7. ആദ്യകാല പ്രവര്‍ത്തനകേന്ദ്രം

7. ആദ്യകാല പ്രവര്‍ത്തനകേന്ദ്രം



ടിവി അബ്ദുറഹിമാന്‍കുട്ടി

മൊബൈല്‍. 9495095336




                   കേരളത്തിലെ ഒരേയൊരു മുസ്ലിം ഭരണകൂടമായ അറക്കല്‍ സ്വരൂപത്തിന്‍റെ കീഴില്‍ കണ്ണൂര്‍ ആദ്യകാലം മുതല്‍തന്നെ ഒരു മുസ്ലിം കേന്ദ്രമായി വളര്‍ന്നിരുന്നു. മുസ്ലിംകളില്‍ ഒരു വിഭാഗം വിദ്യാസമ്പന്നരുമായിരുന്നു. കേരളത്തിലെ ആദ്യത്തെ നഗരസഭകളിലൊന്നായ ഈ പട്ടണം 1867ലാണ് ഈ പദവിക്ക് അര്‍ഹമായത്. കണ്ണൂരിന്‍റെ ആദ്യത്തെ പേര് കാനത്തൂര്‍ എന്നായിരുന്നു. ഒരു ഹിന്ദു ഇസ്ലാംമതം സ്വീകരിച്ച് കാനിയത്ത്(വിവാഹം) കഴിച്ചതിനാല്‍ കാനത്തൂര്‍ ആയെന്നും അത് പരിണമിച്ച് കണ്ണൂര്‍ ആയെന്നുമാണ് ഐതീഹ്യം. ഈ അനുകൂല സാഹചര്യങ്ങള്‍ പരിഗണിച്ച് മക്തി തങ്ങള്‍ തന്‍റെ ആദ്യകാല പ്രവര്‍ത്തനകേന്ദ്രമായി കണ്ണൂരിനെയാണ് തെരഞ്ഞെടുത്തത്. അക്കാലത്ത് ദകക്ഷിണേന്ത്യയില്‍ ചിട്ടയോടെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന പ്രമുഖ മുസ്ലിംസംഘടനയായ മുഹമ്മദീയ വിദ്യാഭ്യാസ സംഘത്തില്‍നിന്നും അലീഗര്‍ മുസ്ലിം പ്രസ്ഥാനത്തില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് മുസ്ലിംയുവാക്കളെ സംഘടിപ്പിച്ച് 1889ല്‍ മുഹമ്മദീയ സഭ സാംസ്കാരിക സംഘം രൂപീകരിച്ച് കണ്ണൂരിലും പരിസരത്തും മുസ്ലിം വിദ്യാഭ്യാസ പുരോഗതിക്ക് നേതൃപരമായ പങ്കുവഹിച്ചു.

                   തലശ്ശേരിയിലെ അതിസമ്പന്ന വ്യാപാരികളും കപ്പലുകളുടെ ഉടമകളുമായ കേയി കുടുംബത്തിലെ തൃദീയ കാരണവരും ഉദാരമനസ്കനും മാപ്പിള കവിയും ബഹുഭാഷാപണ്ഡിതനുമായ മായിന്‍കുട്ടി കേയി വിവാഹം ചെയ്തത് അറക്കല്‍ സ്വരൂപത്തിലെ ഇരുപത്തിമൂന്നാം സ്ഥാനി ആദിരാജ മറിയം ബീവി സുല്‍ത്താനയുടെ മകളെയാണ്. തുടര്‍ന്ന് അദ്ദേഹം മായിന്‍കുട്ടി എളയ എന്ന അപരനാമത്തില്‍ അറിയപ്പെട്ടു. ഇദ്ദേഹത്തിന്‍റെ നിര്‍ലോഭമായ സഹകരണം പല ഘട്ടത്തിലും മക്തി തങ്ങളെ തേടിയെത്തിയിട്ടുണ്ട്. ഖുര്‍ആന് കേരളത്തിലാദ്യമായൊരു പരിഭാഷയും വ്യാഖ്യാനവും അറബിമലയാളത്തില്‍ ഒരുക്കിയത് മായിന്‍കുട്ടി എളയയാണ്.

                         ഈജിപ്തുകാരായ ഇമാം മുഹമ്മദ് ബ്നു അഹമ്മദ് മഹല്ലി (1389-1460)യും ഇമാം അബ്ദുല്‍ റഹ്മാനു ബ്നു അബൂബക്കര്‍  സുയൂത്വി (1445-1505)യും അറബിയില്‍ രചിച്ച തഫ്സീറുല്‍ ജലാലൈനിയാണ് പരിഭാഷയുടെ മൂലകൃതി. പ്രിസിദ്ധീകരണത്തിനുമുമ്പുതന്നെ പരിഭാഷയുടെ നിരവധി കയ്യെഴുത്തു പ്രതികള്‍ തയ്യാറാക്കി പ്രധാന കേന്ദ്രങ്ങളിലും തറവാടുകളിലും എത്തിച്ചു. ഇത് യാഥാസ്ഥിക വിഭാഗത്തിന്‍റെ കടുത്ത എതിര്‍പ്പിന് കാരണമായി. പരിഭാഷക്കെതിരെ ഫത്വകള്‍(മതവിധികള്‍) ഇറങ്ങി തുടര്‍ന്ന് കയ്യെഴുത്തുപ്രതികളുടെ പല കോപ്പികളും അഗ്നിക്കിരയാക്കുകയും കല്ലുകെട്ടി കടലില്‍ താഴ്ത്തുകയും ചെയ്തു. മായിന്‍കുട്ടി എളയയുടെ തലശ്ശേരിയിലെ ലിത്തൊ പ്രസ്സില്‍നിന്ന് ഹി.1294ല്‍ പരിഭാഷയുടെ ആറ് ഭാഗങ്ങള്‍ പുറത്തിറങ്ങി. തര്‍ജുമത്തു തഫ്സീറുല്‍ ഖര്‍ആന്‍ എന്നായിരുന്നു കൃതിയുടെ പേര്. ഈ കൃതികള്‍ വായിക്കാന്‍ മക്തി തങ്ങള്‍ തന്‍റെ ശിഷ്യന്‍മാരെ ഉപദേശിച്ചു. എന്നാല്‍ ഇതിലെ  വ്യാഖ്യാന കുറിപ്പുകള്‍ തൃപ്തികരമല്ല എന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം. പരിഭാഷയെപ്പറ്റി മക്തി തങ്ങളുടെ ശിഷ്യനായ പി. മുഹമ്മദ് കുഞ്ഞി പോക്കരുകുട്ടി  എഴുതിയത് ഇങ്ങനെ:

                              ڇതലശ്ശേരിക്കാരന്‍ മായിന്‍കുട്ടി എളയാ എന്നൊരാള്‍ ജലാലൈനി എന്ന തഫ്സീര്‍ അറബിമലയാളത്തില്‍ ആറോ എട്ടോ വാള്യങ്ങളായി പ്രസിദ്ധം ചെയ്തിരുന്നത് എന്‍റെ വീട്ടില്‍ ഉണ്ടായിരുന്നു. ആ തര്‍ജ്ജമയില്‍ ഖുര്‍ആന്‍ ഓരോ ആയത്ത് (സൂക്തം) എഴുതി അതിന്‍റെ അര്‍ത്ഥം എഴുതിയതിനുശേഷം എന്തെന്നാല്‍ എന്നുപറഞ്ഞുകൊണ്ട് വ്യാഖ്യാനങ്ങളും എഴുതിയിരുന്നു. 'ആ വ്യാഖ്യാനങ്ങള്‍ നീ ഒരിക്കലും വായിക്കുകയോ പഠിക്കുകയോ വേണ്ട, ഖുര്‍ആനും അതിന്‍റെ അര്‍ത്ഥവും മുഴുവനും വായിച്ചു പഠിച്ചാല്‍ വളരെ നല്ലതാണ്' ഇങ്ങനെയുള്ള പല ഉപദേശങ്ങളും അദ്ദേഹം എനിക്ക് നല്‍കി.ڈ

              തമിഴ് പദങ്ങള്‍ കലര്‍ന്ന അറബിമലയാളമായിരുന്നതിനാല്‍ സാധാരണക്കാര്‍ക്ക് ഈ കൃതികള്‍ ഗ്രഹിക്കാന്‍ പ്രയാസമായിരുന്നു. മായിന്‍കുട്ടി എളയുടെ അഭ്യര്‍ത്ഥന പ്രകാരം പരിഭാഷയുടെ വാള്യങ്ങള്‍ മലയാളഭാഷയില്‍ പരിഷ്കരിക്കാന്‍ മക്തി തങ്ങള്‍ തയ്യാറായി. ഖുര്‍ആന്‍റെ ആശയങ്ങള്‍ സ്പഷ്ടമായി ഇതര മതവിഭാഗങ്ങള്‍ പൊതുവായും മുസ്ലിംകള്‍ പ്രത്യേകമായും അറിയണമെന്ന പണ്ഡിത ധര്‍മ്മം ഉള്‍ക്കൊണ്ടാണ് അദ്ദേഹം ഈ സംരംഭത്തിന് ഒരുങ്ങിയത്. പക്ഷെ ഒരു വിഭാഗത്തിന്‍റെ നിസ്സഹകരണവും സാങ്കേതിക കാരണങ്ങളുംകൊണ്ട് പൂര്‍ണമായും പരിഭാഷപ്പെടുത്താന്‍ കഴിഞ്ഞില്ല. ഏതാനും ചില അധ്യായങ്ങള്‍ പൂര്‍ത്തീകരിക്കാനേ സാധ്യമായുള്ളൂ. നിലവിലുണ്ടായിരുന്ന പരിഭാഷയുടെ പ്രതികള്‍തന്നെ എതിരാളികള്‍ തേടിപ്പിടിച്ച് കടലില്‍കെട്ടി താഴ്ത്തിയ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. വളരെ പ്രയാസപ്പെട്ട് തയ്യാറാക്കിയ തന്‍റെ ഖുര്‍ആന്‍ പരിഭാഷയുടെ കയ്യെഴുത്തു പ്രതികള്‍ നശിച്ചുപോയ തീരാ നഷ്ടം വേദനയോടെ അദ്ദേഹം അനുസ്മരിക്കുന്നത് നോക്കൂ.

                        ڇഇസ്ലാം ജനാഭ്യാസത്തെ ഉദ്ദേശിച്ച് ഉണ്ടാക്കിയ പുതു ചരിതങ്ങള്‍ (ഖുര്‍ആന്‍ വ്യാഖ്യാനവും അനുബന്ധവും) സ്നേഹപുരുട്ടില്‍ യാചിച്ചു കൈവശപ്പെടുത്തി. അതു മടക്കികിട്ടുവാന്‍ എട്ടുകൊല്ലം നടന്നും അവധികള്‍ കേട്ടും വ്യസനിച്ചത്, കൂടാതെ അവസാനം കവിള് രക്തവര്‍ണമായും തീര്‍ന്നു. പകര്‍പ്പുകള്‍ കാണ്‍മാന്‍ സാധിച്ചതുമില്ലڈ. 

                        ഖുര്‍ആന്‍ മലയാളത്തില്‍ പരിഭാഷ ഇല്ലാത്തതിന്‍റെ പോരായ്മയും ദുഃഖവും അദ്ദേഹം പ്രകടിപ്പിച്ചത് ഇങ്ങനെ.ڇവേദാധാരം മലയാളഭാഷയില്‍ ഭാഷപ്പെടുത്തുന്നത് അസാധ്യമെന്നുള്ള അഭിപ്രായം ഇന്നുവരെ ബലപ്പെട്ടിരിക്കാന്‍ ഹേതുവായിരിക്കുന്നത് മലയാള ഭാഷാഭ്യാസ ദോഷംതന്നെ. ഭാഷാ പരിജ്ഞാനം ഇല്ലാതിരിക്കുന്ന അവസ്ഥക്ക് ഈ അഭിപ്രായം ന്യായവും അതിനു കാരണം ദൈവഭയവും ആകുന്നു. ഈ ഭയം പ്രശംസനീയംതന്നെ. എന്നാല്‍ ആയിരത്തില്‍ മീതെ സംവത്സരം കഴിഞ്ഞിട്ടും വേദാധാരം സ്വന്തം ഭാഷയില്‍ ഭാഷപ്പെടുത്തി ഗ്രഹിക്കണം, ഗ്രഹിപ്പിക്കണമെന്നുള്ള അഭിപ്രായം ജനത്തില്‍ ജനിക്കാതിരിക്കുന്നത് ശോചനീയം തന്നെ.ڈ 

                       ഖുര്‍ആന്‍റെ ആശയങ്ങള്‍ വിവിധ ഭാഷക്കാരും സഹോദര സമുദായങ്ങളും അിറഞ്ഞിരിക്കണമെന്ന ഉള്‍ക്കാഴ്ചയോടെയുള്ള പ്രവര്‍ത്തനം അദ്ദേഹം നിരന്തരം നടത്തിയെങ്കിലും ഫലപ്രാപ്തിയിലെത്താന്‍ പിന്നെയും പതിറ്റാണ്ടുകള്‍ കാത്തിരിക്കേണ്ടിവന്നു. ഇപ്പോള്‍ മലയാളത്തില്‍തന്നെ ഖുര്‍ആന് 34 പരിഭാഷകളുണ്ട്.