലബാറില്‍ നായരെന്നും പുലയരെന്നും ഹൈന്ദവ വിഭാഗം രണ്ട് ജാതിയായി പരിഗണിച്ചിരുന്ന സമയത്ത് പുലയന്‍റെ നിശ്വാസം ഏല്‍ക്കത്തക്കവണ്ണം അയാള്‍ നായരോട് അടുക്കുകയാണെങ്കില്‍ താന്‍ അശുദ്ധനായി പോകുമെന്ന് നായര്‍ കരുതിയിരുന്നു.
ദളിതരിലെ ഓരോ വിഭാഗവും നായാടി 72, പുലയന്‍ 64, കണിശന്‍ 36, മുക്കുവന്‍ 24 എന്നിങ്ങനെ അടിദൂരം സവര്‍ണ്ണരില്‍ നിന്നും വഴി മാറി നടക്കണമെന്ന് പോലും വ്യവസ്ഥ ചെയ്തിരുന്നു. ഐത്തമായാല്‍ കോരിക്കുളിക്കുന്നതിനു പകരം നദിയിലൊ കുളത്തിലൊ മുങ്ങിക്കുളിച്ചാലെ പൂര്‍ണ്ണമായും ശുദ്ധമാകൂ എന്നായിരുന്നു വിശ്വാസം. ശവശരീരംപോലും താഴ്ന്ന ജാതിക്കാര്‍ തൊട്ടാല്‍ അശുദ്ധമാകും. സവര്‍ണ്ണര്‍ക്ക് അസുഖം രൂക്ഷമായാല്‍ മാത്രമേ അറ്റകൈക്ക് അഹിന്ദുവോ താഴ്ന്ന ജാതിക്കാരനോ ആയ ചികിത്സകനെക്കൊണ്ട് സ്പര്‍ശിപ്പിക്കുകയുള്ളു.
'തോട്ടുകൂടാത്തവര്‍
തീണ്ടികൂടാത്തവര്‍
ദൃഷ്ടിയില്‍ പെട്ടാലും
ദോഷമുള്ളോര്‍
കെട്ടാത്തോര്‍
തമ്മിലുണ്ണാത്തൊരിങ്ങനെ
ഒട്ടഹോ ജാതി കോമരങ്ങള്‍'
ആദ്യകാലത്ത് ദളിത് വിഭാഗത്തിന്‍റെ അധീനത്തിലായിരുന്ന കേരളത്തിലെ പല പ്രസിദ്ധ ക്ഷേത്രങ്ങളും ക്രമേണ മേലാളപക്ഷം കീഴടക്കിയതാണ്. എന്നിട്ടുപോലും കീഴാളപക്ഷത്തിന് ദൈവത്തെ മനസ്സുകൊണ്ട് ആരാധിക്കുകയല്ലാതെ പല വിഭാഗങ്ങള്‍ക്കും ക്ഷേത്രപ്രവേശനംപോലും നിഷേധിക്കപ്പെട്ടിരുന്നു. പിന്നീട് നടന്ന നിരവധി പോരാട്ടങ്ങളുടെ ഫലമായാണ് കീഴാള വിഭാഗങ്ങള്‍ക്ക് ക്ഷേത്ര പ്രവേശനംതന്നെ അനുവദിച്ചത്. തുടര്‍ന്നാണ് അവരെയും ഹിന്ദുസമുദായത്തില്‍പ്പെട്ടവരായി അംഗീകരിച്ചത്. ഇതിനിടയില്‍ ദളിതരില്‍പ്പെട്ട ചിലര്‍ ബ്രാഹ്മണരെപ്പോലെ താന്ത്രിക വിദ്യ അഭ്യസിച്ച് പൂജാരിമാരായിട്ടും അവരെ ക്ഷേത്രങ്ങളില്‍ നിയമിക്കാന്‍ തയ്യാറായില്ല. താഴ്ന്ന ജാതിക്കാര്‍ക്ക് അസുഖങ്ങളും മറ്റും സംഭവിച്ചാല്‍ അയിത്തം കാരണം ഉന്നത ജാതിക്കാര്‍ സമീപിക്കുമായിരുന്നില്ല. മുസ്ലിങ്ങളാണ് സഹായിച്ചിരുന്നത്. തന്മൂലം അവര്‍ നിലനിന്നിരുന്ന മതത്തോട് അതൃപ്തി തോന്നിത്തുടങ്ങിയവരെ ഇസ്ലാം വളരെയേറെ ആകര്‍ഷിച്ചു. ഇത് ഇരു വിഭാഗങ്ങളുടെയും ബന്ധം സുദൃഢമാക്കി. ക്രമേണ മലബാറില്‍ മുസ്ലിം അംഗ സംഖ്യ അനുദിനം വര്‍ദ്ധിക്കാന്‍ ഹേതുവായെന്ന് മലബാര്‍ മാന്വല്‍ പറയുന്നു.
അനീതിക്കെതിരെയും അടിച്ചമര്‍ത്തപ്പെടുന്നവരുടെ മോചനത്തിനുവേണ്ടിയും മര്‍ദ്ദകരുടെ അടിവേരറുക്കാനും മുസ്ലിംകള്‍ എന്നും ജാഗരൂകരാണ്. അവരെ ചൂഷണം ചെയ്ത് പരമ സമ്പന്നന്മാരായി വാഴുകയും ചെയ്തിരുന്ന മേല്‍ജാതിക്കാര്‍ക്കും ജന്മിമാര്‍ക്കും എതിരെ സാധാരണ മുസ്ലിംകള്‍ രംഗത്തു വന്നു. ഈ അസുലഭാവസരം മുതലെടുത്ത കീഴ്ജാതിക്കാര്‍ തൊപ്പിയിടുകയും മുസ്ലിംകളോടൊത്തു അടരാടുകയും ചെയ്തു.
'എത്രയോ ദൂരം വഴിതെറ്റി നില്‍ക്കേ -
രേഴച്ചെറുക്കന്‍ പോയ് തൊപ്പിയിട്ടാല്‍
ചിത്രമവനെത്തി ചാരത്തിരുന്നിടാം
ചെറ്റും പേടിക്കേ നമ്പൂരാരേ
ഇത്ര സുലഭവുമാശ്ചര്യവുമായി
സിദ്ധിക്കും സ്വാതന്ത്ര്യ സൗഖ്യമെങ്കില്‍
ബുദ്ധിയുള്ളോരിങ്ങാ ശ്രേയസ്സുപേക്ഷിച്ചു
ബദ്ധരായ് മേവുമോ ജാതിജേലില്‍'
എന്നാണ് കുമാരനാശാന്‍ ഇസ്ലാമിനെപ്പറ്റി പറഞ്ഞത്. അയിത്തം മൂലം വഴി മാറി പോയിരുന്ന ചെറുമന്‍ തൊപ്പിയിട്ടാല്‍ (ഇസ്ലാം സ്വീകരിച്ചാല്‍) അവന് ഒട്ടും പേടിക്കാതെ നമ്പൂതിരിയുടെ അടുത്തു പോയിരിക്കാനാവും. ഇങ്ങനെയുള്ള സ്വാതന്ത്ര്യവും മോചനവും നല്‍കുന്ന ഇസ്ലാം മതത്തെ ബുദ്ധിയുള്ളവര്‍ ആരും വേണ്ടെന്നു വെയ്ക്കുകയില്ല അവര്‍ ജാതിയാവുന്ന ജയിലില്‍ കിടന്ന് നരകിക്കുകയുമില്ല എന്നു ആശാന്‍ വിശദീകരിക്കുന്നു.
ഹിന്ദുമതത്തിലെ ക്രൂരവും കര്‍ക്കശവുമായ ജാതിവ്യവസ്ഥയില്‍ നിന്നും മോചനംനേടുന്നതിനും സാമൂഹിക സമത്വം കൈവരിക്കുന്നതിനും താഴ്ന്ന ജാതിക്കാര്‍ ഇസ്ലാംമതം സ്വീകരിച്ചു. ഇസ്ലാം മതം സവര്‍ണ്ണരാല്‍ ഭൃഷട് കല്‍പ്പിച്ച ഹൈന്ദവര്‍ക്ക് അഭയസ്ഥാനമായിത്തീര്‍ന്നു. ജാതീയ വ്യവസ്ഥയും ഉച്ചനീചത്വവും കൊടുമ്പിരി കൊണ്ടിരുന്നത് താഴ്ന്ന ജാതിക്കാരുടെ മത പരിവര്‍ത്തനത്തിന് ഹേതുവായി. ഇത്തരത്തിലുള്ള പീഡനം സഹിക്കവയ്യാതെ ധാരാളംപേര്‍ ഇസ്ലാംമതം സ്വീകരിച്ചു. മതപരിവര്‍ത്തനം അവരുടെ സാമൂഹിക പദവിയുടെ ഉന്നമനത്തിലുള്ള ലക്ഷ്യവും കൂടിയായി ഗണിക്കപ്പെട്ടു.
1800 മുതല്‍ ആരംഭിച്ച ബ്രിട്ടീഷ് ഭരണ കാലത്ത് നടന്ന പോരാട്ടങ്ങളുടെ അവസരത്തിലാണ് ഇസ്ലാമിലേക്ക് കൂടുതല്‍ വിശ്വാസികള്‍ പ്രവേശിച്ചത്.
1871നും 1881നും ഇടയില്‍ മലബാറിലെ മുസ്ലിം ജനസംഖ്യയില്‍ ഉണ്ടായ വര്‍ദ്ധന സംബന്ധിച്ച് 1881-ലെ പ്രസിഡന്‍സി കാനേഷുമാരി റിപ്പോര്‍ട്ടിലെ ഖണ്ഡിക 151ലെ പ്രസക്തഭാഗം ഇങ്ങനെ സംഗ്രഹിക്കാം.
ڇഅധമസ്ഥിതിയും അപമാനകരമായ അവശതയും ഏറ്റവും പ്രകടമായി അനുഭവിക്കുന്ന ഒരു വിഭാഗമാണ് ചെറുമര്‍. 1871ലെ കാനേഷുമാരിയില്‍ മലബാറില്‍ അവരുടെ ജനസംഖ്യ 99,009 ആയിരുന്നത് പത്തു വര്‍ഷം കഴിഞ്ഞപ്പോള്‍ 1881 ലെ കണക്കില്‍ 64,725 ആയി ചുരുങ്ങി. ജില്ലയില്‍ പൊതുവെ ഈ കാലയളവില്‍ ഉണ്ടായ ജനസംഖ്യാവര്‍ദ്ധന 5.71ശതമാനമായിരുന്നു. ചെറുമരെ സംബന്ധിച്ചിടത്തോളം ഇതേ കാലയളവില്‍ ജനസംഖ്യ 34.63 ശതമാനമായി ചുരുങ്ങുകയാണുണ്ടായത്. മറ്റു വിഭാഗക്കാരുടെ അനുപാതമനുസരിച്ച് 1881 ല്‍ 40,000 ചെറുമര്‍ കൂടുതല്‍ ഉണ്ടാവേണ്ടതായിരുന്നു. അത്രയും പേര്‍ ഇല്ലാതായെന്നു സാരം. ഇസ്ലാം മതത്തിലേക്കുളള കൂട്ടംകൂട്ടമായ പരിവര്‍ത്തനമാണ് ഇതിനു പിന്നിലുളള കാരണം. ഒരു ചെറുമന്‍റെ അല്ലെങ്കില്‍ കീഴ്ജാതിക്കാരില്‍ ഒരാളിന്‍റെ മേല്‍ ചാര്‍ത്തുന്ന ഇസ്ലാമിന്‍റെ മഹത്വം ആ വ്യക്തിയെ ഒരൊറ്റച്ചാട്ടത്തിന് സമൂഹത്തിന്‍റെ ഉന്നത പടവുകളിലേക്ക് എത്തിക്കുന്നു. കീഴ്ജാതിയില്‍ ജനിച്ചു പോയതുകൊണ്ട് അന്നോളം അനുഭവിച്ച സാമൂഹ്യമായ അവശതകളും അവമതികളും മതം മാറുന്നതോടെ അയാള്‍ക്കു പിന്‍തള്ളാന്‍ സാധിക്കുന്നു. സമൂഹമാന്യത നേടുന്നതിന് ചെറുമരും മറ്റ് അധഃകൃതഹിന്ദുക്കളുമായ 50,000 പേര്‍ ജില്ലയില്‍ മുസ്ലിം മതം സ്വീകരിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗികകണക്ക്. മര്‍ദ്ദിത ജനവിഭാഗവും അടിച്ചമര്‍ത്തപ്പെട്ടവരും മാത്രമല്ല സംസ്ക്കാര സമ്പന്നരും ബുദ്ധിജീവികളുമായവര്‍പ്പോലും ഇസ്ലാമിന്‍റെ ലാളിത്യത്തിലും ഓജസ്സിലും ആകൃഷ്ടരായി മുസ്ലിംകളായി പരിവര്‍ത്തനം ചെയ്തു.ڈ
മനുഷ്യ കുലത്തിന്‍റെ ഉത്ഭവം ആദമില്‍ നിന്നും ഹവ്വയില്‍ നിന്നുമാണ്. കര്‍മ്മങ്ങളിലെ ശ്രേഷ്ഠതകൊണ്ടല്ലാതെ മറ്റൊരു രീതിയിലും മനുഷ്യന് മഹത്വം അവകാശപ്പെടാന്‍ അര്‍ഹതയില്ല എന്ന സാമൂഹിക വ്യവസ്ഥിതിയില്‍ അന്തര്‍ലീനമായി കിടക്കുന്ന സമത്വത്തിന്‍റെയും സാഹോദര്യത്തിന്‍റെയും വിഭാവനമാണ് ദളിതരും, അധസ്ഥിതരും, അവര്‍ണ്ണരും ഇസ്ലാംമതത്തിലേക്ക് ആകര്‍ഷിക്കാനുള്ള മുഖ്യ കാരണം
വിശുദ്ധ ഖര്‍ആന്‍ ആഹ്വാനം ചെയ്യുന്നത് നോക്കൂ.
അല്ലയോ ജനങ്ങളെ, ഒരു പുരുഷനില്‍നിന്നും ഒരു സ്ത്രീയില്‍ നിന്നുമാണ് നിങ്ങളെ നാം സൃഷ്ടിച്ചിരിക്കുന്നത്. പരസ്പരം തിരിച്ചറിയേണ്ടതിന് വേണ്ടിയാണ് നിങ്ങളെ ഗോത്രങ്ങളും സമുദായങ്ങളും ആക്കി വിഭജിച്ചത്. അല്ലാഹുവിന്‍റെ അടുത്ത ശ്രേഷ്ഠന്‍ നിങ്ങളില്‍നിന്ന് ദൈവഭക്തിയുള്ളവനാണ്. ആഴ്ചകള്‍ക്ക് മുമ്പാണ് ഹരിയാനയിലെ നൂറ് ദളിത് കുടുംബങ്ങള്‍ ഡല്‍ഹിയിലെ ജന്ദര്‍മന്ദറില്‍ വെച്ച് പരസ്യമായി ഇസ്ലാംമതം സ്വീകരിച്ചത്.
പണ്ഡിത ശ്രേഷ്ഠനായ ഉമര്‍ ഖാസിയുടെ താഴെ വരികള്‍ കേരളത്തിലെ മുസ്ലിംകളില്‍ വലിയൊരു വിഭാഗം വിവിധ ഹൈന്ദവ ജാതികളില്‍ നിന്ന് മത പരിവര്‍ത്തനം ചെയ്തതാണെന്ന് വ്യക്തമാക്കുന്നു.
'അയാഫാഖഇറന്‍ ബിന്നസബി കൈഫതഫാഖിറു
വ അസ്വലുക്കുമു മിന്‍ ഖബ്ലു തിയ്യന്‍ വ നായരു
വ ആശാരി മൂശാരി വ മണ്ണാനു പാണരു
വ കൊയപ്പാനു ചെട്ടിയും വ നായാടി പറയരും'
(തറവാടിത്തം കൊണ്ട് ഊറ്റം കൊള്ളുന്നവരെ, നിങ്ങളില്‍ പലരുടെയും പൂര്‍വ്വികര്‍ തിയ്യര്‍, നായര്‍, ആശാരി. മൂശാരി, മണ്ണാന്‍, പാണന്‍, കുംഭാരന്‍, ചെട്ടി, നായാടി തുടങ്ങിയ വിഭാഗത്തില്‍ പ്പെട്ടവരായിരുന്നു എന്ന വസ്തുത നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ എന്ന് സാരം.)