22. ആസിയാബീഗത്തിന്‍റെ സന്ദര്‍ശനം

22. ആസിയാബീഗത്തിന്‍റെ സന്ദര്‍ശനം



ടിവി അബ്ദുറഹിമാന്‍കുട്ടി

മൊബൈല്‍. 9495095336


                                        സഭാ അങ്കണത്തിലെ അന്തേവാസികളായ സ്ത്രീകള്‍ക്കുവേണ്ടി നിര്‍മ്മിച്ച മദ്രസ്സാ കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയ കൊച്ചിയിലെ പൗരപ്രമുഖയും ധനാഢ്യയുമായ ആസിയ  ബീഗം സാഹിബ  1939 സപ്തംബര്‍ 7 (1358 റജിബ് 22) ന് ചെയ്ത പ്രസംഗം. സഭയില്‍ വെച്ച് ചേര്‍ന്ന വനിതാ സമ്മേളനത്തില്‍ വി.പി.സി.തങ്ങളുടെ മൂത്ത സഹോദരി സയ്യിദത്ത് കുഞ്ഞാറ്റ ബീവി ശരീഫയടക്കം തദ്ദേശീയരായ പല മാന്യ മഹിളകളും പങ്കെടുത്തിരുന്നു. സദസ്സില്‍ നിന്ന് അഭിപ്രായ പ്രകടനം നടത്താന്‍ അദ്ധ്യക്ഷ ആവശ്യപ്പെട്ടതനുസരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്ത ഒരേയൊരു വനിത ഉസ്മാന്‍ മാസ്റ്ററുടെ മകള്‍ ബീവി മാത്രമായിരുന്നു.

അസ്സലാമു അലൈക്കും 

എന്‍റെ പ്രിയപ്പെട്ട സഹോദരികളെ , മാന്യ മഹതികളെ ,

                ഇന്നേ ദിവസം ഈ പൊന്നാനിയില്‍ വന്നു നമുക്കെല്ലാവര്‍ക്കും ഏറ്റവും പ്രിയപ്പെട്ട ബഹുമാനപ്പെട്ട മഊനത്തുല്‍ ഇസ്ലാം സഭാ കെട്ടിടത്തില്‍ ഒന്നിച്ചു ചേരുവാന്‍ ഉദവിതന്ന  റബ്ബുല്‍ ആലമീനായ അല്ലാഹുവിനെ ഞാന്‍ സ്തുതിച്ചു കൊള്ളുന്നു. അവന്‍റെ കരുണയും കൃപയും നമ്മുടെയെല്ലാവരുടെയും മേല്‍ ഉണ്ടായിരിക്കട്ടെ (ആമീന്‍). 

         എന്നെ ഇവിടേക്ക് ക്ഷണിച്ചു വരുത്തിയ ഈ സഭാ നടത്തിപ്പുകാരോടും അതിന്‍റെ പ്രസിഡണ്ട് ഖാന്‍ സാഹിബ് വി.ആറ്റക്കോയതങ്ങള്‍ അവര്‍കളോടും എനിക്ക് അതിയായ നന്ദിയുണ്ട്. ഇസ്ലാം ദീനിനുവേണ്ടി ഏതൊരു പുരുഷനും സ്ത്രീയും ചെയ്യുന്ന ഏതൊരു സഹായവും സേവനവും ഒരിക്കലും അധികമാകുന്നതല്ലല്ലോ. ഇസ്ലാം ദീനിനെ മറ്റുള്ളവര്‍ക്ക് എത്തിച്ചു കൊടുക്കേണ്ട കടമ ഏതൊരു പുരുഷന്‍റേതും പോലെ തന്നെ, ഏതൊരു സ്ത്രീയുടേയും കടമയാണെന്നും ഞാന്‍ പറയേണ്ടതില്ല. എന്നാല്‍ നമ്മുടെ ദീനിനെ മറ്റുള്ളവര്‍ക്ക് അറിയിച്ചു കൊടുക്കുവാന്‍ വേണ്ടുന്ന യാതൊരു പ്രവൃത്തിയും ഇന്നു മുസ്ലിംകളില്‍ കാര്യമായ വിധത്തില്‍ നടത്തുന്നില്ല എന്ന സംഗതി വളരെ വ്യസനത്തോടുകൂടി ഞാന്‍ നിങ്ങളെ ഓര്‍മ്മപ്പെടുത്തിക്കൊള്ളുന്നു.

    ഇസ്ലാം ദീനിന്‍റെ മഹത്വം കണ്ടറിഞ്ഞ് അതിലേക്ക് ഓടി കിതച്ചുകൊണ്ടുവരുന്ന അന്യമതക്കാര്‍ക്ക് വേണ്ടുന്ന അത്യാവശ്യ പഠിപ്പുകള്‍പോലും കൊടുക്കുവാന്‍ ഒരേര്‍പ്പാട് മുസ്ലിങ്ങളായ നമ്മുടെ ഇടയില്‍ ഇല്ലായിരുന്നുവെങ്കിലത്തെ നില ആലോചിക്കുവാന്‍ പോലും സാധിക്കുന്നതല്ല. പടച്ചവന്‍റെ സഹായത്താല്‍ ഈ കാര്യം നടത്തുവാന്‍ നമുക്ക് സാധിക്കുന്നത് നമ്മുടെ ബഹുമാനപ്പെട്ട മഊനത്തുല്‍ ഇസ്ലാം സഭ വഴിക്കാകുന്നു. ഈ സഭ വഴിക്ക് ഇസ്ലാം മതത്തിലേക്ക് വരുന്ന സ്ത്രീകളുടെ ആവശ്യത്തിനു വേണ്ടി സഭയില്‍ നിന്നും വളരെ പണം ചിലവിട്ട് പണിതീര്‍ത്തിട്ടുള്ള പുതിയ സ്ത്രീ മദ്രസ്സയെ ഇന്നു തുറക്കുവാന്‍ ക്ഷണിച്ചത് എന്നെ ഒരു പ്രകാരത്തില്‍ ബഹുമാനിച്ചതാണെന്നു കരുതാം. എന്നാല്‍ ഈ ബഹുമാനത്തിന് ഞാന്‍ അര്‍ഹയല്ല എന്നും, ബഹുമാനങ്ങള്‍ക്ക് ശരിയായ അര്‍ഹന്‍ അല്ലാഹുവാണെന്നും ഞാന്‍ അവന്‍റെ ഒരു ദാസിമാത്രമാണെന്നും അനുസ്മരിക്കുന്നു.

                മുസ്ലിംകള്‍ ദീനിനുവേണ്ടി ജനിക്കണം. അതിനു വേണ്ടി ജീവിക്കണം, അതിനു വേണ്ടി തന്നെ മരിക്കുകയും വേണം അങ്ങിനെയിരിക്കെ ദീനിന്‍റെ വഴിയില്‍ ചെയ്യുന്ന സഹായവും പ്രവൃത്തിയും അല്ലാഹുവിന്‍റെ വഴിയില്‍ ചെയ്യുന്നവയായിരിക്കും. അതിന്‍റെ കൂലി എത്രയോ ആയിരം മടങ്ങു അധികരിച്ചതാണെന്നു പടച്ചവന്‍ പറഞ്ഞതാണല്ലോ. ദീനിനുവേണ്ടി ഏതൊരു സഹായവും ചെയ്യുകയും ഏതൊരു സംഖ്യയും ചിലവാക്കുകയും ചെയ്യുന്നവര്‍ നമ്മുടെ മുഹമ്മദ് നബി  തങ്ങളുടെ പ്രീതിക്ക് പ്രത്യേകം അവകാശികളാണ്. ആകയാല്‍ ബഹു: മഊനത്തുല്‍ ഇസ്ലാം സഭയുടെ പുതിയ സ്ത്രീ മദ്രസ്സാ കെട്ടിടം തുറക്കുന്ന ഈ അവസരത്തില്‍ മുസ്ലിം സ്ത്രീകളോടു പൊതുവിലും പൊന്നാനിയിലെ മുസ്ലിം മഹതികളോടു പ്രത്യേകിച്ചും ഞാന്‍ വിനീതമായി അപേക്ഷിക്കുന്നതെന്തെന്നാല്‍:

        നിങ്ങളെല്ലാവരും നിങ്ങളാല്‍ കഴിയുന്ന സംഖ്യകള്‍ നമ്മുടെ ബഹുമാനപ്പെട്ട സഭയിലേക്ക് കൊടുക്കണമെന്നും നമുക്കെല്ലാവര്‍ക്കും ഏറ്റവും പ്രിയപ്പെട്ട നമ്മുടെ സഭക്ക് വേണ്ട സഹായങ്ങളും ഒത്താശകളും ചെയ്യുവാന്‍ നിങ്ങളുടെ ഭര്‍ത്താക്കന്‍മാരോടും, പിതാക്കന്മാരോടും, സഹോദരന്മാരോടും, ഇതര ബന്ധുക്കളോടും ആവശ്യപ്പെടേണ്ടതാണ്. നമ്മുടെ ഈ ബഹുമാനപ്പെട്ട സഭ മുഖേന 1939 സെപ്തംബര്‍ 2 (1358 റജബ്  15)വരെ  ഒട്ടാകെ 22690 പേരില്‍ 7500 ത്തോളം അന്യമതക്കാരായ സ്ത്രീകള്‍ സത്യമാര്‍ഗ്ഗത്തിലേക്ക് വന്നു ആവശ്യമായ കാര്യങ്ങള്‍ പഠിച്ചു വിട്ടുപോയിട്ടുണ്ടെന്നു എനിക്ക് അറിയാന്‍ സാധിച്ചിരിക്കുന്ന സംഗതി പടച്ചവനെ സ്തുതിച്ചുകൊണ്ടു ഞാന്‍ നിങ്ങളെ അറിയിച്ചു കൊള്ളുന്നു. ഇങ്ങനെയുള്ള ഒരു പാവന ധര്‍മ്മസ്ഥാപനത്തെ സഹായിക്കുന്ന വഴിക്ക് നിങ്ങള്‍ അല്ലാഹുവിന്‍റെയും മുഹമ്മദ് നബി തങ്ങളുടെയും പ്രീതി സമ്പാദിച്ചു നാളെ ആഖിറത്തിലേക്കുള്ള സമ്പാദ്യം കൈവശപ്പെടുത്തേണമെന്നു ഞാന്‍ നിങ്ങളോടു വീണ്ടും അപേക്ഷിക്കുന്നു. എന്‍റെ മുസ്ലിം സഹോദരികളില്‍ പണക്കാരായവര്‍ അവരുടെ കഴിവിന്‍പടി വലിയ സംഖ്യകളും സാധുക്കളായവര്‍ ഒരു പൈ വരേയെങ്കിലും ഉള്ള സംഖ്യകളും ദാനം നല്‍കി സഭയെ സഹായിക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു.

പ്രിയപ്പെട്ട സഹോദരികളെ ! 

                ദീനിനെ പരിപാലിക്കുന്നതില്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ ചെയ്യേണ്ടത് സ്ത്രീകളാണ്. ആഖിറത്തി (പരലോകത്ത്) ല്‍ അല്ലാഹു കൂലി വെച്ചിട്ടുള്ളത് പുരുഷനെന്നോ, സ്ത്രീയെന്നോ ആലോചിച്ചിട്ടല്ല. എന്നാല്‍ ദുനിയാവില്‍ ചെയ്ത പ്രവൃത്തിയെ നോക്കിയാണ് അവന്‍ നാളെ ആഖിറത്തില്‍ കൂലി കണക്കാക്കുക. അപ്പോള്‍ ആണുങ്ങളെക്കാള്‍ അധികം കൂലി നമ്മള്‍ക്ക് കിട്ടണമെന്നു കരുതി ഇന്നു നാം ആണുങ്ങളെക്കാള്‍ അധികം ദീനിനെ പരിപാലിക്കണം. ഇതിനു തക്ക പണിയാണല്ലോ ബഹു: മഊനത്തുല്‍ ഇസ്ലാം സഭയിലേക്ക് പണം കൊടുത്തും, കൊടുപ്പിച്ചും മറ്റും കഴിയുന്ന സഹായങ്ങള്‍ ചെയ്യുന്നത്. ആകയാല്‍ ഈ കാര്യത്തില്‍ നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണമെന്നാണ് ഞാന്‍ ഒന്നുകൂടി നിങ്ങളെ വിനീതമായി ഓര്‍മ്മിപ്പിക്കുന്നത്.

                നമ്മള്‍ പെണ്ണുങ്ങളാണ്. നമുക്കു ഒന്നിന്നും അധികം ഒഴിവില്ല. നിങ്ങളില്‍ പലരും പല ജോലിത്തിരക്കുള്ളവരായിരിക്കും. ആകയാല്‍ വിലയേറിയ നിങ്ങളുടെ സമയത്തെ ഞാന്‍  കവര്‍ന്നെടുക്കുവാന്‍ വിചാരിക്കുന്നില്ല. നിങ്ങള്‍ എന്നെ ക്ഷണിച്ചു വരുത്തി എന്നോടു കാണിച്ച ബഹുമാനത്തിനും, എനിക്ക് തന്ന സ്വീകരണത്തിനും ഏറ്റവും വിനീതമായി നിങ്ങളോട് ഞാന്‍ നന്ദി പറഞ്ഞു കൊള്ളുന്നു. യഥാര്‍ത്ഥമായ ഒരു ഇസ്ലാമിക സഹോദരി എന്ന ഭാവത്തില്‍ നിങ്ങള്‍ എന്നോടു കാണിച്ച പെരുമാറ്റം എന്നെ വല്ലാതെ തൃപ്തിപ്പെടുത്തിയിരിക്കുന്നു. ഞാന്‍ അതില്‍ സന്തോഷവതിയും നന്ദിയുള്ളവളുമാണ്.

                റബ്ബുല്‍ ആലമീനായ തമ്പുരാന്‍ നമ്മളെല്ലാവരേയും അവന്‍റെ സത്യവഴിയില്‍ ജീവിക്കുന്നവരാക്കട്ടെ! അവന്‍റെ കരുണയും രക്ഷയും നമ്മുടെ നബി തങ്ങളുടെ മേല്‍ ഉണ്ടാകുമാറാകട്ടെ! ബഹുമാനപ്പെട്ട മഊനത്തുല്‍ ഇസ്ലാം സഭയെ സഹായിക്കുവാനുള്ള കഴിവും ശക്തിയും അവന്‍ നമ്മള്‍ക്ക് എല്ലാവര്‍ക്കും തരട്ടെ ! ദുന്‍യാവിലും, ആഖിറത്തിലും നമ്മളെല്ലാവരേയും സജ്ജനങ്ങളുടെ കൂട്ടത്തില്‍  അവന്‍ ആക്കിത്തീര്‍ക്കുമാറാകട്ടെ! (ആമീന്‍ !!)