8. മലയാളത്തിനുവേണ്ടി ഉയര്‍ന്ന ശബ്ദം
ടിവി അബ്ദുറഹിമാന്‍കുട്ടി
മൊബൈല്‍. 9495095336
ڇഏതൊരു വേദവും ഏതൊരു ശാസ്ത്രവു-
മേതൊരു കാവ്യവുമേതൊരാള്‍ക്കും
ഹൃത്തില്‍ പതിയേണമെങ്കില്‍ സ്വഭാഷതന്‍
വക്ത്രത്തില്‍നിന്നുതാന്‍ കേള്‍ക്ക വേണം ڈ
ഐക്യകേരളം നിലവില്‍വന്നശേഷം നമ്മുടെ മാതൃഭാഷ ക്രമാനുഗതമായി അംഗീകാരവും ആദരവും നേടി അനുദിനം വര്‍ണ്ണാഭമായി പ്രശസ്തിയിലേക്ക് മുന്നേറുകയാണ്. സ്വന്തമായൊരു സര്‍വകലാശാലയും ശ്രേഷ്ഠ ഭാഷാപദവിയും, വിദ്യാലയങ്ങളില്‍ പത്താംക്ലാസ്സുവരെ നിര്‍ബന്ധ ഭാഷയായി പഠിപ്പിക്കുന്നതും, സര്‍ക്കാര്‍ ജോലിക്കും നിയമനിര്‍മ്മാണ സഭകളിലും വാണിജ്യ വ്യാവസായിക രംഗങ്ങളിലും മറ്റുമേഖലകളിലും മലയാളത്തിന്‍റെ പ്രസക്തി വര്‍ദ്ധിച്ചുവരുന്നതും, ഔദ്യോഗിക ഭാഷയാക്കാന്‍ തീവ്രശ്രമങ്ങള്‍ നടക്കുന്നതും ഭാഷാപ്രേമികള്‍ക്ക് സന്തോഷവും കുളിര്‍മ്മയും പകരുന്നു. ലോകഭാഷകളില്‍ മലയാളത്തിന് വിവിധ ശ്രേണികളിലായി പതിനെട്ടുമുതല്‍ മുപ്പത്തിനാലുവരെ സ്ഥാനങ്ങള്‍ നിര്‍ണ്ണയിക്കപ്പെടുന്നു. ഭൂഗോളത്തില്‍ മലയാളികളില്ലാത്ത ഇടമില്ല എന്നാണ് ചൊല്ല്.
ڇമറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍
മര്‍ത്യന് പെറ്റമ്മ തന്‍ ഭാഷതാന്‍ ڈ
എന്ന് മഹാകവി വള്ളത്തോള്‍ പാടിയതിന് പതിറ്റാണ്ടുകള്‍ക്കുമുമ്പ് മുസ്ലിം സമുദായത്തില്‍നിന്നു മാതൃഭാഷക്കുവേണ്ടി ശക്തമായി ഉയര്‍ന്നുവന്ന പ്രഥമ ശബ്ദവും തൂലികയും മക്തി തങ്ങളുടേതായിരുന്നു. പത്രപ്രവര്‍ത്തനവും പുസ്തക രചനയും അദ്ദേഹം കൈവെച്ച രണ്ട് സുപ്രധാന മേഖലകളായതിനാല്‍ മലയാള ഭാഷയുടെ പോഷണത്തിന്ന് തീവ്രശ്രമങ്ങള്‍ നടത്താന്‍ അദ്ദേഹത്തിന് വേണ്ടുവോളം അവസരം ലഭിച്ചു. സവിശേഷ ശൈലികളിലായിരുന്നു അദ്ദേഹത്തിന്‍റെ രചനകള്‍. മലയാള ഭാഷ ഇന്നത്തെപ്പോലെ വികാസം പ്രാപിച്ചിരുന്നില്ല അക്കാലത്ത്. താരതമ്യ പഠനം നടത്തുമ്പോള്‍ അദ്ദേഹത്തിന്‍റെ ഭാഷാ പ്രയോഗങ്ങള്‍ ഗുണനേമന്മയുള്ളതാണെന്ന് ഗ്രഹിക്കാന്‍ സാധ്യമാകും. 1884ല്‍ അദ്ദേഹം പ്രസിദ്ധീകരിച്ച കഠോരകുഠാരമാണ് ഒരു മുസ്ലിം രചിച്ച ആദ്യ മലയാള കൃതി. മലയാള ഭാഷാപഠനത്തിന്‍റെ പ്രാധാന്യം അനുസ്മരിപ്പിക്കുന്ന നിരവധി ലേഖനങ്ങളും അദ്ദേഹം എഴുതി. നൂറിലധികം വര്‍ഷങ്ങള്‍ക്കുമുമ്പ് രചിച്ച അമ്പതില്‍പരം കൃതികളിലൂടെ അദ്ദേഹത്തിന് മലയാളഭാഷയിലുള്ള പരിജ്ഞാനം ഗ്രഹിക്കാന്‍ സാധ്യമാകും.
എഴുത്തച്ഛന്‍റെ ഭാഷാ ശുദ്ധീകരണത്തിന് ഒരു നൂറ്റാണ്ട് ശേഷവും കേരളത്തിന്‍റ വിവിധ ഭാഗങ്ങളില്‍ ഭാഷാപ്രയോഗം വികലമായ രീതിയില്‍തന്നെ തുടര്‍ന്നിരുന്നു. ക്രമാനുസൃതമല്ലാത്ത ശൈലികളും വാക്കുകളും വാചകങ്ങളുമായിരുന്നു മുസ്ലിംകളില്‍ വലിയൊരു ഭാഗം പ്രയോഗിച്ചിരുന്നത്. മുസ്ലിംകളുടെ മാതൃഭാഷ മലയാളമാണെങ്കിലും മലബാറില്‍ ഭൂരിപക്ഷം മുസ്ലിംകളും എഴുത്തുഭാഷയായി ഉപയോഗിച്ചിരുന്നത് അറബി മലയാളത്തെയാണ്. അക്കാലത്ത് മുസ്ലിം രചനകള്‍ അറബിമലയാളത്തിലായിരുന്നു. എഴുത്ത് അറബിയിലും വായന മലയാളത്തിലുമായ ഭാഷയാണ് അറബി മലയാളം. മലബാര്‍ മുസ്ലിംകളില്‍ തൊണ്ണൂറ് ശതമാനവും ഈ ഭാഷയില്‍ സാക്ഷരരായിരുന്നു. രചനകള്‍ അധികവും അറബി മലയാളത്തിലായിരുന്നു. പക്ഷെ മലയാള ഭാഷയുമായി താരതമ്യപഠനം നടത്തി കാലാനുസൃതമായ പരിഷ്കരണത്തിന് വിധേയമാവാത്തതിനാല്‍ അറബിമലയാളത്തിലെ പല പ്രയോഗങ്ങളും പദങ്ങളും വികലമായിരുന്നു.
ചില നാടന്‍ ശൈലികളും മലയാള ഭാഷയും
ڇഅവന്‍ ചെയ്യുന്ന ലച്ച(രക്ഷ) അവന്‍റെ ഗുണപാടാലും അവന്‍റെ ചിച്ച(ശിക്ഷ) അവന്‍റെ ഞെറി നീതത്താലും ആയിരിക്കും എന്ന വാചകങ്ങളുടേയും മനഹാരിക്കല്‍(ശൗചിക്കല്‍), യാത്തിരി(രാത്രി), നസ്കേത്രം(നക്ഷത്രം), കശത്(കഴുത്ത്), എശുത്ത്(എഴുത്ത്), അണ്ടക്ക്(അവിടേക്ക്), ഇണ്ടക്ക്(ഇവിടേക്ക്), അയ്ബത്തരം(ലജ്ജ), ആയ്മ(ആ സ്ത്രീ), ഇഞ്ചിറ്റ്(ഇഞ്ചക്ഷന്‍), എന്തെയറ്റ്(എന്തുകൊണ്ട്), എണ്ടക്ക്(എങ്ങോട്ട്), എസുവതിനായിരം(എഴുപതിനായിരം), കണ്ടം(കഷ്ണം), കിയ്യുക(ഇറങ്ങുക), കീണ്വാതം(അസുഖം), കുരിത്തം(ഗുരുത്വം), കൂപ്പിട്ടു(കൂവി), കൊണം(ഗുണം), ചിര്‍ച്ചു(ചരിച്ചു), ചിര്തനം(സ്ത്രീധനം), ജനാതില്‍(ജനവാതില്‍), തഞ്ചി(സഞ്ചി), തുച്ചീലം(ദുശ്ശീലം), തൗളാച്ചി(തവള), പുഗ്ഗ്(പുഷ്പം), പൊഹ(പുക), മഗ്ഗ്(മഴു) പടാതില്‍(പടിവാതില്‍), കൊള്ളിക്കേങ്ങ്(കപ്പ), പൗത്താങ്ങ(മാമ്പഴം), ലക്കോട്ട്(കവര്‍), ദൂസി(സൂചി), മെയ്ത്തിരി(മെഴുകുതിരി), ബിസ്ക്കോത്ത്(ബിസ്കറ്റ്), ബായക്ക(പഴം), കാസറോട്ട്(മണെണ്ണ), അയ്രി(അരി), പെര്‍ക്കാത്തുമ്മ(രണ്ടാനമ്മ), വട്ടക്കാരന്‍(അയല്‍ക്കാരന്‍), ബീടര്(ഭാര്യ), കാല്‍സ്രായി(പാന്‍റ്സ്), കാലുറ(സോക്സ്), കാച്ചട്ട(ട്രൗസര്‍), കഞ്ഞിപ്രാക്ക്(ബനിയന്‍), തിക്കൂരം(പ്രയാസം), ബയറ്റീന്നോക്ക്(വയറിളക്കം), ബീപ്പൂട്ടല്‍(ശ്വാസം മുട്ടല്‍), സെയ്ത്താന്‍റെളക്കം(അപസ്മാരം), മല്ലംപിടിക്കുക(ജലദോശം), ബെയ്യായി(അസുഖം), പല്ലീക്കുത്ത്(പല്ല് വേദന), പള്ളര്ത്തം(വയറ് വേദന), നൊസ്സ്(ഭ്രാന്ത്), ചീക്ക്(ആശുപത്രി), ചീരാപ്പ്(മൂക്കൊലിപ്പ്), കീണവാതം(അസുഖം), ഏനക്കേട്(പ്രയാസം), ഏക്കാമുട്ട്(ശ്വാസം മുട്ടല്‍), എതക്കേട്(അസ്വസ്ഥത), അപ്പാത്തിക്കരി(ഡോക്ടര്‍), ഔത്ത്(വീട്ടിന്‍റെ ഉള്‍ഭാഗം), ബീസനപ്പുറം(അടുപ്പ് തറ), വെയ്ലിക്കോകം(വീടിന്‍റെ പിന്നാമ്പുറം), മുമ്പാരം(വീട്ടിന്‍റെ മുന്‍വശം), പെര(വീട്), തൗക്ക്(വെറ്റില തളിക), ബടിലൈറ്റ്(ട്യൂബ്). ബസി(പ്ലെയ്റ്റ്), പീതറ്(ഗ്യാസ്), കൈപ്പാട്ട(കപ്പ്), ഹയാന്തരം(ബഹളം), വായപ്പടിച്ചി(വിധവ), രണ്ടീച്ചെ(രണ്ട് വീതം), രണ്ടാമറി(രണ്ടാം തവണ), ലാച്ചാറ്(താറുമാറ്), ലാവെളിച്ചം(നിലാവ്), ലച്ചറ്(വിടുവായിത്തം), യാത്രി(രാത്രി), മോറ്(മുഖം), മോന്തി(സന്ധ്യ സമയം), മൊയന്ത(ബുദ്ധിയില്ലാത്തവന്‍), മേപ്പട്ട്(മുകളില്‍), മൂപ്പത്തിയേര്(ആ സ്ത്രീ), മാന്തി(ചൊറിഞ്ഞു), മണുക്കൂസ്(ഒന്നിനും കൊള്ളാത്തവന്‍), മഗുന്തായി(കോടാലി), അഹമ്മതി(ധിക്കാരം), അര്‍മെ(തീരെ), അമറ്(ഒതുക്കം), അണ്ട്ക്ക്(അവിടേക്ക്), അസ്റാറ്(രഹസ്യം), ബീപ്പ് പോകുക(അന്ത്യശ്വാസം വലിക്കുക), അലാക്കിന്‍റെ ഔലും കഞ്ഞും(പ്രശ്നങ്ങളുടെ കൂമ്പാരം), അയ്ച്ചാണം കുയ്ച്ചാണ്(ആദ്യം മുതല്‍), അല്‍ക്കുല്‍ത്ത്(സങ്കീര്‍ണത), അള്ളാപോത്ത്(ഒന്നിനും കൊള്ളാത്തവന്‍), അയഞ്ഞാകൊയഞ്ഞ(ഉറപ്പില്ലായ്മ), അറ്റിങ്ങ(അവര്‍), അച്ചെലിക്ക്(അതേ പടി), അന്‍സന്‍(അനിയന്‍), അയ്മ(ആ സ്ത്രീ), ആദിക്ക്(തുടക്കത്തില്‍), ഇച്ചരെ(അല്‍പം), ഇച്ചരപോരം(കുറഞ്ഞ അളവില്‍), ഇണ്ട്ക്ക്(ഇങ്ങോണ്ടേക്ക്), ഇളിച്ചം(ദേഷ്യം), ഇളിച്ചാപുടുത്തം(ദേഷ്യം പിടിക്കല്‍), ഈരണ്ടിച്ചെ(രണ്ടു വീതം), ഈങ്ങി(മുശിഞ്ഞു), ഉസ്റും പുളിയും(ചുണ), എട്ടൂരി വട്ടത്തും(എവിടേയും), എഹരം വെക്കുക(ഭക്ഷണം വിളമ്പുക), എമ്മത്തും(ഒരിക്കലും), എക്കയറുംപൂട്ടും(മനഃപൂര്‍വ്വം ബുദ്ധിമുട്ടിക്കല്‍), മദേരിക്ക്(മര്യാദക്ക്), ബൗക്ക്ളിച്ചു(വഴുതി), ബൈച്ചേര്(വൈദ്യര്‍), ബെളവന്‍(സൂത്രശാലി), ബെയ്ക്കുക(ഭക്ഷിക്കുക), ബെടക്ക്(ചീത്ത), ബെക്കം(വേഗം), ബീപ്പൂട്ട്(ശ്വാസം മുട്ടുക), ബിസായം(സംസാരം), ബിട്സ്(വിടുവായിത്തം), ബാരിക്കൊട്ട(വാരിയെല്ല്), ബാരുക(തട്ടി പറിക്കുക), ബെര്ത്തം(വേദന), ബൈത്താലെ(പിന്നാലെ), ബട്ടി(ഓല സഞ്ചി), ബല്ലിതം(സാമര്‍ത്ഥ്യം), ബഹാനക്കേട്(അനുസരണക്കേട്), ബലാലുംബണ്ടി(കുഴപ്പം പിടിച്ചത്), പോങ്ങ(ഒരു പിടി), പോട്ടപ്പെട്ടി(ക്യാമറ), പൊതളിപ്പ്(തടിച്ച് വീര്‍ക്കല്‍), പെര്‍ള്യം(പരിഭ്രമം), പൂട്യ(കട), പുടില്ല(അറിയില്ല), പുഗ്ഗ്(പുഷ്പം), പാസി(മാറാല), പാത്തുക(മൂത്രമൊഴിക്കുക), പസ്ക്കി(പൂമ്പാറ്റ), പയ്പ്പ്(വിശപ്പ്), പര്‍ഞ്ഞിക്ക്ണാലെ(പറഞ്ഞിട്ടുണ്ടത്രെ), നൂരുമ്പിരായിരം(ഏഷണി), നാറ്റുക(ചുംബിക്കുക), നങ്കൊണ്ടുപോവുക(നശിച്ച് പോവുക), നസൂലക്കൊടി(നാശം പിടിച്ചത്), തൗദാരം(സംസാരം), തൗളാച്ചി(തവള), തൊളാരം(രഹസ്യം), തേക്കി(വഴുതി), തെറം(നിറം), തുപ്പീലം(തുപ്പുനീര്), തിര്‍ളു(തട്ടിപ്പുക്കാരന്‍), തണ്ടാസ്(കക്കൂസ്), ചൂര്(മണം), ചീപ്പിട്ടു(അടച്ചുപ്പൂട്ടി), ചൊഹര(രക്തം), ചേപ്പറ(നാണം), കൊസാറാക്കൊള്ളി(വഴക്കാളി), കൊടിയഞ്ചും കുത്തി(വളരെ ബുദ്ധിമുട്ടി), കൃണാകൃതം(പ്രശ്നം), കൂറ്റൂം ബീപ്പും(ഒച്ചയും അനക്കവും), കുറ്റ്യം കുയ്നാടിയും(തുമ്പും വാലും), കുതുഹുലം(ബഹളം), കുസുകുസു(സ്വകാര്യം), കീഞ്ഞു(ഇറങ്ങി), കായ്(പൈസ), കണ്ടമാനം(ധാരാളം), ഒസാരം(സൗജന്യം), ഒപ്പാരത്തം(ന്യായീകരണം), തൗക്ക്(വെറ്റില തളിക) തുടങ്ങിയ വാക്പ്രയോഗങ്ങള്‍ സാധാരണക്കാര്‍ക്ക് ഗ്രഹിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കിലും മുഖ്യധാരയിലും രചനകളിലും സംവാദങ്ങളിലും പ്രയാസങ്ങള്‍ അനുഭവപ്പെട്ടു. ഇങ്ങനെയുള്ള വാക്കുകളും വാചകങ്ങളും മുസ്ലിം ഭൂരിപക്ഷം പ്രയോഗിച്ചിരുന്നതിനാല്‍ പൊതുവേദികളില്‍ അവസരോചിതമായി ഇടപെടാന്‍ സാധ്യമാവാത്തതിനാല്‍ പ്രതിരോധിക്കാനും അര്‍ഹമായ അംഗീകാരം നേടിയെടുക്കാനും സാധ്യമായില്ല. ഇത് കാരണം മുസ്ലിംകള്‍ പൊതുവായി മത പണ്ഡിതന്മാര്‍ പ്രത്യേകിച്ചും അനുഭവിച്ചിരുന്ന പ്രയാസങ്ങളില്‍ അദ്ദേഹം വ്യാകുലപ്പെട്ടിരുന്നു. ഈ അവസരത്തിലാണ് മാതൃഭാഷയോട് തികഞ്ഞ കൂറും ഭക്തിയും പുലര്‍ത്തി പത്തൊന്‍മ്പതാം നൂറ്റാണ്ടില്‍ മുസ്ലിം സമുദായത്തില്‍നിന്ന് എതിര്‍പ്പുകള്‍ സഹിച്ച് ശുദ്ധീകരണത്തിനായി ഉയര്‍ന്നുവന്ന ശബ്ദമാണ് മക്തി തങ്ങളുടേത്.
മക്തി വീക്ഷണം
ڇ(മലയാളം) മാതൃഭാഷ മാത്രമല്ലാ, മലയാളിയെ ഇസ്ലാമാക്കുന്ന ഗുരുഭാഷയായ മലയാളം പഠിക്കായ്കയാല്‍ വേദാഭ്യാസം ദോഷപ്പെടുന്നു. ഈമാന്‍(സത്യവിശ്വാസം) നഷ്ടപ്പെടുന്നു. എങ്ങനെയെന്നാല്‍, ഗുരുസ്ഥാനത്തിരിക്കുന്ന പണ്ഡിതന്‍ അറബി പദാര്‍ഥം ഗ്രഹിക്കാതെ ശിഷ്യനെ ധരിപ്പിക്കാന്‍ ഭാഷാപദം അറിയാതെയും ഉഴലുന്നു. അറബി പദത്തെ തന്നെ മടക്കിമടക്കി പറഞ്ഞും അതോടൊന്നിച്ചു ആംഗ്യംചേര്‍ത്തും മധ്യത്തില്‍ തോന്നിയവാസം ഓരോ വാക്കുകള്‍ പറഞ്ഞും ഒരു വിധേന കാര്യം ധരിപ്പിക്കുന്നു.ڈ
ഇംഗ്ലീഷ് ഭാഷാഭ്യാസവും സ്വന്തം ഭാഷയായ മലയാള പഠനവും അത്യാവശ്യമാണെന്നും ഈ ഭാഷകള്‍ പഠിക്കുന്നതിന് ദൈവവിരോധം ഉണ്ടെന്നും പറയുന്നവര്‍ ഉള്‍ക്കണ്ണില്ലാത്ത അന്ധരാണെന്ന് തെളിയിച്ചിരിക്കുന്നു.
മലയാള ലേഖനം വായിക്കുന്നവരും എഴുതുന്നവരും ജന സമുദായത്തിലിറങ്ങി പ്രസംഗിക്കുന്നവരുമുണ്ടെന്നും കണ്ടും കേട്ടും സന്തോഷിക്കുവാനുള്ള ഭാഗ്യം ഉണ്ടായി.
ചിലര്‍(മലയാള) ഭാഷാ വ്യവസ്ഥ- ഉച്ഛാരണ ഭേദം- അബദ്ധ സുബദ്ധ- അര്‍ത്ഥം- കാലം- ലിംഗം-വിഭക്തി-സിദ്ധിസമ്പ്രദായം മുതലായവയൊന്നും അറിയാതെ എഴുതുന്നതും പ്രസിദ്ധപ്പെടുത്തുന്നതും സങ്കടം തന്നെ.
ڇഅറബി വായനയോടുകൂടി മലയാള വ്യാകരണം മുതല്‍ ജ്ഞാനകാണ്ഢം, കര്‍മകാണ്ഢം മുതലായതുകളില്‍ വേണ്ടിവരുന്ന ഭാഷാ പദങ്ങള്‍ ഗ്രഹിക്കുന്നതിലേക്ക് പ്രകര്‍ണങ്ങളും പുരാണങ്ങളും മറ്റും ആവശ്യംപോലെ വായിച്ചു അറബി ഭാഷാജ്ഞാനത്തിനൊത്ത ഭാഷാജ്ഞാനം മലയാളത്തിലും സമ്പാദിക്കണം.ڈ
"മലയാളഭാഷ മാതൃഭാഷയായാലും അത് ഈമാന്‍ എന്ന വിശ്വാസ സംഗതികളെ ധരിപ്പിക്കുന്ന ഗുരുവായും, മരണം വരേയും മരണാനന്തരം താനും ദൈവത്തോട് അപേക്ഷിപ്പാന്‍ തുണയായും ഇരിക്കുന്ന അവസ്ഥക്കു ആദ്യം പഠിച്ചുണരേണ്ടതായ ഈ ഭാഷയെ നിരസിച്ചും നിന്ദിച്ചും അഭ്യസിക്കാതിരിക്കുന്നത് പടു മൂഢര്‍ക്ക് അലങ്കാരപ്രദമായിരിക്കുന്ന ചൂഡാമണിയെല്ലെന്ന് എങ്ങനെ പറയുന്നു. " - സ്വന്തം വിശ്വാസപ്രമാണങ്ങള്‍പോലും നേരായ ദിശയില്‍ ചെന്നെത്തണമെങ്കില്‍ മലയാളം പഠിക്കല്‍ അനിവാര്യമാണെന്ന് ഉദ്ഘോഷിച്ച മക്തി തങ്ങളെപോലുള്ള പരിഷ്കര്‍ത്താക്കള്‍ അപൂര്‍വ്വം.