11. ഗുരുകുല പഠനവും ശാലകളും
ടിവി അബ്ദുറഹിമാന്‍കുട്ടി
മുബൈല്‍ : 9495095336
മഹോയദയപുരം(കൊടുങ്ങല്ലൂര്‍) പെരുമാക്കന്മാരുടെ ഭരണ കാലം മുതല്‍ ക്ഷേത്രങ്ങളോടനുബന്ധിച്ച് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വേദാദ്ധ്യായന ശാലകളെന്ന പേരില്‍ വിദ്യാ ശാലകള്‍ സ്ഥാപിച്ചാണ് ഗുരുകുല സമ്പ്രദായത്തിന്‍റെ പരിഷ്‌കരണം. കാന്തളൂര്‍ ശാല, മൂഴിക്കുളം ശാല, കരകണ്ടീശ്വരം ശാല, തലക്കുളം ശാല തുടങ്ങിയവയാണ് ശാലകളില്‍ പ്രസിദ്ധം.. അറിവ്-ജ്ഞാനംഎന്നാണ് വേദ എന്ന പദത്തിന്‍റെ അര്‍ത്ഥം.വേദ എന്ന സംസ്‌കൃത പദത്തില്‍ നിന്നാണ് വിദ്യ എന്ന വാക്കിന്റെ ഉത്ഭവം ശാലകളില്‍ വേദം, വ്യാകരണം, തത്വചിന്ത, നിയമം തുടങ്ങിയവ പാഠ്യ വിഷയങ്ങളും ആയുധാഭ്യാസം പാഠ്യേതര വിഷയവുമായിരുന്നു. പഠിതാക്കള്‍ക്ക് ഭക്ഷണം, വസ്ത്രം, താമസം തുടങ്ങിയവ സൗജന്യമായിരുന്നു. പൊതുസ്ഥലത്ത് താമസിച്ച് പഠിക്കുന്ന സമ്പ്രദായം സംഘകാലത്തുണ്ടായിരുന്നുവെന്ന് പ്രധാന സംഘ കൃതി കുറുന്തൊകൈ'(401കവിതകള്‍) സൂചന നല്‍കുന്നു. അദ്ധ്യാപകരെ ഭട്ടന്മാര്‍ എന്നും വിദ്യാര്‍ത്ഥികളെ ചാത്തിരരെന്നും വിളിച്ചു.
ശാലകള്‍ സംഘകാലത്തോ അതിനുമുമ്പോ പിമ്പോ ആവാമെന്ന് ചരിത്രം വിഭിന്ന പക്ഷമാണ്. ശാലകളില്‍ പ്രഥമഗണനീയമായ ആയ്‌വംശ രാജാവായ കരുനന്തടക്കന്‍ സ്ഥാപിച്ച കാന്തളൂര്‍ ശാല ദക്ഷിണ നളന്ദയായി അറിയപ്പെട്ടു. പഴയ പൊന്നാനി താലൂക്കില്‍ പന്നിയൂരിനും ശുകപുരത്തിനും കൂടല്ലൂരിനും തിരുന്നാവായക്കും ഭാരതപ്പുഴക്കും ഇടയിലുള്ള കാന്തളൂര്‍ ദേശമാണ് കാന്തളൂര്‍ ശാലയുടെ ആസ്ഥാനമെന്നും ചമ്രവട്ടം ദക്ഷിണ നളന്ദയായിരുന്നുവെന്നും വാദിക്കുന്നവരുണ്ട്. ശ്രവണ,മനന, നിദിധ്വാസന എന്നി മുന്ന് രീതികളിലാണ് അദ്ധ്യായനം. അക്ഷരങ്ങള്‍ എഴുതി വിദ്യ ആരംഭിക്കുന്നത്-വിദ്യാരംഭം ശിഷ്യനെ ഗുരുവിന്‍റെ സന്നിദ്ധാനത്തിലേക്ക് ആനയിക്കുന്നത് - ഉപനയനം, പുതുവര്‍ഷ പിറവിയിലെ കര്‍മ്മം-ഉപാകര്‍മ്മം, കൊല്ലാവസാന പഠന ക്രിയ-ഉപസര്‍ജനം, വിദ്യാര്‍ത്ഥി ജിവിതം അവസാനിപ്പിക്കുന്നത്-സമാവര്‍ത്തനം എന്നീ പേരുകളിലാണ് പഠനത്തിന്‍റെ വിവിധ ഘട്ടങ്ങള്‍ അറിയപ്പെട്ടിരുന്നത്. ആത്യന്തിക ലക്ഷ്യം ആത്മ സാക്ഷാത്ക്കാരമായിരുന്നു.
പഠനം പ്രസിദ്ധ നമ്പൂതിരി ഇല്ലങ്ങളിലായിരുന്നു. പഠന കാലം ത്യാഗ പൂര്‍ണ്ണവും പലപ്പോഴും ദുസ്സഹവുമായിരുന്നുവെന്ന് നമ്പൂതിരി സമുദായത്തിന്‍റെ പരിഷ്‌കര്‍ത്താവ് വി. ടി. ഭട്ടതിരിപ്പാട് പറയുന്നു. പഠന മാധ്യമം സംസ്‌കൃതവും പ്രവേശനം ബ്രാഹ്‌മണര്‍ക്ക് മാത്രവുമായിരുന്നു. 19ാം നൂറ്റാണ്ടില്‍ ഇതിനായി മൂന്ന് കലാലയങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത് പൊന്നാനി താലൂക്കില്‍ തിരുന്നാവായയിലും, കുറുമ്പ്രനാട് താലൂക്കില്‍(കോഴിക്കോട് ജില്ല) പാലായിലും, കൊച്ചിന്‍ രാജ്യമായ തൃശ്ശിവപേരുരി(തൃശ്ശൂര്‍)ലുമായിരുന്നു. ഇത്തരം പഠന ശാലകള്‍ ഓത്താന്‍ മഠങ്ങള്‍ എന്നറിയപ്പെട്ടു. പല പ്രസിദ്ധ ക്ഷേത്രങ്ങളോടനുബന്ധിച്ചും ഓത്തന്‍ മഠങ്ങള്‍ സ്ഥാപിച്ചിരുന്നു. ഭാരാതപ്പുഴയുടെ തീരത്ത് പ്രശസ്തമായ തവനൂരിലെ ഓത്താന്‍മാര്‍ മഠത്തില്‍ ഋഗേതികളാവാന്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ധാരാളം ഉണ്ണികള്‍ ഒത്തുകൂടിയിരുന്നു.
` ക്ഷേത്രങ്ങള്‍ സവര്‍ണരുടെ അധീനത്തിലായിരുന്നതിനാല്‍ ആരാധനയും ക്ഷേത്രകലകളും അവര്‍ കുത്തകയാക്കി. ഈ കുത്തക കൈവിട്ടു പോകാതിരിക്കാന്‍ അവസരോചിതമായ തന്ത്രങ്ങളും സന്ദര്‍ഭങ്ങളും ഉപയോഗപ്പെടുത്തി ബ്രാഹ്‌മണന്മാര്‍ വൈജ്ഞാനിക ചെയ്തികളും യാഗദി കര്‍മ്മങ്ങള്‍ അനുഷ്ഠിക്കാനുള്ള എല്ലാ അവകാശങ്ങളും ഭാഗിച്ചെടുത്തു. ചില കുടുംബങ്ങള്‍ ജ്യോതി ശാസ്ത്രവും മറ്റു ചിലര്‍ യഗാദി സംരക്ഷണവും വേറെ ചിലര്‍ ചികിത്സ രീതികളും വൈദ്യവും സ്വന്തമാക്കി. ഹൈന്ദവരിലെ മറ്റു ജാതിക്കാര്‍ സംസ്‌കൃതം പഠിക്കരുതെന്നവര്‍ നിഷ്‌കര്‍ഷിച്ചു. ക്ഷേത്ര ശാന്തിക്കാരും പുരോഹിതന്മാരും ദരിദ്ര ബ്രാഹ്‌മണ കുടുംബങ്ങളിലുള്ളവരായിരുന്നു. വലിയ ക്ഷേത്രങ്ങളിലെ മേല്‍ശാന്തിക്കാര്‍ ചുരുങ്ങിയത് മൂന്ന് കൊല്ലമെങ്കിലും ബ്രഹ്‌മചര്യം അനുഷ്ഠിക്കണം.
വിജ്ഞാന സമ്പാദനം മറ്റാര്‍ക്കും കൈമാറിയില്ല. അദ്ധ്യാപകര്‍ ചൊല്ലിക്കൊടുക്കുന്ന വേദപാഠങ്ങള്‍ അര്‍ത്ഥമറിയാതെ പഠിതാക്കള്‍ ഏറ്റ് പറഞ്ഞു. വേദം വായിച്ച് പഠിക്കാനും വ്യാഖ്യാനിക്കാനും കഴിയുന്നവരുടെ സംഖ്യ കുറവായിരുന്നു. ശിക്ഷണം മുഴുവന്‍ മതപരമായിരുന്നില്ല. സകലതും ബ്രാഹ്‌മണര്‍ കയ്യടക്കിയതുകൊണ്ടാവാം ഭരണത്തിന്‍റെ ഉന്നതങ്ങള്‍ അക്കാലത്ത് അവരുടേതായത്. നമ്പൂതിരിമാര്‍ക്ക് പുറമെ ക്ഷത്രീയരും വൈശരും സംസ്‌കൃതം കൈകാര്യം ചെയ്തു വന്നു. കാലാന്തരത്തില്‍ സവര്‍ണരുടെ ഇതര വിഭാഗങ്ങളുമായുള്ള ഇടപഴകലുകളും നായര്‍ സ്ത്രീകളുമായി നമ്പൂതിരി വിഭാഗം നടത്തിയ സംമ്പന്ധവും ഹേതുവായി ജനിച്ച മക്കള്‍ക്കും ഇതര ബന്ധുക്കള്‍ക്കും വിജ്ഞാന സംമ്പാദനത്തിന് അവസരം ലഭിച്ചു