31. മുസ്‌ലിം ലീഗും
ഖിലാഫത്ത് പ്രസ്ഥാനവും
ടിവി അബ്ദുറഹിമാന്‍കുട്ടി
മുബൈല്‍ : 9495095336
നയ പരിപാടികള്‍ പ്രാവര്‍ത്തികമാക്കിയപ്പോള്‍ ചില പാളിച്ചകള്‍ സംഭവിച്ചതെങ്കിലും കഴിഞ്ഞ നൂറ്റാണ്ടിന്‍റെ ആദ്യ പകുതിയില്‍ മുസ്‌ലിംകള്‍ക്ക് രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങളില്‍ ദിശാ ബോധം നല്‍കിയ പ്രസ്ഥാനങ്ങളാണ് മുസ്‌ലിം ലീഗും ഖിലാഫത്തും. തുര്‍ക്കിയിലെ ഖിലാഫത്ത് തകര്‍ച്ചയോടനുബന്ധിച്ച് നിലവില്‍ വന്ന പ്രസ്ഥാനണാണ് ഖിലാഫത്ത്. എന്നാല്‍, ഇതില്‍ നിന്ന് വിഭിന്നമായി മുസ്‌ലിം വിദ്യാഭ്യാസ സമ്മേളനത്തില്‍ പിറവിയെടുത്ത പ്രസ്ഥാനമാണ് മുസ്‌ലിം ലീഗ്.
1888ലാണ് കോണ്‍ഗ്രസ് പാര്‍ട്ട് നിലവില്‍ വന്നത്. ആരംഭക്കാലത്ത്. സവര്‍ണ്ണ മേധാവിത്വത്തില്‍ അധിഷ്ഠിതമായതിനാല്‍ സാധാരണക്കാരെയും മുസ്‌ലിംകളെയും പാര്‍ട്ടിക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞില്ല അടിച്ചമര്‍ത്തലാലും പ്രതിരോധത്താലും ജീവിതത്തിന്‍റെ വലിയൊരു ഭാഗം സമര്‍പ്പിക്കേണ്ടി വന്ന മുസ്‌ലിം സമുദായത്തിന്‍റെ ദയനീയാവസ്ഥയും പാരാതികളും ബോധിപ്പിക്കാനും ആവശ്യങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താനും സര്‍ക്കാര്‍ നിയന്ത്രണ സഭകളില്‍ മുസ്‌ലിം പ്രാതിനിധ്യം നാമമാത്രമായിരുന്നു. ഈ അപാകത പരിഹരിക്കാനും മുസ്‌ലിം സമുദായത്തിന്‍റെ മൊത്തം ക്ഷേമം ലക്ഷ്യമാക്കിയും 1906 ഡിസംബര്‍ 30 ന് മുസ് ലിം ലീഗ് രൂപീകരിച്ചു. അവിഭക്ത ഇന്ത്യയില്‍ ഡാക്കയിലെ ഷാഹ് ബാഗിലുള്ള അഹ്‌സന്‍ മന്‍സില്‍ പാലസില്‍ നവാബ് സര്‍ ഖാജാ സലീമുല്ലയുടെ ആഥിധേയത്തില്‍ നടന്ന ഓള്‍ ഇന്ത്യ മുസ്‌ലിം എജുക്കേഷണല്‍ കോണ്‍ഫറന്‍സില്‍ വെച്ചായിരുന്നു പാര്‍ട്ടി രൂപീകരണം. അക്കാലത്ത് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വര്‍ഷത്തിലൊരിക്കല്‍ ഇത്തരത്തിലുള്ള കോണ്‍ഫ്രന്‍സുകള്‍ സംഘടിപ്പിച്ചിരുന്നു. സര്‍സയ്യിദിന്‍റെയും ജസ്റ്റിസ് മഹമൂദിന്‍റെയും സര്‍ അല്ലാമാ ഇക്ബാലിന്‍റെയും ചിന്തകളും രചനകളും മുസ്‌ലിം ലീഗിന്‍റെ പ്രത്യായ ശാസ്ത്രങ്ങള്‍ക്ക് അടിത്തറ പാകാന്‍ കരുത്തേകി. വിദ്യാഭ്യാസ വാണിജ്യ വ്യാവസായിക രംഗങ്ങളില്‍ ഇന്ത്യന്‍ മുസ്‌ലിങ്ങള്‍ക്കുണ്ടായിരുന്ന പിന്നോക്കാവസ്ഥക്ക് പരിഹാരം കണ്ടെത്തലായിരുന്നു മുഖ്യ ലക്ഷ്യം. ആഗാഖാന്‍, മുഹ്‌സിനുല്‍ മുല്‍ക്ക് തുടങ്ങിയവരാണ് സ്ഥാപക പ്രമുഖര്‍. പാര്‍ട്ടിയുടെ പ്രഥമ നിവേദനത്തെ തുടര്‍ന്ന് മുസ്‌ലിങ്ങളുടെ ചില ആവശ്യങ്ങള്‍ അംഗീകരിച്ച് 1909 ലെ മിന്‍റോ-മോര്‍ളി പരിഷ്‌കാരം (ഇന്ത്യന്‍ കൗണ്‍സില്‍ ആക്റ്റ്) ലൂടെ മുസ്‌ലിങ്ങള്‍ക്ക് ചില പ്രത്യേക നിയോജക മണ്ഡലങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.
സര്‍വ്വേന്ത്യാ മുസ്‌ലിം ലീഗിന്‍റെ ശാഖകള്‍ 1917 ല്‍ ആദ്യമായി കോഴിക്കോടും തലശ്ശേരിയിലും നിലവില്‍ വന്നെങ്കിലും പ്രവര്‍ത്തനം അധികം കാലം മുന്നോട്ട് പോയില്ല. തുടര്‍ന്ന് 1936 ല്‍ സത്താര്‍ സേട്ട്, സീതി സാഹിബ്, പോക്കര്‍ സാഹിബ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ തലശ്ശേരിയില്‍ വീണ്ടും മുസ്‌ലിം ലീഗ് രൂപംകൊണ്ടു. 1937 ഒക്‌ടോബര്‍ 3 ന് ലഖ്‌നൗവില്‍ ചേര്‍ന്ന സര്‍വ്വേന്ത്യ മുസ്‌ലിം ലീഗ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം തെക്കെ ഇന്ത്യയില്‍ വ്യാപിപ്പിക്കാന്‍ പരിപാടികള്‍ ആസൂത്രണം ചെയ്തു.. ഡിസംബര്‍ 20 ന് മലബാര്‍ ജില്ല മുസ്‌ലിം ലീഗ് നിലവില്‍ വന്നു.
1919 മുതല്‍ ഗാന്ധിയന്‍ യുഗം ആരംഭിച്ചതോടെ കോണ്‍ഗ്രസ് പാര്‍ട്ടി നയങ്ങളില്‍ കാതലായ വ്യതിയാനങ്ങളും നവോന്മേഷവും ഉണര്‍വും സംജാതമായി ജനകീയ പ്രസ്ഥാനമായി മാറി. തുര്‍ക്കിയില്‍ ഖിലാഫത്ത് ഭരണ തകര്‍ച്ചയെ തുടര്‍ന്ന് അനുഭാവ സൂചകമായി തുടര്‍ന്ന് ഇന്ത്യയിലും ഖിലാഫത്ത് പ്രസ്ഥാനം പിറവിയെടുത്തത് ഈ അവസരത്തിലാണ്. സ്വാതന്ത്ര്യത്തിന് വേണ്ടി എത് അറ്റം വരെയും അടരാടന്‍ തയ്യാറായ അനുപമ നേതൃത്വത്തിന്‍റെ ഉടമ മൗലാന മുഹമ്മദലി ജൗഹറായിരുന്നു പ്രസ്ഥാനത്തിന്‍റെ പ്രധാന ചാലക ശക്തി. ഖിലാഫത്ത് ഫണ്ട് സ്വരൂപിക്കുന്നതിന് 1920 ആഗസ്റ്റ് 20 ന് ഗാന്ധിജിയും മൗലാനാ ഷൗക്കത്തലിയും കോഴിക്കോട് സന്ദര്‍ശിച്ചു. ഇത് ഗാന്ധിജിയുടെ ആദ്യ കേരള സന്ദര്‍ശനമായിരുന്നു. ഇന്നത്തെക്കാള്‍ ആനുപാതിക ജനസംഖ്യ കുറവായ അക്കാലത്ത് പോലും ഇരുപത്തിഅയ്യായിരത്തോളം പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. മുസ്‌ലിംകള്‍ക്ക് പ്രതിസന്ധി നേരിട്ടാല്‍ ഹൈന്ദവര്‍ ആത്മാര്‍ത്ഥമായി സഹായിക്കണമെന്ന് ഗാന്ധിജിയും ഹൈന്ദവര്‍ക്ക് പ്രശ്‌നങ്ങള്‍ നേരിട്ടാല്‍ മുസ്‌ലിംകളും സഹായിക്കണമെന്ന് ശൗക്കത്തലിയും ഉത്‌ബോധിപ്പിച്ചു. ഇരു നേതാക്കളുടെയും ആഹ്വാനം അനുസരിച്ച് സ്വാതന്ത്ര്യ സമരരംഗത്ത് ഹിന്ദു മുസ്‌ലിം ഐക്യം കുടുതല്‍ രൂഡമായി. ഒരേ സമയത്ത് ഒരേ സ്ഥലത്തുവെച്ച് ചേര്‍ന്ന യോഗത്തില്‍ ജാതിമത ഭേദമന്ന്യെ നൂറുകനക്കിനാളുകള്‍ പങ്കെടുത്തു. അതെ യോഗത്തില്‍ വെച്ച് കോണ്‍ഗ്രസ് ഖിലാഫത്ത് കമ്മിറ്റികള്‍ രൂപീകരിച്ച് വിവിധ ഇടങ്ങളില്‍ സംയുക്ത പൊതു യോഗങ്ങള്‍ സംഘടിപ്പിച്ചു. അക്കാലത്ത് കോണ്‍ഗ്രസിലും മുസ്‌ലിം ലീഗിലും ദ്വയാംഗത്വമുള്ളവര്‍ പലരുമുണ്ടായിരുന്നു. മലബാറിലെ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ഈ സുദൃഢ മതമൈത്രി 1921 ആഗസ്റ്റ് 20ന് മലബാര്‍ കലാപം പൊട്ടി പുറപ്പെടുന്നത് വരെ തുടര്‍ന്നു.
സ്വതന്ത്ര്യാനന്തരം 1948 മാര്‍ച്ച് 10ന് മദ്രാസിലെ രാജാജി ഹാളില്‍ സമ്മേളിച്ച് സര്‍വ്വേന്ത്യ മുസ്‌ലിം ലീഗ് പിരിച്ച് വിട്ടു. ഇസ്മാഈയില്‍ സാഹിബിന്‍റെ നേതൃത്വത്തില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന് രൂപം നല്‍കി. 1952 മുതല്‍ ഇതുവരെ കോണ്‍ഗ്രസിനൊടൊപ്പം പാര്‍ലിമെന്റില്‍ പ്രാതിനിധ്യമുള്ള ഒരേയൊരു പാര്‍ട്ടിയാണ് മുസ്‌ലിം ലീഗ്.