14. ജീവ-കാരുണ്യ പ്രവര്‍ത്തനങ്ങള്‍


14. ജീവ-കാരുണ്യ പ്രവര്‍ത്തനങ്ങള്‍



ടിവി അബ്ദുറഹിമാന്‍കുട്ടി

മൊബൈല്‍. 9495095336


                            കഴിഞ്ഞ ഒരു നൂറ്റാണ്ടിന്നിടയില്‍ കേരളത്തിലെ യത്തീംഖാനകള്‍ വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ വഹിച്ച പങ്ക് ശ്ലാഘനീയമാണ്. അനാഥരും അഗതികളുമായ ആയിരക്കണക്കിന് കുട്ടികള്‍ക്ക് സര്‍വ്വവിധ സംരക്ഷണവും നല്‍കി പരശ്ശതം കുട്ടികള്‍ക്ക് അനുയോജ്യമായ വിദ്യാഭ്യാസം നല്‍കി സമുദായത്തിന്‍റെ ഉത്തമ പൗരന്‍മാരാക്കി വളര്‍ത്തിയെടുക്കുന്നതില്‍ യത്തീംഖാനകളുടെ പങ്ക് മഹത്വരമാണ്. മുഖ്യധാരയില്‍ വളര്‍ന്ന അവരില്‍ പലരും ഔദ്യോഗികരംഗത്തും അല്ലാതെയും മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെക്കുന്നു. സഹോദര സമുദായത്തില്‍ നിന്നുപോലും ദത്തെടുത്തു വളര്‍ത്തി നിയമസഭാ സാമാജിക പദവിവരെ അലങ്കരിച്ചവരുണ്ട്. അന്തേവാസികള്‍ക്ക് ആവശ്യമായ വിദ്യാഭ്യാസ പാശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഇന്ന് സ്ഥാപനങ്ങള്‍ ഒന്നിനൊന്ന് മികവ് പ്രകടിപ്പിക്കുന്നു. എന്നാല്‍ പതിറ്റാണ്ടുകള്‍ക്കുമുമ്പ് നിലവില്‍ വന്ന യത്തീംഖാനകളുടെ ആവിര്‍ഭാവത്തിന് പിന്നില്‍ ദുഷ്ക്കരവും വേദനാജനകവുമായ ചരിത്രമുണ്ട്.

                            1921-ലെ മലബാര്‍കലാപം മുസ്ലിം സമുദായത്തില്‍ വിതച്ച വിനാശങ്ങള്‍ നിരവധിയാണ്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരക്കണക്കിന് ഹതഭാഗ്യരെയാണ് അക്കാലത്ത് നരകതുല്യമെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ആന്തന്‍മാന്‍-നിക്കോബാര്‍ ദ്വീപുകളിലേക്കും ഓസ്ട്രേലിയയിലേക്കും നാടുകടത്തി. മുസ്ലിം സഹോദരിമാര്‍ ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക് വിധേയരായി. തുടര്‍ച്ചയായുള്ള നരനായാട്ടും മര്‍ദ്ദനവും കാരണം പലരും വിധവകളുമായി. അനാഥരും അഗതികളുമായ മുസ്ലിം കുട്ടികളേയും സ്ത്രീകളേയും ഭരണകൂടത്തിന്‍റെ മൗനാനുവാദത്തോടെ ക്രിസ്തീയ മിഷണറിമാര്‍ ദത്തെടുത്ത് അവരുടെ അനാഥമന്ദിരങ്ങളിലും ചര്‍ച്ചുകളിലും കന്യാമഠങ്ങളിലും ക്രിസ്തീയാചാരമനുസരിച്ച് വളര്‍ത്തി. 

                                ദുരിത ബാധിതരായ മാപ്പിളമാരെ സഹായിക്കണമെന്ന് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് മലബാര്‍ കലക്ടര്‍ തോമസിന് നിവേദനം നല്‍കിയെങ്കിലും പരിഗണിക്കപ്പെട്ടില്ല. പ്രസ്തുത വിഷയം മദ്രാസ്സിലെ ഹിന്ദുപത്രം പ്രസിദ്ധീകരിച്ചു. ഈ പൈശാചിക കൂട്ടക്കൊലകളുടേയും നിഷ്ഠൂര മര്‍ദ്ദനങ്ങളുടേയും തേങ്ങലുകള്‍ അവസാനിക്കുന്നതിനു മുമ്പ് അടിച്ചു വീശിയ അതിഭയങ്കര കൊടുംങ്കാറ്റും പ്രളയക്കെടുതിയും മലബാറിന്‍റെ നട്ടെല്ലൊടിച്ചു. ഈ ഇരട്ട ദുരന്തത്തിന്‍റെ അലയൊലികള്‍ കേരളത്തില്‍ മാത്രം ഒതുങ്ങിയില്ല. ഇന്ത്യയിലാകമാനം പ്രതിധ്വനിച്ചു. മൗലാനാ സഫറലിഖാന്‍റെ സമീന്ദര്‍ പത്രം പ്രസിദ്ധീകരിച്ച പരമ്പരയുടെ അടിസ്ഥാനത്തില്‍ ഭാരതത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉദാരമതികളും സുമനസുക്കളുമായ മനുഷ്യ സ്നേഹികള്‍ അന്യപ്രേരണയില്ലാതെ  ദുരിതാശ്വാസ പ്രവര്‍ത്തന മേഖലകളില്‍ സമ്പത്തും മനുഷ്യ വിഭവ ശേഷിയും സ്വയം അര്‍പ്പിച്ച് മാതൃകയായി. അക്കൂട്ടത്തില്‍ പഞ്ചാബ് സ്വദേശികളും പണ്ഡിതശ്രേഷ്ഠരും സമ്പന്നരുമായ രണ്ട് സഹോദരങ്ങളുമുണ്ടായിരുന്നു. മൗലാനാ മുഹയിദ്ദീന്‍ അഹമ്മദ് ഖസൂരിയും മൗലാനാ അബ്ദുല്‍ ഖാദര്‍ ഖസൂരിയും. ഇരുവരും തങ്ങളുടെ പിതാവായ മൗലാനാ മുഹമ്മദ് അഹ്മ്മദ് ഖസൂരിയുടെ നിര്‍ദ്ദേശാനുസരണം ലഹള പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു താല്‍ക്കാലിക ദുരിതാശ്വാസ രൂപരേഖ തയ്യാറാക്കി പിതാവിന് സമര്‍പ്പിച്ചു. ദുരിതാശ്വാസ  പ്രവര്‍ത്തനകേന്ദ്രങ്ങള്‍ ആരംഭിച്ചു. 25000-ല്‍ പരം അഗതികള്‍ക്ക് സൗജന്യ അരിയും 1700-ല്‍അധികം അബലകള്‍ക്ക് വസ്ത്ര വിതരണവും ചികിത്സാ സൗകര്യങ്ങളും ഒരുക്കി. തകര്‍ന്ന 285 വീടുകള്‍ പുനര്‍നിര്‍മ്മാണം ചെയ്തു. എഴുപത് കുട്ടികളെ ദത്തെടുത്തു. ഇതിന്‍റെ തുടര്‍ച്ചയായി സ്ഥിര സംവിധാനം ഒരുക്കുന്നതിന് ദഅ്വത്തെ തബ്ലീ ഉല്‍ ഇസ്ലാം എന്നൊരു സംഘടന രൂപീകരിച്ച് 1922-ല്‍ കോഴിക്കോട് ജെ.ഡി.റ്റി. ഇസ്ലാം ഓര്‍ഫനേജ് സ്ഥാപിച്ചു. ഓര്‍ഫനേജ് 1924-ല്‍ ആണ് സില്‍വര്‍ ഹില്ലിലുള്ള കെട്ടിട സമുച്ചയത്തിലെ പഴയ ബില്‍ഡിങ്ങിലേക്ക് മാറ്റിയത്. 

                         ഇതിനു മുമ്പ് കേരളത്തില്‍ വ്യവസ്ഥാപിതമായ രൂപത്തില്‍ അനാഥ സംരക്ഷണ മന്ദിരങ്ങള്‍ ഉണ്ടായിരുന്നില്ല. ഏതാനും ചില തറവാടുകളോടും പള്ളികളോടും ചേര്‍ന്ന് പ്രവര്‍ത്തനം നടന്നിരുന്നുവെങ്കിലും അതൊന്നും കൃത്യമായ രൂപരേഖ അനുസരിച്ചായിരുന്നില്ല പ്രവര്‍ത്തിച്ചിരുന്നത്. പൊന്നാനി മഖദൂന്മാരുടെ കീഴില്‍ വലിയപള്ളിക്ക് സമീപം കൗഡിയാമാക്കാനകം തറവാടിന്‍റെ ഒരു ഭാഗത്ത് നടന്നിരുന്ന അഗതി സംരക്ഷണം ചരിത്ര ലിഖിതമാണ്.  

        ജെ.ഡി.റ്റി.യുടെ സ്തുത്യര്‍ഹമായ സേവനം സമുദായം അനുഭവിച്ചുകൊണ്ടിരുന്ന അവസരത്തിലാണ് 1943-ല്‍ അതിശക്തമായ തോതില്‍ നടപ്പു ദീനവും (കോളറയും) ക്ഷാമവും പടര്‍ന്നുപിടിച്ചത്. പൊന്നാനിപ്പുഴയുടെ അക്കരെ മംഗലം എന്ന കൊച്ചു ഗ്രാമത്തില്‍ മാത്രം കെടുതിയില്‍ അകപ്പെട്ട് മരിച്ചവരുടെ എണ്ണം തൊള്ളായിരത്തോളം വരും. ഇന്ത്യയില്‍ മൊത്തം 43000ത്തോളം രോഗികള്‍ മരിച്ചെന്നാണ് പത്രഭാഷ്യം. ബംഗാളില്‍ ഒരുലക്ഷത്തില്‍പ്പരം ആളുകള്‍ യാതനകള്‍ക്കിരയായി. ഇതിനെ തുടര്‍ന്നാണ് തിരൂരങ്ങാടിയിലും തിരൂരിലും യത്തീംഖാനകള്‍ നിലവില്‍ വന്നത്. 

                                    അനാഥസംരക്ഷണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കി സഭയും ഈ വര്‍ഷംതന്നെ അനാഥശാല സ്ഥാപിച്ചു. സുല്‍ത്താന്‍ അബ്ദുറഹിമാന്‍ ആലി രാജ, അബ്ദു സത്താര്‍ ഈസ സേട്ട്, കെ.എം. സീതി സാഹിബ് തുടങ്ങിയവരുടെ അഭ്യര്‍ത്ഥന ഹേതുവായി അനാഥശാലക്ക് നാട്ടില്‍ നിന്നും മറുനാട്ടില്‍ നിന്നും ആവശ്യമായ ഫണ്ട് ലഭിച്ചു. പുതുവിശ്വാസികളുടെ സന്താനങ്ങള്‍ക്കും ഇവിടെ പ്രവേശനം നല്‍കിയിരുന്നു. പുതുവിശ്വാസികളുടെ സൗകര്യാര്‍ത്ഥം 1-6-1981ല്‍  പുതുപൊന്നാനിയിലെ വിശാലമായ എം.ഐ. കോമ്പൗണ്ടിലേക്ക് അനാഥശാല മാറ്റി സ്ഥാപിച്ചു.

                            സഭയുടെ തുടക്കം മുതല്‍ തന്നെ നവമുസ്ലിംകള്‍ക്ക് തൊഴില്‍ ശാല ആരംഭിക്കണമെന്ന് തത്വത്തില്‍ അംഗീകരിച്ചിരുന്നു. ഇതിനായി ഷെയര്‍ സ്വരൂപിക്കാന്‍ തീരുമാനിച്ചെങ്കിലും പ്രായോഗികമായില്ല. ഇത് നടപ്പിലായത് 1941ല്‍ സഭയോട് അനുബന്ധിച്ച് കൈത്തറി നെയ്ത്തുശാല ആരംഭിച്ചതോടെയാണ്. പുതുവിശ്വാസികളും തദ്ദേശീയരും പലരും ഇവിടെ തൊഴില്‍ ചെയ്തിരുന്നു.  ഇപ്പോഴതില്ല. രാജ്യത്തിന്‍റെ പലയിടങ്ങളിലും അക്കാലത്ത് കൈത്തറി നെയ്ത്തുശാലകള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇത് ആദരണീയമായ ഒരു തൊഴിലും ദേശീയതയുടെ ചിഹ്നവുമായിരുന്നു.

                        ദരിദ്രരായ മുസ്ലിം കുട്ടികളുടെ സുന്നത്ത്(കത്നാ കര്‍മ്മം), അഗതികളായ മുസ്ലിംകളുടെ മയ്യിത്ത് സംസ്കരണം, സാധുക്കള്‍ക്ക് ദൈനം ദിനം കഞ്ഞിപാര്‍ച്ച തുടങ്ങിയവ ഒരു കാലത്ത് ശ്ലാഘനീയമായ രീതിയില്‍ സഭ നിര്‍വ്വഹിച്ചു പോന്നിരുന്നു. സാമ്പത്തിക പ്രയാസം അനുഭവിച്ചിരുന്ന അക്കാലത്ത് സഭയില്‍ നിന്ന് ലഭിച്ചിരുന്ന കഞ്ഞി നിരവധി പേരുടെ പൈദാഹം തീര്‍ത്തു. പലവിധ കാരണത്താല്‍ പിന്നീടത് തളിരിട്ടില്ല. സഭയുടെ കീഴില്‍ നിസ്കാര പള്ളികള്‍ സ്തുത്യര്‍ഹമായ രീതിയില്‍ പ്രവര്‍ത്തിച്ച് വരുന്നു. അഗതികളുടെ മയ്യിത്ത് സംസ്കരണത്തിനായി ആശുപത്രിക്ക് സമീപം പുത്തംകുളം പരിസരത്ത് പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്.

                                ഇപ്പോഴത്തെ സഭാ ഓഫീസ് കെട്ടിടത്തിന്‍റെ ശിലാസ്ഥാപനം 1960 സെപ്തംബര്‍ 8ന് കക്കോടന്‍ മമ്മു ഹാജിയാണ് നിര്‍വ്വഹിച്ചത്. ഇതിനോടനുബന്ധിച്ച പൊതു സമ്മേളനം പാലക്കാട് കലക്ടറായിരുന്ന പി. കെ. അബ്ദുല്ല സാഹിബാണ് ഉദ്ഘാടനം ചെയ്തത്. അന്ന് ചന്തപ്പടി മുതല്‍ സഭ വരെ തോരണങ്ങളാല്‍ അലങ്കരിച്ച് ദേശത്തിന്‍റെ ആഘോഷമായാണ് തദ്ദേശീയര്‍ ഇതിനെ എതിരേറ്റത്. ഒറ്റപ്പാലം കോര്‍ട്ടേഴ്സ്  നിലവില്‍ വന്നത് 1962ലാണ്. 

                        നവമുസ്ലിംകള്‍ പഠനം പൂര്‍ത്തീകരിച്ച് പോയാലും സ്ഥാപനവുമായി അവരുടെ ബന്ധം മുറിയുന്നില്ല. തുടര്‍ പഠനത്തിന് സഭ സൗകര്യം ഒരുക്കുന്നു. വിവാഹം, ഭവന നിര്‍മ്മാണം എന്നിവക്ക് ധനസഹായവും പുതുവിശ്വാസികളായശേഷം സമൂഹത്തില്‍ അംഗീകാരത്തോടുകൂടി ജീവിക്കുന്നതിന് മഹല്ലുകളുമായി ബന്ധപ്പെട്ട് അംഗത്വലബ്ധി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്തുകൊടുക്കുന്നതില്‍ സഭ പ്രത്യേകം ശ്രദ്ധചെലുത്തുന്നു.