18. ഒരു സൂര്യതേജസ്സിന്‍റെ അവസാനകാലം

18. ഒരു സൂര്യതേജസ്സിന്‍റെ അവസാനകാലം



ടിവി അബ്ദുറഹിമാന്‍കുട്ടി

മൊബൈല്‍. 9495095336




                രോഗിയായതിനെ തുടര്‍ന്ന്  ക്ഷീണിതനായ മക്തി തങ്ങളെ തന്‍റെ സന്തത സഹചാരിയും ആശ്രിതനുമായ ചേക്കുമുല്ല 1909 ജനുവരി 13ന് കൊച്ചിയിലെത്തി സന്ദര്‍ശിച്ചു. ആ സമയത്ത് ഹിന്ദു മുസ്ലിം മതമൈത്രിയുടെ അനിവാര്യതയെക്കുറിച്ച് അദ്ദേഹം അടിവരയിട്ട് ഇങ്ങനെ പറഞ്ഞു; 

       ڇപ്രിയ പുത്രാ, തനത്താന്‍ അറിയാതെ അര്‍ത്ഥവും കീര്‍ത്തിയും കവര്‍ന്നെടുപ്പാന്‍ കച്ചകെട്ടി ഇറങ്ങിയവരോട് എതിര്‍ത്താല്‍ തനിക്ക് ദോഷമുണ്ട്. മുസ്ലിംകള്‍ ആവശ്യമില്ലാത്ത മത വിവാദങ്ങള്‍ക്ക് സ്ഥാനം കല്‍പിക്കരുത്. പണ്ഡിതന്മാരെ പണ്ഡിതര്‍ക്ക് മാത്രമെ അറിയുകയുള്ളൂ. പടു മനുഷ്യരെ കുറിച്ച് ആലോചിപ്പാനില്ല. തനത്താന്‍ അറിയാത്ത കളി, പിന്നെ താന്‍ കയറാത്ത കിണ്ടത്തില്‍ വീഴും, എന്‍റെ ഉപദേശങ്ങള്‍ക്കെതിരായി പടിഞ്ഞാറങ്ങാടിയിലും പരപ്പനങ്ങാടിയിലും ഉടമ്പടികളെ ജനിപ്പിച്ച് രണ്ട് പക്ഷത്തിലും ജനങ്ങളെ ഇളക്കി വിട്ടിരിക്കുകയാണല്ലോ പടിഞ്ഞാറങ്ങാടിയില്‍ നിന്ന് ഞാന്‍ രക്ഷപ്പെട്ടതിന്‍റെ അനര്‍ത്ഥം ഗ്രഹിപ്പാന്‍ ശക്തി ഇല്ലായ്മ കൊണ്ട് തന്‍റെ ഹിതം സാധിക്കാഞ്ഞതിനാല്‍ വ്യസനിച്ചും വിരോധം നടിച്ചും ഇപ്പോള്‍ പരപ്പനങ്ങാടിയിലും കലക്കമുണ്ടായിരിക്കുന്നു. ഇതിന്‍റെ വൈശമ്യവും അവസാന ഫലവും അറിയത്തക്കവനോ ജ്ഞാന ശക്തിയോ ബുദ്ധി ചാതുര്യമോ ഉള്ള പുരുഷന്‍ ആയിരുന്നുവെങ്കില്‍ ഹിന്ദു ജനത്തെ ഉപദ്രവിക്കുന്നതല്ല. ഒന്നാമത് ഹിന്ദു ജനം ഇസ്ലാം മതത്തോട് എതിര്‍ക്കുന്നില്ല, എതിര്‍ക്കുന്നതുമല്ല. അതിന്‍റെ കാരണം പലതുണ്ടെങ്കിലും മത വാദത്തിനാവശ്യമായ പ്രധാന ജ്ഞാനം അവര്‍ക്കില്ല. ഉണ്ടാകുന്നതും പ്രയാസം തന്നെ.

      എന്തെന്നാല്‍ മത വാദത്തിന് ആവശ്യമായ പ്രധാന ജ്ഞാനം ഇരുപക്ഷത്തിലുള്ള മത ധാരണകളെ അറിഞ്ഞിരിക്കലാകുന്നു. ഇസ്ലാം മത പ്രമാണം അറബി ഭാഷയിലും അത് ഭാഷപെടാതെയും ആകുന്നു. ഈ നിലയില്‍ മലയാളിയായ ഹിന്ദു ഇസ്ലാം മതത്തോട് എതിര്‍ക്കുന്നതല്ല. അതു മഠയത്തരമാണെന്ന് അറിയും. അത് പ്രകാരം തന്നെ മേത്തനോ വടക്കെ മലയാളിയോ ഹിന്ദു മതത്തോട് എതിര്‍ക്കുന്നത് മുട്ടാളത്തവും ആകുന്നു. ഹിന്ദു മത ധാരണകള്‍ സംസ്കൃത ഭാഷയിലാകുന്നു. ഭാഷപെട്ടിട്ടുമില്ല മേത്തനും മാപ്പിളയും മലയാളം തന്നേയും വായിപ്പാനും സാധാരണ പദങ്ങളെ ക്രമമായി ഉച്ചരിപ്പാനും സാധിക്കാതെ ഇരിക്കുന്നു. സ്വന്തം പ്രമാണങ്ങള്‍ പോലും ഭാഷപ്പെടുത്തിയിട്ടില്ല. ഈ തരക്കാര്‍ തമ്മില്‍ സംഭാഷണ ഉടമ്പടി ചെയ്യുന്നത് മൂത്ത മടയത്തരമാകുന്നു. ഇതിന്‍റെ അവസാനം സമാധാന വിരോധം എന്നറിയണം. എങ്ങിനെയെന്നാല്‍ പ്രമാണം വായിക്കണമെന്ന് പറയുമ്പോള്‍ വായനയിലും അര്‍ത്ഥത്തിലും ഇളിയും. ചേപ്പറത്തരത്തില്‍ വ്യസനിക്കും. ഉടനെ അഹങ്കാരം കോപാഗ്നിയെ ജ്വലിപ്പിക്കും. ജയത്തെ കവരും. സംസാരം മുഴുത്ത് സംഹാരമായി തീരൂം. കുറച്ച് മുമ്പ് അവിടത്തുക്കാര്‍ ശിക്ഷയില്‍ പെട്ടവരായത് കൊണ്ട് സമാധാന ലംഘനം ഉണ്ടാകുമെന്ന് ഭയപ്പെട്ടൊ മേല്‍പറഞ്ഞ വീഴ്ചയെ ഓര്‍ക്കാതെ ഉടമ്പടി ചെയ്ത് മൂഢത തന്നെയാണെന്ന് അവരിലുള്ള യോഗ്യന്മാര്‍ വിരോധിച്ചത് കൊണ്ട് കീഴടക്കമുള്ള ഹിന്ദുക്കള്‍ സംവാദത്തിനിറങ്ങാതെ ഇരുന്നതാകുന്നു. വാസ്തവത്തില്‍ ആ അടക്കം കൊണ്ടായിരുന്ന മഹാഗുണം. ഇസ്ലാമിനാകുന്നു. 

           തുഹ്ഫത്തുല്‍ ഹിന്ദ് എന്ന തമിഴ് ഭാഷാന്തര പുസ്തകം വായിച്ച് പാഠം ഇട്ടിരുന്നാലും വാദത്തില്‍ തോല്‍ക്കുന്നതല്ല. അത് തമിഴില്‍ തര്‍ജ്ജമ ചെയ്തത് ഇപ്പോഴാകുന്നു. അങ്ങിനെ അനേകം പുസ്തകങ്ങള്‍ ഉറുദു ഭാഷയിലും പേര്‍ഷ്യന്‍ ഭാഷയിലും ചെറുപ്പം മുതല്‍ വായിക്കുന്നു. ഈ പുസ്തകത്തില്‍ ഹിന്ദു മത അജ്ഞാനങ്ങളെ ചൂണ്ടി നിന്ദിച്ചിരിക്കുന്നു. അതുകള്‍ അത്ജ്ഞാനങ്ങളാണെന്ന് ഏവനും സമ്മതിക്കുന്നുമുണ്ട്. പ്രമാണങ്ങള്‍ കല്‍പ്പിക്കുന്ന ഹിന്ദു മതാന്തരം സ്വല്‍പമെങ്കിലും അറിഞ്ഞവന്‍ ഇത് കൊണ്ടാടുന്നില്ല. മതം അറിഞ്ഞാല്‍ പോരാ. മത അംഗങ്ങളും അഭിപ്രായ ഹൃദയങ്ങളും അറിഞ്ഞവന്‍ വ്യവഹാര യോഗ്യനാകുന്നു. പടിഞ്ഞാറങ്ങാടിയില്‍ ഇസ്ലാം മതത്തെ സ്ഥാപിച്ച് (ഹിന്ദു മുസല്‍മാന്‍ എന്ന പരസ്യം) ഈ വക അതജ്ഞാന നിന്ദനകള്‍ ചേര്‍ക്കേണ്ടി വന്നില്ല, ചേര്‍ക്കുന്നതുമല്ല. കൂടാതെ അപുസ്തകത്തില്‍ പറയുന്ന മിക്ക പ്രമാണങ്ങളും മലയാളത്തില്‍ ഇല്ലാത്തതും കിട്ടാത്തതുമാകയാല്‍ പരിശോധിച്ച് താനത്താന്‍ തൃപ്തിപ്പെടാന്‍ സാധിക്കാത്തതുമാകുന്നു. അതുകളെ ലക്ഷ്യമാക്കി വാദിക്കുന്നതും മൂഢത തന്നെ. മലയാളത്തില്‍ തീരെ നടപ്പില്ലാത്തതും നടപ്പാക്കി കിട്ടാന്‍ മാപ്പിള്ള ആക്റ്റ് കീഴില്‍ പ്രയാസം ആയിരുന്നതുമായ ഇസ്ലാം മത പ്രകാരം (ആലിഇംറാന്‍ 104ാം ആയത്ത്) നിര്‍ബന്ധിതമായ പ്രസംഗത്തെ നടപ്പാക്കി ഉറപ്പിക്കുന്നതിലേക്ക് ഉണ്ടായ സകല സഹായങ്ങളും ഹിന്ദു ജനത്തില്‍ ആകുന്നു. ജാമ്യം ആകാന്‍ പോലും ഇസ്ലാം ഉണ്ടായില്ല. ദേഹം കൊണ്ടും ധനം കൊണ്ടും സഹായിച്ചു. നിര്‍ബന്ധ കാര്യങ്ങളെ സ്ഥാപിച്ചു തന്നവരില്‍ ഞാന്‍ മാത്രമല്ല ഇസ്ലാം ഒക്കെയും കൃതജ്ഞതരായിരിക്കേണ്ടത് അവകാശമാകുന്നു. പ്രസംഗികളായി ഇറങ്ങികളിക്കാന്‍ കാരണം ആയത് ഹിന്ദുക്കളുടെ ധര്‍മ്മമാകുന്നു. വിശേഷിച്ച് താന്‍ മാപ്പിളയാണെന്നും തന്‍റെ പ്രവൃത്തി ഹിന്ദു ജന ദ്രോഹമാണെന്നും അതു എല്ലാ നിയമങ്ങള്‍ക്കും വിരോധമാണെന്നും താനും തന്‍റെ പ്രവൃത്തിയും മാപ്പിള ആക്ടില്‍ പെടുന്നു എന്നും ഓര്‍ക്കുന്നുമില്ല. അറിയുന്നുമില്ല. ഒരുവന്‍ മൂലം പൊതുവെ വരുവാനുള്ള ദോഷത്തെ ഓര്‍ക്കാതെ സന്തോഷിക്കുന്നു. അതു കൊണ്ട് പടച്ചവന്‍ സൂക്ഷ്മ ബുദ്ധിയും ദീര്‍ഘാലോചനയും ഇസ്ലാമിന് കൊടുപ്പാനുള്ള പ്രാര്‍ത്ഥന എപ്പോഴും ഉണ്ടാകേണ്ടതാണ് ڈ 

      മതമൈത്രി സംരക്ഷിക്കുന്നതിനും സഹോദര മത തത്വങ്ങളെ മാനിക്കുന്നതിനും അദ്ദേഹം മികച്ച മാതൃകയായിരുന്നു. ഹിന്ദു മുസ്ലിം മൈത്രിക്കായി അക്ഷീണം ശ്രമിച്ചു. തൂലികയും നാവും ഇതിനായി വിനിയോഗിച്ചു. മത സ്പര്‍ദ ഇല്ലാതാക്കാന്‍ തീവ്ര ശ്രമങ്ങള്‍ നടത്തി. ڇഅന്യ മതക്കാരെ ഉപദ്രവിക്കരുത്. യാതൊരു പ്രാണിയും ദ്രോഹിക്കപ്പെടരുത്. എല്ലാ ജീവികളും തന്നെ പോലെയാണെന്ന് വിചാരിച്ച് തന്‍റെ ജീവിനില്‍ തനിക്കുള്ള കരുണ പോലെ എല്ലാ ജീവികളിലും കരുണ ഉണ്ടായിരിക്കണം. തന്‍റെ ആത്മാവിന് ഗുണമെന്ന് താന്‍ വിചാരിക്കുന്നത് എന്തോ അത് തന്നെ അന്യ ആത്മാവിനും ഗുണമുള്ളതെന്ന് വിചാരിക്കണം. എന്നുള്ള ഹിന്ദു മത ഉപദേശങ്ങള്‍ എത്ര വിലപ്പിടിച്ചതാകുന്നു. കോപം വരത്തക്ക കാരണം നേരിട്ടിരുന്നാലും കോപിക്കരുത്; ദ്രോഹിക്കരുത്. ഈ ഉപദേശങ്ങള്‍ കൊണ്ട് കോപം മാത്രമല്ല മദ മത്സരം മുതലായ അഷ്ട രാഗങ്ങളും കേവലം മുറിയപ്പെടുന്നു.ڈ എന്ന് മക്തി തങ്ങള്‍ എഴുതി.

      നിരന്തരമായ പ്രഭാഷണങ്ങളും സംവാദങ്ങളും സ്വസമുദായത്തില്‍നിന്നുള്ള എതിര്‍പ്പും വിശ്രമമില്ലാത്ത സഞ്ചാരവും യാതനയും വേദനയും ഹേതുവായി ആരോഗ്യം അനുദിനം ക്ഷയിച്ചു. തുടര്‍ന്ന് 1911ല്‍ കൊച്ചിയില്‍തന്നെ സ്ഥിരതാമസമാക്കി. കഠിനമായ മാനസിക പരിമുറുക്കം മാറാരോഗിയാക്കി. പ്രിയശിഷ്യന്‍ സി.വി. ഹൈദ്രോസ് ഉള്‍പ്പെടെ സഹചാരികള്‍ അദ്ദേഹത്തെ ശുശ്രൂഷിക്കുന്നതിലും പരിചരിക്കുന്നതിലും സസൂക്ഷ്മം ശ്രദ്ധപുലര്‍ത്തി. 1912ല്‍ രോഗം കഠിനമായി. ആസ്ത്മയും പനിയും അദ്ദേഹത്തിന്‍റെ ആരോഗ്യത്തെ അനുദിനം കാര്‍ന്നുതിന്നു. മരണം ആസന്നമാകുന്നതിന് നിമിഷങ്ങള്‍ക്കുമുമ്പ് തന്‍റെ അമൂല്യമായ പേന സി.വി. ഹൈദ്രോസിന് നല്‍കി ഇങ്ങനെ മൊഴിഞ്ഞു, 

        ڇഞാന്‍ ഇതാ എന്‍റെ പടച്ചവനിലേക്ക് യാത്രയാകുന്നു.  ഇതാണ് എന്‍റെ കയ്യില്‍ അവശേഷിക്കുന്നത്. നിനക്ക് സമ്മാനിക്കാന്‍ മറ്റൊന്നും എന്‍റെ പക്കലില്ല. ഈ പേന നിന്‍റെ ജീവിതത്തിന് സഹായകമാവട്ടെ. ഇതുകൊണ്ട് സമുദായ ഉന്നമനത്തിന്  മരണംവരെ പോരാട്ടം നടത്തണം. എന്‍റെ മക്കളെ ശ്രദ്ധിക്കണം.ڈ 

             1912 സപ്തംബര്‍ 18ന് ബുധനാഴ്ച അന്ത്യനിമിഷത്തില്‍ വിശുദ്ധ വചനങ്ങളും കലിമത്തു തൗഹീദും ചൊല്ലി ആ ബഹുമുഖ പ്രതിഭ ഈ ലോകത്തോട് വിടപറഞ്ഞു. ഫോര്‍ട്ട്കൊച്ചിയിലെ കല്‍വത്തി ജുമാമസ്ജിദിലാണ് അന്ത്യവിശ്രമം. മറ്റു പല പരിഷ്കര്‍ത്താക്കളെപ്പോലെ തന്നെ പുതിയ തലമുറക്ക് വീര്യവും ആവേശവും പകര്‍ന്ന ആ മഹാന്‍റെ പ്രസക്തി മരണശേഷമാണ് കൂടുതല്‍ പ്രകടമായത്. കേരളാ മുസ്ലിം നവീന പരിഷ്കര്‍ത്താക്കളില്‍ മക്തി തങ്ങള്‍ക്ക് തുല്യം അദ്ദേഹം മാത്രം.


പ്രധാന രചനകള്‍

അമ്പതില്‍പരം മലയാള ഭാഷാകൃതികളിലെ ചിലത് : 

 

1. കഠോരകുഠാരം

2. ക്രിസ്തീയ അജ്ഞേയവിജയം പാര്‍ക്കലീത്താ പോര്‍ക്കളം

3. സത്യദര്‍ശിനി 

4. ക്രിസ്തീയ വായടപ്പ് 

5. തണ്ടാന്‍ കണ്ഠമാല

6. തണ്ടാന്‍ കൊണ്ടാട്ടച്ചെണ്ട

7. മുഹമ്മദ് നബി അവകാശപോഷണം ക്രിസ്തീയ മനഃപൂര്‍വ മോഷണം

8. മക്തി സംവാദ ജയം

9. കുഠോരവജ്റം

10. ജയാനന്ദഘോഷം

11. ക്രിസ്തീയ മതപ്പതിപ്പ

12. ത്രയേകനാശം

13. മദ്യപാനം മശീഹാ മതാഭിമാനം 

14. ഞാന്‍ ഞാന്‍ തന്നെ

15. നബി നാണയം

16. മുസ്ലിംകളും രാജഭക്തിയും

17. പാദവാദം പാദകപാതകം

18. മുസ്ലിംകളും വിദ്യാഭ്യാസവും

19. ഖുര്‍ആന്‍ വേദവിലാപം

20. ഒരു വിവാദം

21. മഖ്തി തങ്ങള്‍ ആഘോഷം

22. തങ്ങളാഘോഷം മഹാഘോഷം

23. അഹങ്കാരാഘോഷം

24. പ്രാവ് ശോധന

25. ഡംഭാചാര വിചാരി

26. ഇസ്ലാം വാള് ദൈവ വാള്

27. ഓര്‍ക്കാതാര്‍ക്കുന്നതിന്നൊരാപ്പ്

28. പാലില്ലാപായസം

29. നാരിനരാഭിചാരി

30. മൂഢ അഹങ്കാരം മഹാന്ധകാരം

31. മൗഢ്യാഢംഭര നാശം

32. പാരോപദ്ര പരിഹാരി

33. ലാ മൗജൂദിന്‍ ലാ പോയിന്‍റ്െ

34. മക്തി മനഃക്ലേശം

35. മൂസ്സക്കുട്ടിക്കുത്തരം

36. മുസ്സക്കുട്ടിയുടെ മൂക്കുകുത്തി

37. ദൈവം

38. സ്വര്‍ഗത്തിലേക്ക് വഴികാട്ടി ക്രിസ്തുവോ പൗലോസോ?

39. ക്രൈസ്തവ മൂഢപ്രൗഢീ ദര്‍പ്പണം ഉപലേഖനം

40. സുവിശേഷ നാശം



അറബി മലയാളത്തിലെ മൂന്നു പുസ്തകങ്ങള്‍: 


1. തഅ്ലീമുല്‍ ഇഖ്വാന്‍

2. മുഅല്ലിമുല്‍ ഇഖ്വാന്‍ 

3. മരുമക്കത്തായം


അദ്ദേഹത്തിന്‍റെ ജീവിതകാലത്ത്  പ്രസിദ്ധീകരിച്ച ഈ കൃതികള്‍ക്ക് പുറമെ ക്രിസ്തീയപ്രതാരണ പ്രദര്‍ശിനി, ഇഹലോക പ്രഭു, തോട്ടത്തിരുപ്പോരാട്ട്,അബ്രഹാം സന്താന പ്രവേശം, ക്രിസ്തീയ മൂഢ പ്രൗഢീദര്‍പ്പണം, കുരിശ് സംഭവം സ്വപ്ന സംഭാവന തുടങ്ങിയ പല രചനകളും അദ്ദേഹം നടത്തിയിട്ടുണ്ട്. നാന്നൂറിലധികം പേജുള്ള ക്രിസ്തീയ മൂഢ പ്രൗഢീദര്‍പ്പണം എന്ന  കൃതി മലബാര്‍ ഇസ്ലാം പത്രാധിപരായ സി വി ഹൈദ്രോസ് മക്തി വിജയം എന്ന പേരില്‍ പിന്നീട് പ്രസിദ്ധീകരിച്ചു.