15. മൗലാന ചാലിലകത്ത് കുഞ്ഞി മുഹമ്മദാജി

 15. മൗലാന ചാലിലകത്ത് 
കുഞ്ഞി മുഹമ്മദാജി







ടിവി അബ്ദുറഹിമാന്‍കുട്ടി

                                                മുബൈല്‍ : 9495095336

    വെല്ലൂരില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ആദ്യ മലയാളിയും പാണ്ഡിത്യത്തിന്‍റെ മറുതലകണ്ട കര്‍മ്മ യോഗിയുമായ മൗലാന ചാലിലകത്ത് കുഞ്ഞി മുഹമ്മദാജി(1866-1919)യാണ് മദ്രസ്സ പ്രസ്ഥാനത്തിന്‍റെ ആദ്യകാല ഉപജ്ഞാതാവ്.  തിരൂര്‍ താലൂക്കിലെ അദിര്‍ശ്ശേരിയിലാണ് ജനനം. ഓത്തുപള്ളി പഠനത്തിന് ശാസ്ത്രീയവും മികവുറ്റതുമായ രീതികള്‍ നടപ്പാക്കുന്നതില്‍ അദ്ദേഹം തീവ്ര ശ്രമങ്ങള്‍ നടത്തി. പത്തൊമ്പത്-ഇരുപത് നൂറ്റാണ്ടില്‍ ഇസ്‌ലാമിക അറബിഭാഷക്കും ഇസ്‌ലാമിക പഠന രംഗത്തും ഉണ്ടായ നവോത്ഥാനം ഈ ബഹുഭാഷ പണ്ഡിതന്‍റെ മത വിദ്യാഭ്യാസ പരിഷ്‌കരണങ്ങളോട് കടപ്പെട്ടിരിക്കുന്നു.  

    മുസ്‌ലിയാരകത്ത് സൈനുദ്ദിന്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ 1871 ല്‍ മലപ്പുറം ജില്ലയിലെ വാഴക്കാട് ആരംഭിച്ച തര്‍മിയതുല്‍ ഉലൂം മദ്രസ്സയില്‍ 1908 ലാണ് മൗലാന എത്തുന്നത്. പ്രധാന അദ്ധ്യാപകനായി ചാര്‍ജ്ജെടുത്ത അദ്ദേഹം മദ്രസ്സ വിപുലീകരിച്ച് ദാറുല്‍ ഉലൂം അറബിക്ക് കോളേജ് എന്ന് പുനഃ നാമകരണം ചെയ്തു. ഭൗതീക വിഷയങ്ങള്‍ കൂടി ഉള്‍പ്പെടുത്തി പത്ത് വര്‍ഷത്തെക്കുള്ള സിലബസ്സും കരിക്കുലവും തയ്യാറാക്കി ഭൂമി ശാസ്ത്രം, വാന ശാസ്ത്രം, വാസ്തു വിദ്യ തുടങ്ങിയവ പാഠ്യ വിഷയങ്ങളായിരുന്നു. നല്ലൊരു ലൈബററിയും ചിട്ടപ്പെടുത്തി. ഇവിടെയും  തതുല്യമായ മറ്റു ചില ദര്‍സ്സുകളിലും നടപ്പാക്കിയ ക്രമാനുസൃതവും വ്യവസ്ഥാപിതവുമായ നവീന പാഠ്യ പദ്ധതിയുടെയും ശിശു മത പഠന രംഗത്ത് നടപ്പാക്കിയ മദ്രസ്സ പ്രസ്ഥാനത്തിന്റെയും പ്രഥമ ശില്‍പ്പിയാണ്  അദ്ദേഹം. 

    അക്കാലത്ത്  ഏതാനും മുള കാലുകള്‍ നാട്ടി മുകളില്‍ ഓല വെച്ച് കെട്ടിയ തട്ടുപുരകളായിരുന്നു ഓത്തു പള്ളികളിലധികവും ഇരിപ്പിടങ്ങളാണെങ്കില്‍ വെട്ടുകല്ലുകളുടെ മുകളില്‍ നിരത്തിയ മരപ്പലകകളും. ഇത് പരിഷ്‌ക്കരിച്ച് ബഞ്ചും ഡസ്‌ക്കും മേശയും കസേരയും ബോര്‍ഡും ചോക്കും മദ്രസകളില്‍ നടപ്പാക്കിയപ്പോള്‍ അദ്ദേഹത്തിന് ശക്തമായ എതിര്‍പ്പ് നേരിടേണ്ടി വന്നു. മുസ്‌ലിം വിദ്യാഭ്യാസ പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്‍സ്‌പെകട്ര്‍ ബാവ മൂപ്പന്‍  കോഴിക്കോട് കുറ്റിച്ചിറയില്‍ സംഘടിപ്പിച്ച പണ്ഡിത യോഗം മൗലാന തയ്യാറിക്കിയ പരിഷ്‌കൃത മത പാഠ്യ പദ്ധതി എകകണ്ഠമായി അംഗീകരിച്ചു. 1913 ല്‍ ഈ സിലബസ്സനുസരിച്ച് ദാറുല്‍ ഉലൂമില്‍ തന്നെ ആദ്യമായി മദ്രസ്സ ആരംഭിച്ചു. കെ. എം. മൗലവിയും, ഇ. കെ. മൗലവിയും ഇവിടെ ആദ്യകാല അധ്യാപകരായിരുന്നു. തുടര്‍ന്ന് ഇതേ രീതിയിലുള്ള മദ്രസ്സകള്‍ കണ്ണൂര്‍, തലശ്ശേരി, വളപട്ടണം, കോഴിക്കോട്, വടകര, കൊടിയത്തൂര്‍, പുളിക്കല്‍, പറവണ്ണ, ചാലിയം, തിരൂരങ്ങാടി, നല്ലളം, കൊടുങ്ങലൂരിലെ എറിയാട്-അഴീക്കോട്, പൊന്നാനി എന്നിവിടങ്ങളില്‍ നിലവില്‍ വന്നു. തലശ്ശേരി തഅലീമുല്‍ അവാം, മദ്രസത്തുല്‍ മുബാറക്, മയ്യഴിയിലെ മയ്യലവീയ, കോഴിക്കോട് ഹിമായത്തുല്‍ ഇസ്‌ലാം, ചാലിയം മദ്രസ്സതുല്‍ മനാര്‍, കോഴിക്കോട് മദ്രസ്സത്തുല്‍ മുഹമ്മദീയ, പുണര്‍പ മക്ത്ബതുല്‍ ഉലും, പൊന്നാനി തഅ്‌ലീമുല്‍ ഇക്‌വാന്‍, ഏറിയാട് അല്‍ മദ്രസ്സത്തുല്‍ ഇതിഹാദിയ്യ തുടങ്ങിയവ  ആദ്യ കാല മദ്രസ്സകളാണ് ഇവയില്‍ മിക്കതും കാലാന്തരത്തില്‍ സ്‌കൂളുകളായി രൂപാന്തരപ്പെട്ട് മത-ഭൗതീക സമ്വനയ വിദ്യാഭ്യാസ വളര്‍ച്ചക്ക് ആരംഭം കുറിച്ചു.