8. ഒരു മഹാ പ്രസ്ഥാനത്തിന്‍റെ പിറവി
ടിവി അബ്ദുറഹിമാന്‍കുട്ടി
മൊബൈല്‍. 9495095336
ഇംഗ്ലണ്ടില്‍ ശആഇറുല്‍ ഇസ്ലാം മുഹമ്മദ് അബ്ദുല്ല അവന്തി സാഹിബിന്‍റെ നേതൃത്വത്തില്‍ ഒരു നവ മുസ്ലിം പരിശീലന കേന്ദ്രം വ്യവസ്ഥാപിതമായി നടന്നിരുന്നു. ഇതേ രീതിയിലുള്ള ഒരു സ്ഥാപനം ഇവിടെയും ഉണ്ടാകണമെന്ന ആവശ്യകത മലബാര്‍ മുസ്ലിംകളുടെ അകതാരില്‍ വര്‍ഷങ്ങളായി നാമ്പെടുത്തിരുന്നത് സമുദായം വിവിധ തലങ്ങളില്‍ സജീവ ചര്‍ച്ചകള്‍ക്ക് വിധേയമാക്കി. അവസരമൊത്തുവന്നപ്പോള്‍ ആഗ്രഹ സഫലീകരണത്തിന്‍റെ ലക്ഷ്യപ്രാപ്തിക്കുവേണ്ടിയുള്ള ആസ്ഥാനം കൈരളിയുടെ മക്കയായ പൊന്നാനിയില്‍തന്നെ സ്ഥാപിക്കാന്‍ ഏകകണ്ഠമായി തീരുമാനിച്ചു.
കുഞ്ഞന്‍ ബാവ മുസ്ലിയാര്‍ മഖ്ദൂമിയുടെയും സമുദായ നേതാക്കളുടെയും അശ്രാന്ത പരിശ്രമത്താല്‍ നാട്ടിലും മറുനാട്ടിലുമുള്ള പ്രശസ്തരായ സാദത്ത്-ഉലമാ-ഉമറാക്കളുള്‍പ്പെടെ മുന്നൂറില്‍പരം പ്രമുഖര്‍ മലപ്പുറം പുതിയ മാളിയേക്കല്‍ സയ്യിദ് മുഹമ്മദ്ബ്നു അലി ഹൈദ്രോസ് പൂക്കോയ തങ്ങളുടെ അദ്ധ്യക്ഷതയില്‍ 1900 സെപ്തംബര്‍ 9 (ഹിജ്റ 1318 ജമാദുല്‍ അവ്വല്‍ 14)ന് ഞായറാഴ്ച പൊന്നാനി വലിയ ജാറ(സിയാറ)ത്തിങ്കല്‍ സമ്മേളിച്ചു മഊനത്തുല്‍ ഇസ്ലാം സഭ രൂപീകരിച്ചു.
പൂക്കോയ തങ്ങള്‍ പ്രസിഡന്‍റും കുഞ്ഞന്‍ ബാവ മുസ്ലിയാര്‍ സെക്രട്ടറിയുമായി 12 അംഗ താല്‍ക്കാലിക കമ്മിറ്റി തെരഞ്ഞെടുത്തു. കൊണ്ടോട്ടി ഖാസി പൊന്നാനി പുത്തന്‍വീട്ടില്‍ അബ്ദുല്ലക്കുട്ടി മുസ്ലിയാര്‍ ദീനുല്‍ ഇസ്ലാം പരിപോഷിപ്പിക്കുന്നതിനെക്കുറിച്ച് സുദീര്‍ഘമായി ഉദ്ബോധനം നടത്തി. മലബാര്‍ തെക്ക ഖണ്ഡം മാപ്പിള സ്കൂള്‍ സബ് അസിസ്റ്റന്‍റ് ഇന്‍സ്പെക്ടര്‍ തിരൂര്‍ മണ്ടായപ്പുറത്ത് ബാവ മൂപ്പന്‍ സ്ഥാപനത്തിന്‍റെ സാങ്കേതിക വശങ്ങള്‍ വിശദീകരിച്ചു. പൂക്കോയ തങ്ങളുടെ മാതാവ് മുത്തുബീവിയുടെ ജന്മഗൃഹം കൂടിയായിരുന്നു വലിയ ജാറം.
സഭയുടെ രണ്ടാമത്തെ യോഗത്തില്‍ സലാഹുല്‍ ഇഖ്വാന്‍ പത്രം മാനേജറും സമുദായ പരിഷ്കര്‍ത്താവുമായ സി. സൈതാലി കുട്ടിമാസ്റ്റര്‍ അവതരിപ്പിച്ച ഭരണഘടന ചില ഭേദഗതികളോടെ അംഗീകരിച്ചു. ഈ യോഗത്തില്‍ വെച്ച് 635 രൂപ 8 അണ സംഭാവനയായി പിരിഞ്ഞു. ഇത് രൂപയുടെ അന്നത്തെ മൂല്യം പരിഗണിച്ചാല്‍ ഗണ്യമായ ഒരു തുകയായിരുന്നു. സൈതാലിക്കുട്ടി മാസ്റ്ററുടെയും തലശ്ശേരി അദിയാ പുറത്ത് അമ്മുസാഹിബിന്‍റെയും നിയന്ത്രണത്തില്‍ പൊന്നാനിയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന അറബി-മലയാള മാസികയായ സലാഹുല്‍ ഇഖ്വാനില്‍ സഭാ വാര്‍ത്തകളും പരസ്യങ്ങളും മാസാന്ത യോഗ നടപടികളും സൗജന്യമായി പ്രസിദ്ധീകരിച്ചു. തല്‍ഫലമായി കേരളത്തിന്‍റെ നാനാഭാഗത്ത് നിന്നും സ്ഥാപനത്തിന് സംഭാവനകള്‍ ലഭിച്ചു തുടങ്ങി.
1900 നവംബര്‍ 11 (1318 റജബ് 17)ന് ചേര്‍ന്ന യോഗത്തില്‍ പൊന്നാനി വലിയ ജാറത്തിങ്കല്‍ സയ്യിദ് അബ്ദുറഹിമാന്‍ ഇബ്നു സയ്യിദ് മുഹമ്മദ് ഹൈദ്രോസ് കുഞ്ഞിസീതിക്കോയ വലിയ തങ്ങളെ വൈസ് പ്രസിഡന്‍റായി നാല്‍പ്പതംഗ മാനേജിങ്ങ് കമ്മിറ്റി(ഇമാറത്തുല്‍ മജിലിസ്) തെരഞ്ഞെടുത്തു.
സ്ഥാപന പുരോഗതിക്കായി ഇടക്കിടെ യോഗങ്ങള്‍ച്ചേര്‍ന്ന് പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടതുണ്ടായതിനാല്‍ സഭാ പ്രസിഡന്‍റും പ്രധാന ഭാരവാഹികളും മിക്കപ്പോഴും സമ്മേളിക്കേണ്ടിവന്നു. യാത്രാ സൗകര്യവും വാര്‍ത്താവിനിമയ സൗകര്യവും കുറവായ അക്കാലത്ത് മലപ്പുറത്തുനിന്ന് പ്രസിഡന്‍റിന് എത്തിച്ചേരാന്‍ പ്രയാസമായിരുന്നു. തന്മൂലം 1901 ഫെബ്രുവരി 19 (ഹിജ്റ 1318 ശവ്വാല്‍ 29)ന് ചൊവ്വാഴ്ച ചേര്‍ന്ന എട്ടാമത്തെ സഭാ യോഗത്തില്‍ പ്രസിഡന്‍റിന്‍റെ നിര്‍ദ്ദേശ പ്രകാരം കമ്മിറ്റി പുനഃക്രമീകരിച്ചു.
കുഞ്ഞിസീതികോയ വലിയ തങ്ങള്‍ പ്രസിഡന്‍റും മലപ്പുറം പുതിയ മാളിയേക്കല്‍ പൂക്കോയ തങ്ങള്‍ വൈസ് പ്രസിഡന്‍റും അബ്ദുറഹിമാന്‍ എന്ന കുഞ്ഞന്‍ ബാവ മുസ്ലിയാര്‍ മഖ്ദൂമി സെക്രട്ടറിയും പഴയകത്ത് കോയ കുട്ടി തങ്ങള്‍ ജോയിന്‍റ് സെക്രട്ടറിയും മണ്ടായപ്പുറത്ത് ബാവ മൂപ്പന്‍ മാനേജറും പാലത്തും വീട്ടില്‍ കുഞ്ഞുണ്ണി അസിസ്റ്റന്‍റ് മാനേജറുമായ 40 അംഗ കമ്മിറ്റിയാണ് തുടര്‍ന്ന് ഭരണം നടത്തിയത്. ഔദ്യോഗിക കൃത്യ ബാഹുല്യത്താല്‍ മാനേജര്‍ സ്ഥാനത്ത് നിന്ന് ബാവ മൂപ്പന്‍ ഒഴിവായി. 1905ല്‍ പൊതു കാര്യ പ്രസക്തനും പൗരപ്രമാണിയുമായ കുട്ടായി കല്ലിങ്ങലകത്ത് അബ്ദുല്‍ അസീസ് എന്ന കോയക്കുട്ടിയെ തല്‍സ്ഥാനത്തേക്ക് തെരെഞ്ഞെടുത്തു. മാസാന്ത യോഗങ്ങളിലെല്ലാം സംഭാവന വാഗ്ദാനങ്ങളും തീരുമാനങ്ങളും കൃത്യമായി രേഖപ്പെടുത്തിയിരുന്നു. വര്‍ഷം തോറും 300 രൂപയും 10 പറ നെല്ലും നല്‍കാമെന്ന് തൃത്താല മലയത്തില്‍ വളപ്പില്‍ ഏനിക്കുട്ടി സാഹിബിന്‍റെ കത്താണ് സംഭാവന ഇനത്തില്‍ പ്രഥമമായി രേഖപ്പെടുത്തിയിട്ടുള്ളത്. കുഞ്ഞിസീതി കോയ തങ്ങളുടെ 400 പണം വില മതിക്കുന്ന ഭൂസ്വത്തായിരുന്നു ആദ്യത്തെ വഖഫ്. തുടര്‍ന്ന് ഉദാര മനസ്കരായ പല ധനാഢ്യരും ഈ മാതൃക അനുകരിച്ചു. കുഞ്ഞിസീതി തങ്ങളുടെ നേതൃത്വത്തിലുള്ള കമ്മിറ്റി സഭയുടെ ആരംഭ കാലത്ത് സ്ഥാപന പുരോഗതിയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു.
അക്കാലത്ത് മുസ്ലിം സമുദായത്തിലെ പണ്ഡിതന്മാരിലും നേതാക്കളിലും ഒരു വിഭാഗം സമുദായത്തിന്‍റെയും നാടിന്‍റെയും പുരോഗതിക്കുവേണ്ടിയും മറുവിഭാഗം സ്വന്തം താല്‍പ്പര്യത്തിന് വേണ്ടിയും ബ്രിട്ടീഷ് ഭരണകൂടവുമായി സഹകരിച്ച രണ്ട് വിഭാഗമുണ്ടായിരുന്നു. സഭയുടെ സ്ഥാപകര്‍ ആദ്യവിഭാഗത്തില്‍പ്പെടുന്നു. ഈ വിഭാഗത്തിന്‍റെ നയചാതുര്യവും ദീര്‍ഘവീക്ഷണവും ഹേതുവായാണ് സഭപോലുള്ള സ്ഥാപനങ്ങളും മുസ്ലിം സംഘങ്ങളും വളരാനും സര്‍ക്കാര്‍ അംഗീകാരവും ആനുകൂല്യങ്ങളും നേടാനും കഴിഞ്ഞത്.