13. മതവിജ്ഞാനരംഗത്ത് കൈരളിക്ക് മാതൃക


13. മതവിജ്ഞാനരംഗത്ത് കൈരളിക്ക് മാതൃക



ടിവി അബ്ദുറഹിമാന്‍കുട്ടി

മൊബൈല്‍. 9495095336



                ഈജിപ്തിലെ വിശ്വപ്രശസ്തമായ അല്‍ അസ്ഹര്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് പഠനം പൂര്‍ത്തിയാക്കിയ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍ അതേ  മാതൃകയില്‍ ഒരു വിഖ്യാതപഠന കേന്ദ്രമാക്കണമെന്ന ആഗ്രഹത്തോടെയാണ് പൊന്നാനി വലിയ പള്ളിയില്‍ ദര്‍സ്സിന് തുടക്കം കുറിച്ചത്. അദ്ദേഹത്തിന്‍റെ കാലത്ത് ആഗ്രഹം സഫലീകൃതമായില്ലെങ്കിലും മഖ്ദൂം പരമ്പരയുടെ ആരംഭം മുതല്‍ തങ്ങളുടെ മിത്രങ്ങളായ സാമുതിരി ഭരണക്കൂടം ഇസ്ലാമിക സര്‍വ്വകലാശാലക്ക് വേണ്ടത്ര സ്ഥലം പൊന്നാനിയില്‍ നല്‍കിയെങ്കിലും അക്കാലത്ത് സമുദായ മദ്ധ്യത്തില്‍ നിലനിന്നിരുന്ന ഒരേയൊരു ഭിന്നിപ്പായ കൊണ്ടോട്ടി-പൊന്നാനി കൈതര്‍ക്കം ഹേതുവായി ടിപ്പുവിന്‍റെ ഭൂപരിഷ്കരണ നിയമം ദുര്‍വിനിയോഗം ചെയ്ത് സ്ഥലം ദേശവല്‍ക്കരിച്ചതിനാലാണ് ഈ പദ്ധതി നഷ്ടപ്പെട്ടത്. അല്‍ അസ്ഹര്‍ കാലത്തിനൊത്ത് ഉയര്‍ന്നതു പോലെ മഖ്ദൂമിന്‍റെ സ്വപ്നം പൂര്‍ണ്ണമായും പൂവണിയിക്കാന്‍ പിന്നീട് കൈരളിക്ക് കഴിഞ്ഞില്ല.

                     ചെറിയ ബാവ മുസ്ലിയാര്‍ മഖ്ദൂം 1908ല്‍ ഇഹലോകവാസം വെടിയുന്നത് വരെ വലിയ പള്ളി ദര്‍സ്സിന്‍റെ പ്രതാപവും മഖ്ദൂം സ്ഥാനികളുടെ പ്രൗഢിയും നിലനിന്നു. അനുക്രമമായി അപജയം സംഭവിച്ച് കൊണ്ടിരിക്കുന്ന അവസരത്തിലാണ് സഭ മത രംഗത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് തുടങ്ങിയത്. ഈ സമയത്താണ് ഓത്തുപള്ളി-ദര്‍സ്സ് സമ്പ്രദായം പരിഷ്കരിച്ച് മൗലാന ചാലിലകത്ത് കുഞ്ഞി മുഹമ്മദാജിയുടെ പുതിയ സിലബസ്സുമായുള്ള രംഗപ്രവേശനം. ഈ രീതിയനുസരിച്ച് 20-ാം നൂറ്റാണ്ടിന്‍റെ ആദ്യ ദശകത്തില്‍ സഭയും മത പഠന ക്ലാസ്സുകള്‍ ആരംഭിച്ചിരുന്നു.

                                    1930ല്‍ സഭയ്ക്ക് സമീപം മദ്റസ്സത്തുല്‍ മറളിയ സ്ഥാപിച്ച് ശിശു മത വിദ്യാഭ്യാസ രംഗത്ത് പഠനരംഗത്ത് സ്ഥിര പ്രതിഷ്ഠ നേടി. കഴിഞ്ഞ നൂറ്റാണ്ടില്‍ പൊന്നാനിയില്‍ ഏറ്റവും കൂടുതല്‍ നിക്കാഹ് ചെയ്തു കൊടുത്ത ഖാസി എന്ന ഖ്യാതി നേടിയ മഖ്ദൂം എം. പി. കുഞ്ഞാദുട്ടി മുസ്ലിയാര്‍ ദീര്‍ഘകാലം ഇവിടെ സദ്ര്‍ മുദരിസും സഭയില്‍ പുതുവിശ്വാസികളുടെ റിലീജിയസ് ഇന്‍സ്പെക്ടറുമായിരുന്നു.

                                  വേണ്ടത്ര മത വിജ്ഞാനമില്ലാതെ അന്ധകാരത്തില്‍ അകപ്പെട്ട് ജീവിക്കുന്ന മുസ്ലിം സമുഹത്തെ ഉദ്ധരിക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി യുവ പണ്ഡിതന്മാരെ വാര്‍ത്തെടുക്കുന്നതിന് ദര്‍സ്സ് സിലബസ്സ് പരിഷ്ക്കരിച്ച് ഒരു ഉന്നത കലാലയം സ്ഥാപിക്കണമെന്ന ചിന്താഗതി അക്കാലത്ത് സജീവമായി. 1958ല്‍ ചേര്‍ന്ന മാനേജിംഗ് കമ്മിറ്റി അറബികോളേജ് ആരംഭിക്കാന്‍ തീരുമാനിച്ചു. 1959 ജനുവരി 18ന് കോളേജിന്‍റെ ഉദ്ഘാടനം വെല്ലൂര്‍ ബാക്കിയാത്തു സാലിഹാത്ത് പ്രിന്‍സിപ്പാള്‍ ശൈഖ് ആദം ഹസറത്ത് ഇന്നാഅര്‍ള്നല്‍ അമാനത്ത എന്നാരംഭിക്കുന്ന സൂറത്തുല്‍ അഹ്സാബിലെ 72-ാമത്തെ സൂക്തം ഓതി വിവരിച്ച് കൊടുത്താണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. പുതുപൊന്നാനി ഖാസി മൊയ്തുമുസ്ലിയാരും അദ്ദേഹത്തിന്‍റെ മകനും സഭാ മെമ്പറുമായ മുഹമ്മദ് കുട്ടി മുസ്ലിയാരും പ്രഥമ ശിഷ്യ സ്ഥാനീയരായി. 

                        ഖുര്‍ആന്‍, തഫ്സീര്‍, ഹദീസ്, ഹിഖ്ഹ്, വ്യാകരണം, ശബ്ദോല്‍പ്പത്തി ശാസ്ത്രം, പ്രഭാഷണ ശാസ്ത്രം, തര്‍ക്ക ശാസ്ത്രം, ഗോള ശാസ്ത്രം, ചരിത്രം തുടങ്ങിയവ പാഠ്യവിഷയങ്ങളായിരുന്നു. കൂടാതെ മജ്ലിസുല്‍ ഇര്‍ഫാന്‍ തസ്വവ്വുഫ് ക്ലാസ്സും ആദ്യകാലത്ത് നടന്നിരുന്നു. ഒരു പ്രത്യേക സിലബസ്സനുസരിച്ച് മത പണ്ഡിതന്മാരെ വാര്‍ത്തെടുക്കുന്നതിന് കേരളത്തില്‍ ആദ്യമായി നിലവില്‍ വന്ന മുഖ്തസിര്‍ കലാലയം ഒരു പക്ഷേ ഈ കോളേജായിരിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്‍റും പണ്ഡിത ശ്രേഷ്ഠനുമായ കെ കെ അബ്ദുല്ല മുസ്ലിയാര്‍ (കരുവാരകുണ്ട്) ആണ് പ്രഥമ പ്രിന്‍സിപ്പാള്‍. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, നാട്ടിക വി മൂസ മുസ്ലിയാര്‍, മാത്തൂര്‍ യു.പി. മുഹമ്മദ് മുസ്ലിയാര്‍, പുറങ്ങ് അബ്ദുല്ല മുസ്ലിയാര്‍, കെ. വി. എം. പന്താവൂര്‍, ഈ ഗ്രന്ഥകാരന്‍, സമസ്ത മുശാവറ മെമ്പര്‍ അബ്ദുല്‍ ജബ്ബാര്‍ മുസ്ലിയാര്‍ തുടങ്ങിയവര്‍ ആദ്യകാലത്തെ പ്രമുഖ പഠിതാക്കളില്‍പ്പെടും. 

                            സ്വന്തമായ കെട്ടിടം ഇല്ലാത്തതിനാല്‍ സഭയുടെ മിറ്റിംങ്ങ് ഹാളില്‍ വെച്ചാണ് ആരംഭത്തില്‍ ക്ലാസ്സുകള്‍ നടന്നിരുന്നത്. തുടര്‍ന്ന് നാല് ലക്ഷം രൂപ മതിപ്പ് ബജറ്റോടെ 1966ല്‍ നിര്‍മ്മിച്ച ഇപ്പോഴത്തെ ഓഫീസ് കെട്ടിടത്തിന്‍റെ മുകളിലേക്ക് കോളേജ് മാറ്റി. പുതുവിശ്വാസികളുടെ താമസ സൗകര്യം പരിഗണിച്ചും കോളേജിന്‍റെ പൂരോഗതി ലക്ഷ്യമാക്കിയും 1980ന്‍റെ രണ്ടാം പകുതിയില്‍ വിവിധ സൗകര്യങ്ങളോട് കൂടിയ പുതുപൊന്നാനി അനാഥശാല അങ്കണത്തിലെ പുതിയ കെട്ടിടത്തിലേക്ക് വീണ്ടും മാറ്റി. പട്ടിക്കാട് ജാമിയ്യ നൂരിയ്യ അറബി കോളേജ് പ്രിന്‍സിപ്പാള്‍ ആയിരുന്ന മര്‍ഹൂം ശൈഖുനാ കോട്ടുമല അബുബക്കര്‍ മുസ്ലിയാരുടെ സേവനം ഈ രംഗത്ത് ശ്ലാഘനീയമാണ്. 

                                  നിലവിലുള്ള സിലബസ്സ് പരിഷ്ക്കരിച്ച് 1999 ല്‍ ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയോട് അഫിലിയേറ്റ് ചെയ്ത് ദഅ്വാ കോളേജായി പരിവര്‍ത്തനം ചെയ്തു. ടി. ചെറുകോയ തങ്ങള്‍, കൂറ്റനാട് കെ. വി. മുഹമ്മദ് മുസ്ലിയാര്‍, കെ. ആലിക്കുട്ടി മുസ്ലിയാര്‍, കെ. വി. സി. മുഹമ്മദ് സാഹിബ് തുടങ്ങിയ പല പ്രഗത്ഭരും സ്ഥാപനത്തിന്‍റെ സാരഥ്യം വഹിച്ചിട്ടുണ്ട്. അണ്ടത്തോട് കെ. കെ. മുഹമ്മദ് മുസ്ലിയാര്‍, അലനെല്ലൂര്‍ എം. എം. അബ്ദുല്ല മുസ്ലിയാര്‍, വെള്ളില ഏ. പി. മൊയ്തീന്‍ കുട്ടി മൂസ്ലിയാര്‍, അന്‍വര്‍ അബ്ദുല്ല ഫസ്ഫരി, ടി. കെ. എം. റാഫി ഉദവി, ഇസഹാഖ് ഉദവി തുടങ്ങിയവര്‍ വിവിധ ഘട്ടങ്ങളില്‍ സ്ഥാപനത്തിന്‍റെ പ്രിന്‍സിപ്പാള്‍ പദവി അലങ്കരിച്ചിട്ടുണ്ട്. അറബിക് കോളേജിന് പ്രത്യേകമായി വഖഫ് ചെയ്ത സ്വത്തുക്കളുണ്ട്. കോളേജ് കമ്മിറ്റിയുടെ കണ്‍വീനര്‍ പ്രൊഫ. കെ. അലിക്കുട്ടി മുസ്ലിയാരാണ്. ഇപ്പോഴത്തെ പ്രിന്‍സിപ്പാള്‍ ടി.കെ. മുഹമ്മദ് ശമീര്‍ ഉദവിയും മാനേജര്‍ കെ.വി. അബ്ദുറഫീക്കുമാണ്. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ഖാദിമിയുടെ പ്രവര്‍ത്തനം ശ്ലാഘനീയമാണ്.