4. വംശ പരമ്പര

4. വംശ പരമ്പര



ടിവി അബ്ദുറഹിമാന്‍കുട്ടി

മൊബൈല്‍. 9495095336



                            മക്തി തങ്ങളും, ഹമദാനി തങ്ങളും  മുഹമ്മദ് നബിയുടെ കുടുംബ പരമ്പരയായ സയ്യിദ് വംശത്തില്‍പ്പെട്ടവരാണ്. ആഴത്തില്‍ അന്വേഷണവിധേയമാക്കിയാല്‍ കേരളത്തിലെ പല മഹാരഥന്‍മാരുടെയും വംശപരമ്പര ഇന്നും അജ്ഞാതമാണ്. എന്നാല്‍ മുഹമ്മദ് നബിയുടെ പൂര്‍വികരുടെയും കുടുംബ പിന്‍ഗാമികളുടെയും വംശ പരമ്പര കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രവാചകന്‍റെ ഇരുപതുവരെ പിതാമഹന്മാരുടെ പേരുകള്‍ പ്രാഥമിക മദ്രസ്സകളില്‍ ഇന്നും പാഠ്യവിഷയമാണ്. മക്തി തങ്ങളുടെ പൂര്‍വ്വികര്‍ അറേബ്യയിലെ സഖാഫ് ഗോത്രക്കാരാണ്. ഈ ഗോത്രം പ്രവാചകന്‍റെ പിതൃസഹോദരനായ അബ്ബാസിന്‍റെ സന്തതികളില്‍പ്പെടുന്നു. അദ്ദേഹത്തിന്‍റെ മാതാമഹി മുഗള്‍ വംശജയും മാതാവ് ഹമദാനി ഗോത്രക്കാരിയുമാണ്. പിതാമഹനായ മുഹമ്മദ് മഖ്ദൂമാണ് വെളിയംങ്കോട് താമസമാക്കിയത്.


വംശപരമ്പര ഇങ്ങനെ:


1. അസ്സയ്യിദ് സനാഉല്ലാഹില്‍ മക്തി

2. അസ്സയ്യിദ് അഹമ്മദ്

3. സയ്യിദ് മുഹമ്മദ് 

4. മഖ്ദൂം 

5. സയ്യിദ് അബ്ദുല്ലാഹില്‍ മക്തി

6. സയ്യിദ് അഹമ്മദ് ദാകിര്‍ സഖാഫ്

             

                       കേരളത്തിലെ ഭൂരിപക്ഷം പ്രവാചക കുടുംബത്തിന്‍റെയും തായ്വേര് യമനിലെ ഹളറമൗത്തിലാണ്. ബുഖാരി വംശം മാത്രമാണ് വിഭിന്നം. ഇവരുടെ മാതൃഭൂമി ഉസ്ബസ്കിസ്താനിലെ ബുഖാറയാണ്. കിഴക്ക് ഒമാനും പടിഞ്ഞാറ് യമനും വടക്ക് ദഹന മരുഭൂമിയും അതിരിട്ട പ്രദേശമാണ് ഹളറമൗത്ത്. ഇറാക്കിലെ ബസ്വറയില്‍ നിന്ന് ഹി:317(ക്രി. വ. 929) ല്‍ ഹളറമൗത്തിലെത്തിയ പണ്ഡിത ശ്രേഷ്ഠനായ അഹമ്മദ്ബിന്‍ ഈസ അല്‍മുഹാജിറാണ് യമനീവംശ പരമ്പരക്ക് ആരംഭം കുറിച്ചത്. ഹി:345(ക്രി.വ.956)ല്‍ അന്തരിച്ച ഇദ്ദേഹത്തിന്‍റെ മഖ്ബറ ഹളറമൗത്തിലെ അല്‍ഹസീസായിലാണ്. 

                    ഖുലഫാഊ റാശീദിങ്ങളുടെ കാലശേഷം പ്രവാചക കുടുംബങ്ങള്‍ക്ക് ചില മുസ്ലിം ഭരണാധികാരികളില്‍ നിന്മ്പോലും തിക്താനുഭവങ്ങള്‍ സഹിക്കേണ്ടി വന്നു. മാന്യമായ അംഗീകാരവും ആദരവും ലഭിച്ചില്ല. അമവി- അബ്ബാസി ഭരണകൂടവും മറ്റുചില മുസ്ലിം ഭരണകര്‍ത്താക്കളും അര്‍ഹമായ പരിഗണനപോലും നല്‍കിയില്ല. ചിലരില്‍നിന്ന് പീഡനങ്ങളും സഹിക്കേണ്ടിവന്നു. തുടര്‍ന്നാണ് അവര്‍ യമനിലേക്ക് കുടിയേറി പാര്‍ത്തത്. ഹിജ്റ നാല്-അഞ്ച് നൂറ്റാണ്ട് മുതല്‍ തന്നെ പ്രവാചകകുടുംബം യമനില്‍ താമസം തുടങ്ങിയിരുന്നു.

                    ഹളറമൗത്തിലെ ഐനാത്ത് പട്ടണത്തിന് സമീപം തരീം ദേശത്തു നിന്നാണ് കേരളത്തിലേക്ക് സയ്യിദന്മാര്‍ ആദ്യമായി വന്നത.് ഹൈദ്രോസ്, ശിഹാബുദ്ധീന്‍, ജിഫ്രി, ബാഫഖിഹ്, ബാഅലവി, ജമലുല്ലൈല്‍, ആലുബാറാമി, ഐദീദ്, മുഖൈബില്‍, മുസാവ, മശ്ഹൂര്‍, ആലുശില്ലി, ആലുശ്വാതിരി, ആലുഹബ്ശി, ഹദ്ദാദ്, സഖാഫ്, ആലുല്‍ ഹാദി, മൗലദ്ദവീല തുടങ്ങിയ പ്രവാചക വംശപരമ്പര ഇവിടെ ജീവിച്ചിരുന്നു. ചിലതെല്ലാം ഇതിനകം വേരറ്റു പോയി. സാമൂതിരിമാരും മുസ്ലിംകളും തമ്മില്‍ സുദൃഢബന്ധം പുലര്‍ത്തിയിരുന്ന കാലത്താണ് പ്രവാചക കുടുംബങ്ങള്‍ അധികവും മലബാറില്‍ വന്ന് സ്ഥിരതാമസമാക്കിയത്. സാമൂതിരി ഭരണകൂടം അവരെ സഹര്‍ഷം സ്വാഗതം ചെയ്ത് അര്‍ഹമായ പരിഗണന നല്‍കി സൗകര്യങ്ങള്‍ ഒരുക്കികൊടുത്തു. ഇത് മലബാറില്‍ ഇസ്ലാമിക വളര്‍ച്ചയ്ക്കും മതമൈത്രിക്കും നവോന്മേഷവും ഊര്‍ജവും പകര്‍ന്നു. കേരളത്തില്‍ വിജ്ഞാനത്തിന്‍റെയും പാണ്ഡിത്യത്തിന്‍റെയും നേതൃത്വം മഖദൂമുകള്‍ക്കും ആത്മീയ നേതൃത്വം സയ്യിദന്‍മാരുടെ വരുതിയിലുമായിരുന്നു.

            വെളിയംകോടൂം പൊന്നാനിയും കൂടുതലുള്ള സാദാത്തുക്കള്‍ ഹൈദ്രോസികളാണ്. ഈ പരമ്പയ്ക്ക്  തുടക്കം കുറിച്ചത് പൊന്നാനി വലിയ ജാറം സയ്യിദ് അബ്ദുറഹിമാന്‍ അല്‍ ഹൈദ്രോസിയാണ്. ശൈഖ് സൈനുദ്ദീന്‍ ഒന്നാമന്‍റെയും മകന്‍ അല്ലാമാ അബ്ദുല്‍ അസീസിന്‍റെയും പൗത്രന്‍ ശൈഖ് സൈനുദ്ദീന്‍ രണ്ടാമന്‍റെയും ശ്രമത്താല്‍ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വൈജ്ഞാനികപ്രഭ വ്യാപിച്ചു. ഇവരുടെ ആസ്ഥാനകേന്ദ്രമായ പൊന്നാനി വലിയ ജുമുഅത്ത് പള്ളിയിലെ ദര്‍സില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ പണ്ഡിതശ്രേഷ്ഠന്മാരാണ് മുഖ്യ പ്രചാരകര്‍. സയ്യിദ് അബ്ദുറഹിമാന്‍ ഹൈദ്രോസ്സിന്‍റെ ആഗമനത്തോടെ പൊന്നാനിയിലും പരിസരത്തും സാധാരണക്കാരുടെ ഇടയിലും വ്യാപകപ്രചാരം നേടാന്‍ ഇടയായി. കേരളത്തില്‍ വിജ്ഞാനത്തിന്‍റെയും പാണ്ഡിത്യത്തിന്‍റെയും നേതൃത്വം മഖദൂമുകള്‍ക്കും ആത്മീയ നേതൃത്വം സയ്യിദന്‍മാരുടെ വരുതിയിലുമായിരുന്നു.