15. ആധുനിക വിദ്യാഭ്യാസം
ടിവി അബ്ദുറഹിമാന്‍കുട്ടി
മൊബൈല്‍. 9495095336
1871ലാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ഭാഗികമായി മുസ്ലിം വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധ പതിപ്പിച്ച് തുടങ്ങിയത്. 1884ലെ സര്‍ക്കാര്‍ എജ്യുക്കേഷന്‍ റിപ്പോര്‍ട്ടില്‍ ഈ രംഗത്തെ ദയനീയാവസ്ഥ വിശദീകരിക്കുന്നുണ്ടെങ്കിലും പരിഹാര മാര്‍ഗ്ഗങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ ഭരണകൂടം ശുഷ്കാന്തി പ്രകടിപ്പിക്കുകയൊ പ്രോല്‍സാഹനം നല്‍കുകയൊ ചെയ്തില്ല. സമുദായ നേതാക്കളുടെ ശ്രമത്താല്‍ പലയിടത്തും സ്കൂളുകളും അറബിക്ക് മദ്രസ്സകളും നിലവില്‍ വന്നു. ഉത്തരേന്ത്യയില്‍ വീശി തുടങ്ങിയിരുന്ന 19-ാം നൂറ്റാണ്ടിലെ നവോത്ഥാന പ്രസ്ഥാനം അലിഗഢ് മൂവ്മെന്‍റിന്‍റെ ചലനം ഭാരതത്തിന്‍റെ പല ഭാഗത്തും മുസ്ലിം വിദ്യാഭ്യാസ രംഗത്ത് നവോന്മേഷം നല്‍കി. കേരളത്തിലും ഗണനാര്‍ഹമായ പരിവര്‍ത്തനത്തിന് ഇത് വഴിയൊരുക്കി.
എന്നിട്ടും മലബാറിലെ മുസ്ലിംകളില്‍ ഒരു വിഭാഗം മലയാളം ആര്യ ഭാഷയായും ഇംഗ്ലീഷ് നരക ഭാഷയായും തെറ്റിദ്ധരിച്ച് ആധുനിക വിദ്യാഭ്യാസത്തോട് വിമുഖത പ്രകടിപ്പിച്ചിരുന്ന 20-ാം നൂറ്റാണ്ടിന്‍റെ ആദ്യത്തില്‍ പൊന്നാനി മഊനത്തുല്‍ ഇസ്ലാം സഭയുടെ ആഭിമുഖ്യത്തില്‍ പൊന്നാനി വലിയ ജാറം അങ്കണത്തില്‍ പ്രത്യേകം സജ്ജമാക്കിയ പന്തലില്‍ വെച്ച് ചേര്‍ന്ന മുസ്ലിം വിദ്യാഭ്യാസ സമ്മേളനം ചരിത്രത്തില്‍ തങ്കലിപികളാല്‍ ആലേഖനം ചെയ്യപ്പെട്ട തെക്കെ മലബാറിലെ ആദ്യത്തെ അപൂര്‍വ്വ കുട്ടായ്മയാണ്.
തെക്കെ മലബാറിലെ
പ്രഥമ വിദ്യാഭ്യാസ സമ്മേളനം
1910 ഫെബ്രുവരി 28 (ഹിജറ 1328 സഫര്‍ 17)ന് തിങ്കളാഴ്ച രാവിലെ എട്ടു മണിക്ക് എട്ടാം സര്‍ക്കിള്‍ സ്കുള്‍ ഇന്‍സ്പെക്ടര്‍ പി. പി. ബ്രൈത്ത് വൈറ്റ് സായിപിന്‍റെ അദ്ധ്യക്ഷതയിലാണ് സമ്മേളനം ആരംഭിച്ചത്. ആധുനിക വിദ്യാഭ്യാസവും മാപ്പിള മുസ്ലിംകളും എന്ന വിഷയം അവതരിപ്പിച്ച് സംസാരിച്ചത് പൊന്നാനിയുടെ വര്‍ത്തക പ്രമുഖനും ഇംഗ്ലീഷ് പരിജ്ഞാനം നേടിയ അപൂര്‍വ്വ മുസ്ലിം യുവാക്കളില്‍ ഒരാളുമായ എം. കുട്ടിഹസ്സന്‍ കുട്ടിയായിരുന്നു. ഡിസ്ട്രിക്ട് മുന്‍സിഫ് കെ. എ. കണ്ണന്‍, പി. ബി. വാഞ്ചി അയ്യര്‍ ബി. എ. എല്‍. ടി. , മലബാര്‍ ഡിവിഷണല്‍ സ്കൂള്‍ ഇന്‍സ്പെക്ടര്‍ എന്‍. സി. കണ്ണന്‍ നമ്പ്യാര്‍, പാലക്കാട് റേഞ്ച് സ്കൂള്‍ സബ് അസിസ്റ്റന്‍റ് ഇന്‍സ്പെക്ടര്‍ എസ്. ഫെര്‍ണാണ്ടസ്, സബ് മജിസ്ട്രേറ്റ് ദ്വരൈ സ്വാമി അയ്യര്‍, പൊലീസ് ഇന്‍സ്പെക്ടര്‍ പി. കുട്ടിരാമന്‍ നായര്‍, സിവില്‍ അപ്പോത്തിക്കിരി പി. ജെ. വുനൈന്‍, ഡിസ്ട്രിക്ട് മുന്‍സിഫ് കോടതി ഹെഡ് ക്ലര്‍ക്ക് ആര്‍. കെ. കോരന്‍, പോലീസ് സബ് അസിസ്റ്റന്‍റ് ഇന്‍സ്പെക്ടര്‍ ഗോവിന്ദ കിടാവ്, പി. ഡബ്ലു. ഡി. കോണ്‍ട്രാക്ടര്‍ പാടാലിയില്‍ മാക്കുണ്ണി, ഹിന്ദു സ്കൂള്‍ ഇന്‍സ്പെക്ടര്‍ പി. അച്യുതന്‍, പൊന്നാനി നഗരം അംശം അധികാരി പി.കുഞ്ഞികൃഷ്ണന്‍, മദ്ധ്യ ഖണ്ഡം മാപ്പിള സ്കൂള്‍ സബ് അസിസ്റ്റന്‍റ് ഇന്‍സ്പെക്ടര്‍ എം. ബാവമൂപ്പന്‍, സലാഹുല്‍ ഇഖ്വാന്‍ മാനേജര്‍ സി. സൈതാലിക്കുട്ടി മാസ്റ്റര്‍ തിരൂര്‍, പൊന്നാനി യൂണിയന്‍ (പഞ്ചായത്ത്) ബോര്‍ഡ് പ്രസിഡന്‍റ് വി. ആറ്റക്കോയ തങ്ങള്‍, സഭാ മാനേജര്‍ കല്ലിങ്കലകത്ത് കോയക്കുട്ടി, ജോയന്‍റ് സെക്രട്ടറി പഴയകത്ത് കോയക്കുട്ടി തങ്ങള്‍, അസിസ്റ്റന്‍റ് മാനേജര്‍ പാലത്തുംവീട്ടില്‍ മൊയ്തീന്‍കുട്ടി എന്ന കുഞ്ഞുണ്ണി, ചോഴിമാടത്തിങ്കല്‍ തറീക്കുട്ടി, അഴിക്കലകത്ത് മമ്മിക്കുട്ടി, കൊങ്ങണം വീട്ടില്‍ അബ്ദുല്ലക്കുട്ടി, തരകം കോജിനിയകത്ത് മുഹമ്മദ്, വെട്ടം വീട്ടില്‍ അറക്കല്‍ അബ്ദുറഹിമാന്‍ തുടങ്ങിയ സഭാ ഭാരവാഹികളും മാനേജിങ്ങ് കമ്മിറ്റി മെമ്പര്‍മാര്‍, ജനറല്‍ ബോഡി അംഗങ്ങള്‍ തുടങ്ങി ഔദ്യോഗിക-അനൗദ്യോഗിക പ്രമുഖരുള്‍പ്പെടെ ജാതി-മത ഭേദമന്യെ നൂറ് കണക്കിന് വിദ്യാവാസനികള്‍ ഈ യോഗത്തില്‍ സംബന്ധിച്ചു. മഊനത്തുല്‍ ഇസ്ലാം സഭ തയ്യാറാക്കുന്ന ഒന്നാം പാഠപുസ്തകവും ഖുര്‍ആനും എല്ലാ വിദ്യാലയങ്ങളിലും പഠിപ്പിക്കുക, ആധുനിക വിദ്യാഭ്യാസത്തെ കുറിച്ച് മുസ്ലിംകള്‍ക്കിടയിലുള്ള തെറ്റിദ്ധാരണ ദുരീകരിക്കാന്‍ സഭാ ചെലവില്‍ ലഘുലേഖകള്‍ അടിച്ച് മഊനത്തിന്‍റെ ഉപശാഖകളിലും മഹല്ലുകളിലും വിതരണം ചെയ്യുക, മാപ്പിള ബോര്‍ഡ് സ്കൂളില്‍ കുട്ടികളെ ചേര്‍ക്കാന്‍ സബ് കമ്മിറ്റിയെ നിയോഗിക്കുക, മുസ്ലിംകളില്‍ നിന്ന് അദ്ധ്യാപകരെയും വിദ്യാഭാസ ഇന്‍സ്പെക്ടര്‍ മാരെയും വാര്‍ത്തെടുക്കുക, പ്രോത്സാഹനാര്‍ത്ഥം മുസ്ലിം ഇന്‍സ്പെക്ടര്‍മാര്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുക, എല്ലാ മുസ്ലിംകള്‍ക്കും ചുരുങ്ങിയത് പ്രാഥമിക വിദ്യാഭ്യാസം നേടാനെങ്കിലും അവസരം ഒരുക്കുക തുടങ്ങിയ പല സുപ്രധാന തീരുമാനങ്ങളുമെടുത്തു.
ഇത്രയും വിപുലമായൊരു സമ്മേളനം സംഘടിപ്പിച്ചതിന് സഭാ പ്രസിഡന്‍റ് കുഞ്ഞിസീതി കോയ തങ്ങളെ അഭിനന്ദിച്ച് തെക്കെ ഖണ്ഡം മാപ്പിള സ്കൂള്‍ സബ് അസിസ്റ്റന്‍റ് ഇന്‍സ്പെക്ടര്‍ സി. ഒ. മുഹമ്മദ് കേയി അഭിനന്ദനങ്ങള്‍ അര്‍പ്പിച്ച് പ്രസംഗിച്ചു. മുസ്ലിംകളുടെ വിദ്യാഭ്യാസ കാര്യത്തില്‍ പ്രത്യേകം താത്പര്യം പ്രകടിപ്പിച്ച യോഗ അദ്ധ്യക്ഷന്‍ ബ്രൈത്ത് വൈറ്റ് സായിപ്പിനെ കുഞ്ഞിസീതി കോയ തങ്ങള്‍ ഹാരമണിയിക്കുകയും ആശംസകള്‍ നേരുകയും ചെയ്തു. സമ്മേളനം വിജയിച്ചതിന്‍റെ അഹ്ലാദസൂചകമായി സദസ്സില്‍ പനിനീര്‍ തെളിച്ച് ആഗതര്‍ക്കെല്ലാം അടക്കയും വെറ്റിലയും ചുരുട്ടും വിതരണം ചെയ്ത് യോഗം സമംഗളം പര്യവസാനിച്ചു. തുടര്‍ന്ന് തീരുമാനങ്ങള്‍ ക്രമാനുസൃതമായി പ്രാവര്‍ത്തികമാക്കുന്നതില്‍ സഭ തീവ്രശ്രമങ്ങള്‍ നടത്തി ആദ്യകാല മുസ്ലിം വിദ്യാഭ്യാസ ചരിത്രത്തില്‍ ശ്ലാഘനീയമായ ഇടംനേടി. അക്കാലത്ത് നടന്ന ഇതുപോലുള്ള അപൂര്‍വ്വം സമ്മേളനങ്ങളാണ് തുടര്‍ന്ന് വന്ന പല വിദ്യാഭ്യാസ ചലനങ്ങള്‍ക്കും മുസ്ലിംകള്‍ക്ക് ആവേശം പകര്‍ന്നത്. തുടര്‍ന്ന് പൊന്നാനിയിലും പരിസരത്തും മുസ്ലിംകളില്‍ വിദ്യാഭ്യാസ രംഗത്ത് നവോന്മേഷം ഉളവായി.
ഈ അവസരത്തിലാണ് തെക്കെ മലബാറില്‍ ഉദുമാന്‍ സാറെന്ന് ആദരപൂര്‍വ്വം വിളിച്ചിരുന്ന കുന്നിക്കലകത്ത് ഉസ്മാന്‍ മാസ്റ്റര്‍ പൊന്നാനിയിലെ തരകന്‍ കോജിനിയകം തറവാടങ്കണത്തിലെ കെട്ടിടത്തിനു മുകളില്‍ തഅ്ലീമുല്‍ ഇഖ്വാന്‍ മദ്രസ്സ സ്ഥാപിച്ചും വടക്കെ മലബാറില്‍ കോയിക്കാക്ക എന്ന് പുകള്‍പ്പെറ്റ കണ്ണൂരിലെ എ. എന്‍. കോയകുഞ്ഞി സാഹിബ് തന്‍റെ വീട്ടില്‍ മഅ്ദനുല്‍ഉലും മദ്രസ്സ സ്ഥാപിച്ചും മുസ്ലിം വിദ്യാഭ്യാസ രംഗത്ത് പൂര്‍വ്വോപരി സജീവമായി രംഗത്തെത്തിയത്. തുടര്‍ന്ന് സഭയ്ക്ക് അരികെ ഉസ്മാന്‍ മാസ്റ്റര്‍ സ്ഥാപിച്ച മദ്രസ്സ 1932ല്‍ മദ്റസ്സത്തുല്‍ ഉസ്മാനിയ എലിമെന്‍ററി സ്കൂള്‍ എന്ന പേരില്‍ സര്‍ക്കാറില്‍ നിന്ന് അംഗീകാരം നേടി. അവറാന്‍കുട്ടി മുസ്ലിയാരകത്ത് അബുസാലിഹാണ് പ്രഥമ വിദ്യാര്‍ത്ഥി. മുസ്ലിം സ്ത്രീ വിദ്യാഭ്യാസം പൊന്നാനി അങ്ങാടിയില്‍ നാമമാത്രമായിരുന്ന അക്കാലത്ത് മാസ്റ്ററുടെ പുത്രി അമ്പലത്ത് വിട്ടില്‍ ബീവിയെ ആദ്യ വിദ്യാര്‍ത്ഥിനിയായി ചേര്‍ത്ത് ദേശത്തിന് മാതൃകയായി. തന്നോടൊപ്പം ഒരു കൈതാങ്ങായി നിന്ന സഭാ അസിസ്റ്റന്‍റ് മാനേജര്‍ കെ. എം. നൂറുദ്ധീന്‍കുട്ടിയായിരുന്നു സ്കൂള്‍ മാനേജര്‍
ദീനി വിജ്ഞാനത്തോടൊപ്പം ആധുനിക വിദ്യാഭ്യാസം കൂടി ഉണ്ടായാല്‍ മാത്രമേ സമുദായം പ്രബുദ്ധമാകൂ എന്ന് ഗ്രഹിച്ച പ്രസിദ്ധരും പ്രാമാണികരുമായ സഭാഭാരവാഹികളും സുമനുസുക്കളായ സമുദായ നേതാക്കളും ഈ വിഷയം മുഖ്യമായെടുത്ത് പലവട്ടം യോഗങ്ങള്‍ ചേര്‍ന്നു. സഭാ ഫണ്ട് ഈ രംഗത്ത് ഉപയോഗിക്കാന്‍ പറ്റുമോ എന്ന വിഷയത്തില്‍ ചര്‍ച്ചകള്‍ നടന്നു. സഭാ ഭാരവാഹികളും കമ്മിറ്റിയും സമസ്ത നേതാക്കളായ ഖുത്തുബി മുഹമ്മദ് മുസ്ലിയാര്‍, അബ്ദുല്‍ ബാരി മുസ്ലിയാര്‍, പറവണ്ണ മൊയ്തീന്‍കുട്ടി മുസ്ലിയാര്‍, സമസ്ത സ്ഥാപക മെമ്പര്‍ പൊന്നാനി കോടമ്പിയകത്ത് മുഹമ്മദ് മുസ്ലിയാര്‍, കെ.എം. നൂറുദ്ധീന്‍കുട്ടി തുടങ്ങിയ പ്രമുഖര്‍ ഈ രംഗത്ത് പ്രകടിപ്പിച്ച അര്‍പ്പണ മനോഭാവവും ദീര്‍ഘ വീക്ഷണവും അവിസ്മരണീയമാണ്. ഇവരുടെയെല്ലാം ശ്രമഫലമായി 1941ല്‍ സ്ക്കുള്‍ സഭ ഏറ്റെടുത്തു.
ഇംഗ്ലീഷുകാരുടെ പാഠ്യ പദ്ധതിയോടുള്ള വലിയൊരു വിഭാഗത്തിനുള്ള വിരോധം കൊണ്ടാവാം പ്രമുഖ മുസ്ലിം കേന്ദ്രമായ ഇവിടെയും അക്കാലത്ത് ആധുനിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വേണ്ടത്ര ഉണ്ടാവാതിരുന്നത്. ഈ പോരായ്മ മുതലെടുത്ത് ഉയര്‍ന്ന വിദ്യാദാനവും വിദ്യാസ്വീകരണവും സവര്‍ണ്ണരെന്ന് അവകാശപ്പെടാവുന്ന ഒരു പ്രത്യേക വിഭാഗം കുത്തകയാക്കി. ഇക്കാരണത്താല്‍ ശാരീരികവും മാനസികവും ബൗദ്ധികവുമായ വ്യക്തിത്വ വികസനത്തിന്‍റെ നിര്‍ണ്ണായക ഘടകമായ സെക്കണ്ടറി വിദ്യാഭ്യാസം പൊന്നാനി കനോലി കനാലിന്‍റെ പടിഞ്ഞാറ് ഭാഗത്തെ സാധാരണക്കാര്‍ക്ക് പ്രയാസമായി. പ്രദേശത്തെ ഹൈസ്ക്കുളില്‍ അര്‍ഹമായ പരിഗണനയും ലഭിച്ചിരുന്നില്ല ഇതെല്ലാം സഹിച്ച് ഒഴുക്കിനെതിരെ നീന്തി മറുകര പറ്റിയവരെ വിസ്മരിക്കുന്നില്ല.
പ്രസ്തുത ന്യുനതകള്‍ക്ക് ശാശ്വത പരിഹാരമെന്ന നിലക്ക് പിന്നീട് മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് പദം അലങ്കരിച്ച സഭാ മാനേജിങ് കമ്മിറ്റി മെമ്പറായിരുന്ന ഹാജി പി കുഞ്ഞിഅഹമ്മദുകുട്ടിയുടെ അദ്ധ്യക്ഷതയില്‍ കെ.എം. സീതി സാഹിബ് പങ്കെടുത്ത 1945ലെ സ്കൂള്‍ വാര്‍ഷിക യോഗം സ്ഥാപനം ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്ത് പ്രദേശത്തിന്‍റെയും സമുദായത്തിന്‍റെയും സ്വപ്നം സാക്ഷാല്‍കരിക്കാന്‍ തത്വത്തില്‍ തീരുമാനിച്ചു. ജോ. സെക്രട്ടറി എന്‍. മുഹമ്മദാജിയുടെ റിപ്പോര്‍ട്ട് പ്രകാരം 29-9-45ലെ മാനേജിങ് കമ്മിറ്റി ഇതിന് പച്ചക്കൊടി കാട്ടി. സ്കൂളിന് സ്വന്തം കെട്ടിടം നിലവില്‍ വരാത്ത കാലത്ത് ക്ലാസ്സുകള്‍ പ്രവര്‍ത്തിച്ചിരുന്ന വെട്ടംപോക്കരിയകം തറവാടിന്‍റെ പള്ളി ചരുവില്‍ കെ.എം. സീതി സാഹിബ്, വി.പി.സി. തങ്ങള്‍, കെ. എം. കുഞ്ഞി മുഹമ്മദാജി, സി. ഹംസ സാഹിബ് തുടങ്ങിയവരുടെ അനൗദ്യോഗിക ചര്‍ച്ചയെ തുടര്‍ന്ന് സഭാ റിസീവര്‍മാരോട് സ്കൂളിന് പ്രത്യേക ഫണ്ട് സ്വരൂപിക്കാന്‍ നിര്‍ദ്ദേശിച്ചു. 1947ല്‍ തേഡ് ഫോറം ആരംഭിച്ചു മിഡില്‍ സ്കൂളായി ഉയര്‍ത്തി സെക്കണ്ടറി വിദ്യാഭ്യാസത്തിനു ആരംഭം കുറിച്ചു. അന്ന് മദ്രാസ് അസംബ്ലി പ്രതിപക്ഷനേതാവായിരുന്ന മുസ്ലിം ലീഗിന്‍റെ അനിഷേധ്യനേതാവ് മുഹമ്മദ് ഇസ്മാഇല്‍ സാഹിബാണ് ഉല്‍ഘാടനം നിര്‍വ്വഹിച്ചത്. ആദ്യത്തെ ഹെഡ് മാസ്റ്റര്‍ സൂര്യനാരായണ അയ്യരായിരുന്നു.
1948ല്‍ ചാവക്കാട് സ്വദേശി അബ്ദുള്‍ ഖാദര്‍ മാസ്റ്റര്‍ പ്രധാന അദ്ധ്യാപകനായി ചാര്‍ജ്ജെടുത്തതിനുശേഷമാണ് ശൈശവദശയിലെ ബാലാരിഷ്ടതകള്‍ പരിഹരിച്ച് വിദ്യാഭ്യാസ ജില്ലയില്‍ ഉന്നത നിലവാരം പുലര്‍ത്തി വരുന്ന ഒരു ഹൈസ്ക്കൂളായി വിവിധ രംഗങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച് തുടങ്ങിയത്. 1950ലാണ് ഹൈസ്ക്കൂള്‍ ഇന്നത്തെ സ്ഥലത്തേക്കു മാറ്റിയത്. 1952ല്‍ ഒന്നാമത്തെ ബ്ലോക്ക് മദ്രാസ് വിദ്യാഭ്യാസ ഡയറക്ടര്‍ ഡി.എസ്. റെഡ്ഡിയും, 1958 ഫ്രെബ്രുവരി 25ന് രണ്ടാമത്തെ ബ്ലോക്ക് അഖില സിലോണ്‍ വൈ. എം. എം. എ. കോണ്‍ഫറന്‍സ് പ്രസിഡന്‍റായിരുന്ന ഹാജി മുഹമ്മദ് അബദുറസാക്കും നിര്‍വ്വഹിച്ചു. അല്‍ഹാജ് എ. ഫളീല്‍ ഗഫൂര്‍ സാഹിബായിരുന്നു അദ്ധ്യക്ഷന്‍. ഐക്യ കേരളത്തിന്‍റെ പ്രഥമ ഗവര്‍ണര്‍ ബി. കൃഷ്ണറാവ് ഉദ്ഘാടനം നിര്‍വ്വഹിക്കാമെന്ന് ഏറ്റെങ്കിലും സ്വാതന്ത്ര്യ ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രി മൗലാന അബുല്‍ കലാം ആസാദിന്‍റെ നിര്യാണംമൂലം ഗവര്‍ണ്ണറുടെ ഔദ്യോഗിക പരിപാടികളെല്ലാം മാറ്റിവെച്ചതിനാല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ സാധ്യമായില്ല.
ചാവക്കാട് രാജാ അബ്ദുല്‍ ഖാദര്‍ ഹാജി പണിത് കൊടുത്ത സ്കൂള്‍ അങ്കണത്തിലെ പള്ളിയുടെ ഉദ്ഘാടനം വ്യവസായ പ്രമുഖന്‍ അതിരമ്പുഴ ടി.എം. ഹസന്‍ റാവൂത്തറാണ് നിര്‍വ്വഹിച്ചത്. അക്കാലത്ത് എലിമെന്‍ററി (എല്‍.പി) അഞ്ച് വര്‍ഷവും, ഹയര്‍ എലിമെന്‍ററി, സെക്കണ്ടറി (യു.പി+ഹൈസ്ക്കൂള്‍) ആറ് വര്‍ഷവും, ഇന്‍റര്‍ മിഡിയേറ്റ് രണ്ട് വര്‍ഷവും, ഡിഗ്രി രണ്ട് വര്‍ഷവും ഇതായിരുന്നു പഠന കാലാവധി. ചില വിദ്യാലയങ്ങളില്‍ ഹയര്‍എലിമെന്‍ററിയില്‍ മൂന്ന് വര്‍ഷത്തെ പഠനത്തിനൊടുവില്‍ ഇ.എസ്.എസ്.എല്‍.സി. പൊതു പരീക്ഷയും നടത്തിയിരുന്നു.
വലിയജാറവും മഖ്ദൂം കുടുംബവും പാണക്കാട് തറവാടും സ്ഥാപന വളര്‍ച്ചയില്‍ വഹിച്ച പങ്ക് ശ്ലാഘനീയമാണ്. 1983 മുതല്‍ 2009-ല്‍ ഇഹലോകവാസം വെടിയുന്നതുവരെ 26വര്‍ഷം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളായിരുന്നു പ്രസിഡന്‍റ്. തങ്ങള്‍ പ്രസിഡന്‍റായിരുന്ന ആദ്യത്തില്‍ എം.എം. കുഞ്ഞാലന്‍ ഹാജി ജനറല്‍ സെക്രട്ടറിയായും തുടര്‍ന്ന് ഐ.പി. അഹമ്മദ് കുട്ടി മാസ്റ്റര്‍ സെക്രട്ടറി ഇന്‍ ചാര്‍ജുമായി നിലവില്‍ വന്ന കമ്മിറ്റിയുടെ പ്രവര്‍ത്തനം ഹേതുവായി രണ്ട് ഹയര്‍ സെക്കണ്ടറി സ്ക്കൂളുകള്‍, കാഞ്ഞിരമുക്ക് ഇംഗ്ലീഷ് മീഡിയം സ്ക്കൂള്‍, ബി.എഡ്. കോളേജ്, നഴ്സറി സ്ക്കൂള്‍ തുടങ്ങി വിദ്യാഭ്യാസരംഗത്തും പശ്ചാത്തല സൗകര്യമേഖലയിലും പുരോഗതി പ്രാപിച്ചു. ഈ അവസരത്തില്‍ സഭ ഖജാന്‍ജിയായിരുന്ന എ.വി. ഹംസ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജരായതിനെ തുടര്‍ന്ന് സ്ഥാപനങ്ങളുടെ വളര്‍ച്ചയില്‍ അവിശ്രമം പങ്ക് വഹിച്ചു.
95-96ല്‍ ഹൈസ്ക്കൂള്‍ ഗേള്‍സും ബോയ്സുമായി വിഭജിക്കുകയും 98 ല്‍ ബോയ്സിലും 2000ത്തില്‍ ഗേള്‍സിലും പ്ലസ്ടു വിഭാഗങ്ങളും, 2006ല്‍ ബി.എഡ്. കോളേജും ആരംഭിച്ചു. എ. ഇബ്രാഹിം കുഞ്ഞ്, കെ.എം. നൂറുദ്ദീന്‍, അഡ്വ. എം. അബ്ദുറഹിമാന്‍, കെ. അബൂബക്കര്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ വിവിധ ഘട്ടങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജര്‍മ്മാരായി സേവനമനുഷ്ടിച്ചിട്ടുണ്ട്. തങ്ങള്‍ മാനേജറായ കാലത്ത് അറബി കോളേജ് സെക്രട്ടറിയായ ഈ ലേഖകനും പി. സൈതുട്ടി മാസ്റ്ററും എ.എം. അബ്ദുസമദും കറസ്പോഡന്‍റ് ആയി സേവനമനുഷ്ഠിച്ചിരുന്നു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് ഇപ്പോഴത്തെ മാനേജര്‍. സെക്രട്ടറി ഉസ്താദ് ഹംസ ബിന്‍ ജമാല്‍, ജോയിന്‍റ് സെക്രട്ടറി സി.പി. ബാവഹാജി, മാനേജര്‍ സി. മുഹമ്മദ് ശരീഫ്, കണ്‍വീനര്‍ എ.എം. അബ്ദുസമദ് തുടങ്ങിയവര്‍ വിദ്യാഭ്യാസമേഖലയെ പരിപോഷിപ്പിക്കുന്നതില്‍ ശ്വാഘനീയമായ പങ്ക് വഹിക്കുന്നു.
എം.ഐ.എച്ച്.എസ്.എസ്. ബോയ്സില്‍ നമീറ ബീഗവും, ടി.എം. മുഹമ്മദ് സൈനുദ്ദീനും എം.ഐ.എച്ച്.എസ്.എസ്. ഗേള്‍സില്‍ കെ.പി. യഹ്യയും, സിവി. നൗഫലും പ്രന്‍സിപ്പാള്‍, ഹെഡ്മാസ്റ്റര്‍ പദവികള്‍ വഹിക്കുന്നു. ബിഎഡ് കോളേജിലെ പ്രിന്‍സിപ്പാള്‍ അജിതകുമാരിയാണ്.