44. മുസ്‌ലിം വനിത മുന്നേറ്റം
ടിവി അബ്ദുറഹിമാന്‍കുട്ടി മാസ്റ്റര്‍
മൊബൈല്‍. 9495095336
കഠിനമായ എതിര്‍പ്പുകള്‍ അവഗണിച്ച് ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യം മുതല്‍ മുസ്‌ലിം വനിതകള്‍ പൊതുരംഗത്ത് പലയിടത്തും സജീവമായി പ്രവര്‍ത്തിച്ച് തുടങ്ങി. 17 സ്ത്രീകള്‍ മാത്രം പങ്കെടുത്ത കേരളത്തിലെ ആദ്യ മുസ്‌ലിം വനിത സമ്മേളനം 1910 ലാണ് ചേര്‍ന്നത്. 1927-28 കാലയളവില്‍ കോഴിക്കോട് മുത്തു ബീവി ബുര്‍ക്ക ധരിച്ച് വീടുവീടാന്തോറും കയറിയിറങ്ങി മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് വിദ്യ നല്‍കാന്‍ പകലന്തിയോളം ശ്രമിച്ചു. വിലക്കുകളും മത വിധികളും അവഗണിച്ചാണ് ഇവര്‍ കോഴിക്കോട്ട് ഗേള്‍സ് സ്‌കൂള്‍ സ്ഥാപിച്ചത്. പരപ്പില്‍ ബീവിയുടെ സ്‌കൂള്‍ എന്നറിയപ്പെട്ട വിദ്യാലയം നിലനിര്‍ത്താന്‍ ബീവിക്ക് കുടുംബ ജീവിതം പോലും ത്യജിക്കേണ്ടി വന്നു.
തെക്കന്‍ കേരളത്തില്‍ എം അലീമാ ബീവിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്. 1918ല്‍ അടൂരിലായിരുന്നു ജനനം. വലിയൊരു വിഭഗത്തിന്‍റെ എതിര്‍പ്പ് അവഗണിച്ചായിരുന്നു ഹലീമാ ബീവി അടക്കം ഏഴ് മക്കള്‍ക്ക് വിധവയായ മൊയ്തീന്‍ ബീവി വിദ്യാഭ്യാസം നല്‍കിയത്. സജീവ മുസ്‌ലിം ലീഗ് പ്രവര്‍ത്തകയായിരുന്ന ഹലീമാ ബീവി നല്ലൊരു സംഘാടകയും പ്രാസംഗികയും എഴുത്തുകാരിയും പ്രഥമ മുസ്‌ലിം നഗരസഭാ കൗണ്‍സിലറുമായിരുന്നു. മുസ്‌ലിം മഹിള, ഭരത് ചന്ദ്രിക, വനിത തുടങ്ങിയ പത്ര മാസികകള്‍ ഇവരുടെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചു. മനോരമ പത്രം കണ്ടുകെട്ടിയ അവസരത്തില് കെ. സി. മാമ്മന്‍ മാപ്പിള പലപ്പോഴും ലഖുലേഖകള്‍ അടിച്ചിരുന്നത് ഇവരുടെ പ്രസ്സില്‍ നിന്നാണ്. തലശ്ശേരിയിലെ മുസ്‌ലിം വിദ്യാഭ്യാസ സാമൂഹികപ്രവര്‍ത്തക ടി. സി. കുഞ്ഞാച്ചുമ്മയുമായി സഹകരിച്ച് തിരുവല്ല കേന്ദ്രമായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപിച്ച് മുസ്‌ലിം വനിതാ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചു. സര്‍വ്വീസില്‍ കയറിയ പ്രഥമ ബിഎക്കാരിക്ക് പ്രമോഷന്‍ നല്‍കാന്‍ ഏകകണ്ഠമായി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ക്രമേണ പലയിടത്തും ഇതെ രീതിയിലുള്ള വനിതാ മുന്നേറ്റങ്ങള്‍ നടന്നു. ഡോ. പി. കെ. അബ്ദുല്‍ ഗഫൂറിന്‍റെ മൂത്ത സഹോദരിയും പി.കെ അബ്ദുല്ല ഐ എ എസ്സിന്‍റെ സഹധര്‍മ്മിണും കൊച്ചി രാജ്യത്തെ പ്രഥമ മുസ്‌ലിം ബിരുദ്ധധാരിണിയുമായ ആമിന, നഫീസത്ത് ബീവി, ആയിഷാ ഭായി, ഫാത്തിമാ റഹ്‌മാന്‍, ഫാത്തിമ ഗഫൂര്‍ തുടങ്ങിയ പല മുസ്‌ലിം മഹിളകളും വനിത മുന്നേറ്റത്തിനായി സ്ത്യുതര്‍ഹമായി സേവനങ്ങള്‍ അര്‍പ്പിച്ചു. പ്രൊഫണല്‍ വിദ്യാഭ്യാസ രംഗത്തും സര്‍വകലാശാല തലത്തിലും മുസ്‌ലിം ആണ്‍ കുട്ടികളെക്കാള്‍ മുസ്‌ലിം പെണ്‍ കുട്ടികളാണ് ഇപ്പോള്‍ മുന്നേറുന്നത്.
കേരളത്തില്‍ ഔദ്യോഗിക രംഗത്ത് ഏറ്റവും ഉന്നത സ്ഥാനം അലങ്കരിച്ചത് ജസ്റ്റിസ് എം. ഫാത്തിമ ബീവിയാണ്. 1927ല്‍ പത്തനംതിട്ടയിലാണ് ജനനം. 1989ല്‍ സുപ്രീം കോടതി ജസ്റ്റിസായി സ്ഥാനമേല്‍ക്കുകയും 1997-2001 കാലത്ത് തമിഴനാട് ഗവര്‍ണര്‍ പദവി വഹിക്കുകയും ചെയ്തു. ലോകത്തിലെ രണ്ടാമത്തെയും ഇന്ത്യയിലെ ആദ്യത്തെയും വനിത സുപ്രീം കോടതി ജഡ്ജി, ആദ്യ മുസ്‌ലിം വനിതാ സെഷന്‍സ് ജഡ്ജി, ആദ്യ മുസ്‌ലിം ഹൈക്കോടതി ജഡ്ജി, ടാക്‌സ് അപ്പലേറ്റ് ട്രൈബുനല്‍ അംഗം തുടങ്ങി ലോകത്ത് ഇത്തരം പദവികള്‍ വഹിച്ച പ്രഥമ മുസ്‌ലിം മഹിള രത്‌നവുമാണ്.