9. സര്‍ക്കാര്‍ അംഗീകാരവും തുടര്‍ പ്രവര്‍ത്തനങ്ങളും


9. സര്‍ക്കാര്‍ അംഗീകാരവും തുടര്‍ പ്രവര്‍ത്തനങ്ങളും



ടിവി അബ്ദുറഹിമാന്‍കുട്ടി

മൊബൈല്‍. 9495095336


        തുടക്കം മുതല്‍ തന്നെ സര്‍ക്കാര്‍ അംഗീകാരത്തിനായി ശ്രമങ്ങള്‍ നടന്നിരുന്നു. 1904ല്‍ മദ്രാസ്സിലെ പ്രഗല്‍ഭനായ ഹൈക്കോടതി വക്കീല്‍ കോഴിക്കോട് എം. കൃഷ്ണന്‍നായരുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ കരട് ഭരണഘടന തയ്യാറാക്കി. സജീവ ചര്‍ച്ചകള്‍ക്കുശേഷം അസിസ്റ്റന്‍റ് മാനേജര്‍ പാലത്തും വീട്ടില്‍ കുഞ്ഞുണ്ണി സാഹിബിന്‍റെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ പൂര്‍വ്വോപരി ഊര്‍ജ്ജിതപ്പെടുത്തി.

        എഴ് വര്‍ഷത്തോളം ജോയിന്‍റ് കമ്പനി രജിസ്ട്രാറുമായി നിരന്തരം എഴുത്തുകുത്തുകള്‍ നടത്തിയതിനെ തുടര്‍ന്ന് 1882ലെ ഇന്ത്യന്‍ കമ്പനീസ് ആക്റ്റ് സെക്ഷന്‍ 26 അനുസരിച്ച്  1908 ജനുവരി 1ന്  സഭ രജിസ്റ്റര്‍ ചെയ്തു. അന്നുമുതല്‍ നിയമാനുസൃതം സര്‍ക്കാര്‍ അംഗീകാരമുള്ള ഓഡിറ്റര്‍ എക്കൗണ്ട് പരിശോധിച്ച് സര്‍ട്ടിഫൈ ചെയ്ത് ഓരോ കൊല്ലവും ജനറല്‍ ബോഡി യോഗം ചേര്‍ന്ന് പാസ്സാക്കിയ ബാലന്‍സ് ഷീററുകള്‍ കമ്പനി രജിസാട്രാറുടെ ഓഫീസില്‍ ഫയല്‍ ചെയ്തു വരുന്നു.

        വിദ്യാഭ്യാസം, ധര്‍മ്മം, മുതലായവയെ പരിപോഷിപ്പിച്ച് മുസ്ലിംകളുടെ ക്ഷേമത്തിനായി സര്‍വ്വവിധ ശ്രമങ്ങളും നടത്തുക, തെറ്റിദ്ധാരണകളെ ഉന്മൂലനം ചെയ്ത് ഇസ്ലാമിക തത്വങ്ങളെ സമുദായ മദ്ധ്യത്തില്‍ പ്രചരിപ്പിക്കുവാന്‍ ശ്രമിക്കുക, മുസ്ലിം സമുദായത്തിന്‍റെ പരാതികള്‍ക്ക് സര്‍ക്കാറുമായി ബന്ധപ്പെട്ട് പരിഹാരം കണ്ടെത്തുക, മുസ്ലിംകള്‍ക്കിടയിലുള്ള ഭിന്നതകള്‍ രമ്യമായി പരിഹരിക്കുക, നവമുസ്ലിംകള്‍ക്ക് ആവശ്യമായ ഇസ്ലാമിക പഠനം സൗജന്യമായി നല്‍കുക, ചിലവ് കഴിച്ച് മിച്ചം വരുന്ന തുക കൊണ്ട് വഖഫ് സ്വത്തുകള്‍ സമ്പാദിക്കുക തുടങ്ങിയവയാണ് പ്രധാന ലക്ഷ്യങ്ങള്‍.

        നവമുസ്ലിംകള്‍ക്കും സമുദായത്തിനും ആശയും ആവേശവുമായി സഭ ക്രമാനുഗതമായി വളര്‍ന്നു. പ്രാരംഭ ദശയില്‍ മാതൃസ്ഥാപനം പൊന്നാനിയിലും, ഏറിയാട്, അഴീക്കോട്, ചാവക്കാട്, കോക്കൂര്‍, ചാലിശ്ശേരി, എടപ്പാള്‍, കൂട്ടായി, മംഗലം, താനൂര്‍, പുതിയങ്ങാടി, തലക്കടത്തൂര്‍, പാലക്കാട് തുടങ്ങി കൊടുങ്ങല്ലൂരിനും തലശ്ശേരിക്കുമിടയില്‍ മലബാറില്‍ വിവിധ ഭാഗങ്ങളിലായി 28 ശാഖകളുണ്ടായിരുന്നു. കാലാന്തരത്തില്‍ ഇതെല്ലാം മാതൃസ്ഥാപനത്തില്‍ ലയിച്ചു. 

         സ്വദേശിയും, വിദേശിയും, ധനവാനും, ദരിദ്രനും, പണ്ഡിതനും, പാമരനും, തൊഴിലാളിയും, മുതലാളിയും സഭയുടെ വളര്‍ച്ചയില്‍  വഹിച്ച പങ്ക്  നിസ്സീമമാണ്. ആടും ആനയും നുള്ളരിയും അരിച്ചാക്കും പാടവും പറമ്പും മറ്റും സംഭാവനകള്‍ അര്‍പ്പിച്ചു. ഇവിടത്തെ കുടുംബിനികള്‍ ദിവസേന മണ്‍കുടത്തില്‍ ഒരു പിടി അരിയിട്ട് മൊത്തമായി സഭയ്ക്ക് നല്‍കി. ജന്മിമാര്‍ പറമ്പുകളനുസരിച്ച് നാളികേരവും തൊഴിലാളികള്‍ ചില്ലികാശുകളും സംഭാവന നല്‍കി. മഊനത്തിന് ധര്‍മ്മം നല്‍കുകയെന്നത് ജാതി മത ഭേദമന്യേ എല്ലാവരും പുണ്യമായി കരുതിപ്പോന്നു. ആരംഭത്തില്‍ വീടുകളില്‍ നുള്ളരികൊണ്ടും കടകളില്‍ ചില്ലികാശുകൊണ്ടും തുടക്കംകുറിച്ച റിസീവര്‍മാരുടെ പിരിവും 1912 ആകുമ്പോഴേക്കും ധര്‍മ്മപ്പെട്ടിപ്പിരിവായി വ്യാപിച്ചു. ഇപ്പോഴും സഭയുടെ പ്രധാന വരുമാന മാര്‍ഗ്ഗം കേരളത്തിനകത്തും പുറത്തുമുള്ള റിസീവര്‍മാര്‍ മുഖേനയുള്ള പിരിവാണ്.

        കൈരളിയുടെ ഇസ്ലാമിക ചരിത്രത്തില്‍ അതുല്ല്യ സ്ഥാനമാണ് സഭക്കുള്ളത്. അറിഞ്ഞിടത്തോളം  ലോകത്ത് മറ്റെവിടെയും സഭയ്ക്ക് തുല്ല്യമായ സ്ഥാപനമില്ലെന്ന വസ്തുത ഇതര സ്ഥാപനങ്ങളേക്കാള്‍ സഭയുടെ മഹത്വം വര്‍ദ്ധിപ്പിക്കുന്നു. ഇന്നത്തെപ്പോലെ മതധര്‍മ്മ സ്ഥാപനങ്ങള്‍ വ്യാപകമല്ലാത്ത കഴിഞ്ഞ നൂറ്റാണ്ടിന്‍റെ ആദ്യത്തില്‍  സഭയുടെ ചുവട് പിടിച്ച് പലയിടത്തും പള്ളികളും മദ്റസ്സകളും സ്ഥാപിതമായി. കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ പോലും മഊനത്തുല്‍ ഇസ്ലാം എന്ന പേരില്‍ മുസ്ലിം സാംസ്കാരിക സംഘടനകള്‍ക്ക് രൂപം നല്‍കിയതും സഭയുടെ പ്രചോദനത്തിലായിരുന്നു.

        സ്വമനസ്സാലെ ഇസ്ലാംമതം വിശ്വസിക്കുന്ന പുതുമുസ്ലിംകള്‍ക്ക് ആവശ്യമായ വിദ്യാഭ്യാസവും ശുശ്രൂഷയും സംരക്ഷണവും നല്‍കിവരുന്നു. നവ മുസ്ലിംകള്‍ രണ്ട് മാസം ഇവിടെ താമസിച്ച് പഠനം നടത്തുന്നു. താമസം, ഭക്ഷണം, വസ്ത്രം, നിയമ സഹായം, യാത്രാചിലവ് തുടങ്ങിയവ സഭ സൗജന്യമായി നല്‍കുന്നു. നിര്‍ധനരായ മുസ്ലിം കുട്ടികളുടെ ചേലാകര്‍മ്മം, അനാഥ മുസ്ലിംകളുടെ മയ്യിത്ത് സംസ്കരണം, ഇസ്ലാം മത പ്രബോധനം, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍  തുടങ്ങിയവ സഭ ഇപ്പോള്‍ ചെയ്തുവരുന്ന ഇതര പ്രവര്‍ത്തനങ്ങളില്‍പ്പെടുന്നു. മഊനത്തുല്‍ ഇസ്ലാം മാപ്പിള അസോസിയേഷന്‍ എന്നായിരുന്നു ആദ്യത്തെ പേര്. മാപ്പിള ഒഴിവാക്കി 1938 നവംബര്‍ 12നാണ് മഊനത്തുല്‍ ഇസ്ലാം അസോസിയേഷന്‍ എന്നാക്കി പുനഃനാമകരണം ചെയ്തത്.