40. കൊടുങ്ങല്ലൂരിന്‍റെ വീരഗാഥ
ഭാരതത്തിലേക്ക് യഹൂദ-കൈസ്ത്രവ-ഇസ്‌ലാം മതങ്ങളുടെ പ്രവേശന കവാടമായ കൊടുങ്ങല്ലൂര്‍ പ്രാചീന കാലം മുതല്‍ ചരിത്ര സംഭവങ്ങളാല്‍ സമ്പന്നമാണ്. 20-ാം നൂറ്റാണ്ടിന്‍റെ ആദ്യത്തില്‍ സീതി സാഹിബിന്‍റെ പിതാവ് ഹാജി ശീതി മുഹമ്മദ് സാഹിബ് അഴീക്കോട് സ്വന്തം സ്ഥലത്ത് സ്ഥാപിച്ച സ്‌കൂളിന് സര്‍ക്കാറിന് കൈമാറി മുസ്‌ലിം വിദ്യാഭ്യാസ നവോത്ഥാന സംരംഭങ്ങള്‍ക്ക് നാന്ദി കുറിച്ചു. സര്‍ക്കാര്‍ പ്രാഥമിക പാഠശാല എന്ന് വിളിച്ചിരുന്ന ഈ സ്‌കൂളില്‍ 1909 ല്‍ തുടക്കത്തില്‍ 242 വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നു. മുപ്പത് പെണ്‍കുട്ടികളടക്കം 187 മുസ്‌ലിം വിഥ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. ഒരു നൂറ്റാണ്ട് മുമ്പത്തെ മുസ്‌ലിം സ്ത്രീ വിദ്യാഭ്യാസത്തിന്‍റെ സ്ഥിതി വിവര പട്ടിക പരിശോധിച്ചാല്‍ മുന്തിയ റെക്കോര്‍ഡാണിത്.
പ്രഥമ വിദ്യാര്‍ത്ഥി സീതി സാഹിബും സഹപാഠി മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബുമായിരുന്നു. ഹെഡ്മാസ്റ്റര്‍ അബ്ദുല്‍ വഹാബ് ഷായായിരുന്നു. 18 വയസ്സ് മാത്രം പ്രായമുള്ള മണപ്പാട്ട് കുഞ്ഞി മുഹമ്മദാജി സ്ഥാപിച്ച സ്‌ക്കൂളില്‍ പഠിതാള്‍ക്ക് ഭക്ഷണവും വസ്ത്രവും സൗജന്യമായി നല്‍കി. തന്മൂലം കൊച്ചിന്‍ സംസ്ഥാന മുസ്‌ലിം വിദ്യാഭ്യാസ സംഘത്തിന്‍റെ ആസ്ഥാനം ഒരര്‍ത്ഥത്തില്‍ അഴീക്കോടായി തീര്‍ന്നു. തുടര്‍ന്ന് ശീതി മുഹമ്മദ് സാഹിബിന്‍റെയും ഹമദാനി തങ്ങളുടെയും നേതൃത്വത്തില്‍ 1912 ല്‍ ലജനത്തുല്‍ ഹമദാനിയ എന്ന സംഘം രൂപീകരിച്ച് മത-ഭൗതീക പഠനത്തിന് ഊന്നല്‍ നല്‍കി പല ഉത്‌ബോധന ക്ലാസ്സുകളും സംഘടിപ്പിച്ചു. മണപ്പാട് കുഞ്ഞിമുഹമ്മദാജിയുടെ നേതൃത്വത്തില്‍ തൊട്ടടുത്ത ഏറിയാട്ടേക്കും പ്രവര്‍ത്തനം വ്യാപിപിച്ചു.
മുസ്‌ലിം വിദ്യാഭ്യാസ പ്രോത്സാഹനാര്‍ത്ഥം സര്‍ക്കാര്‍ ക്രമാനുസൃതം ചെയ്യേണ്ട കാര്യങ്ങള്‍ സംഘം അധികൃതരെ യഥാസമയം അറിയിച്ചിരുന്നു. മുസ്‌ലിം അധ്യാപകന്മാരെ കൂടുതല്‍ നിയമിക്കണമെന്ന് 1919ല്‍ പ്രമേയങ്ങള്‍ പാസ്സാക്കി കൊച്ചി ദിവാനായിരുന്ന ടി.വിജയരാഘവചാരിക്ക് സമര്‍പ്പിച്ചു. കൊച്ചിയില്‍ വിദ്യാഭ്യാസ വിഷയത്തില്‍ ഏറ്റവും അധ:പതിച്ച് കിടക്കുന്നത് മുസ്‌ലിം സമുദായവും അധ:കൃത പിന്നോക്ക വിഭാഗവുമാണ്. ഈ രണ്ട് സമുദായങ്ങള്‍ ഉണര്‍ന്നാലെ കൊച്ചിസാസ്‌ക്കാരിക വിദ്യാഭ്യാസരംഗത്ത് ഉയരുകയുള്ളൂവെന്ന് മെമ്മോറാണ്ഡം സ്വീകരിച്ചു കൊണ്ട് ദിവാന്‍ജി പറഞ്ഞ വാക്കുകള്‍ സ്മരണീയമാണ്. 1919 ലെ ഇന്ത്യാഗവണ്‍മെന്‍റിന്‍റെ നിയമമനുസരിച്ച് ദ്വിഭരണസംമ്പ്രദായം നിലവില്‍ വന്നു. വിദ്യാഭ്യാസം ഇന്ത്യന്‍ മന്ത്രിമാര്‍ കൈകാര്യംചെയ്യുന്ന വിഷയമായി തീര്‍ന്നു.
1920 ല്‍ രൂപീകരിച്ച കൊച്ചിന്‍ വിദ്യാഭ്യാസ ബോര്‍ഡ് പരിഷ്‌ക്കരണ കമ്മിറ്റി അംഗമായി മുസ്‌ലിം വിദ്യാഭ്യാസ രംഗത്ത് നിറ സാന്നിദ്ധ്യമായിരുന്ന ശീതി മുഹമ്മദ് സാഹിബിനെ നാമ നിര്‍ദ്ദേശം ചെയ്തു. മുസ്‌ലിംകള്‍ക്ക് ഫീസിളവും സ്റ്റൈപ്പന്റും നല്‍കിയും കൂടുതല്‍ സ്‌കൂളുകളില്‍ അറബി അധ്യാപകന്മാരെ നിയമിച്ചും സര്‍ക്കാറില്‍ നിന്ന് മറ്റു ചില ആനൂകൂല്യങ്ങള്‍ നേടിയെടുത്തും പ്രശ്‌നങ്ങള്‍ക്ക് താല്‍കാലിക പരിഹാരം കാണാന്‍ അദ്ദേഹത്തിന് കഴിഞ്ഞു സാഹിബിനോടൊപ്പംതോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചവരില്‍ പ്രമുഖരാണ് ഹാജി മണപ്പാട്ട് കുഞ്ഞിമുഹമ്മദ് സാഹിബും, ഇ. കെ. മൗലവിയും.
1921 ലെ പോരാട്ടത്തെ തുടര്‍ന്ന് ബ്രട്ടീഷ് സര്‍ക്കാര്‍ മലബാറിലെ മുസ്‌ലിം പണ്ഡിതരെയും നേതാക്കളെയും കരിനിയമങ്ങള്‍ ഉപയോഗിച്ച് തൂക്കിലേറ്റാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പലരും അഭയാര്‍ത്ഥികളായി കൊടുങ്ങല്ലൂരിലെത്തി തദ്ദേശീയരുമായി സഹകരിച്ച് ഇവര്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകര്‍ന്നു. വക്കം മൗലവി, ഹമദാനി ശൈഖ്, സീതി സാഹിബ്, മുഹമ്മദ് അബ്ദു റഹിമാന്‍ സാഹിബ്, മണപ്പാട് കുഞ്ഞിമുഹമ്മദ് ഹാജി, കെ. എം. മൗലവി തുടങ്ങിയവരുടെ കൂട്ടായ്മയാല്‍ 1922 ല്‍ ഐക്യസംഘം രൂപീകരിച്ചു. നിഷ്പക്ഷ സംഘമെന്നും ആദ്യക്കാലത്ത് ഇത് കേള്‍വിപ്പെട്ടു. ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് രൂപ, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പത്ത് രൂപ, അലീഗറിലും മദ്രാസിലും പഠിക്കുന്ന കുട്ടികള്‍ക്കും മെഡിക്കല്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കും പതിനഞ്ച് രൂപ വീതം സ്‌കോളര്‍ഷിപ്പ് നല്‍കി. പലയിടത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിച്ചു.
തലശ്ശേരി, കൊടുങ്ങല്ലൂര്‍, വക്കം തുടങ്ങിയ പ്രദേശങ്ങളില്‍ മുസ്‌ലിം യുവാക്കളെ ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് ക്രമേണ ആകര്‍ഷിക്കാന്‍ തുടങ്ങി.സ്വാതന്ത്ര്യ സമര പോരാട്ടവും മത സൗഹാര്‍ദ്ദവും മുസ്‌ലിം ഐക്യവും സമുദായ നവോത്ഥാനവുമായിരുന്നു. ഐക്യ സംഘത്തിന്‍റെ പ്രഖ്യാപിത ലക്ഷ്യം. വര്‍ഷന്തോറും വിവിധ മുസ്‌ലിം കേന്ദ്രങ്ങളില്‍ ബൃഹത്തായ സമ്മേളനങ്ങള്‍ സംഘടിപ്പിച്ച് സമുദായത്തെ ഉത്‌ബോധിപ്പിച്ചു. 1924 ല്‍ ആലുവായില്‍ വെച്ച് എല്ലാ വിഭാഗം മുസ്‌ലിം പണ്ഡിതന്മാരും പങ്കെടുത്ത സംഘത്തിന്റെ രണ്ടാം വാര്‍ഷിക സമ്മേളനത്തില്‍ ജംഇയ്യത്തുല്‍ ഉലമാ പണ്ഡിത സഭ രൂപീകരിച്ചു. വെല്ലൂര്‍ ബാക്വിയാത്ത് സ്വാലിഹാത്ത് പ്രിന്‍സിപ്പള്‍ അബ്ദുല്‍ ജബ്ബാര്‍ ഹസറത്തായിരുന്നു മുഖ്യ പ്രഭാഷകന്‍. അദ്ദേഹത്തിന്‍റെ ഉറുദു പ്രസംഗം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത് ഇ. മൊയ്തു മൗലവിയാണ്. 1934 ല്‍ കണ്ണൂര്‍ അറക്കല്‍ രാജ കൊട്ടാരത്തില്‍ ചേര്‍ന്ന ഐക്യസംഘം ജനറല്‍ ബോഡി ഭൂരിപക്ഷാഭിപ്രായ പ്രകാരം സംഘത്തിന്‍റെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. ഏതാനും പ്രവര്‍ത്തകരും അനുഭാവികളും സലഫി പ്രസ്ഥാനം രൂപീകരിച്ച്് പ്രവര്‍ത്തന രംഗത്ത് സജീവമായി. ഡോ. പി. കെ. അബ്ദുല്‍ ഗഫൂര്‍. പി. കെ. അബ്ദുല്ല ഐ എ എസ്, ഡിസ്ട്രിക്ട് ജഡ്ജി കെ. എം. മുഹമ്മദലി, ചീഫ് എഞ്ചനീയര്‍ കെ. എം. അലി, അഡ്വ. കെ. കെ. അബ്ദുറഹിമാന്‍ തുടങ്ങി പൊതുരംഗത്തും ഔദ്യോഗിക രംഗത്തും തിളങ്ങിയ പല പ്രഗത്ഭരും കൊടുങ്ങല്ലൂരിന്‍റെ പുകള്‍പ്പെറ്റ പുത്രന്മാരാണ്.