7. സമുദായത്തിന്‍റെ ആഗ്രഹ സഫലീകരണം


7. സമുദായത്തിന്‍റെ ആഗ്രഹ സഫലീകരണം



ടിവി അബ്ദുറഹിമാന്‍കുട്ടി

മൊബൈല്‍. 9495095336



        കേരളീയ മുസ്ലിം നവോത്ഥാനത്തിന് ആരംഭം കുറിച്ചത് മാലിക്കുബ്നു ദീനാറും അതിന്‍റെ വ്യാപനത്തിന് ഊര്‍ജ്ജം പകര്‍ന്നത് ആദ്യകാല മഖ്ദൂമുകളുമായിരുന്നു. മാലിക്കുബ്നു ദീനാറിനും അനുചരന്മാര്‍ക്കും ശേഷം കേരള മുസ്ലിം ചരിത്രത്തില്‍ ഇന്നുവരെ പകരക്കാരനില്ലാത്ത യുഗപ്രഭാവനായ ചരിത്രപുരുഷന്‍ ശൈഖ് സൈനുദ്ദീന്‍ ഒന്നാമന്‍റെ പാദസ്പര്‍ശനത്താല്‍ പുണ്യപുളകിതമായ ചുവടുകളാണ് ഇതിനെല്ലാം ആധാരം. തല്‍ഫലമായി ഇസ്ലാമിന്‍റെ വെളിച്ചം സ്വീകരിക്കാന്‍ ആഗ്രഹിക്കുന്ന സഹൃദയര്‍ക്കും ഇസ്ലാമാശ്ലേഷിച്ച മഹാ ഭാഗ്യവാന്മാര്‍ക്കും ആവശ്യമായ സഹായ സഹകരണങ്ങള്‍ ചെയ്തു കൊടുക്കുക, അതിനായി പ്രത്യേക ഫണ്ടും സ്വരൂപിക്കുക തുടങ്ങിയ പതിവ്  16ാം നുറ്റാണ്ടില്‍ തന്നെ ഉണ്ടായിരുന്നുവെന്ന് ശൈഖ് സൈനുദ്ദീന്‍ മഖദൂം രണ്ടാമന്‍ തുഹ്ഫത്തുല്‍ മുജാഹിദീനില്‍ പറയുന്നു.

           നൂറ്റാണ്ടുകള്‍ക്കുമുമ്പുതന്നെ പൊന്നാനി (തിണ്ടീസ്) തുറമുഖത്തിന്‍റെ ദേശ പെരുമയും വ്യാവസായിക മുന്നേറ്റവും വൈവിധ്യമാര്‍ന്ന സംസ്കൃതിയും നിരവധി നാടുകളെ ധന്യമാക്കിയിരുന്നു. സാമൂതിരിയുടെ രണ്ടാം ആസ്ഥാനം എന്ന നിലയില്‍ 14-ാം നൂറ്റാണ്ട് മുതല്‍ പൊന്നാനിക്ക്  ഭൗതിക രംഗത്തുണ്ടായ പുരോഗതിയും മഖ്ദൂം ആഗമനത്തോടെ 16-ാം നൂറ്റാണ്ടിന്‍റെ ആദ്യം മുതല്‍ ആത്മീയ മുന്നേറ്റവും ഹേതുവായി വടക്ക് മംഗലാപുരം മുല്‍കി മുതല്‍ തെക്ക് തമിഴ്നാട്ടിലെ തേങ്ങാപട്ടണം വരെയുള്ള പ്രദേശങ്ങളിലെ മുസ്ലിം സംസ്കാരത്തിന്‍റെയും നവോത്ഥാനത്തിന്‍റെയും ആസ്ഥാനം 19-ാം നൂറ്റാണ്ടിന്‍റെ അന്ത്യം വരെ ഇവിടത്തെ  വലിയ ജുമാഅത്ത് പള്ളിയായി പരിണമിച്ചു.

         1800ല്‍ ബ്രിട്ടീഷ് ആധിപത്യം നിലവില്‍ വന്നതോടെ പൊന്നാനിയുടെ പുരോഗതിക്ക് അപജയം സംഭവിച്ചു തുടങ്ങിയെങ്കിലും മഖ്ദൂമിയന്‍ സിലബസ്സനുസരിച്ച് കേരളത്തില്‍ ആദ്യമായി പരിഷ്കൃതരീതിയില്‍ നിലവില്‍ വന്ന ദര്‍സ്സിന്‍റെ ഖ്യാതി ഹേതുവായി കിഴക്കനേഷ്യന്‍ രാജങ്ങളില്‍ നിന്നുള്‍പ്പടെ നാനൂറോളം മറുനാടന്‍ പഠിതാക്കള്‍ വിദ്യ അഭ്യസിച്ചിരുന്നതായി മലബാര്‍ മാന്വല്‍ പറയുന്നു.  ദീനി രംഗത്ത് പ്രകടമായ പ്രോത്സാഹനത്താല്‍ ഇവിടത്തെ സമ്പന്നരും സാധാരണക്കാരുമായ ഓരോ വീട്ടുകാരും കഴിവിനനുസരിച്ച് വിദ്യാര്‍ത്ഥികളുടെ ഭക്ഷണ ചിലവ് വഹിച്ചു. തദ്ദേശിയരുടെ ഈ ഔദാര്യ മനോഭാവം ഇസ്ലാമിന്‍റെ വളര്‍ച്ചക്ക് കരുത്തേകി. ക്രമേണ നാടിന്‍റെ നാനാഭാഗത്ത് നിന്നും ഇസ്ലാംമതം സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ വലിയ പള്ളിയെയും മഖ്ദൂമുകളെയും ലക്ഷ്യമാക്കി പ്രവഹിച്ചു. തന്മൂലം തെന്നിന്ത്യന്‍ മുസ്ലിം സംസ്കാരത്തിന്‍റെ കേന്ദ്ര ബിന്ദുവായി ചെറിയ മക്ക കൈരളിയുടെ മക്ക എന്നീ അപരനാമങ്ങളാല്‍ ഈ നാട് പുകള്‍പ്പെറ്റു.