21. മൗലാനാ ശൗക്കത്തലിയുടെ സന്ദര്‍ശനം


21. മൗലാനാ ശൗക്കത്തലിയുടെ സന്ദര്‍ശനം



ടിവി അബ്ദുറഹിമാന്‍കുട്ടി

മൊബൈല്‍. 9495095336


                                                1934ല്‍ ഏപ്രില്‍ 28,29 (ശനി, ഞായര്‍) തിയതികളില്‍ മഊനത്തിന്‍റെ മുപ്പത്തിമൂന്നാം വര്‍ഷാന്ത ജനറല്‍ മീറ്റിംങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തത് ഇന്ത്യന്‍ മുസ്ലിംകളുടെ ആവേശവും സ്വാതന്ത്ര്യ സമര നായകനും ഖിലാഫത്ത് പ്രസ്ഥാനത്തിന്‍റെ അനിഷേധ്യ അമരക്കാരനുമായ മൗലാന ഷൗക്കത്തലി സാഹിബായിരന്നു. ഏപ്രില്‍ 28ന് ശനിയാഴ്ച ഉച്ചക്ക് 3.20ന് പൊന്നാനി കടപ്പുറത്തെ ഇന്നത്തെ ലൈറ്റ് ഹൗസിടുത്ത് കൊടിപാമരത്തിന് സമീപം ആറ്റക്കോയതങ്ങള്‍ നിര്‍മ്മിച്ച ആറ്റക്കുളം പരിസരത്ത് ഒരുക്കിയ വിശാലമായ പന്തലിലേക്ക് വളണ്ടിയര്‍മാരുടെ അകമ്പടിയോടെയാണ് ഷൗക്കത്തലി സാഹിബ് ആഗതനായത്. അന്ന് കടപ്പുറം ഇന്നത്തെക്കാള്‍ വിജനവും വിശാലമായിരുന്നു. കടല്‍ ലൈറ്റ്ഹൗസ് പരിസരത്തുനിന്ന്  ഏതാണ്ട് ഒരുകിലോമീറ്റര്‍ അകലെയായിരുന്നു.

                                സഭാ അംഗങ്ങളും ഭാരവാഹികലളും അനുഭാവികളും  ഉള്‍പ്പെടെ  അയ്യായിരത്തില്‍ പരം ശ്രോതാക്കള്‍ പങ്കെടുത്തു. അല്‍-അമീന്‍ പത്രാധിപരും കോണ്‍ഗ്രസ്സ് നേതാവുമായ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ്, കെ. എം. സീതി സാഹിബ് എം.എല്‍.എ, എം.എ. യൂസഫ് സാഹിബ് ഇടവ, വി.എം. അബ്ദുല്‍ ഖാദര്‍ മൗലവി ആലപ്പുഴ, മൗലാനാ ആഴഞ്ചേരി അബ്ദുറഹിമാന്‍ മുസ്ലിയാര്‍ കാസര്‍ക്കോട്, ഖാദര്‍ ബാഷാ സാഹിബ് തമിഴ്നാട്, കൈതാല്‍ ഉപ്പി സാഹിബ്, പി. വി. ചെറുകുഞ്ഞി കോയ തങ്ങള്‍ പാടൂര്, മുഹമ്മദ് ഷാ മെഗ്രാള്‍ സാഹിബ്, സൈതുമുഹമ്മദാജി ഏറിയാട്. ഇ.കെ. മൗലവി, എം.സി.സി. അബ്ദുറഹിമാന്‍ മൗലവി കോഴിക്കോട്, എംസി.സി. ഹസന്‍ മൗലവി പുളിക്കല്‍, സി. സി. മുഹമ്മദ് സാഹിബ്, ഇ. മൊയ്തു മൗലവി, വാക്കാട്ടെയില്‍ അയമുഹാജി മാറഞ്ചേരി, കെ. അലി കുഞ്ഞി സാഹിബ് കണ്ണൂര്‍, സി. സി. മൊയ്തുണ്ണി വെളിയംകോട്, അലികുഞ്ഞി മൗലവി നാട്ടിക, ഔകോയ നഹ, കെ. അലിക്കുട്ടി നഹ പരപ്പനങ്ങാടി, കെ. പി. മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍ പറവണ്ണ, ആര്‍. ഒ. മുഹമ്മദ് മാസ്റ്റര്‍ ഒരുമനയൂര്‍, പി. എം. അബ്ദുറഹിമാന്‍ കൊടുങ്ങല്ലൂര്‍, എ. മുഹമ്മദ് മാസ്റ്റര്‍ വാടാനപ്പള്ളി, പി. വി. മുഹമ്മദ് സാഹിബ് തൈക്കാട്, കെ. എം. കോയകുട്ടി സാഹിബ് ചാലിയം, കെ. കെ. മുഹമ്മദ് മുസ്ലിയാര്‍ പുന്നയൂര്‍ക്കുളം കെ. കോയക്കുട്ടി മൗലവി, സി. എച്ച്. മുഹമ്മദ് സാഹിബ് തിരൂരങ്ങാടി, പാറപ്പുറത്ത് മുഹമ്മദ് സാഹിബ്, നരിക്കോടന്‍ മൊയ്തീന്‍ കുട്ടി സാഹിബ് തിരൂര്‍,  പി. കുഞ്ഞി മൊയ്തീന്‍ കുട്ടി സാഹിബ് കല്‍പ്പകഞ്ചേരി, പി. കെ. മുഹമ്മദ് എന്ന കുഞ്ഞീതു തൊഴുവാനൂര്‍, നാലകത്ത് അഹമ്മദ് കുട്ടി സാഹിബ് വെട്ടത്ത് പുതിയങ്ങാടി, ശൈഖ് അലി മൗലവി എരിഞ്ഞിപ്പാലം, ടി. അസ്സനാര്‍കുട്ടി താനൂര്‍, ടി. കെ. മുഹമ്മദ് മുസ്ലിയാര്‍ വെളിയംകോട്, കെ.വി നൂറുദ്ദീന്‍ സാഹിബ്, മായന്ത്രിയകത്ത് മക്കി ഇമ്പിച്ചി, പി.കെ. അബ്ദുറഹിമാന്‍കുട്ടി എന്ന ഇമ്പിച്ചി, കെ.വി.കുഞ്ഞിമുഹമ്മദാജി, പി.കെ. മൊയ്തീന്‍കിട്ടി എന്ന കുഞ്ഞുണ്ണി, സി. മൊയ്തീന്‍കുട്ടി എന്ന ഇമ്പിച്ചിഹാജി, എ.വി. ബാവക്കുട്ടിഹാജി, അഡ്വ. ഹാജി പി.കെ. കുഞ്ഞിഅഹ്മ്മദ്കുട്ടിഹാജി, കെ.പി. സൈനുദ്ദീന്‍കുട്ടി ഹാജി, ടി.കെ. ഇബ്രാഹിംകുട്ടി, മായന്ത്രിയകത്ത് മമ്മിക്കുട്ടി, എന്‍. ഔസാമു, പടിഞ്ഞാറകത്ത് കുഞ്ഞിബാവ, പാലത്തുംവീട്ടില്‍ അബ്ദുല്ലക്കുട്ടി, പി. എയ്ന്തുമുസ്ലിയാര്‍, വി.കെ. അബ്ദുറഹിമാന്‍, കെ.പി. അബ്ദുല്ലക്കുട്ടി, ഡോ. കെ.സി. മുഹമ്മദ്, ഇ.കെ. ഇമ്പിച്ചിബാവ, എ.പി.എം. അബ്ദുല്‍ അസീസ് ഹാജി, സാധു അബ്ദുല്ലക്കുട്ടി, കുന്നിക്കലകത്ത് ഉസ്മാന്‍ മാസ്റ്റര്‍ തുടങ്ങി സമൂഹത്തിന്‍റെ വിവിധ തുറകളില്‍പ്പെട്ട 200ല്‍ പരം പ്രത്യേക ക്ഷണിതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. പ്രമുഖ വ്യക്തികളും സംഘടനകളും അയച്ച 24 കമ്പി സന്ദേശങ്ങള്‍ ഹാജി പി. കുഞ്ഞി അഹമ്മദ് കുട്ടി സാഹിബ് വായിച്ചു. ഷൗക്കത്തലി സാഹിബിന്‍റെ പ്രൗഢോജ്ജ്വല പ്രഭാഷണം പരിഭാഷ ചെയ്തത് കെ. എം. സീതി സാഹിബ് ആയിരുന്നു. ഷൗക്കത്തലി സാഹിബ് താന്‍ പ്രിന്‍റ് ചെയ്ത് തയ്യാറാക്കിയ പ്രസംഗത്തിനു മുമ്പ് നടത്തിയ ആമുഖ ഭാഷണം: 

                                                            'പലവിധ പ്രതിബന്ധങ്ങളും ജോലി തിരക്കുകളും ഉണ്ടായിട്ടുകൂടി അതെല്ലാം നിര്‍ത്തിവെച്ചുകൊണ്ടാണ് മലബാറിലേക്ക് വന്നത്  ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നതുകൊണ്ടാണ്. ദക്ഷിണേന്ത്യന്‍ മുസ്ലിംകളുടെ പൂര്‍വ്വികര്‍ അധികവും അറബികളുടെ സന്താനങ്ങളാണ്. എന്‍റെ പ്രസംഗം തുടങ്ങുന്നതിനു മുമ്പ് എന്നെ ഞാന്‍തന്നെ നിങ്ങള്‍ക്ക് പരിചയപ്പെടുത്താം. 

                                        ഞാന്‍ ഒരു ഹനഫി സുന്നി മുസ്ലിമാണ്. എന്‍റെയും സഹോദരന്‍ മുഹമ്മദലിയുടെയും മാതാവ് ബീഉമ്മ നഖ്ശബന്തി ത്വരീഖത്തുകാരാണ്. ധീരന്‍മാരായ മലബാര്‍ മുസ്ലിം സഹോദരന്‍മാര്‍ ശാഫി മദ്ഹബ്കാരാണ്. നിങ്ങളോട് ആ മദ്ഹബ് ഉപേക്ഷിക്കുവാന്‍ ഞാന്‍ പറയുന്നില്ല. റസൂല്‍ തിരുമേനിയിലും അല്ലാഹുവിലും വിശ്വസിക്കുകയും ഖിബ്ലയെ ലക്ഷ്യമാക്കി നമസ്ക്കരിക്കുകയും ചെയ്യുന്നവരെല്ലാം മുസ്ലിംകളാണ്. നൂറില്‍ തൊണ്ണൂറ്റിഒമ്പത്  ശതമാനവും തമ്മില്‍ ഐക്യവുമാണ്. നിസ്സാരമായ സംഗതിയെ ആസ്പദമാക്കി പരസ്പരം കലഹിച്ചാല്‍ അത് ഇസ്ലാമിന്‍റെ ശത്രുക്കള്‍ക്ക് നമുക്കുനേരെ പൊരുതാന്‍ മാര്‍ഗ്ഗം തെളിയിച്ചു കൊടുക്കലായിരിക്കും. യുവാക്കളും വൃദ്ധന്‍മാരും അന്യോന്യം സ്നേഹിച്ചും സഹകരിച്ചും പ്രവര്‍ത്തിക്കണം . ലോകം യുവാക്കളുടെ കയ്യിലാണ് സ്ഥിതി ചെയ്യുന്നതെന്നുള്ള വസ്തുത ഞാന്‍ വിസ്മരിക്കുന്നില്ല. യുവാക്കന്‍മാരുടെ സഹകരണം കൊണ്ടു എനിക്കും സഹോദരനും പല നല്ല സേവനങ്ങളും ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. യുവ ജനങ്ങളെ ഞങ്ങള്‍ എപ്പോഴും സ്നേഹിച്ചുവശീകരിക്കും. ഈ സഭാ നടപടികള്‍ ശുഭമായി പര്യവസാനിക്കുന്നതുവരെ നിങ്ങളുടെ സഹായം എനിക്കുണ്ടാകുമെന്ന് വിശ്വസിക്കുന്നു. 

                                                നാല്‍പ്പത് വയസ്സുവരെ ഞാന്‍ തനി പാശ്ചാത്യ പരിഷ്ക്കാര പ്രിയനായിരുന്നു. അക്കാലത്ത് എന്നെ ആരും ബഹുമാനിച്ചിരുന്നില്ല. എന്‍റെ വീട്ടില്‍ ഒരു വെള്ളക്കാരനോ വെള്ളക്കാരിയോ വരുന്നതു ഞാന്‍ വലിയ പുണ്യമായി ഗണിച്ചിരുന്നു. ഞാനും സഹോദരനും ഞങ്ങള്‍ക്കാവശ്യമായ സാധനങ്ങള്‍ യൂറോപ്പില്‍ നിന്നായിരുന്നു വരുത്തിയിരുന്നത്. അതെല്ലാം ഉപേക്ഷിച്ച് യഥാര്‍ത്ഥ ഇസ്ലാമിക ജീവിതം കൈകൊണ്ടപ്പോള്‍  എല്ലാവരും എന്നെ ബഹുമാനിച്ചുതുടങ്ങി. 

                                                ഞാന്‍ പാശ്ചാത്യ നാടുകളില്‍ പോയപ്പോള്‍ ഒരു മുസല്‍മാന്‍ പോകുന്നുവെന്ന്  പറഞ്ഞ് എന്നെ എല്ലാവരും സകൗതുകം വീക്ഷിക്കുകയും ബഹുമാനിക്കുകയും ചെയ്തു. നേരെ മറിച്ച് ഹാറ്റ് ധരിച്ചും മുഖം ക്ഷൗരം ചെയ്തും പോയതായിരുന്നുവെങ്കില്‍ എന്നെ ആരും  ബഹുമാനിക്കുകയില്ല എന്ന് ഞാന്‍ കരുതുന്നു. അതുകൊണ്ട്  ഇസ്ലാമിന്‍റെ യൂനിഫോമില്‍പ്പെട്ട താടി  നിങ്ങള്‍ വെക്കണം. താടിയാണ്  മതമെന്നു ഇതിനര്‍ത്ഥമില്ല. താടി എത്ര നീട്ടിയിട്ടും ഇസ്ലാമിക സിദ്ധാന്തങ്ങള്‍ അനുസരിച്ച് ജീവിച്ചില്ലെങ്കില്‍ യാതൊരു ഫലവും ഇല്ല. ഞാനും എന്‍റെ സമകാലീകരും ഇനി അധികകാലം ജീവിച്ചിരിക്കുകയില്ല. ഭാവിയില്‍ നിങ്ങളും ഞങ്ങളെ പോലെ വൃദ്ധന്‍മാരായി വരും. ഇന്നു നിങ്ങള്‍ എന്‍റെ താടി പിടിച്ചു പറിച്ചാല്‍ നാളെ നിങ്ങളുടെ താടിയും പിടിച്ചു വലിക്കും. വൃദ്ധന്‍മാരോട് എനിക്ക് പറയുവാനുള്ളത് യുവാക്കളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുവിന്‍ എന്നാണ്. ഞാന്‍ വിഷയത്തില്‍ നിന്നു വ്യതിചലിച്ചു പറഞ്ഞു പോയത് നിങ്ങള്‍ ക്ഷമിക്കുമെന്നു വിശ്വസിക്കുന്നു.چ 

ധീരമായ എന്‍റെ മുസ്ലിം സഹോദരങ്ങളെ 

അസ്സലാമു അലൈക്കും 

                                        മലബാറിലെ എന്‍റെ മുസ്ലിം സഹോദരങ്ങളെ ഞാന്‍ എപ്പോഴും സ്നേഹിക്കുന്നു. അവര്‍ അതിനു അര്‍ഹരുമാണ്. നിങ്ങള്‍ ധൈര്യവാന്മാരും ദൈവ ഭക്തന്മാരും ആയതിനാല്‍ ഇന്ത്യയിലെ ഇതര മുസ്ലിംകളെക്കാള്‍ ഉത്തമന്മാരാണ്.

                                            നിങ്ങളുടെ സമ്മേളനത്തില്‍ അദ്ധ്യക്ഷം വഹിക്കാന്‍ എന്നെ ക്ഷണിച്ചപ്പോള്‍ നിങ്ങളെ വീണ്ടും സന്ദര്‍ശിക്കുവാനും നിങ്ങളുടെ സാമുദായികവും വിദ്യാഭ്യാസപരവുമായ അഭിവൃദ്ധിക്കുവേണ്ടി വിനിയോഗിക്കുവാന്‍ സെന്‍റര്‍ ഖിലാഫത്തു കമ്മിറ്റിയില്‍ പണം സ്വരൂപിക്കുവാനും ഞാന്‍ എപ്പോഴും ആശിച്ചതുകൊണ്ടാണ് ആ ക്ഷണം ഉടനെ സ്വീകരിച്ചത്. എന്നാല്‍ ഇന്ത്യയിലും മറ്റു പല രാജ്യങ്ങളിലും ഇസ്ലാം വിഷമ ഘട്ടങ്ങളെ തരണം ചെയ്യുകയാണ്. സാമ്പത്തിക പ്രയാസം നിമിത്തം എല്ലാ ഇസ്ലാമിക സ്ഥാപനങ്ങളും വളരെ കഷ്ടപ്പെടുന്നുണ്ട്. നിങ്ങളുടെ ഔദാര്യവും ബഹുമാനവും നിമിത്തം എനിക്കേറ്റവും പ്രിയപ്പെട്ട ഒരു വിഷയത്തപ്പറ്റി നിങ്ങള്‍ക്ക് വ്യക്തമായ ഒരു സന്ദേശം നല്‍കാന്‍ എനിക്കു സാധിച്ചാല്‍ ഞാന്‍ സന്തോഷിക്കുന്നു. ഞങ്ങള്‍ രണ്ടുപേരും മറ്റു പ്രവര്‍ത്തികളെല്ലാം നിറുത്തിവെച്ചു നമ്മുടെ മഹത്തായ മതം പ്രചരിപ്പിക്കുന്നതിനു ഇറങ്ങേണ്ട കാലം വരുമെന്നു ഒരു യഥാര്‍ത്ഥ മുജാഹിദും (ധര്‍മ്മഭടന്‍) ഇസ്ലാമിന്‍റെ ദാസനുമായിരുന്ന പരേതനായ എന്‍റെ സഹോദരന്‍ മൗലാനാ മുഹമ്മദലി എന്നെ പലപ്പോഴും ഓര്‍മ്മിപ്പിച്ചിരുന്നു. അദ്ദേഹം അന്ത്യനിമിഷംവരെ ഇസ്ലാമിന് സേവനം ചെയ്തുകൊണ്ടാണ് മൃതിയടഞ്ഞത്. ഇപ്പോള്‍ ശക്തിക്കനുസരിച്ച് പ്രവര്‍ത്തിപ്പാന്‍ ഞാന്‍ മാത്രം ശേഷിച്ചു. ഇസ്ലാമിക പതാകയെ ഉയര്‍ത്തിപ്പിടിക്കാനും നമ്മുടെ മഹത്തായ മതത്തെ ലോകത്തിന്‍റെ എല്ലാ മൂലയിലും പ്രചരിപ്പിക്കാനും ആണ് എല്ലാ മുസ്ലിംകളെയും സൃഷ്ടിച്ചതെന്നു നാം വിശ്വസിക്കുന്നു. മഊനത്തുല്‍ ഇസ്ലാം സഭ ഈ കൃത്യം നിര്‍വ്വഹിച്ചുവരുന്നതില്‍ ഞാന്‍ നിങ്ങളെ അഭിനന്ദിക്കുന്നു. എന്നാല്‍ കാലത്തിനനുസരിച്ചു ചിന്നിച്ചിതറി കിടക്കുന്ന നമ്മുടെ ശക്തികള്‍ ഒന്നിച്ചുകൂട്ടി ഈ പാവനമായ ഉദ്ദേശ്യ നിര്‍വ്വഹണാര്‍ത്ഥം പ്രവര്‍ത്തിക്കേണ്ട കാലം ആസന്നമായിരിക്കുന്നു. 

                                            ഇതര മതങ്ങളിലെ മിഷ്യനറിമാരെ അനുകരിക്കാന്‍ നമുക്ക് മോഹമില്ല. ശത്രുക്കള്‍ പറയും പ്രകാരം ഖഡ്ഗ പ്രയോഗം വഴി ഇസ്ലാം ഒരിക്കലും ലോകത്ത് പ്രചരിക്കപ്പെട്ടിട്ടില്ല. ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇസ്ലാമിന്‍റെ ഉത്തമവും അഭിവൃദ്ധ്യോന്മുഖവുമായ പ്രബോധനങ്ങള്‍ വഴി അതിന്‍റെ അത്ഭുതകരമായ സ്വാധീനശക്തിയെ ലോകത്തെങ്ങും പരത്തി. പൗരാണിക മുസ്ലിംകള്‍ തങ്ങള്‍ പോയിരുന്ന എല്ലാ സ്ഥലങ്ങളിലും പരിസരങ്ങളിലെ നിവാസികളുടെ ബഹുമാനത്തിനു പാത്രമായി തീരത്തക്കവണ്ണം മാന്യമായ നിലയില്‍ എളിയ ജീവിതം നയിച്ചുപോന്നു. അവരുടെ ദിനചര്യകള്‍ കണ്ടുകൊണ്ടിരിക്കുന്ന പരിസരവാസികള്‍ അവരില്‍ നിന്ന് ഇസ്ലാമിക തത്വങ്ങള്‍ ഗ്രഹിക്കുക മൂലം ഈ ലോകത്തിലും പരലോകത്തിലും മുക്തി നല്‍കാന്‍ പര്യാപ്തമായ ഒരേയൊരു മതം ഇസ്ലാമാണെന്നു അവര്‍ക്കു മനസ്സിലാവുകയും ചെയ്തു.

                                                    ഇതര മതങ്ങളെ വിമര്‍ശിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഇന്ന് ഇസ്ലാമികാദര്‍ശം പരമമായ ഔന്നിത്യത്തെ പ്രാപിക്കുവാനും അതുവഴി തനിക്കും മനുഷ്യലോകത്തിനും ആശ്വാസം പ്രദാനം ചെയ്യുവാനും പര്യാപ്തമെന്നു എല്ലാവരും സമ്മതിക്കുന്നു. എക്കാലംവരെ മുസ്ലിംകള്‍ പരിശുദ്ധ ഖുര്‍ആന്‍റെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചു നബിതിരുമേനിയെ പിന്തുടരുകയും എളിയ ജീവിതം നയിക്കുകയും ചെയ്തിരുന്നുവോ അക്കാലമത്രയും ലോകം അവരുടെ കാല്‍ചുവടുകളിലായിരുന്നു. നമുക്ക് ഈ ലോകത്ത് അഭിവൃദ്ധിയുണ്ടാക്കണമെന്നും എല്ലാവരുടെ ബഹുമാനത്തിനും അര്‍ഹരാകത്തക്കവണ്ണം ഔന്നിത്യം പ്രാപിക്കണമെന്നും ആശയുണ്ടെങ്കില്‍ നാം വിശുദ്ധ ഖുര്‍ആന്‍റെ ആജ്ഞകളനുസരിക്കുകയും നബിവചനങ്ങളെ പിന്തുടരുകയും വേണം.

                                                                 'ലാ ഇക്റാഹ ഫിദ്ദീനി '(മതത്തിന്‍റെ കാര്യത്തില്‍ ബലപ്രയോഗമേയില്ല) എന്നാണ് ഖുര്‍ആന്‍ പറയുന്നത്. വിശാല മനസ്കതയെ കാണിക്കുന്ന പ്രബോധനത്തിന്‍റെ ഫലമായിട്ടാണ് ഇന്നു ലോകത്തിന്‍റെ നാനാ ഭാഗങ്ങളിലുമായി നാല്‍പ്പത് കോടി മുസ്ലിംകളെ കാണാന്‍ സാധിക്കുന്നത്. ഇസ്ലാം പ്രചരിപ്പിച്ചത് മുസ്ലിം രാജാക്കന്‍മാരോ അവരുടെ സൈന്യമോ അല്ല. നേരെ മറിച്ച് എല്ലാ ഓരോ മുസ്ലിമിന്‍റെ ജീവിതത്തിലും ദിനചര്യകളിലും ഉണ്ടായിരുന്ന യഥാര്‍ത്ഥമായ മിഷനറി ചൈതന്യമായിരുന്നു അതിനു കാരണം. ദക്ഷിണേന്ത്യയിലെ പശ്ചിമ തീരങ്ങളില്‍ നിവസിക്കുന്ന മുസ്ലിംകളായ നിങ്ങള്‍ ലോകത്തിന്‍റെ നാനാ ഭാഗങ്ങളിലും ചെന്ന് അഹോവൃത്തി മാര്‍ഗ്ഗങ്ങള്‍ കണ്ടുപിടിക്കുന്നതോടൊപ്പം എത്തുന്ന സ്ഥലങ്ങളിലെല്ലാം നമ്മുടെ മഹത്തായ മതത്തിന്‍റെ ആദര്‍ശങ്ങള്‍  പരത്തിക്കൊണ്ടിരുന്ന  മഹാന്മാരായ അറബികളുടെ ഉത്തമ സന്തതികളാണ്. അവരുടെ സഹിഷ്ണുതയും കാരുണ്യവും വിധവകളോടുള്ള  ബഹുമാനവും ശിശുക്കളോടുള്ള സ്നേഹവും ഇതര മതസ്ഥരായ അയല്‍വാസികളുമായുള്ള മാന്യമായ പെരുമാറ്റവും എല്ലാറ്റിലും ഉപരിയായി മുസ്ലീംകള്‍ എല്ലാവരും സഹോദരന്‍മാരാണെന്ന വിശുദ്ധ ഖുര്‍ആന്‍ നിര്‍ദ്ദേശ പ്രകാരമുള്ള സര്‍വ്വ സാഹോദര്യവും ഹേതുവായി മുസ്ലിംകളുമായി ഇടപ്പെട്ടിരുന്ന സര്‍വ്വരെയും മുസ്ലിംകളിലേക്ക് ആകര്‍ഷിച്ചിരുന്നു.

                                                    ഇസ്ലാമില്‍ വര്‍ണ്ണ വര്‍ഗ്ഗ ദേശ വ്യത്യാസമില്ല. 'നിങ്ങളില്‍ ദൈവ ദൃഷ്ടിയില്‍ ഉത്തമന്‍ ദൈവഭയം അധികമുള്ളവനാണ്.' എന്നു കല്‍പ്പിക്കുന്ന ഖുര്‍ആനിലെ ഉപദേശങ്ങളെക്കാള്‍ മഹത്തായ ഉപദേശങ്ങള്‍ മറ്റൊരു മതത്തിലും കാണുകയില്ല. ഈ വിശിഷ്ടമായ ഉപദേശം ഏറ്റവും നികൃഷ്ടനും നിര്‍ധനനുമായി ഗണിക്കപ്പെടുന്നവനുകൂടി മഹത്വത്തിന്‍റെയും മുക്തിയുടെയും മാര്‍ഗ്ഗം തുറന്നു കൊടുക്കുകയും വര്‍ഗ്ഗ വര്‍ണ്ണ വ്യത്യാസം നിമിത്തം അഭിവൃദ്ധി മാര്‍ഗ്ഗത്തില്‍ പ്രവേശിക്കുവാനുള്ള പാതപോലും അടക്കപ്പെട്ടിരുന്ന എത്രയോ ലക്ഷം മനുഷ്യരെ  ഇസ്ലാമിലേക്ക്  ആകര്‍ഷിക്കുകയും ചെയ്തു. മഹത്വം പ്രാപിക്കാനുള്ള അവകാശം ഒരു സയ്യിദിന്‍റെയോ ശൈഖിന്‍റെയോ മുഗളിന്‍റെയോ പട്ടാണിയുടെയോ  രാജാവിന്‍റെയോ ധനികന്‍റെയോ കുത്തകയല്ല. ഏറ്റവും നിസ്സാരനായ അടിമക്ക് പോലും ഔന്നിത്യം പ്രാപിക്കാന്‍ യോഗ്യന്മാരെയും മാന്യന്മാരെയും പോലെതന്നെ അവസരം നല്‍കപ്പെട്ടിരുന്നു. ഏതു രാജ്യത്തെ ഇസ്ലാമിക ചരിത്രം വായിക്കുന്നതായാലും സാധുക്കളായ എത്രയോ സ്ത്രീ പുരുഷന്‍മാര്‍ ഉന്നത സ്ഥാനങ്ങളിലെത്തിയതായും സര്‍വ്വരുടെയും ബഹുമാന ദര്‍ശനങ്ങള്‍ക്ക് പാത്രമായതും കാണാന്‍ കഴിയുന്നതുമാണ്.

                                                                ഇസ്ലാമിലെ ആദ്യ മുഅദ്ദിനും പ്രവാചകരുടെ വീട്ടു കാര്യന്വേഷകനുമായ ഹസ്രത്ത് ബിലാലിനു സിദ്ധിച്ച മഹത്തായ പദവിയില്‍  അസൂയാലുക്കളാകാത്തവര്‍ ആരാണുള്ളത്. അദ്ദേഹം ഒരു ആഫ്രിക്കന്‍ അടിമയായും അദ്ദേഹത്തിന്‍റെ മാതാപിതാക്കള്‍ നീഗ്രോ അടിമകളുമായിരുന്നു. ഒരു സാധാരണ അടിമയെ പോലെ അദ്ദേഹത്തേയും വിലക്കുവിറ്റു. പ്രതിസന്ധികള്‍ തരണം ചെയ്ത് ഇസ്ലാം മതം സ്വീകരിക്കുകയും ആ മതത്തില്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുകയും അതിനു വേണ്ടി ത്യാഗങ്ങള്‍ സഹിക്കാന്‍ സന്നദ്ധരായിരിക്കുകയും ചെയ്തതിനാല്‍ അദ്ദേഹം ഉന്നത പദവിയില്‍ എത്തി. മഹാനായ രണ്ടാം ഖലീഫ ഹസ്രത്ത് ഉമറിന്‍റെ കാലത്തു ഹസ്രത്ത് ബിലാല്‍ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നതായുള്ള ഒരു വാര്‍ത്ത പരന്നു. ലോകത്തിന്‍റെ അന്തര്‍ഭാഗം ജയിച്ചടക്കിയിരുന്ന മഹാനായ ഖലീഫ ഉമര്‍ വിനയ ഭാവത്തില്‍ ഹസ്രത്ത് ബിലാലിന്‍റെ അടുക്കല്‍ ചെന്നു. വംശ പാരമ്പര്യ മഹിമയില്‍  അഭിമാനിച്ചിരുന്ന ഖുറൈശി ഗോത്രത്തിലെ ഉത്തമ മഹിളാ മണികളില്‍ നിന്നു വധുവിനെ തിരഞ്ഞെടുക്കാമെന്നപേക്ഷിച്ചു. പരിഷ്ക്കാരത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും കാലമാണെന്നു പറയപ്പെടുന്ന ഈ ഇരുപതാം നൂറ്റാണ്ടില്‍ പോലും നിങ്ങള്‍ക്കു ഇതുപോലുള്ള ഒരുദാഹരണം കാണാന്‍ കഴിയില്ല. മുസ്ലിം ചരിത്രത്തിന്‍റെ  പ്രതാപമേറിയ പുറങ്ങളില്‍ നിന്ന് ഇത്തരം സംഗതികള്‍ എടുത്തു കാണിക്കാന്‍ എനിക്കു സമയമില്ല. യഥാര്‍ത്ഥമായ സ്വാതന്ത്ര്യവും സാഹോദര്യവും സമത്വവും പഠിപ്പിക്കുന്ന ഏക മതം ഇസ്ലാം മാത്രമാണെന്ന് വഴി കാട്ടുവാന്‍ ഇത്തരം മഹത്തായ തത്വങ്ങള്‍ ഉണ്ടായിരിക്കെ എങ്ങിനെയാണ് ഇസ്ലാം ഈ ദുഃസ്ഥിതിയില്‍ എത്തിയതെന്ന് ശത്രുക്കള്‍ക്ക് ചോദിക്കാം. അവര്‍ അങ്ങനെ ചോദിക്കുന്നുമുണ്ട്. ഇതിനുള്ള സമാധാനം വ്യക്തമാണ്. 

                                                                        നമ്മുടെ മതം  സജീവ മതമാണ്. നാം വിശ്വസിക്കുന്നതു നിത്യ ജീവിതത്തില്‍  പ്രവൃത്തി രൂപത്തില്‍ കൊണ്ടുവരണം നമ്മുടെ ഇന്നത്തെ ദുസ്ഥിതിക്കുകാരണം നേര്‍ മാര്‍ഗ്ഗത്തില്‍ നിന്നു പിഴച്ചതാണ്. അതുകൊണ്ട് നമ്മുടെ കടമയായ ഇസ്ലാമിക സേവനത്തിന്  നാം ആശിക്കുന്നുവെങ്കില്‍ പുരോഗതിക്കുള്ള സര്‍വ്വ മാര്‍ഗ്ഗങ്ങളെയും തുറക്കുന്ന പരിശുദ്ധവും എളിയതുമായ ഇസ്ലാമിക ജീവിതം നയിക്കണം. ഇതര മതസ്ഥരെ  ഇസ്ലാമിലേക്ക്  ക്ഷണിക്കുന്നതിന്  മുമ്പ്  നാം നല്ല ദൈവ ഭക്തിയുള്ള മുസ്ലിംകളായിത്തീരണം. നമുക്ക് യൂറോപ്പില്‍ നിന്നോ അമേരിക്കയില്‍ നിന്നോ മറ്റോ ഒന്നും കടം വാങ്ങേണ്ട ആവശ്യമില്ല. ശരിക്കുള്ള മാര്‍ഗ്ഗ ദര്‍ശനം ചെയ്യാന്‍ വിശുദ്ധ ഖുര്‍ആനും നബി വചനങ്ങളുമുണ്ട്. അനാവശ്യമായ കക്ഷി  വഴക്കുകളും വാദങ്ങളും വഴി വിലയേറിയ സമയവും ചൈതന്യവും കളയാതെ സംഗതികളുടെ അടിസ്ഥാനം നോക്കി പ്രായോഗികമായ പ്രവൃത്തി തുടങ്ങുകയും മത ശുശ്രൂഷ ചെയ്യുവാനുള്ള സംഘം സ്ഥാപിക്കുകയും ചെയ്യുക. പ്രകടനമോ യഥാര്‍ത്ഥമോ  പ്രചാര വേലയോ പ്രസിദ്ധീകരണമോ ഇതില്‍ നിങ്ങളെ സഹായിക്കയില്ല. വിശുദ്ധ ഖുര്‍ ആന്‍ ശരിക്കു പഠിച്ച് അതിന്‍റെ യഥാര്‍ത്ഥ തത്ത്വം ഗ്രഹിക്കുവാന്‍ ശ്രമിക്കുകയും അതനുസരിച്ച്  നമ്മുടെ എളിയ നിത്യ ജീവിതചര്യകള്‍ ക്രമപ്പെടുത്തുകയും ചെയ്യണം. നാം പ്രാര്‍ത്ഥനയില്‍ കണിശക്കാരായിരിക്കണം. നല്ല നിലയില്‍ മാന്യമായ ജീവിതം നയിക്കാന്‍ അത്യദ്ധ്വാനം ചെയ്യണം. 'അല്‍ കാസിബു ഹബീബുല്ലാഹ് '(അദ്ധ്വാനിക്കുന്നവര്‍ ദൈവത്തിന് പ്രിയപ്പെട്ടവരാണ് )چ 

                                        പ്രായമുള്ള മാതാപിതാക്കള്‍ക്ക് ഗുണം ചെയ്യുക, ഭാര്യമാരോടും മക്കളോടും മാന്യമായും വിശ്വാസത്തോടുകൂടിയും പെരുമാറുക, അയല്‍ വാസികളോടു ദയയോടും പക്വതയോടും കൂടി വര്‍ത്തിക്കുക. സത്യവാന്മാരും ധീരന്മാരുമായ പ്രജകളായും യഥാര്‍ത്ഥ മനുഷ്യരായും ജീവിക്കുക. ഇങ്ങനെ ചെയ്യുന്ന പക്ഷം അതു ഇസ്ലാമിനെ കുറിച്ച് അന്വേഷിക്കാനുള്ള ഒരു ആശ ഇതര മതസ്ഥരില്‍ ഉളവാക്കുന്നതും ഇതര മിഷനറി മതങ്ങളിലെ പോലെ പൗരോഹിത്യവും വര്‍ഗ്ഗവ്യത്യാസവും ഇല്ലാത്ത ഇസ്ലാമിക  സൗഹാര്‍ദ്ദത്തിലേക്ക് വരാന്‍ അവരെ പ്രേരിപ്പിക്കുന്നതുമാണ്. പണം കൊടുക്കാമെന്ന് പറഞ്ഞു ഇസ്ലാം ആരെയും മതത്തില്‍ ചേരാന്‍ പ്രേരിപ്പിക്കുന്നില്ല. നാം ഇന്നു വളരെ സാധുക്കളായിരിക്കുന്നു. നമ്മുടെ നില ഇസ്ലാമിന്‍റെ ആദ്യത്തെ നിലക്ക് തുല്യമാണ്. അന്നത്തെ മുസ്ലീമിങ്ങള്‍ സ്വീകരിച്ച മാര്‍ഗ്ഗങ്ങള്‍ തന്നെ നമുക്കും  സ്വീകരിച്ചു നോക്കാം. 'സക്കാത്തുچ അഥവാ വാര്‍ഷിക വരുമാനത്തില്‍ നിന്നു രണ്ടര ശതമാനം ദാനം ചെയ്യുക എന്ന സമ്പ്രദായം നമ്മുടെ നിര്‍ബ്ബന്ധ കര്‍മ്മങ്ങളില്‍ പ്രധാനമായ ഒന്നാണെന്ന സംഗതി നാം വിസ്മരിച്ചു കളഞ്ഞു. സാധുക്കളെ സംരക്ഷിക്കുവാനും മത പ്രബോധകരെ നിയമിക്കുവാനും വേണ്ടി സക്കാത്ത് ശേഖരിക്കുവാന്‍ ശ്രമിക്കുക. സ്ത്രീ പുരുഷ ഭേദമന്യെ എല്ലാ മുസ്ലിംകളോടും ഓരോ തുക ഇസ്ലാമിക നികുതിയായി  കൊടുക്കുവാന്‍ ഞാന്‍ അപേക്ഷിക്കുന്നു.

                                   'പലതുള്ളി പെരുവെള്ളം'  എന്നുണ്ടല്ലോ. ഓരോരുത്തരും പ്രതിമാസം ഏതാനും കാശു വീതം കൊടുക്കുന്നതായാല്‍ ആ സംഖ്യ കൊണ്ട് നമ്മുടെ എല്ലാ സ്ഥാപനങ്ങളും ശരിക്കു നടത്താന്‍ സാധിക്കും. അതു വിജയകരമായി നടത്തേണ്ടതാണ്. ധനശേഖരം ചെയ്യുന്ന സ്ഥാപനങ്ങളില്‍ യോഗ്യന്‍മാരും വിശ്വസ്തന്‍മാരുമായ പ്രവര്‍ത്തകര്‍ ഉണ്ടായിരിക്കേണ്ടതും കണക്കുകളെല്ലാം ശരിക്ക് സൂക്ഷിക്കുകയും പരിശോധിക്കുകയും ചെയ്യേണ്ടതുമാണ്. മതപരവും സാമുദായികവുമായ പ്രവൃത്തികള്‍ ചെയ്യുന്നതിനു ന്യായമായ പ്രതിഫലം വാങ്ങുന്നത് അപമാനകരമല്ല. ഖുലഫാഉര്‍റാശിദീങ്ങള്‍ തന്നെ അവരുടേയും കുടുംബങ്ങളുടേയും അത്യാവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ബൈത്തുല്‍ മാലില്‍ (സമുദായ ഫണ്ടില്‍) നിന്നു പണം എടുത്തിരുന്നു. ഇങ്ങിനെ പൊതുജനങ്ങളില്‍ നിന്നു പിരിക്കുന്ന പണം നമ്മുടെ കുട്ടികള്‍ക്കു വിദ്യാഭ്യാസം നല്‍കുന്നതിനും അനാഥകളേയും വിധവകളേയും സംരക്ഷിക്കുന്നതിനും ഇസ്ലാമിക സന്ദേശം പ്രചരിപ്പിക്കാന്‍ പ്രബോധകരെ പരിശീലിപ്പിക്കുന്നതിനും വിനിയോഗിക്കാം. മതപരിവര്‍ത്തനം വഴി തങ്ങളുടെ ഇവിടത്തെ താല്‍ക്കാലിക നില നന്നാക്കി തീര്‍ക്കുവാന്‍ മാത്രം ആശിക്കുന്നവര്‍ക്ക് ഇസ്ലാമില്‍ സ്ഥാനമില്ല. ആദ്യന്ത രഹിതനും സര്‍വ്വശക്തനുമായ ഒരേയൊരു ദൈവത്തെ മാത്രം എല്ലാ കാലത്തേക്കും സര്‍വ്വ ലോകങ്ങള്‍ക്കും മാര്‍ഗ്ഗ ദര്‍ശിയായി അന്ത്യ പ്രവാചകരെ നിയോഗിച്ചയച്ച ആ ഏകദൈവത്തെ ആരാധിക്കുവാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഇസ്ലാംമതത്തിന്‍റെ വാതില്‍ തുറന്നു വെച്ചിരിക്കുന്നു. പ്രവാചകരുടെ ജീവിത രീതി അനുസരിച്ചു നാം നമ്മുടെ ജീവിതത്തെ രൂപപ്പെടുത്തണം. എന്നാല്‍ നമുക്ക് സര്‍വ്വ വിധത്തിലും മംഗളം ഭവിക്കുന്നതാണ്.

                                                പ്രിയ സഹോദരങ്ങളെ, നിസ്സാരങ്ങളായ അഭിപ്രായ വ്യത്യാസങ്ങള്‍ വിസ്മരിച്ചു പൂര്‍വ്വോപരി ഒത്തൊരുമിച്ചു നില്‍ക്കുവാന്‍ എല്ലാ മുസ്ലിംകളോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. നമ്മുടെ മതത്തില്‍ നമുക്ക് പൂര്‍ണ്ണമായി വിശ്വസിക്കാം. നമ്മുടെ മഹത്തായ മതത്തെക്കുറിച്ച് ലജ്ജിക്കുകയോ നമ്മുടെ ഉന്മേഷരാഹിത്യം കൊണ്ടും  ഇതര മതസ്ഥരെ അനുകരിക്കുക മൂലവും അതിനെ അപമാനിക്കരുത്. മുസ്ലിംകളായി ജനിച്ചതിലും പാവനവും സുഖപ്രദവുമായ ജീവിതം നയിക്കാന്‍ ഇഷ്ടപ്പെടുന്നവരോടൊപ്പം ഈ വലിയ അനുഗ്രഹത്തില്‍ പങ്കെടുക്കാന്‍ ആശിക്കുന്നതിലും നാം അല്ലാഹുവെ സ്തുതിക്കണം. പുതുതായി ഇസ്ലാമിലേക്ക് വരുന്ന എല്ലാവരേയും രണ്ടു കൈകളും നീട്ടി സ്വീകരിക്കേണ്ടതും പൂര്‍ണ്ണമായ ഇസ്ലാമിക തത്വത്തോടു കൂടി അവരോട് പെരുമാറേണ്ടതുമാണ്. 

                                                                    ഇന്ത്യയില്‍ ഞാന്‍ കണ്ട ഉത്തമ മുസ്ലീമീങ്ങളില്‍ ഒരാള്‍ ഖിലാഫത്ത് കമ്മിറ്റിയുടെ പ്രസിഡണ്ടായിരുന്ന കറാച്ചിയിലെ ശൈഖ് അബ്ദുല്‍ മജീദ് ലീലാറാം ആണ്. അദ്ദേഹം ഇപ്പോള്‍ എന്നോടൊപ്പം ഖിലാഫത്ത് കമ്മിറ്റിയുടെ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നു. അദ്ദേഹത്തിന്‍റെ ഹിന്ദുമതക്കാരിയായ മാതാവ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. എന്നിട്ടും അദ്ദേഹം ഇന്ത്യയിലെ മുസ്ലിം നേതാക്കളില്‍ ഒരാളായി തീര്‍ന്നിരിക്കുന്നു. നാം അദ്ദേഹത്തെ ബഹുമാനിക്കുന്നു. എന്‍റെ വിദേശ പര്യടനാവസരത്തില്‍ പോര്‍ച്ചുഗീസ് ഈസ്റ്റ് ആഫ്രിക്കയില്‍  ലോറല്‍ കൊമാര്‍ക്യൂസ് എന്നിടത്ത് വെച്ച് മിസ്റ്റര്‍ ഹസ്സന്‍ത്രികം എന്ന ഒരു മുസ്ലിമിനെ എനിക്ക് കാണാന്‍ ഇടയായി. അദ്ദേഹത്തിന്‍റെ പിതാവ് ഒരു ഹിന്ദുവും മാതാവ് ആഫ്രിക്കയിലെ ഒരു മുസ്ലിം സ്ത്രീയുമാണ്.  ഈ ദൈവഭക്തനായ മനുഷ്യന്‍ ഇന്നു 2000 മുസ്ലിംകള്‍  താമസിച്ചു വരുന്ന ഒരു കോളനി സ്ഥാപിച്ചിരിക്കുന്നു.  മദ്യപാനാദി ദുരാചാരങ്ങളുടെ നടുവില്‍ ഇവര്‍ വളരെ പരിശുദ്ധമായ ഇസ്ലാമിക ജീവിതം നയിച്ചുവരുന്നു. ആഫ്രിക്കയിലെങ്ങും ഇപ്പോള്‍ ഇസ്ലാമിന് പ്രചാരം സിദ്ധിച്ചു കൊണ്ടിരിക്കുന്നു. ഇന്നു ആ വന്‍കരയിലെ ആകെ ജനസംഖ്യയായ 16 കോടിയില്‍ പന്ത്രണ്ടര കോടിയും മുസ്ലിംകളാണ്. അമേരിക്കയിലും യൂറോപ്പിലും ഇസ്ലാമിന് വളരെ പ്രിയമുണ്ട്. മുസ്ലിംകളായി ജനിച്ച നാം യഥാര്‍ത്ഥ ഇസ്ലാമിക ജീവിതം നയിക്കുകയാണെങ്കില്‍ ലോകം മുഴുവനും ഇസ്ലാമിക സൗഹാര്‍ദ്ദത്തില്‍  ചേരുന്നതാണ്. 

                                                പ്രവര്‍ത്തന രീതിയെ കുറിച്ചു ഞാന്‍ ഒന്നും പറയാത്തതു ഇവിടത്തെ പ്രത്യേക സ്ഥിതിഗതികള്‍ അറിയേണ്ടതുള്ളതുകൊണ്ടാണ്. വിഷയ നിര്‍ണ്ണയ കമ്മിറ്റിയിലും സമ്പൂര്‍ണ്ണ സമ്മേളനത്തിലും വെച്ചു മനുഷ്യ വര്‍ഗ്ഗത്തിന്‍റെ അഭിവൃദ്ധിക്കായി നിരന്തരം പ്രയത്നിക്കുകയും ദൈവാനുഗ്രഹത്തിന്‍റെ കവാടം എല്ലാ മനുഷ്യര്‍ക്കും തുറന്നു വെക്കുകയും ചെയ്യുന്ന ദൈവ ദാസന്മാരായ ഒരു സംഘമായി നമ്മെ രൂപവല്‍കരിക്കാന്‍ സഹായകമായി തീരുന്ന പ്രമേയങ്ങള്‍ പാസ്സാക്കപ്പെടുമെന്നു ഞാനാശിക്കുന്നു. ഇതിനെല്ലാം പുറമെ പരിശുദ്ധമായ ഇസ്ലാമിക ജീവിതം നയിക്കാനും നമ്മുടെ ശ്രേഷ്ഠമായ മതത്തെപ്പറ്റി അഭിമാനിക്കാനും അതിന്‍റെ മഹിമക്കായി യോജിച്ച് പ്രവര്‍ത്തിപ്പാനും ഞാന്‍ നിങ്ങളോടുപദേശിക്കുന്നു. 'നിങ്ങള്‍ സത്യ വിശ്വാസികളാണെങ്കില്‍ നിങ്ങളാണ് വിജയികള്‍چ എന്ന ദൈവത്തിന്‍റെ വാഗ്ദാനം നിങ്ങള്‍ ഓര്‍മ്മിക്കുക.