3. പരിവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട നൂറുവര്‍ഷം
ടിവി അബ്ദുറഹിമാന്‍കുട്ടി
മൊബൈല്‍. 9495095336
ഭാരതത്തേയും കേരളത്തേയും സമൂല മാറ്റത്തിലേക്ക് നയിച്ച ധാരാളം നവോത്ഥാന നായകന്മാര്‍ ജീവിച്ചിരുന്നതും പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയതുമായ കാലഘട്ടമാണ് 1850 മുതല്‍ 1950 വരെയുള്ള ഒരു നൂറ്റാണ്ട്. സവര്‍ണ അവര്‍ണ മേലാള കീഴാള വൈരുദ്ധ്യങ്ങളും മത സാമുദായികരംഗത്തെ തേരോട്ടവും തിരയടികളും ദേശീയബോധവും വികസിച്ചുകൊണ്ടിരുന്ന കാലത്തായിരുന്നു മക്തി തങ്ങള്‍ പ്രവര്‍ത്തനരംഗത്ത് നിറഞ്ഞുനിന്നത്. തന്‍റെ പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ ഹേതുവായി പട്ടണിയും യാതനകളും വേദനകളും സഹിച്ച് പരിഷ്കരണരംഗത്ത് ഉറച്ചുനിന്ന അദ്ദേഹത്തെപ്പോലുള്ള മറ്റൊരു മുസ്ലിം നവോത്ഥാന നായകന്‍ കേരള ചരിത്രത്തില്‍ അപൂര്‍വം.
മഹാത്മാഗാന്ധി, പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു, മൗലാനാ അബുല്‍ കലാം ആസാദ്, രവീന്ദ്രനാഥ ടാഗോര്‍, സര്‍ അല്ലാമാ ഇക്ബാല്‍, സുഭാഷ് ചന്ദ്രബോസ്, സര്‍ സയ്യിദ് അഹമ്മദ് ഖാന്‍, അല്ലാമാ ശിബിലി നുഅമാനി, ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികള്‍, അയ്യങ്കാളി, വി. ടി. ഭട്ടതിരിപ്പാട്, കെ.എം. സീതി സാഹിബ്, മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ്, ഇ. മൊയ്തു മൗലവി, പി. കൃഷ്ണപിള്ള, ഇ.എം.എസ്, ഡോ: ടി. പല്‍പു, ഐ.എന്‍.എ. സേനാനായകന്‍ വക്കം അബ്ദുല്‍ കാദര്‍ തുടങ്ങിയവര്‍ അരങ്ങത്ത് നിറഞ്ഞുനിന്നതും 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരം, അലീഗര്‍ പ്രസ്ഥാനം, മഊനത്ത് പ്രസ്ഥാന രൂപീകരണം, അരുവിപ്പുറം പ്രതിഷ്ഠ, സര്‍ അല്ലാമ ഇക്ബാല്‍ മൊഴിഞ്ഞ് ഭഗത്സിംഗ് ഏറ്റെടുത്ത ഇംക്വിലാബ് സിന്ദാബാദ് എന്ന അനശ്വര മുദ്രാവാക്യം നാടാകെ മുഴങ്ങിയത്, ചന്നാര്‍ സമരം, മലബാര്‍ കലാപം, നിവര്‍ത്തന പ്രക്ഷോഭം, ഗുരുവായൂര്‍ സത്യാഗ്രഹം, വൈക്കം സത്യാഗ്രഹം, ശുചീന്ദ്രം സത്യാഗ്രഹം, പാലിയം സത്യാഗ്രഹം, ക്ഷേത്രപ്രവേശന വിളംബരം, കെ. ദാമോദരന്‍റെ നേതൃത്വത്തില്‍ നടന്ന ബീഡിതൊഴിലാളി പ്രക്ഷോഭം, കയ്യൂര്‍ സമരം, പുന്നപ്ര വയലാര്‍ സമരം, മലയാളി മെമ്മോറിയല്‍, ഈഴവ മെമ്മോറിയല്‍, ഐക്യസംഘം രൂപീകരണം, ഭാരതം സ്വാതന്ത്യം നേടിയത് തുടങ്ങി ചരിത്രത്തില്‍ മായാമുദ്രകള്‍ പതിഞ്ഞ പല സാമൂഹിക രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്കും പരിഷ്കരണങ്ങള്‍ക്കും സാക്ഷ്യം വഹിച്ചത് ഈ നൂറ്റാണ്ടിലാണ്. മുസ്ലിം നവോത്ഥാന നായകരില്‍ പ്രശസ്തരായ മൗലാന ചാലിലകത്ത് കുഞ്ഞിമുഹമ്മദ് ഹാജി(1866-1919), വക്കം മുഹമ്മദ് അബ്ദുല്‍ കാദര്‍ മൗലവി(1873-1932), ശൈഖ് മുഹമ്മദ് ഹമദാനി തങ്ങള്‍(മരണം1922) ജീവിച്ചുമരിച്ചതും ഈ കാലഘട്ടത്തില്‍ തന്നെ.