1.ആഗോള കമ്പോളവും മലബാറും



1.ആഗോള കമ്പോളവും മലബാറും








ടിവി അബ്ദുറഹിമാന്‍കുട്ടി

മൊബൈല്‍. 9495095336


      പൗരാണിക കാലംമുതല്‍ ആഗോള കമ്പോളങ്ങളില്‍ കേരളീയ ഉത്പന്നങ്ങള്‍ പ്രിയമേറിയവയും ആകര്‍ഷകവും ആയിരുന്നതിനാല്‍ യവനര്‍, അറബികള്‍, യൂറോപ്യര്‍ (അഫ്റഞ്ച്), ഈജിപ്ഷ്യര്‍ (മിസ്രികള്‍), ചൈനക്കാര്‍ (സ്വീനികള്‍) തുടങ്ങിയവര്‍ കച്ചവടത്തിനായി നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ഇവിടെയെത്തിയിരുന്നു. അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ ലോകത്തിലെ സമ്പന്ന പരിഷ്കൃത അറേബ്യന്‍ ഭരണകൂടമായിരുന്ന യമനും കേരളവും തമ്മില്‍ വ്യാപാരബന്ധം നടന്നിരുന്നു. വേഷങ്ങളിലും ആചാരങ്ങളിലും പഴയ മലബാര്‍ മുസ്ലിംകളോട് സാദൃശ്യമുള്ള യമന്‍ സ്ഥിതിചെയ്യുന്നത് കേരളത്തിന്‍റെ ഏതാണ്ട് മറുകരയിലാണ്.

                     ബ്രാഹ്മണരുടെ പൂണൂല്‍ ധാരണം അടക്കമുള്ള പല അനുഷ്ഠാനങ്ങളും ആരാധനാ കര്‍മ്മങ്ങളും പ്രാചീന അറബികളുടെ ആചാരങ്ങളുമായി സാമ്യമുണ്ടെന്നാണ് ചരിത്രപക്ഷം. സോളമന്‍ചക്രവര്‍ത്തി (സുലൈമാന്‍നബി)യുടെ അരമനയെ മോടിപിടിപ്പിക്കുന്നതിന് കേരളത്തിലെ തേക്കിന്‍തടിയും ആനക്കൊമ്പും ഉപയോഗിച്ചിരുന്നു. മൂസാനബിയുടെ കാലംമുതല്‍ യഹൂദ മതച്ചടങ്ങുകളില്‍ നമ്മുടെ സുഗന്ധദ്രവ്യങ്ങളും പലവ്യഞ്ജനങ്ങളും സ്ഥാനംപിടിച്ചിരുന്നു. പുരാതന അറേബ്യന്‍ മഹാകവി ഇംറഉല്‍ ഖൈസിന്‍റെ കവിതകളില്‍ കറുത്ത പൊന്നായ കുരുമുളക് വര്‍ണ്ണനീയമാണ്. അറബികള്‍ കേരളത്തെ ബിലാദുല്‍ ഫുല്‍ഫുല്‍, (കുരുമുളകിന്‍റെ നാട്) എന്നാണ് വിശേഷിപ്പിച്ചത്. 

       അറേബ്യയിലെ സിയാഗ്രസ് ദേശത്ത് നിന്നു പടിഞ്ഞാറന്‍ കാറ്റിന്‍റെ സഹായത്തോടെ കപ്പലുകള്‍ക്ക് ഏകദേശം ഒന്നര മാസം കൊണ്ട് കേരള തീരങ്ങളില്‍ എത്താന്‍ കഴിയുമെന്ന് യവന നാവികന്‍ ഹിപ്പാലസ് എ. ഡി. 45ല്‍ കണ്ടെത്തി. ഇതിനുശേഷം അനുകൂലമായ കാലാവസ്ഥയില്‍ ജൂണ്‍-ജൂലായ് മാസങ്ങളില്‍ നൂറില്‍പരം പായക്കപ്പലുകളാണ് ചരക്കുകളുമായി കേരള തീരങ്ങളിലെത്തിയത്. കച്ചവടം നടത്തിയ ശേഷം കാറ്റിന്‍റെ ഗതി മറിച്ചാകുന്ന ഡിസംബര്‍. ജനുവരി മാസങ്ങളില്‍ മടക്കയാത്ര ആരംഭിക്കുകയും ചെയ്യാറാണ് പതിവ്. കപ്പല്‍ യാത്ര കാറ്റിന്‍റെ ഗതിയനുസരിച്ചതിനായതിനാല്‍ ഇന്നത്തെ പോലെ കടല്‍ സഞ്ചാരം അനായാസമായിരുന്നില്ല. സമുദ്ര വ്യാപാര രംഗത്ത് അറബിക്കടല്‍ വഹിച്ച പങ്ക് വിവരണാതീതമാണ്. 

              നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇവിടെയെത്തിയ അറബികള്‍ക്ക് തുടക്കം മുതല്‍ തന്നെ വ്യാപാര താത്പര്യങ്ങള്‍ക്ക് പുറമെ പാശ്ചാത്യരെപ്പോലെ പ്രത്യേക രാഷ്ട്രീയ ലക്ഷ്യമുണ്ടായിരുന്നില്ല. പതിനഞ്ചാം നൂറ്റാണ്ടിന്‍റെ അന്ത്യംവരെ പേര്‍ഷ്യക്കാരുടെ സഹായത്തോടെ കടല്‍ വ്യാപാരത്തിന്‍റെ ആരാലും ചോദ്യംചെയ്യപ്പെടാത്ത കുത്തക അറബികള്‍ക്കായിരുന്നു. വ്യാപാരത്തിലൂടെ പ്രാദേശികമായ സാമൂഹിക-സാമ്പത്തിക അഭിവൃദ്ധിയും ലക്ഷ്യമായിരുന്നു. ഇത് സഫലമാകാന്‍  തദ്ദേശീയരുമായി കൂടുതല്‍ ഇടപ്പെടലുകള്‍  അനിവാര്യമായി വന്നു. ആഴ്ചകളും മാസങ്ങളും പാര്‍ക്കേണ്ടിവന്ന അവര്‍ തദ്ദേശീയ സ്ത്രീകളുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെട്ടു. ഇന്തോ-അറേബ്യന്‍ വ്യാപാര ശൃംഖല ഇതിന് പച്ചക്കൊടി കാട്ടി. ജനിച്ച സന്താനങ്ങളെ മാപ്പിളമാര്‍ എന്നു വിളിച്ചു. തല്‍ഫലമായി മലബാര്‍ മാപ്പിള എന്നൊരു വിഭാഗം രൂപമെടുത്തു.

    ഐതീഹ്യമാലയില്‍ പരാമര്‍ശിതമായ മഹാജ്ഞാനി വരരുചിയുടെ സഹധര്‍മ്മിണി പറയിയായ പഞ്ചമിയുടെ സന്താനപരമ്പര വിശദീകരിക്കുന്ന പറയിപെറ്റ പന്തീരുകുലം കാവ്യത്തിലെ ഉപ്പുകുറ്റന്‍ അറബിമാപ്പിളയുടെ പ്രതീകമായിരുന്നു എന്നാണ് തിരുവിതാംകൂര്‍ ചീഫ് സെക്രട്ടറിയായിരുന്ന മഹാ കവി ഉള്ളൂര്‍ എസ്. പരമേശ്വര അയ്യരുടെ നിഗമനം.  

    ഇസ്ലാമിന്‍റെ ആവിര്‍ഭാവത്തോടെ അറബികളോടൊപ്പം മാപ്പിളമാരും മുസ്ലിംകളായി. തന്മൂലം പുതിയൊരു മാപ്പിള സംസ്കാരം രൂപംകൊണ്ടു. അറബികളിലും കേരളീയരിലും നിലനിന്നിരുന്ന പല സംസ്കാരങ്ങളും ആചാരാനുഷ്ഠാനങ്ങളും മുസ്ലിംകളിലും വ്യാപിച്ചു. ഇതിനെ തുടര്‍ന്നാണ്  പൗരാണിക അറബികളിലും കേരളത്തിലെ നായന്മാര്‍ക്കിടയിലും നിലനിന്നിരുന്ന മരുമക്കത്തായ സമ്പ്രദായം കേരള മുസ്ലിംകളിലും പലയിടത്തും വ്യാപിച്ചത്.