6. അവിഹിത കടന്നുകയറ്റം
ടിവി അബ്ദുറഹിമാന്‍കുട്ടി
മൊബൈല്‍. 9495095336
യേശുക്രിസ്തുവിന്‍റെ പന്ത്രണ്ട് അപ്പോസ്തലന്മാരില്‍ ഒരാളായ സെന്‍റ്തോമസ് എ.ഡി. 52 ല്‍ ഭാരതത്തിലെ ആദ്യത്തെ തുറമുഖമായിരുന്ന മുസരീസി (കൊടുങ്ങല്ലൂര്‍) നടുത്ത മാലിയങ്കരയില്‍ കപ്പലിറങ്ങി. ഇന്ത്യയില്‍ ക്രിസ്തുമതത്തിന്‍റെ വിത്തുപാകിയത് ഇദ്ദേഹമാണ്. കോട്ടക്കാവ്, പാലയൂര്‍, കൊക്കോമംഗലം, നിരണം, നിലയ്ക്കല്‍, കൊല്ലം, തിരുവാങ്കോട് എന്നീ ഏഴ് പ്രദേശങ്ങളില്‍ ചര്‍ച്ച് സ്ഥാപിച്ചു. പ്രേഷിത പ്രവര്‍ത്തനങ്ങള്‍ നടത്തി പല ഗോത്ര തലവന്മാരും ക്രിസ്തുമതം സ്വീകരിച്ച് കൊച്ചുകൊച്ചു പള്ളികള്‍ സ്ഥാപിച്ച് ക്രിസ്തുമത വളര്‍ച്ചയ്ക്ക് ആരംഭം കുറിച്ചു.
തുടര്‍ന്ന് അദ്ദേഹം ചെന്നൈ മൈലാപ്പൂരില്‍വെച്ച് രക്തസാക്ഷിയായി. എ.ഡി. 65 ലാണത്രെ ഈ ദാരുണ സംഭവം നടന്നത്. തന്മൂലം കേരളത്തില്‍ ക്രിസ്തുമതത്തിന്‍റെ വളര്‍ച്ച സ്തംഭനാവസ്ഥയിലായി. രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ ക്രിസ്ത്യന്‍ കുടുംബങ്ങളുടെ എണ്ണം എട്ടായി ചുരുങ്ങി. ഇക്കാലത്ത് ക്രിസ്ത്യാനികള്‍ ഇന്നത്തെപ്പോലെ സഭകളുടെ കീഴില്‍ സംഘടിതരായിരുന്നില്ല. പ്രാദേശിക നേതൃത്വത്തിന്‍ കീഴിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.
എ.ഡി. 350 ല്‍ ഇവിടെ വന്ന സിറിയന്‍ വ്യാപാരിയായ കാനാ സ്വദേശി തോമസ് (കാനായി തോമ), ക്രിസ്ത്യാനികളുടെ ഇവിടത്തെ ദയനീയാവസ്ഥ ഗ്രഹിച്ച് സ്വദേശത്ത് മടങ്ങിച്ചെന്ന് ക്രിസ്തീയ മേലദ്ധ്യക്ഷന്മാരുടെ ശ്രദ്ധയില്‍പ്പെടുത്തി. തല്‍ഫലമായി അദ്ദേഹം മലയാളക്കരയിലേക്ക് തിരിച്ച് വരുന്ന അവസരത്തില്‍ കൂടെ അന്തോക്യായിലെ പാത്രിയാര്‍ക്കീസിന്‍റെ നിര്‍ദ്ദേശാനുസരണം മാര്‍ ഔസേപ്പ് ബിഷപ്പും ഏതാനും പാതിരിമ്മാരും എഴുപത്തിരണ്ട് കുടുംബങ്ങളിലായി നാനൂറ് ക്രിസ്ത്യാനികളും ഇങ്ങോട്ടുവന്നു. അന്ന് രാജ്യം വാണിരുന്ന ഭരണാധികാരിയായ ചേരമാന്‍ പെരുമാള്‍ അവരെ സൗഹാര്‍ദ്ദപൂര്‍വ്വം സ്വീകരിച്ച് കൊടുങ്ങല്ലൂരില്‍ കുടിയിരുത്തി വിശ്വാസത്തിന് സംരക്ഷണം കൊടുത്തു. ചില വിശേഷാല്‍ അധികാരങ്ങളും ബഹുമതികളും നല്‍കി.
തല്‍ഫലമായി ക്രിസ്തുമതം ക്രമാനുഗതമായി വളര്‍ന്നു. തുടര്‍ന്നും അന്തോക്യയില്‍നിന്നും ആവശ്യമായ സഹായസഹകരണങ്ങള്‍ ലഭിച്ചുകൊണ്ടിരുന്നു. ഒമ്പതും പത്തും നൂറ്റാണ്ടുകളില്‍ പേര്‍ഷ്യയില്‍നിന്ന് വലിയൊരു സംഘം ക്രിസ്ത്യാനികള്‍ (നെസ്തോറിയര്‍) കൊല്ലത്തുവന്നപ്പോള്‍ അവര്‍ക്കും അന്നത്തെ ഭരണാധികാരികളും തദ്ദേശീയരും അവസരോചിതമായ സ്വീകരണങ്ങളും ആദരങ്ങളും പള്ളി നിര്‍മ്മിക്കാനുള്ള അനുവാദവും നല്‍കി. വേണാട് അധിപനായിരുന്ന അയ്യനടികള്‍ തിരുവടികളുടെ എ.ഡി. 848 ലെ തിസിരാപ്പള്ളി ശാസനത്തില്‍ ഈ വസ്തുത വ്യക്തമാക്കുന്നുണ്ട്.
പേര്‍ഷ്യന്‍ സഭയും ഭാരതസഭയും മാര്‍ത്തോമ ചൈതന്യത്തിലധിഷ്ടിതമായായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. സുറിയാനി ആരാധനാ ക്രമങ്ങളായിരുന്നു ഇരു സഭകളിലും അനുഷ്ടിച്ചിരുന്നത്. കുടിയേറ്റക്കാരായ ക്രിസ്ത്യാനികളും തദ്ദേശീയരായ ക്രിസ്ത്യാനികളും സഭയുടെ വളര്‍ച്ചയ്ക്ക് സഹകരിച്ച് പ്രവര്‍ത്തിച്ചു. തുടര്‍ന്ന് കേരളീയരായ ക്രിസ്ത്യാനികളുടെ ആദ്ധ്യാത്മിക ഭരണം പേര്‍ഷ്യന്‍ ബിഷപ്പുമാരുടെ അധീനത്തിലായി.
1948ല്‍ പോര്‍ച്ചുഗീസ്സുകാരുടെ ആഗമനംവരെ ഇത് തുടര്‍ന്നു തുടര്‍ന്ന് ക്രിസ്തീയ വിഭാഗം ചില പരിഷ്കരണങ്ങള്‍ക്ക് വിധേയമായി. 1580 ല്‍ പോപ്പിന്‍റെ നിര്‍ദ്ദേശാനുസരണം ഇന്ത്യയിലെത്തിയ പോര്‍ച്ചുഗീസ്സുകാരനായ ബിഷപ്പ് റവ.ഡോ. അലക്സീസ് മെനസീസ് കേരളത്തിലെ ക്രിസ്ത്യന്‍ പള്ളികള്‍ സന്ദര്‍ശിച്ച് ആരാധനാരീതികള്‍ ഗ്രഹിച്ചു. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളെ ലാറ്റിനീകരിക്കാനുള്ള ശ്രമങ്ങളാരംഭിച്ചു. അക്കാലത്ത് ഭാരതത്തില്‍ 75 ക്രിസ്ത്യന്‍ പള്ളികളെ ഉണ്ടായിരുന്നുള്ളു.
1599 ജൂണ്‍ 20 ന് എറണാംകുളം ജില്ലയിലെ ഉദയംപേരൂരില്‍ പോപ്പിന്‍റെ നിര്‍ദ്ദേശാനുസരണം ഗോവ ആര്‍ച്ച് ബിഷപ്പ് റവ. മെനസസിന്‍റെ നേതൃത്വത്തില്‍ ആരാധനകളിലും ആചാരങ്ങളിലും സമൂലമാറ്റത്തിന് ആരംഭംക്കുറിച്ച സുനഹദോസ് ചേര്‍ന്നു. കേരളാ സംസ്ക്കാരവുമായി ബന്ധപ്പെട്ട ആരാധനാകര്‍മ്മങ്ങള്‍ പരിഷ്ക്കരിച്ചു. അതുവരെ കേരളത്തിലെ ചര്‍ച്ചുകളില്‍ കുരിശുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വിശുദ്ധ രൂപങ്ങളുംകൂടി പ്രതിഷ്ഠിക്കണമെന്ന് നിര്‍ദ്ദേശിച്ചു. കേരളത്തിലെ പള്ളികളില്‍ വിശുദ്ധ രൂപങ്ങള്‍വെച്ച് ആരാധന ആരംഭിച്ചതും വിശുദ്ധരുടെ നാമത്തില്‍ പള്ളികള്‍ അറിയപ്പെടാന്‍ തുടങ്ങിയതും സുനഹദോസിനെ തുടര്‍ന്നാണ്.
1800ല്‍ ബ്രിട്ടീഷുകാരുടെ ആധിപത്യത്തോടെ ലണ്ടന്‍ മിഷ്യന്‍ തിരുവിതാംകൂറിലും ചര്‍ച്ച് മിഷ്യന്‍ സൊസൈറ്റി മദ്ധ്യകേരളത്തിലും സ്വിറ്റ്സര്‍ലാന്‍റിലെ ബാസല്‍ നഗരം ആസ്ഥാനമായുള്ള ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷ്യന്‍ (ബി.ഇ.എം.) മലബാറിലും മിഷ്യണറി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. യൂറോപ്പില്‍ കത്തോലിക്കാ പ്രൊട്ടസ്റ്റന്‍റ് ക്രിസ്തീയ വിഭാഗങ്ങള്‍ പരസ്പരം കലഹിച്ചപ്പോള്‍ ഓരോ വിഭാഗത്തോടും വിവിധ രാഷ്ട്രങ്ങളില്‍പ്പോയി മതം പ്രചരിപ്പിച്ച് അവരവരുടെ വിഭാഗത്തിന്‍റേയും അംഗസംഖ്യ വര്‍ദ്ധിപ്പിക്കാനാണ് പോപ്പ് നിര്‍ദ്ദേശിച്ചത്. ഏഷ്യയിലും ആഫ്രിക്കയിലും പരസ്പരം കലഹിക്കാതിരിക്കാന്‍ മതപ്രചരണത്തിനായി അവര്‍ക്ക് ഓരോ ഏരിയ നിര്‍ണ്ണയിച്ചുകൊടുത്തു.
അക്കാലത്ത് കേരളത്തിലെ ജനങ്ങള്‍ അധികവും കൂട്ടുകുടുംബ വ്യവസ്ഥിതിയില്‍ കൃഷിപ്പണിയിലും ഇതരമേഖലകളിലും സഹകരിച്ച് പ്രവര്‍ത്തിച്ചാണ് ജീവിച്ചിരുന്നത്. തന്മൂലം ആരെങ്കിലും തനിച്ച് മതംമാറ്റത്തിന് തയ്യാറായാല്‍ അതിജീവനത്തിനുപോലും കഴിയാതെ ഒറ്റപ്പെട്ടുപോകുമായിരുന്നു. സ്വന്തമായ തൊഴിലോ സമ്പത്തോ സ്വതന്ത്രമായി ജീവിക്കുവാനുള്ള സാഹചര്യങ്ങളോ അനുകൂലമായാല്‍ മാത്രമെ അനായാസമായ മതംമാറ്റം സാദ്ധ്യമാകു എന്ന് ഗ്രഹിച്ച ക്രിസ്തീയ മിഷണറിമാര്‍ നവക്രിസ്ത്യാനികള്‍ക്ക് ജോലിനല്‍കാന്‍ ഉതകുംവിധം നെയ്ത്തുശാലകളും വാച്ചുകമ്പനികളും ഇതര തൊഴില്‍ കേന്ദ്രങ്ങളും ആരംഭിച്ചു. ഫറൂക്കിലും തിരുന്നാവായ കൊടക്കലും ഓടുകമ്പനികള്‍ സ്ഥാപിച്ചു. ഭരണസ്വാധീനം ഉപയോഗിച്ച് ഏക്കര്‍ കണക്കിന് ഭൂമി കയ്യടക്കി നവ ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്ക് കൃഷിചെയ്ത് ജീവിക്കാന്‍ വീതിച്ചുകൊടുത്തു.
1836 ല്‍ ഇന്ത്യയിലെ മതപ്രചരണത്തിനായി എത്തിയ ജര്‍മ്മന്‍കാരനായ ബാസല്‍ മിഷിണറി ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ടി (1814-1893) നെ സ്ക്കൂള്‍ ഇന്‍സ്പെകടറായി നിയമിച്ചു. ഈ കാലയളവില്‍ തന്‍റെ തസ്തികയുടെ സ്വാധീനം ഉപയോഗിച്ച് പല പുതുകൃസ്ത്യാനികള്‍ക്കും സ്ക്കൂളുകളില്‍ ജോലി സമ്പാദിച്ചുകൊടുത്തു. ക്രിസ്തീയ ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പാഠമാല എന്ന കൃതിയും വിദ്യാര്‍ത്ഥികള്‍ക്കായി രചിച്ചു. തലശ്ശേരിയിലെ ഇല്ലിക്കുന്നില്‍ സ്ഥാപിച്ച പ്രസ്സില്‍നിന്ന് 1847ല്‍ രാജ്യസമാഹാരം, പശ്ചിമോദയം എന്നീ പത്രികകള്‍ പ്രസിദ്ധീകരിച്ചു. രാജ്യസമാഹാരത്തിലെ മുഖ്യമായ പ്രതിപാദനം ക്രിസ്തീയ മത വിഷയങ്ങളായിരുന്നു.
ഓരോ വിഭാഗവും മല്‍സരിച്ചുപ്രവര്‍ത്തിച്ചതിനാല്‍ ചില മിഷ്യണറികളുടെ പ്രവര്‍ത്തനങ്ങളും പ്രചാരണങ്ങളും അപക്വമാം വിധം വര്‍ഗ്ഗീയവല്‍ക്കരിക്കപ്പെട്ട് ഇസ്ലാമിനെയും മുഹമ്മദുനബിയെയും അപഹസിക്കുന്നതും അപകീര്‍ത്തിപ്പെടുത്തുന്നതുമായ രീതിയിലായിരുന്നു മതപ്രചരണം നടന്നുവന്നിരുന്നത്.
മിക്കപ്പോഴും ഭരണകൂടത്തിന്‍റെ പരോക്ഷമായ പിന്തുണയോടെ ഗ്രാമ ഗ്രാമാന്തരങ്ങളിലും നഗര നഗരാന്തരങ്ങളിലും ഇസ്ലാം മതത്തിനും മുസ്ലിംകള്‍ക്കുമെതിരില്‍ ദുഷ്പ്രചരണങ്ങള്‍ അഴിച്ചുവിട്ടും പ്രവാചകനെ നിശിതമായി വിമര്‍ശിച്ചും ആരോപണങ്ങളും ദുരാരോപണങ്ങളും നടത്തിയും ജനങ്ങളുടെ ഇടയില്‍ ഇസ്ലാമിനെക്കുറിച്ച് തെറ്റിദ്ധാരണകളും ആശയക്കുഴപ്പങ്ങളും സൃഷ്ടിച്ച് മിഷണറീസില്‍ ഒരു വിഭാഗത്തിന്‍റെ പ്രവര്‍ത്തനം മുന്നേറിയിരുന്നു.
പ്രസംഗങ്ങള്‍ക്കും പ്രഭാഷണങ്ങള്‍ക്കും പുറമെ കേരളത്തിനകത്തുനിന്നും പുറത്തുനിന്നും മലയാളത്തിലും ഇതര ഭാഷകളിലും ധാരാളം ലഖുലേഖകളും പുസ്തകങ്ങളും, മുസ്ലിംകള്‍ മാത്രം കൈകാര്യം ചെയ്തിരുന്ന അറബി മലയാള ഭാഷയില്‍ പോലും ക്രിസ്തീയ സാഹിത്യങ്ങളും ബൈബിള്‍ പരിഭാഷയും പ്രസിദ്ധീകരിച്ചു. ക്രൈസ്തവ മാധ്യമങ്ങളും ഈ പാതതന്നെ പിന്തുടര്‍ന്നു. ഇസ്ലാം മതത്തിനും മുസ്ലിം സമുദായത്തിനും എതിരെ നടന്നുവന്നിരുന്ന ഈ ഗൂഢ പ്രവര്‍ത്തനങ്ങള്‍ ചെറുക്കുവാന്‍ സംഘടിതമായ യാതൊരു നീക്കവും മുസ്ലിം പക്ഷത്ത് അന്നുണ്ടായിരുന്നില്ല.
മലയാളഭാഷയില്‍ കാലാനുസൃതമായ സംവാദത്തിനും ഖണ്ഡനത്തിനും ആവശ്യമായ ഭാഷാനൈപുണ്യവും തന്മയത്വവും തന്ത്രവും യുക്തിയും മുസ്ലിം പണ്ഡിതന്‍മാര്‍ക്ക് അധികവും ഇല്ലാതിരുന്നതിനാല്‍ ക്രിസ്തീയ ദുരാരോപണങ്ങളെ ചെറുക്കാന്‍ ആരും മുതിര്‍ന്നില്ല. തന്മൂലം ഇസ്ലാം മതത്തിലെ സാധുജനങ്ങളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും നിര്‍ബ്ബന്ധിച്ച് ക്രിസ്തീയ മതംമാറ്റത്തിന് പ്രേരിപ്പിച്ചിരുന്നു. ഈ ദുരവസ്ഥയില്‍ മനംനൊന്ത് സമുദായ ഉദ്ധാരണത്തിനായി സ്വയം സമര്‍പ്പണം നടത്താന്‍ മുസ്ലിം പരിഷ്കര്‍ത്താവ് സയ്യിദ് സനാഉല്ല മക്തി തങ്ങള്‍ (1847-1912) തയ്യാറായി. സര്‍ക്കാര്‍ സര്‍വ്വീസില്‍ കയറി അധികം കഴിയുന്നതിനു മുമ്പുതന്നെ, കേവലം 35വയസ്സായ അദ്ദേഹം ജോലി ഉപേക്ഷിച്ച് 1882ല്‍ ഒറ്റയാള്‍ പോരാട്ടത്തിന് ഗോദയിലിറങ്ങി. ദൗത്യനിര്‍വ്വഹണത്തിന്നായി കന്യാകുമാരി മുതല്‍ കാസര്‍ഗോഡുവരെ കേരളത്തിനകത്തും പുറത്തും അവിശ്രമം ദേശാടനം നടത്തി.
ഹൈന്ദവ-മുസലിം-ക്രൈസ്തവ വേദങ്ങളില്‍ അഗാധ പാണ്ഡിത്യം നേടിയിരുന്ന അദ്ദേഹം വിവാദ മതകാര്യങ്ങളില്‍ പാതിരിമാരുമായി മദ്ധ്യസ്ഥന്മാരുടെ സാന്നിധ്യത്തില്‍ ചര്‍ച്ചകള്‍ നയിക്കാനും പ്രസംഗങ്ങള്‍ സംഘടിപ്പിക്കാനും വാഗ്വാദങ്ങള്‍ നടത്താനും സദാ സന്നദ്ധനായിരുന്നു. വിവിധ മതവിഷയങ്ങളിലുള്ള അഗാധജ്ഞാനം മറുപക്ഷത്തിന്‍റെ വായടപ്പിക്കാന്‍ പര്യാപ്തമായിരുന്നു. പ്രസംഗ വൈഭവം എതിരാളികളെ അങ്കലാപ്പിലാക്കി. ക്രൈസ്തവ സാഹിത്യങ്ങളെ തന്‍റെ സാഹിത്യരചനയിലൂടെയും പാതിരി പ്രഭാഷണങ്ങളെ ഖണ്ഡന പ്രസംഗങ്ങളിലൂടെയും തടയിട്ടു.
യുക്തിസഹജമായ പ്രബോധനങ്ങളിലൂടെയും മറുപടി പ്രഭാഷണങ്ങളിലൂടെയും ബൗദ്ധിക രചനകളിലൂടെയും ഇസ്ലാംമതത്തിനെതിരായ ദുരാരോപണങ്ങളുടെ തനിനിറം പൊതുവേദികളില്‍ അദ്ദേഹം തുറന്നുകാട്ടി. ഇത് മുസ്ലിംകള്‍ക്ക് നവോന്മേഷവും ഊര്‍ജ്ജവും പകര്‍ന്നു. യുവാക്കളില്‍ നവചൈതന്യവും ആദര്‍ശബോധവും അങ്കുരിപ്പിച്ചു. മിഷണറീസിന്‍റെ അവിഹിത കടന്നുകയറ്റവും പ്രതിഫലനവും വിശദീകരിക്കുന്ന ആധികാരിക ഗ്രന്ഥമാണ് വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്ത അല്ലാമാ റഹ്മതുല്ലാഹ് കൈറാനവില്‍ ഹിന്ദി (181891)യുടെ ഇള്ഹാറുല്‍ ഹക്ക് എന്ന കൃതി. ഈ ഗ്രന്ഥം അദ്ദേഹത്തിന്‍റെ സംവാദങ്ങള്‍ക്ക് താങ്ങും തണലുമായി. നുണപ്രചാരണങ്ങള്‍ക്ക് അറുതി വരാതിരുന്ന സമയത്ത് ത്രിയേകത്വം, കുരിശുമരണം തുടങ്ങിയ വിശ്വാസപ്രമാണങ്ങളിലേക്ക് കടന്നാക്രമണം നടത്തി.
ഇങ്ങനെ ക്രിസ്തീയ മിഷണറിമാരുടെ പ്രലോഭനങ്ങളും പ്രകോപനങ്ങളും സ്വാമി ദയാനന്ദ സരസ്വതിയുടെ നേതൃത്വത്തില്‍ 1875-ല്‍ കത്തിയവാറില്‍ ആരംഭിച്ച ആര്യസമാജത്തിന്‍റെ കീഴില്‍ നിലവില്‍ വന്ന ഭാരതീയ ഹിന്ദുശുദ്ധി സഭയും ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്ത നിരവധിപേരെ പൂര്‍വ്വ മതത്തിലേക്ക് തിരകെ പ്രവേശിപ്പിക്കാന്‍ തീവ്രശ്രമങ്ങള്‍ (ഘര്‍വാപസി) ആരംഭിച്ചതും മുസ്ലിം പണ്ഡിതന്മാരെയും മത പ്രബോധകരെയും സമുദായനേതാക്കളെയും അസ്വസ്ഥരാക്കി. തന്മൂലം 19-ാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയില്‍ നവമുസ്ലിം പരിപാലനത്തിനായി പ്രസിദ്ധ പണ്ഡിതന്‍ പുതിയകത്തു വലിയ ബാവ മുസ്ലിയാരുടെ (1809-1883) നേതൃത്വത്തില്‍ പൊന്നാനിയില്‍ സംവിധാനം ഒരുക്കിയിരുന്നു.
ധനാഢ്യനും മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് മെമ്പറുമായിരുന്ന പൊന്നാനി പാലത്തും വീട്ടില്‍ കുഞ്ഞിമൊയ്തീന്‍കുട്ടി തന്‍റെ സ്വത്തില്‍ നിന്നുള്ള വരുമാനത്തിന്‍റെ ഒരു വിഹിതം ഇതിനായി നല്‍കി. അദ്ദേഹത്തിന്‍റെയും മഖദൂം പണ്ഡിതന്മാരുടെയും നേതൃത്വത്തില്‍ ഹിദായത്തുല്‍ ഇസ്ലാംസഭ എന്ന പേരില്‍ ഒരു സംഘടന രൂപീകരിച്ച് വലിയ ജുമുഅത്ത് പള്ളിക്ക് സമീപം കൗഡിയമാക്കാനകം തറവാട്ടില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഈ പുസ്തകത്തിന്‍റെ പ്രസാധകന്‍ അബ്ദുറഊഫ് അഹ്സനി ഓടക്കല്‍ ഈ തറവാടിന്‍റെ പൗത്രനാണ്.
വലിയ ബാവ മുസ്ലിയാരുടെ മരണ ശേഷം അദ്ദേഹത്തിന്‍റെ മകളുടെ ഭര്‍ത്താവും പണ്ഡിത ശ്രേഷ്ഠനുമായ അബ്ദുറഹിമാന്‍ എന്ന ബാവ മുസ്ലിയാര്‍ (കുഞ്ഞന്‍ ബാവ മുസ്ലിയാര്‍ മഖ്ദൂമി 1851-1922)യുടെ നേതൃത്വത്തില്‍ മഊനത്തുല്‍ ഇസ്ലാം എന്ന പേരില്‍ പ്രവര്‍ത്തനം തുടര്‍ന്നു. നവമുസ്ലിംകളുടെ എണ്ണം വര്‍ദ്ധിച്ചതോടെ നിലവിലുള്ള വരുമാനം തികയാതെ വന്നു. മുസ്ലിംകളാകുന്നവരില്‍ പലര്‍ക്കും ആവശ്യമായ പഠന പരിശീലനങ്ങള്‍ ലഭിക്കാത്തതിനാല്‍ ഇസ്ലാമില്‍ നിന്ന് വ്യതിചലിച്ചിരുന്നത് മുസ്ലിം നേതാക്കളെ കൂടുതല്‍ അസ്വസ്ഥരാക്കി. ദുരാരോപണങ്ങളെ ഒരു പരിധിവരെ ചെറുക്കാന്‍ വ്യവസ്ഥാപികമായ ഒരു കൂട്ടായ്മ അനിവാര്യമായിത്തീര്‍ന്നു.