16. അറക്കല്‍ സ്വരൂപത്തിന്‍റെ സഹായം
ടിവി അബ്ദുറഹിമാന്‍കുട്ടി
മൊബൈല്‍. 9495095336
അറക്കല്‍ സ്വരൂപം ആരംഭകാലം മുതല്‍ മുസ്ലിം വൈജ്ഞാനിക -സാമൂഹിക-സാംസ്കാരിക മേഖലകളെ പ്രോല്‍സാഹിപ്പിക്കുന്നതിനും മതമൈത്രി സംരക്ഷിക്കുന്നതിനും പ്രത്യേകം ശ്രദ്ധ പതിപ്പിച്ചു. കോലത്തിരി തുടങ്ങിയ രാജകുടുംബവുമായി ഇവര്‍ക്ക് സുദൃഢ ബന്ധമുണ്ടായിരുന്നു. അലക്കുകാരനായ അപ്പുവും ഭാര്യയും മുസ്ലിംകളായതിനെ തുടര്‍ന്ന് മാഹിന്‍ എന്ന പേര് സ്വീകരിച്ച് അറക്കല്‍ സ്വരൂപത്തിന്‍റെ സ്ഥാപകനായ മുഹമ്മദലിയുടെ വിശ്വസ്ത സേവകനായി മാറി. തുടര്‍ന്ന് അവരുടെ കുടുംബപേരായ അറക്കല്‍ തന്‍റെ രാജവംശത്തിന്‍റെ പേരായിമാറി. മുഹമ്മദലിയുടെ മാതാവ് ശ്രീദേവിയെയും അരമനയിലെ ബന്ധുമിത്രാദികളും ഇസ്ലാമിലേക്കാകര്‍ഷിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഇങ്ങനെയാണ് ധര്‍മ്മടത്ത് അറക്കല്‍ സ്വരൂപത്തിന്‍റെ ആരംഭം. ഒരിക്കല്‍ ഏഴിമല കൊട്ടാരത്തിന്നരികിലൂടെ രാജാവ് സഞ്ചരിക്കുമ്പോള്‍ പുഴയില്‍ മുങ്ങിത്താണുകൊണ്ടിരിക്കുന്ന ഒരു യുവതിയുടെ ദീനരോധനം കേട്ടു. ഒട്ടും മടിക്കാതെ പുഴയില്‍ച്ചാടി മരണവുമായി മല്ലടിച്ചിരുന്ന ആ സ്ത്രീയെ കരയ്ക്കുകയറ്റി ജീവന്‍രക്ഷിച്ചു. ചിറക്കല്‍ രാജകുടുംബത്തിലെ ഒരു രാജകുമാരിയായിരുന്നു അത്. ഉടയാടയെല്ലാം നഷ്ടപ്പെട്ടിരുന്ന അവര്‍ക്ക് തന്‍റെ മേല്‍മുണ്ട് നല്‍കി നഗ്നത മറയ്ക്കാന്‍ സഹായിച്ചു. തന്‍റെ ജീവന്‍ രക്ഷിക്കുകയും നഗ്നയായിരുന്ന തനിക്ക് പുടവതന്ന് മാനം സംരക്കുകയും ചെയ്ത ആ പുരുഷനെ ഹൈന്ദവാചാരപ്രകാരം തന്‍റെ ഭര്‍ത്താവാക്കണമെന്ന് അവര്‍ കുടുംബത്തോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് മുഹമ്മദലി രാജാവ് ആ യുവതിയെ വിവാഹം ചെയ്തു കണ്ണൂരും പരിസരവും ചിറക്കല്‍ രാജാവ് അവര്‍ക്ക് ദാനമായി നല്‍കി. തുടര്‍ന്ന് ധര്‍മ്മടത്ത് നിന്നും ആസ്ഥാനം കണ്ണൂരിലേക്ക് മാറ്റി. അവിടെ പുതിയ കൊട്ടാരവും അനുബന്ധിച്ച് ഒരു ജുമാ മസ്ജിദും സ്ഥാപിച്ചു. രാജകുമാരി അറക്കല്‍ കൊട്ടാരത്തിലേക്ക് താമസം മാറ്റിയ അവസരത്തില്‍ അമ്മ ഒരു വിളക്ക് നല്‍കുകയും ആ വിളക്ക് കെടാതെ സൂക്ഷിക്കണമെന്നും ഉപദേശിച്ചു. ആ വിളക്കാണ് അറക്കല്‍ കൊട്ടാരത്തിലുള്ള തമ്പുരാട്ടി വിളക്ക്. കണ്ണൂര്‍ രാജവംശത്തിന്‍റെ ആരംഭം ഇങ്ങനെയാണത്രെ.
ഒരവസരത്തില്‍ മലബാര്‍ മുസ്ലിംകളുടെ പൂര്‍ണ്ണ നേതൃത്വം ഇവര്‍ക്കായിരുന്നു. മാടായി, കണ്ണൂര്‍, ഇസിങ്ക പള്ളി, മാട്ടൂല്‍ പള്ളി, കണ്ണൂര്‍ മുഹിയദ്ദീന്‍ പള്ളി, ധര്‍മ്മടം പള്ളി തുടങ്ങിയവയുടെ മേല്‍നോട്ടവും ഖാസിമാരെ നിയമിക്കാനുള്ള അധികാരവും ഈ സ്വരൂപത്തിനായിരുന്നു. അധിനിവേശ വിരുദ്ധ പോരാട്ട രംഗത്ത് പറങ്കികളെ തറപറ്റിക്കാന്‍ ആളും അര്‍ത്ഥവും നല്‍കി പ്രോത്സാഹിപ്പിച്ചു. നീതിന്യായ നടത്തിപ്പിലും മത കാര്യ നിര്‍വ്വഹണത്തിലും ബന്ധപ്പെട്ട പണ്ഡിതന്മാരുടെ അവസരോചിത ഉപദേശ നിര്‍ദ്ദേശങ്ങള്‍ നേടിയിരുന്നു.
അറബി, പേര്‍ഷ്യന്‍, ഹിന്ദുസ്ഥാനി എന്നീ ഭാഷകളില്‍ പ്രാവീണ്യം നേടിയ പല പണ്ഡിതരും നല്ലൊരു ഗ്രന്ഥപ്പുരയും ഈ സ്വരൂപത്തിലുണ്ടായിരുന്നു. ജാതിമത ഭേതമന്യേ സര്‍വ്വരുടെയും സ്നേഹാദരവുകള്‍ പിടിച്ചുപറ്റാന്‍ സ്വരൂപത്തിന് സാധിച്ചു. മക്തി തങ്ങളുടെ ദൗത്യനിര്‍വഹണത്തിന് സ്വരൂപത്തിന്‍റെ പാരിതോഷികങ്ങളും സഹായങ്ങളും ലഭിച്ചിരുന്നു. അക്കാലത്ത് കേരളാ മുസ്ലിം പണ്ഡിതന്മാര്‍ക്ക് ലഭിച്ചിരുന്ന മികച്ച അംഗീകാരമായിരുന്നു ഇത്. 1902ല്‍ അറക്കല്‍ സുല്‍ത്താന്‍ മുഹമ്മദലി ആദിരാജക്ക് നല്‍കിയ നിവേദനത്തെ തുടര്‍ന്ന് ഭണ്ഡാരത്തില്‍നിന്ന് 1902 മെയ് ഒന്നുമുതല്‍ മാസം തോറും 25 രൂപ നല്‍കിയിരുന്നു.
സുല്‍ത്താന്‍ മുഹമ്മദലിയെ തുടര്‍ന്ന് ഭരണമേറ്റ സുല്‍ത്താന ഇമ്പിച്ചി ബീവി ആദിരാജയും തുടര്‍ന്ന് സുല്‍ത്താന്‍ അഹമ്മദ് അലി ആദിരാജയും മക്തി തങ്ങളുടെ അന്ത്യംവരെ ഈ സഹായം നല്‍കി. നൂറിലധികം വര്‍ഷം മുമ്പത്തെ സംഖ്യയുടെ മൂല്യം പരിഗണിക്കുമ്പോള്‍ മോശമല്ലാത്ത ഒരു തുകയായിരുന്നു. മക്തി തങ്ങളുടെ ഇടപെടലുകളെ തുടര്‍ന്ന് സുല്‍ത്താന ഇമ്പിച്ചിബീവി സാഹിബയുടെ നിര്‍ലോഭ സഹായത്താല്‍ വിദ്യാഭ്യാസ പരിഷ്കര്‍ത്താവ് എ. എന്‍. കോയകുഞ്ഞി സാഹിബ് 1911 ല്‍ സ്ഥാപിച്ച മഅ്ദനുല്‍ ഉലൂം അറബിക്ക് മദ്രസ്സ വടക്കെ മലബാറില്‍ മുസ്ലിം വിദ്യാഭ്യാസ രംഗത്ത് പരിവര്‍ത്തനത്തിന്‍റെ നാന്ദി കുറിച്ചു. ഇതിന്‍റെ അലയടികള്‍ പൊന്നാനി കുന്നിക്കലകത്ത് ഉസ്മാന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ തെക്കെ മലബാറിലേക്കും വ്യാപിച്ചു.