10. ഓത്തുപള്ളിയും കുടിപള്ളിക്കൂടവും
ടിവി അബ്ദുറഹിമാന്‍കുട്ടി
മൊബൈല്‍. 9495095336
അക്കാലത്ത് മലബാറില്‍ പ്രാഥമിക വിദ്യാഭ്യാസത്തിന് മുസ്ലിംകള്‍ അധികവും ആശ്രയിച്ചിരുന്നത് ഓത്തുപള്ളികളെയായിരുന്നു. പ്രാചീന കാലം മുതല്‍ മലബാറില്‍ ഹിന്ദുക്കളും മുസ്ലിംകളും തുടര്‍ന്ന് പോന്നിരുന്ന സുദൃഢ ബന്ധം ഹേതുവായി ഇരുമതസ്ഥരുടെയും പല ആചരങ്ങള്‍ക്കും കീഴ്വഴക്കങ്ങള്‍ക്കും സാമ്യമുണ്ടായിരുന്നു. പൂര്‍വ്വികര്‍ രൂപപ്പെടുത്തിയെടുത്ത ഇത്തരം ആചാരങ്ങളും കീഴ്വഴക്കങ്ങളും നമ്മുടെ മഹത്തായ പൈതൃകവുമായി സുദൃഢബന്ധമുണ്ട്. പലതും കാലത്തിനൊത്ത് പരിഷ്കരിക്കപ്പെട്ടിട്ടുണ്ടെങ്കിലും ചിലത് പൈതൃക തനിമയോടെ സംരക്ഷിക്കപ്പെടുന്നു. ശിശുക്കളുടെ വിദ്യാരംഭ ചടങ്ങുകളില്‍ പോലും രൂപത്തിലും ഭാവത്തിലും അവ നിലനിന്നു വരുന്നു. സ്കൂളുകളും മദ്രസ്സകളും വൈജ്ഞാനിക രംഗത്ത് ആധിപത്യമുറപ്പിക്കുന്നതിന് മുമ്പ് മത-ഭൗതിക വിദ്യാഭ്യാസ മേഖലയികളില്‍ ഗുരുനാഥന്മാരുടെ പേരില്‍ അറിയപ്പെട്ടിരുന്ന ശിശുപഠനശാലകളായിരുന്ന ഓത്തുപള്ളിയും കുടിപള്ളിക്കൂടവും ഈ പൈതൃകത്തിന്‍റെ തുടര്‍ച്ചയാവാം.
ഹജ്ജ് പെരുന്നാളിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ ഓത്തുപള്ളികളില്‍ ആചരിച്ചു പോന്നിരുന്ന കൈയെഴുത്ത് ചടങ്ങോടേയായിരുന്നു മുസ്ലിം കുട്ടികളുടെ വിദ്യാരംഭം. അന്ന് മുഴുവന്‍ ആണ്‍-പെണ്‍ പഠിതാക്കളും പുത്തനുടുപ്പും ആഭരണങ്ങളും അണിഞ്ഞെത്തുന്നതിനാല്‍ കൈയെഴുത്ത് പെരുന്നാളെന്നും കേള്‍വിപ്പെട്ടു. ഇത് മുസ്ലിം ശിശുപാഠ ശാലകളില്‍ സാഘോഷം കൊണ്ടാടി. മൂപ്പെത്തിയ മുള മുറിച്ച് ചെത്തി കൂര്‍പ്പിച്ചുണ്ടാക്കിയ ഏതാണ്ട് ഒന്‍പത് ഇഞ്ച് നിളവും കാല്‍ ഇഞ്ച് വീതിയുമുള്ള കലമ്(എഴുത്തുകോല്‍), അധികവും തേനോ പനിനീരോ ചേര്‍ത്ത സ്പെഷ്യല്‍ അറബി മഷിയില്‍ മുക്കി കുട്ടികളുടെ കൈവെള്ളയില്‍ മൊല്ലാക്ക 'നാഥാ എനിക്ക് അറിവ് വര്‍ദ്ധിപ്പിച്ചു തരേണമേ' (റബ്ബി സിദിനീഇല്‍മന്‍) തുടങ്ങിയ വിശുദ്ധ വചനങ്ങള്‍ എഴുതുന്ന ചടങ്ങാണ് കൈയെഴുത്ത്. ഒരു മുക്കാല്‍, രണ്ട് മുക്കാല്‍, ഒരണ, രണ്ടണ, നാലണ, എട്ടണ തുടങ്ങിയ നാണയത്തുട്ടുകള്‍ ഓരോരുത്തരുടെ സാമ്പത്തിക ശേഷി അനുസരിച്ച് ഗുരുദക്ഷിണ നല്‍കും. മധുര പാനീയങ്ങളും പലഹാരങ്ങളും ചീരണിയും ഭക്ഷണവും കഴിച്ച് സമംഗളം പര്യവസാനിക്കും. പലയിടത്തും പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ ആഘോഷങ്ങള്‍ക്ക് കൊഴുപ്പു കൂട്ടി. കാലാന്തരത്തില്‍ ഈ സമ്പ്രദായം മദ്രസകളിലേക്കും മാപ്പിള സ്കൂളുകളിലേക്കും വ്യാപിച്ചു. നാമമാത്രമായ പ്രദേശങ്ങളില്‍ ഇപ്പോഴും ഈ പാരമ്പര്യം തുടരുന്നു. പാരമ്പര്യ തനിമ ചോരാതെ കയ്യെഴുത്ത് ഇപ്പോഴും നിലനിര്‍ത്തിപോരുന്ന അപൂര്‍വ്വം ഉസ്താദുന്മാരില്‍ പ്രമുഖനാണ് പൊന്നാനി മൂച്ചിക്കല്‍ ഹാജി അമ്മാട്ടി മുസ്ലിയാര്‍. മണ്‍മറഞ്ഞ ഒ ഒ മുഹമ്മദ് മുസ്ലിയാര്‍, പി ടി കുഞ്ഞിമരക്കാര്‍ മുസ്ലിയാര്‍, ഹൈദ്രോസ് മുസ്ലിയാര്‍ (പുതുപൊന്നാനി), ബാവ മുസ്ലിയാര്‍, കുഞ്ഞിമരക്കാര്‍ മുസ്ലിയാര്‍ (കടവനാട്), കുന്നിക്കലകത്ത് ഉസ്മാന്‍ മാസ്റ്റര്‍, കാസിം ബാവ നൂഹ് മുസ്ലിയാര്‍, കണ്ണാടക്കാരന്‍ അസൈനാര്‍ മുസ്ലിയാര്‍, കുഞ്ഞാലന്‍ മുസ്ലിയാര്‍, ബാവ മുസ്ലിയാര്‍, ഇമ്പിച്ചിമൊല്ല, ഉമ്മര്‍ മുസ്ലിയാര്‍, ബാവമൊല്ല, മൊയ്തീന്‍കുട്ടി മുസ്ലിയാര്‍, അബൂബക്കര്‍ മുസ്ലിയാര്‍, മൊഞ്ചന്‍മൊല്ലക്ക, കുഞ്ഞാലി മുസ്ലിയാര്‍, മമ്മിക്കുട്ടി മുസ്ലിയാര്‍, ഒഎന്‍വി കാദര്‍ മുസ്ലിയാര്‍, മാമുട്ടി മുസ്ലിയാര്‍, മമ്മിക്കുട്ടി മുസ്ലിയാര്‍, ബീരാന്‍ മുസ്ലിയാര്‍, മൊയ്തീന്‍കുട്ടി മുസ്ലിയാര്‍, കൊട്ടിലിങ്ങല്‍ ഉമ്പായി മുസ്ലിയാര്‍(പൊന്നാനി) മൊല്ലാത്തിമാരായ ദൈനത്ത, കയ്യത്ത, ആയിഷത്ത, ആമിന്‍ത്ത, ഐസീവിത്ത, പാത്തുണ്ണിത്ത, ഇഞ്ഞമ്മ, പള്ളീലമ്മായി തുടങ്ങിയ പലരും ഓത്തുപള്ളി മേഖലയിലും കൊല്ലന്‍പടിയിലെ കുട്ടാവു ആശാന്‍ കുടിപ്പള്ളിക്കൂട രംഗത്തും പൊന്നാനിയിലും പരിസരത്തും സ്തുത്യാര്‍ഹമായ സേവനം അര്‍പ്പിച്ച് പാദമുദ്ര ചാര്‍ത്തിയ ഗുരുവര്യരാണ്.
ചില ഓത്തുപള്ളികള്‍ സ്കൂളുകളില്‍ തന്നെ പ്രവര്‍ത്തിച്ചു. സ്കൂള്‍ പഠനത്തിന് മുസ്ലിം പഠിതാക്കളെ ആകര്‍ഷിക്കുന്നതിനായിരുന്നു ഈ രീതി തുടര്‍ന്ന് വന്നത്. രാവിലത്തെ ഓത്തു പഠനം കഴിഞ്ഞാല്‍ അതേ സ്കൂളില്‍ ഭൗതീക പഠനം ആരംഭിക്കും. ഇടത്തരം വീടുകളിലെ കുട്ടികള്‍ തലേദിവസത്തെ പഴങ്കഞ്ഞി കുടിച്ചാണ് രാവിലെ ക്ലാസുകളില്‍ എത്താറ്. ചില സ്കൂളുകളില്‍ ഉച്ചക്കോ അതിനുശേഷമോ ലഘു ഭക്ഷണം വിതരണം ചെയ്യും. സ്കൂള്‍ വിട്ട് വീട്ടിലെത്തിയാല്‍ തന്നെ പലപ്പോഴും കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ പുഴുങ്ങി ഭക്ഷിച്ചോ കഞ്ഞി കുടിച്ചോ പൈദാഹം തീര്‍ക്കും. ഇന്നത്തെ പോലെ ചോറും കറിയും സുലഭമായിരുന്നില്ല അന്ന്.
പല മാപ്പിള സ്കൂളുകളും നിലനിന്ന് പോന്നിരുന്നതും ചില സ്കൂളുകള്‍ സ്ഥാപിക്കാന്‍ ഹേതുവായതും മൊല്ലാക്കാന്മരുടെ ത്രീവശ്രമത്താലാണ്. തന്മൂലം മൊല്ലാക്കന്മാരുടെ സേവനം മാപ്പിള സ്കൂളുകളില്‍ അവിഭാജ്യ ഘടകമായി തീര്‍ന്നു. തീരപ്രദേശങ്ങളിലെ പല സ്കൂളുകളിലെയും വിദ്യാര്‍ത്ഥികള്‍ കൊഴിഞ്ഞുപോകുന്ന അവസരങ്ങളില്‍ അവരെ കുളത്തിലും പുഴയിലും കടലില്‍പോലും ഇറങ്ങി പിടിച്ച് സ്കൂളിലേക്ക് തിരിച്ച്കൊണ്ടുവന്നത് മൊല്ലാക്കന്മാരായിരുന്നു. മുല്ല എന്ന പേര്‍ഷ്യന്‍ പദത്തിന്‍റെ പരിവര്‍ത്തിത രൂപമാണ് മൊല്ല. മൊല്ല എന്നാല്‍ പണ്ഡിതനെന്നര്‍ത്ഥം. ഇറാനില്‍ ഔദ്യോഗിക അനൗദ്യോഗിക തലങ്ങളില്‍ അത്യുന്നത പദവി അലങ്കരിക്കുന്ന പലരുടെയും പേരിനൊപ്പം മുല്ല എന്ന് ചേര്‍ത്ത് കാണാം. മുല്ലാ നസറുദ്ദീന്‍ കഥകള്‍ വായിക്കാത്ത മലയാളികള്‍ ചുരുക്കം.
കുട്ടികള്‍ ഗുരുനാഥന്മാരെ ആദ്യകാലത്ത് മൊല്ല, മൊല്ലാക്ക എന്നും ഇപ്പാള്‍ മുഅല്ലിം, ഉസ്താദ് എന്നും വിളിച്ചു. മൊല്ലാമാര്‍ അറബി-മലയാള രചനകളും പ്രാഥമികകിതാബുകളും പഠിച്ചവരാണ്. അധ്യാപകന്‍, സാഹിത്യകാരന്‍, ദല്ലാള്‍, നാട്ടുമധ്യസ്ഥന്‍, നിമിഷകവി, വൈദ്യന്‍, മുക്രി, ഇമാം തുടങ്ങിയ പല വേഷങ്ങളും അവര്‍ കൈകാര്യം ചെയ്തിരുന്നു. സാധാരണക്കാരുമായി കൂടുതല്‍ബന്ധം മൊല്ലാന്മാര്‍ക്കാണ്. നിക്കാഹ് വേളകളില്‍ ഖുതുബ ഓതല്‍ അധികവും മുക്രി പദവി അലങ്കരിക്കുന്ന പഠിച്ച മൊല്ലാന്മാരാണ്. മുസ്ലിയാമ്മാരും മുദരിസമ്മാരും കിതാബു--(മതഗ്രന്ഥം)കളില്‍ പ്രാവീണ്യം നേടിയ പണ്ഡിതന്‍മാരാണ്. ചില മഹല്ലുകളിലെ അവസാനവാക്ക് മുസ്ല്യാമ്മാരുടെതും മുദരിസ്സമ്മാരുടെതുമായിരുന്നു. സ്കൂളുകളില്‍ മൊല്ലാസാര്‍ മൊല്ലാടീച്ചറെന്നും ആദരപൂര്‍വ്വം വിളിച്ചിരുന്ന ഇവരുടെ മാതൃകാപരമായ സേവനം പഠിതാക്കളുടെ ദൗര്‍ല്ലഭ്യം അനുഭവപ്പെടുന്ന ഇന്നത്തെ സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് അനുകരണീയ മാതൃകയാണ്.
ഓതിക്കന്‍ എന്നാണ് ഗുരുവിനെ ബ്രാഹ്മണര്‍ വിളിരിച്ചിരുന്നത്. ഓതിക്കനില്‍ നിന്ന് കേട്ട് പഠിക്കുന്നതിനാല്‍ വേദ പഠനത്തെ ഓത്ത് എന്ന് വിളിച്ചു. ഇത്തരം പഠന ശാലകള്‍ ഓത്താന്‍ മഠങ്ങള്‍ എന്നറിയപ്പെട്ടു. പല പ്രസിദ്ധ ക്ഷേത്രങ്ങളോടനുബന്ധിച്ചും ഓത്തന്‍ മഠങ്ങള്‍ സ്ഥാപിച്ചിരുന്നു. വിശുദ്ധ ഗ്രന്ഥങ്ങള്‍ പഠിക്കുന്നതിനും പാരായണം ചെയ്യുന്നതിനും മുസ്ലിംകളും ഈ വാക്ക് തന്നെ പ്രയോഗിച്ചു. പാലി ഭാഷാ പദമാണ് പള്ളി. ബുദ്ധ-ജൈന മത വിഭാഗങ്ങളുടെ പ്രാര്‍ത്ഥന മന്ദിരങ്ങള്‍ പള്ളി എന്നറിയപ്പെട്ടു. ജൂത-ക്രൈസ്തവ-മുസ്ലിം മതസ്ഥരും തങ്ങളുടെ ആരാധനാലയങ്ങളെ പള്ളിയെന്നു വിളിച്ചു. വീട്ടുകളുടെ കോലായകളിലും, പള്ളികള്‍, മൊല്ലാക്കന്മാരുടെ വീടുകള്‍, ഇതര സ്ഥലങ്ങള്‍ എന്നിവടങ്ങളോട് ചേര്‍ത്ത് മുളകള്‍ നാട്ടി ഓല മേഞ്ഞ ഷെഡുകളിലും നടന്ന് പോന്നിരുന്ന മുസ്ലിം ശിശു പഠനശാലകള്‍ കാലാന്തരത്തില്‍ ഓത്തുപള്ളികളെന്ന് അറിയപ്പെട്ടു.
പലയിടത്തും പ്രവേശനത്തിന് നിശ്ചിത സമയം നിര്‍ണയിച്ചിരുന്നില്ല. രക്ഷിതാവിന്‍റെ ഹിതമനുസരിച്ച് ഏതവസരത്തിലും ചേര്‍ക്കാം. കനം കുറഞ്ഞ മരപ്പലക(ലൗഹ്)യില്‍ ചെകിടി മണ്ണ് കുറുക്കിപുരട്ടി ഉണക്കി, കലമ്(എഴുത്തുകോല്‍) അറബി മഷിയില്‍ മുക്കി എഴുതികൊടുത്താണ് പാഠഭാഗങ്ങള്‍ ആരംഭത്തില്‍ പഠിപ്പിച്ചിരുന്നത് ഓരോ കുട്ടിക്കും പാഠഭാഗങ്ങള്‍ എഴുതി കൊടുത്തും പഠിപ്പിച്ചും പരിശോധിച്ചും തെറ്റുകള്‍ തിരുത്തിയും മൊല്ലാക്കന്മാര്‍ അധ്യാപനത്തില്‍ വ്യാപൃതരായിരുന്നു. ചിലയിടങ്ങളില്‍ ആക്ടിങ്ങായി ഈ ചുമതല മൊല്ലാക്കന്മാരുടെ സഹധര്‍മ്മണികളും എറ്റെടുത്തു.
പഠനസമയം രാവിലെ മുതല്‍ വൈകുന്നേരം വരെ തുടര്‍ന്നിരുന്ന പ്രദേശങ്ങളുമുണ്ടായിരുന്നു. സര്‍ക്കാര്‍ എലിമെന്‍ററി സ്കൂളുകള്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും അത്തരം വിദ്യാലയങ്ങളില്‍ മുസ്ലിംകളധികവും കുട്ടികളെ ചേര്‍ത്തില്ല. ആ സമയം കൂടി ഓത്തുപള്ളികളില്‍ തന്നെ വിനിയോഗിച്ചു. പള്ളി വിടാന്‍ അല്‍പസമയം മുമ്പായിരിക്കും ഓരോ ദിവസത്തേയും പഠനത്തിന്‍റെ മൊത്തം ആവര്‍ത്തനമായ പഠിച്ചോത്ത്. ഖുര്‍ആനിലെ പഠിച്ച ഭാഗങ്ങള്‍ ഓരോ കുട്ടിയും ഓതികൊടുക്കുന്ന സമയത്ത് മറ്റു പഠിതാക്കള്‍ എറ്റ് ചൊല്ലുന്ന രീതിയാണ് പഠിച്ചോത്ത്. ഈ അവസരത്തിലെ ഫര്‍ലോങ്ങുകളുടെ ചുറ്റളവില്‍ ശ്രവിക്കപ്പെടാറുണ്ട്. മൊല്ലാക്ക ഒരു ക്ലാസ്സിലായിരിക്കുമ്പോള്‍ ഇതര ക്ലാസ്സുകളില്‍ ക്രമ സമാധാന പ്രശ്നവും ഉണ്ടാകാറുണ്ട്. പ്രൈമറി വിദ്യാഭ്യാസം സര്‍ക്കാര്‍ സാര്‍വത്രികമായി നിര്‍ബന്ധമാക്കിയ പ്രദേശങ്ങളില്‍ പഠന സമയം രാവിലെ പത്ത് മണി വരെ നിജപ്പെടുത്തി.
സ്ത്രീകള്‍ നടത്തിയിരുന്ന ഓത്തുപള്ളികളുമുണ്ടായിരുന്നു. ഇവ അധികവും വീടുകളിലെ കോലായകളിലായിരുന്നു. ഇവിടങ്ങളില്‍ മാല, മൗലൂദ്, കിസ പാട്ടുകള്‍ അധിക പഠന വിഷയങ്ങളായിരുന്നു. അധ്യാപികയെ ഉസ്താദ്, മൊല്ലാത്തി, മൊല്ലാച്ചി എന്ന് ആദരപൂര്‍വ്വം വിളിച്ചു. പൊന്നാനി, തിരൂരങ്ങാടി, പറവണ്ണ, വെളിയംകോട്, ആലപ്പുഴ, അമ്പലപ്പുഴ തുടങ്ങിയ മുസ്ലിം പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും പെണ്‍ ഓത്തുപള്ളികള്‍ അധികവും. പാത്താവുമ്മ, റുഖിയാബീവി, ഉസ്താദ് കുഞ്ഞാമിനാ, ഉസ്താദ് ആയിശാത്ത, എച്ച്. ഫാത്തിമ, വി. ദൈനബുത്ത തുടങ്ങിയവര്‍ ഈ രംഗത്ത് പ്രസിദ്ധി നേടിയവരായിരുന്നു. മൊല്ലാക്കന്മാരെ പോലെ തന്നെ ചില മൊല്ലാത്തികളും പ്രദേശത്തെ വീടുകളില്‍ ഖത്തം ഓതാനും മാല, മൗലൂദ് പാരായണത്തിനും പോയിരുന്നു. പഠനത്തിന് പല രീതികളും പ്രചാരത്തിലുമുണ്ടായിരുന്നു.
അലിഫിന് അ-അ, അലിഫിന് ഇ-ഇ, അലിഫിന് ഉ-ഉ, ബാക്ക് ബ-ബ, ബാക്ക് ബി-ബി, ബാക്ക് ബു-ബു, താക് ത-ത, താക് തി-തി, താക് തു-തു, ജീമന്‍ ജ-ജ, ജീമന്‍ ജി-ജി, ജീമന്‍ ജു-ജു. അലിഫിന് പുള്ളിയില്ല, ബാക്കൊരു പുള്ളി താഴെ, താക്ക് രണ്ടു പുള്ളി മേലെ, 'സാ'ക്ക് മൂന്മ്പുള്ളിമേലെ, ജീമിനു ഒരു പുള്ളി താഴെ, യാക്ക് രണ്ടു പുള്ളി താഴെ, അലിഫിന് ഫത്ഹ് അ, അലിഫിന് കിസറ് ഇ, അലിഫിന് ളമ്മ് ഉ, ബാക്ക് ഫതഹ് ബാ, ബാക്ക് കിസറ് ബി, ബാക്ക് ളമ്മ് ബു തുടങ്ങിയ പ്രയോഗങ്ങളിലൂടെ വായിച്ച് ഓതിയായിരുന്നു അറബി അക്ഷരങ്ങളും കൂട്ടിയെഴുത്തും വാചകങ്ങളും പാഠ്യഭാഗങ്ങളും പഠിപ്പിച്ചിരുന്നത്. വായിച്ചോത്ത് പൂര്‍ത്തിയായലാണ് ഖൂര്‍ആന്‍ പഠനാരംഭം. പഠനത്തിന് ഏകീകൃത രീതിയോ സിലബസ്സോ ഇല്ലായിരുന്നു.
ബിസ്മില്ലാഹി റഹ്മാനി റഹീം എന്ന സൂക്തം ഓതി പഠിച്ചിരുന്ന രീതിയുടെ ഒരുദാഹരണം ഇങ്ങനെ. ڇബാക് ബീ സീന് കെട്ടു ബിസ്, മീമന്‍ മീ-ബിസ്മി, ലാമിന് സെദ്ദ് ലാമന്‍ ലാ ഐകഹി-ല്ലാഹി, റാക് സെദ്ദും റകറ ഹാകെട്ട്-റഹ്, മീമ് മാ നൂനി- മാനി, റാക്ക് സെദ്ദും റക്ക്റ ഐകഹി റഹ് മീമന്‍മി-റഹീംڈ.ڈഖുര്‍ആനിലെ ചെറിയ അധ്യായങ്ങളും ഈ രീതിയില്‍ പഠിപ്പിച്ചിരുന്നു.
ആരംഭത്തില്‍ അലിഫ് മുതല്‍ അറബി അക്ഷരമാല പഠിപ്പിക്കും. തുടര്‍ന്ന് പുള്ളി ഉള്ള അക്ഷരങ്ങളും പുള്ളിയില്ലാത്ത അക്ഷരങ്ങള്‍ വേര്‍തിരിച്ച് പഠിപ്പിക്കും. പിന്നീട് ഓരോ അക്ഷരത്തിന് ശേഷം നീട്ടാഅലിഫ് ചേര്‍ത്ത് നീട്ടി ചൊല്ലി പഠിപ്പിക്കും. ഫതഹ്, കിസറ്, ളംമ് എന്നീ ഹര്‍ക്കത്തുകള്‍ ചേര്‍ത്തായിരുന്നു തുടര്‍ന്നുള്ള പഠനം. അടുത്ത പഠനം അക്ഷരങ്ങള്‍ ചേര്‍ത്തുള്ള കൂട്ടെഴുത്താണ്. ഫാത്തിഹ പഠനത്തോടെയാണ് വായിച്ചോത്ത് തുടര്‍ന്ന് ക്രമാനുഗതമായി ഖുര്‍ആനിലെ ചെറിയ അധ്യായങ്ങള്‍ ഓതി പഠിക്കും. ഇതാണ് മറ്റൊരു രീതി.
ഹൈന്ദവ തറവാടുകളില്‍ കുട്ടികളെ പഠിപ്പിക്കാന്‍ എഴുത്താശാന്‍മാരെ നിയോഗിച്ചിരുന്നതു പോലെ പല മുസ്ലീം തറവാടുകളില്‍ മൊല്ലാമാരെയും മൊല്ലാത്തിമാരെയും നിയമിച്ചു. ഗുരുനാഥ(മൊല്ലാത്തി)കളുടെ നേതൃത്വത്തില്‍ വീടുകളിലും ഈ സമ്പ്രദായം തുടര്‍ന്നു. ബഹു ഭൂരിപക്ഷം പെണ്‍കുട്ടികളെയും കൂടിയാല്‍ പത്ത് വയസ്സ് പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ ഓത്തുപള്ളി, സ്കൂള്‍ പഠനങ്ങള്‍ നിര്‍ത്തി അന്യ പുരുഷന്മാര്‍ക്ക് കാണാന്‍ കഴിയാത്ത വിധത്തില്‍ വീട്ടിനകത്ത് തന്നെ പാര്‍പ്പിക്കും. ഈ സമ്പ്രദായത്തെ അകം അടക്കല്‍ എന്നാണ് വിളിക്കാറ്. ഖുര്‍ആനും ഇസ്ലാമിക വിജ്ഞാനവും അഭ്യസിച്ച യുവതികള്‍ക്ക് വിവാഹാലോചന വേളകളില്‍ പ്രത്യേക പരിഗണന ലഭിച്ചു. ആശാന്മാര്‍ക്ക് നല്‍കിയിരുന്നത് പോലെ തത്തുല്യമായ പ്രതിഫലം മൊല്ലാമ്മാര്‍ക്കും നല്‍കി. ഫാതിഹ,'അമ്മ,തബാറ,യാസീന്‍ എന്നീ സൂറത്തുകള്‍ ആരംഭിക്കുമ്പോഴും പഠിതാവിന്‍റെ കല്ല്യാണത്തിനോടനുബന്ധിച്ച് ഖുര്‍ആന്‍ പഠന പുര്‍ത്തീകരണ സൂചകമായി ഖത്തം തീര്‍ക്കുമ്പോഴും ആണ്ടര്‍ദി ദിവസങ്ങളിലും ചില പ്രത്യേക മാമൂലുകളും എം എസ് വെള്ളത്തുണിയും തൂവെള്ള ഓയില്‍ തട്ടവും മറ്റും നല്‍കി. സാമ്പത്തിക ശേഷിയനുസരിച്ച് ചിലവീടുകളില്‍ നിന്ന് അരിയും തേങ്ങയും ഒന്നുമുതല്‍ അഞ്ച് വരെ പറനെല്ലും കാണിക്കയായി നല്‍കും. ഓത്തു പള്ളി പഠനം കഴിഞ്ഞാല്‍ ദര്‍സുകളില്‍ ചേര്‍ന്ന് പത്ത് കിത്താബിലെ മുതഫരിദ് ഓതി കൊണ്ടായിരുന്നു ഉപരിപഠനത്തിന്‍റെ ആരംഭം. ഉയര്‍ന്ന കിത്താബുകള്‍ ഓതിപഠിച്ച പണ്ഡിതകളായ മഹതികള്‍ പല തറവാടുകളിലും ഉണ്ടായിരുന്നു. തന്മൂലം കുടുംബ സംസ്കരണത്തിന് ഇത് കാരണമായി.
ഓരോരുത്തരും അവരവരുടെ കഴിവിനനുസരിച്ചുള്ള സംഖ്യയാണ് പ്രതിഫലമായി നല്‍കാറ്. കൂടുതല്‍ പൈസകൊടുക്കുന്ന രക്ഷിതാവിന്‍റെ കുട്ടി ക്ലാസ്സില്‍ അത് അഭിമാനത്തോടെ എടുത്തുപറയും. യാതൊരു പ്രതിഫലവും ലഭിച്ചില്ലെങ്കിലും നിസ്വാര്‍ത്ഥമായി 'വജിഹില്ലാഹിക്ക്(ദൈവീക പ്രതിഫലത്തിന്) വേണ്ടി പഠിപ്പിച്ചിരുന്ന ഗുരുനാഥന്‍മാരും വിരളമല്ല. മതനിഷ്ഠയിലധിഷ്ടിതമായ ജീവിതം നയിച്ചിരുന്ന ഇവരുടെ കുടുംബങ്ങള്‍ക്ക് അര്‍ദ്ധപട്ടിണിയിലും മുഴുപട്ടിണിയിലും ജീവിതപ്രാരാബ്ധത്തിലും ശാന്തിയും സമാധാനവും മനസ്സുഖവും ലഭിച്ചിരുന്നു. അത്രയും നിഷ്കാമമായിരുന്നു അദ്ദേഹത്തിന്‍റെ സേവനം.
ڇഓത്തുപള്ളീലന്നുനമ്മള്‍ പോയിടുന്ന കാലം
ഓര്‍ത്തു കണ്ണീര്‍ വാര്‍ത്തു നില്‍ക്കയാണ് മേഘം
കോന്തലെക്കള്‍ നീ എനിക്ക് കെട്ടിയ നെല്ലിക
കണ്ട് ചൂരല്‍ വീശിയില്ലേ നമ്മുടെ മൊല്ലാക്കڈ
വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഓര്‍മ്മയില്‍ ഇന്നും ഓമനത്തം തുളുമ്പി വരുന്ന പി. ടി. അബ്ദുറഹിമാന്‍, വി. ടി. മുരളി, രാഘവന്‍ മാസ്റ്റര്‍ കൂട്ട്കെട്ടിന്‍റെ വരികള്‍ ഓത്തുപള്ളികളുടെ മധുരിക്കും പൂര്‍വ്വ കാല സ്മരണകളെ തട്ടിയുണര്‍ത്തുന്നവയാണ്.
ശിക്ഷാരീതികള്‍ പ്രാകൃതമായിരുന്നു. ചൂരല്‍ കൊണ്ടടിച്ചും ഏത്തമിടീച്ചും പാഠഭാഗങ്ങള്‍ ഒരേ ഇരിപ്പിന് മനപ്പാഠമാക്കിച്ചും പഠിതാക്കളെ മാനസിക പീഡനങ്ങള്‍ക്ക് വിധേയരാക്കി.അക്കാലത്തെ രക്ഷാകര്‍ത്തൃസമൂഹം ഇതിനെ ആക്ഷേപരഹിതമായി ഉള്‍കൊണ്ടു. മൊല്ലാക്കയുടെചൂരല്‍ പതിഞ്ഞ ഭാഗം നരാകാഗ്നിക്ക് നിഷിദ്ധമെണാണ് വാമൊഴി.
മുന്‍ വിദ്യാഭ്യാസ മന്ത്രി സി. എച്ച്. മുഹമ്മദ് കോയ സാഹിബ് ഓത്തു പളളിയിലെ ബാല്യകാലം അനുസ്മരിക്കുന്നതു നോക്കു:
മൂരിവടിപോലത്തെ ഒരുവടിയുണ്ടാക്കി പൈതങ്ങളെ പൊതിരെതല്ലുന്നത് വിദ്യാഭ്യാസത്തിന്‍റെ ഒരവിഭാജ്യഘടകമാണെന്ന് അധ്യാപകന്മാരും അങ്ങിനെ ചെയ്യാഞ്ഞാല്‍ കുട്ടികള്‍ നന്നാവില്ലെന്ന് രക്ഷിതാക്കന്മാരും അന്നു വിശ്വസിച്ചിരുന്നു. തല്ലിനുള്ള വടികള്‍ വിദ്യാര്‍ത്ഥികള്‍ തന്നെയാണ് കൊണ്ടുവന്ന് കൊടുക്കാറ്. വേഗം ഓത്തു പഠിക്കാത്തതിനും ഓത്തുപുരയില്‍ സംസാരിച്ചിരുന്നതിനും യാസീന്‍ എന്ന അദ്ധ്യായം ഹൃദ്യസ്ഥമാക്കുന്നതില്‍ വൈമുഖ്യം കാണിച്ചതിനുമാണ് കൂടുതല്‍ തല്ല്. (എന്‍റെ)ഉപ്പാപ്പ എവിടെയെങ്കിലും പോയിവരുമ്പോള്‍ ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ സംസാരിക്കുകയായിരിക്കും. ഉടനെ ഉപ്പാപ്പ ഒരു കൂട്ടത്തല്ല് പാസ്സാക്കും. എത്രയോ നിരപരാധര്‍ ഈ കൂട്ടപ്പിഴ സഹിക്കേണ്ടിവന്നിട്ടുണ്ട്.
അറബി ലിപികളില്‍ ചില പ്രത്യേക കുത്തുകള്‍ ചേര്‍ത്ത് ഏഴക്ഷരങ്ങള്‍ കൂടി അധികരിപ്പിച്ചാല്‍ റോമന്‍ ലിപികളിലെന്നപോലെ മലയാളമെഴുതാന്‍ സാധിക്കും. ഓത്തുപുരകളില്‍ പഠിച്ച മിക്ക പെണ്‍കുട്ടികള്‍ക്കും ഇതറിയാം. ഈ ലിപിയില്‍ എഴുതിയ ഒട്ടധികം മത ഗ്രന്ഥങ്ങളും നോവലുകളും വൈദ്യഗ്രന്ഥങ്ങള്‍പോലുമുണ്ട്. ശ്രുതി മധുരമായ മാപ്പിളപ്പാട്ടുകളെല്ലാം തന്നെ ഈ ലിപിയിലാണ്. ഒന്നു രണ്ടു മാസികകളും കാണും. ഇതെല്ലാം ആസ്വദിക്കുവാന്‍ മുസ്ലികളില്‍ നൂറ്റുക്കു തൊണ്ണൂറുപേര്‍ക്കും സാധിക്കും. ഇത് അക്ഷരജ്ഞാനമായി അംഗീകരിക്കുകയാണെങ്കില്‍ മലബാറിലെ മുസ്ലിം സ്ത്രീകളുടെ സാക്ഷരതാശതമാനം 95 ഓളം വരും. മാപ്പിളക്കവിതകള്‍ പാടാന്‍ മാത്രമല്ല രചിക്കാന്‍ കൂടി പാടവമുള്ള പല മഹിളകളുണ്ടായിരുന്നു. കാലോചിതമായ പരിഷ്ക്കാരങ്ങള്‍ വരുത്താന്‍ കൂട്ടാക്കത്തതുകൊണ്ട് ഓത്തുപുരകള്‍ ഇപ്പോള്‍ നാമവശേഷമായിരിക്കുന്നു.
ഇന്നത്തെ പല മാപ്പിള സ്കൂളുകളുടെയും ഉല്‍ഭവം ഇത്തരം ഓത്തുപുരകളില്‍ നിന്നായിരുന്നുവെന്ന് കാണാം. കാലത്തിന്‍റെ വെള്ളപ്പൊക്കത്തില്‍ ഓത്തുപുരകള്‍ ഒഴുകിപ്പോയി. പക്ഷേ ചെങ്കല്ലില്‍ നിന്നുള്ള ചീടിമണ്ണു തേച്ച് മൂക്കുകയറുമുള്ള മരപ്പലകയുടെ മേല്‍ ഇന്ത്യന്‍ മഷികൊണ്ട് പരിശുദ്ധ ഖുര്‍ആന്‍ എഴുതി ആ പലകയും മടിയില്‍വെച്ച് ഒരേ പായയിലിരിക്കുന്ന സതീര്‍ത്ഥ്യരൊരുമിച്ച് നീട്ടിവലിച്ച് ഉറക്കെ ഓതിപഠിച്ച ആ കാലം എന്‍റെ മനോദര്‍പ്പണത്തില്‍ നിന്നും മായുന്നില്ലڈ
ക്രമേണ മുക്രി, മൊല്ല, മുഅദിന്‍, മുസ്ല്യാമാരുടെയും മക്കളും പേരകുട്ടികളും അദ്ധ്യാപക തസ്തികയിലും ഇതര ഔദ്യോഗിക സ്ഥാനങ്ങളിലും ഉന്നതപദവികള്‍ വഹിച്ചു.
തെക്കന്‍ കേരളത്തില്‍ ഓത്തുപള്ളിയെ പള്ളിപ്പുര എന്നാണ് വിളിച്ചിരുന്നത്. വീട്ടിന്‍റെ കോലായയിലായിരുന്നു പള്ളിപ്പുരകള്‍ അധികവും. ഏതാണ്ട് മുപ്പതോളം കുട്ടികള്‍ പഠനത്തിനെത്തും. ചിലയിടങ്ങളില്‍ ഹൈന്ദവ ശിശുക്കള്‍ ആദ്യാക്ഷരം കുറിക്കുന്ന ദിവസം തന്നെ മുസ്ലിംകുട്ടികള്‍ക്കും അറബി ആപ്ത വാക്യങ്ങള്‍ വെറ്റിലയിലെഴുതി ഭക്ഷിക്കാന്‍ കൊടുക്കും. തത്സമയം ഉസ്താദുമാര്‍ക്ക് ദക്ഷിണ നല്‍കും.
കേരളത്തിന് പുറത്ത് മക്തബുകളും മദ്രസകളുമായിരുന്നു മുസ്ലിം പാഠശാലകള്‍. മക്തബുകളില്‍ എഴുത്ത്, വായന, കണക്ക് എന്നിവയും മദ്രസകളില്‍ ഖുര്‍ആന്‍, ഫിഖ്ഹ്, വ്യാകരണം, തത്വശാസ്ത്രം തുടങ്ങിയവയും അഭ്യസിപ്പിച്ചു.
ഹൈന്ദവ ശിശുക്കളുടെ വിദ്യാരംഭം വിജയദശമി നാളില്‍ ക്ഷേത്രാങ്കണത്തിലും ഗുരു ശ്രേഷ്ഠരുടെ സന്നിധാനത്തിലുമായിരുന്നു. ഇതിനെ എഴുത്തിനിരുത്തല്‍ എന്ന് വിളച്ചു. ചടങ്ങുകളില്‍ ഏറ്റവും പ്രാധാന്യം നാക്കിലെഴുത്താണ്. നവാഗതരായ കുട്ടികളെ ഗുരുക്കള്‍ മടിയില്‍ കയറ്റിയിരുത്തി വിരല്‍ തുമ്പുകൊണ്ടോ സ്വര്‍ണ്ണംകൊണ്ടൊ നാക്കില്‍ ആദ്യാക്ഷരം കുറിക്കും. തുടര്‍ന്ന് താലത്തിലോ ഉരുളിയിലോ അരിയിട്ട് അതില്‍ കൈപിടിച്ച് എഴുതിക്കും. ഹിന്ദുക്കളുടെ പാരമ്പര്യ വിദ്യാഭ്യാസം ഗുരുകുലങ്ങളിലും കുടിപള്ളികൂടങ്ങളിലുമായിരുന്നു. പഠിതാക്കള്‍ അക്ഷരമാല ചൂണ്ടു വിരല്‍ കൊണ്ട് നിലത്ത് മണലില്‍ എഴുതിയും ഗുരുനാഥന്‍ പനയോലകളില്‍ എഴുതികൊടുക്കുന്ന ശ്ലോകങ്ങള്‍ വായിച്ചും പഠിച്ചു. കുട്ടികള്‍ കുടുക്കയില്‍ കൊണ്ടുവരുന്ന മണലില്‍ ആശാന്‍ കുട്ടിയെക്കൊണ്ട് ഹരിശ്രീ എഴുതിച്ചാണ് ആരംഭം കുറിക്കുക. പാകത്തിന് മുറിച്ച് വൃത്തിയാക്കി ഉണക്കി കുട്ടികള്‍ തന്നെ കൊണ്ടുവരുന്ന ഓലകളില്‍ കൂര്‍ത്ത മുനയുള്ള എഴുത്താണി, ചെറിയ ഉളി, മുള്ളന്‍ പന്നിയുടെ മുള്ള് തുടങ്ങിയവ കൊണ്ട് ആശാന്‍ എഴുതി കൊടുക്കുന്ന ഭാഗങ്ങള്‍ ഹൃദസ്ഥമാക്കിയാണ് തുടര്‍പഠനം. സംസ്കൃതം, നാട്ടുവൈദ്യം, ജോത്സ്യം തുടങ്ങിയവയായിരുന്നു പാഠ്യഭാഗങ്ങള്‍. പഠിച്ചുകഴിഞ്ഞ ഓലകള്‍ ചുരുളുകളാക്കി കെട്ടിവയ്ക്കും. കെട്ടുകളുടെ എണ്ണവും വലിപ്പവുമാണ് വിദ്യാഭ്യാസത്തിന്‍റെ മാനദണ്ഡമായി കണക്കാക്കുന്നത്. അരിയും തേങ്ങയും പലവ്യഞ്ജനങ്ങളും ആഴ്ച്ചപൈസയും കാണിക്കാപണവുമാണ് ആശാന്മാര്‍ക്ക് പ്രതിഫലമായി നല്‍കിയിരുന്നത്. ചെമ്പ്തകിടുകളിലും പനയോലകളിലുമാണ് അധികവും ഗ്രന്ഥങ്ങള്‍ രചിച്ചിരുന്നത്. അക്കാലത്ത് പല പ്രദേശങ്ങളിലും ദേശത്തെ എഴുത്താശാന്മാരുടെയും കണക്കന്മാരുടെയും മൊല്ലാന്മാരുടെയും കുടുംബങ്ങളിലെ വിവാഹങ്ങള്‍ നടത്തി കൊടുത്തിരുന്നത് നാട്ടുകാരുടെ ചിലവിലായിരുന്നു. ഏകാദ്ധ്യാപകരുടെ കളരികള്‍, മഠങ്ങള്‍, എഴുത്തുപള്ളികൂടങ്ങള്‍, കുടിപളളികൂടങ്ങള്‍, ഓത്തുപള്ളികള്‍ തുടങ്ങിയവയായിയരുന്നു പ്രധാന പാഠശാലകള്‍. അവസാനത്തെ മൂന്നും ശിശുപാഠശാലകളായിരുന്നു. ഓത്തുപള്ളികളധികവും മുസ്ലിം കേന്ദ്രങ്ങളിലായിരുന്നു.
മിടുക്കന്മാരായ വിദ്യാര്‍ത്ഥികള്‍ ഖുര്‍ആന്‍ പാരായണ പഠനം വേഗത്തില്‍ അഭ്യസിക്കുമെങ്കിലും പലരും കൗമാരപ്രായം എത്തിയാല്‍ പോലും ഖുര്‍ആന്‍ പഠനം പൂര്‍ത്തിയാക്കാറില്ല. ഈ സമ്പ്രദായം മാറ്റി താഴെ പറയുന്ന നവീന രീതിയിലേക്ക് പഠനക്രമങ്ങളെ മാറ്റാന്‍ ആദ്യമായി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചത് മക്തി തങ്ങള്‍ ആണ്. 1.ഓത്തുപള്ളികളില്‍ ഒരു ബോര്‍ഡ് സ്ഥാപിച്ചിരിക്കണം. ആദ്യം അക്ഷരങ്ങളും ക്രമേണ കൂട്ടി എഴുതേണ്ട മുറകളും ഗുരുക്കന്മാര്‍ എഴുതിക്കാണിച്ച് കുട്ടികളെക്കൊണ്ട് എഴുതി അഭ്യസിപ്പിക്കണം. 2.ഓരോ വിഭാഗം പാഠക്കാരെ തരംതിരിച്ച് ക്ലാസ്സ് സിസ്റ്റത്തിലാക്കണം. 3.ക്ലാസ്സ് മുറപ്രകാരം പാഠം കേള്‍ക്കണം. അതായത്, ഒന്നാമന്‍ മുതല്‍ വായിക്കുകയും മറ്റുള്ളവര്‍ നോക്കി തെറ്റുതിരുത്തുകയും വേണം. ഇതേ രീതിയിലുള്ള പല പരിഷ്കരണങ്ങളും അദ്ദേഹം നിര്‍ദ്ദേശിച്ചു.
ഓത്തുപള്ളി പഠനം കഴിഞ്ഞാല്‍ പള്ളിദര്‍സ്സുകളില്‍ ചേര്‍ന്ന് പത്ത് കിത്താബ് ഓതിത്തുടങ്ങും. ശൈഖ് സൈനുദ്ദീന്‍ ഒന്നാമന്‍ രചിച്ച മുതഫരിദ് ഓതിയാണ് പഠനം ആരംഭിക്കുന്നത്. പത്ത് കിത്താബ് എന്ന ഗ്രന്ഥത്തില്‍ പന്ത്രണ്ട് കിത്താബുകളുണ്ട്. ഓരോ കിത്താബിലെ അറബി പദത്തിനും മലയാളത്തില്‍ അര്‍ത്ഥം പറഞ്ഞ് ആവര്‍ത്തിച്ച് ചൊല്ലിപ്പഠിക്കുന്ന ഗുരുകുലരീതിയനുസരിച്ചുള്ള പഠനസമ്പ്രദായമായിരുന്നു പള്ളികളില്‍ നിലനിന്നിരുന്നത്. തല്‍ഫലമായി ഈ ചെറിയ കിത്താബ് പഠനം പൂര്‍ത്തിയാകുമ്പോള്‍ തന്നെ കാലദൈര്‍ഘ്യം പിടിക്കും.ഈ കിത്താബുകള്‍ മുഴുവനും സാധാരണ മുസ്ലിംകള്‍ പഠിക്കല്‍ നിര്‍ബന്ധമില്ലാത്ത സ്ഥിതിക്ക് നിവിലുള്ള സമ്പ്രദായം മാറ്റണമെന്നും കിത്താബ് വിവര്‍ത്തനം ചെയ്യുകയാണെങ്കില്‍ ഏതാനും ആഴ്ച്ചകള്‍ക്കുള്ളില്‍ ആശയങ്ങള്‍ ഗ്രഹിക്കാന്‍ സാധിക്കുമെന്നും മക്തി തങ്ങള്‍ ശക്തമായി വാദിച്ചു.
സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ചേര്‍ന്ന് വിദ്യാഭ്യാസം നേടുന്നതിനും അശാസ്ത്രീയ മുസ്ലിം വിദ്യാഭ്യാസമേഖലയുടെ ഘടനയും ഉള്ളടക്കവും കാലോചിതമായ മാറ്റങ്ങള്‍ക്ക് വിധേയമാക്കി സമൂലം പരിഷ്കരിക്കുകയും നവീകരിക്കുകയും പോലുള്ള വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് അദ്ദേഹം ശ്രമങ്ങള്‍ ആരംഭിച്ചു. പ്രോത്സാഹത്തിനായി 'മുസ്ലിം ജനവും വിദ്യാഭ്യാസവും' എന്ന പുസ്തകം രചിച്ചു. ഇത് യാഥാസ്ഥിതിക വൃത്തങ്ങളില്‍നിന്നുള്ള കഠിനമായ എതിര്‍പ്പുകള്‍ക്ക് ഹേതുവായി.
ഇംഗ്ലീഷ് നരകഭാഷയായും മലയാളം ആര്യനെഴുത്തായും മലബാറിലെ മുസ്ലിംകളില്‍ വലിയൊരു വിഭാഗം തെറ്റിദ്ധരിച്ചു. ഇവ പഠിക്കല്‍ നിഷിദ്ധമാണെന്ന് കരുതി.പണ്ഡിതന്മാരില്‍ ഒരു വിഭാഗം തതനുസൃതമായ മതവിധികള്‍ ഇറക്കിയ സമയത്താണ് മക്തി തങ്ങള്‍ മതവിദ്യാഭ്യാസത്തോടൊപ്പം ഭൗതികവിദ്യാഭ്യാസം നേടാനായി, ഇംഗ്ലീഷും മാതൃഭാഷയായ മലയാളവും പഠിക്കുന്നതുകൊണ്ടും സര്‍ക്കാര്‍ ജോലി കരസ്ഥമാക്കുന്നതുകൊണ്ടും ലഭ്യമാകുന്ന ഭൗതിക ആത്മീയ നേട്ടങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് മുസ്ലിംകളെ ഉദ്ബോധിപ്പിച്ചത്. മലയാളവും ഇംഗ്ലീഷും പഠിക്കാത്തതിനാല്‍ അധികപേര്‍ക്കും സമൂഹത്തിന്‍റെ മുഖ്യാധാരയിലെത്താന്‍ സാധ്യമായിരുന്നില്ല.
ڇഇംഗ്ലീഷ് ഭാഷ നരകഭാഷയും സ്വന്തം ഭാഷയായ മലയാളം ഹിന്ദുശാസ്ത്രഭാഷയും ആകയാല്‍ അതുകള്‍ രണ്ടും പഠിക്കുന്നതില്‍ മതവിരോധമുണ്ടെന്നു ധരിപ്പിച്ചും വടക്കു മുതല്‍ തെക്കവസാനം വരെയുള്ള ഇസ്ലാംജനം യോജിച്ചും കാലം കഴിച്ചിരുന്നു. ഈ അപകടാഭിപ്രായത്തില്‍നിന്ന് ജനങ്ങളെ വീണ്ടെടുക്കുന്നതിലേക്ക് വേണ്ടിവന്ന പ്രയാസം സ്വല്പമല്ല. ഇന്നും വിരോധിക്കുന്ന വികടബുദ്ധികള്‍ കിടപ്പുണ്ട്. ദൈവകടാക്ഷംകൊണ്ടു ഇംഗ്ലീഷ് ഭാഷാഭ്യാസം വടക്ക് ആരംഭിച്ചു. ഉയര്‍ന്ന പരീക്ഷകള്‍ ജയിച്ചവരെ ഇസ്ലാം സമൂഹത്തില്‍ കാണാറായി. അവര്‍ ആക്ഷേപിക്കപ്പെടുന്നുമുണ്ട്. ഏതായാലും ഇതാ തെക്കെ അറ്റത്തും ഉത്സാഹികളെ കാണുന്നു. ലക്ഷണം ശുഭംതന്നെ.ڈ (മക്തി തങ്ങള്‍)
'ഇല്‍മ് ' എന്ന അറിവ് സമ്പാദിക്കുന്നത് വിശുദ്ധ ഖുര്‍ആന്‍ ബലമായി നിര്‍ബന്ധിക്കുന്നു. നബിനായകന്‍ ഫര്‍ളാക്കി(നിര്‍ബന്ധമാക്കി) കല്‍പ്പിക്കുന്നുമുണ്ട്. നബിയുല്ലാഹ് പ്രത്യേകം അരുളുന്നു; ഇല്‍മ് സമ്പാദിപ്പാന്‍ ഇറങ്ങിയവന്‍ മടങ്ങിവരുന്നത് വരെ ദൈവ പാതയില്‍ ആകുന്നു. വീണ്ടും അരുളുന്നു: ജ്ഞാനിക്ക് ഭക്തിയാല്‍ ഉണ്ടാക്കുന്ന ശ്രേഷ്ഠത ചന്ദ്രനില്‍ നക്ഷത്രങ്ങളില്‍ ഉണ്ടാകുന്നത് പോലെയാകുന്നു.
ڇപ്രിയ ജനമേ! മലയാളമെന്ന ദേശഭാഷയും ഇംഗ്ലീഷ് ഭാഷയും പഠിക്കേണമെന്നും ഗവണ്‍മെന്‍റുദ്ദ്യോഗം വരിക്കേണമെന്നും ഉപദേശിച്ചു വരുന്ന കാലത്തിനു പഴക്കവും എനിക്ക് വാര്‍ദ്ധക്യവും വന്നെത്തി. തന്‍റെ നിയമങ്ങളെ വായിച്ചറിയുന്നതിലേക്ക് ആവശ്യമാകുന്ന ഭാഷകള്‍ പഠിക്കേണ്ടതാകുന്നു. രാജനിയമങ്ങളെ അറിയുന്നതിലേക്ക് ആവശ്യമാകുന്ന ഭാഷകള്‍ പഠിച്ചിരിക്കേണ്ട ചുമതല പ്രജകളില്‍ ഉണ്ടെന്ന് അറിയിക്കുന്നു.ڈഅദ്ദേഹം ഉദ്ബോധിപ്പിച്ചു. ഇംഗ്ലീഷ് നരകഭാഷയാണെങ്കില്‍ ഏതെങ്കിലും കാരണങ്ങളാല്‍ നരകത്തില്‍ പ്രവേശിക്കേണ്ടിവന്നാല്‍ കാവല്‍ക്കാരായ മാലാഖമാരോട് സംസാരിക്കാന്‍ ഇംഗ്ലീഷ് അറിഞ്ഞിരിക്കല്‍ അനിവാര്യമല്ലേയെന്ന് യാഥാസ്തിക വിഭാഗത്തോട് സരസമായി അദ്ദേഹം ചോദിച്ചു.
പ്രിയ(മുസ്ലിം) ജനമെ, ഇനിയെങ്കിലും ഉണരണം. വേദാധാര പ്രകാരം വിരോധമില്ലെന്നല്ല. അത്യാവശ്യവുമാകുന്ന ഭാഷകള്‍ രണ്ടും പഠിക്കുന്നതിനു ശ്രമിക്കണം. ഇതിനായി പ്രത്യേക പാഠശാലകള്‍ വേണമെന്ന് സിദ്ധാന്തിക്കുന്നതിന് ഞ്യായമില്ല. ഈ ആവശ്യത്തിലേക്ക് അനേകം പാഠശാലകള്‍ ഗവണ്‍മെന്‍റെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രത്യേകം നിങ്ങള്‍ക്ക് സ്കൂള്‍ ഫീസും കിഴിവ്വെച്ചിരിക്കുന്നു. ഇത് മഹാ കരുണയും പ്രത്യേകതയുമാകുന്നു. നിവര്‍ത്തിയില്ലാത്തവരെ ധര്‍മ്മമായും പഠിപ്പിക്കുന്നു. അതുകൊണ്ട് സര്‍ക്കാര്‍ സ്കൂളുകളില്‍ ചേര്‍ന്ന് പഠിക്കുന്നതാണ് ഉത്തമം. അഭ്യാസ വിശേഷതയുമുണ്ട്.
സയന്‍സ്, ഫിലോസഫി മുതല്‍ക്കുള്ള പരിഷ്കാര അഭ്യാസങ്ങള്‍ പരിഷ്കരിച്ചതും ഇസ്ലാം മതം പ്രചാരകരാണെന്ന് ലോകവും യൂറോപ്യന്‍ ജനതയും സമ്മതിക്കുന്നു. അനവധി ദ്രവ്യം ചിലവഴിച്ച് അന്യ ജനങ്ങളെപോലും പഠിപ്പിച്ച് കീര്‍ത്തിതരാക്കുന്നത് സത്യ വിശ്വാസ വിക്രമികളായ ഖലീഫമ്മാര്‍ (പ്രവാചക സഹചാരികള്‍)ആയിരിക്കെ ആ വക ചിലവ് ദുര്‍വ്യയമാണെന്ന് പറയുന്ന ദുര്‍ബുദ്ധി ദൂരെ ആകറ്റി വെക്കേണ്ടതും ജന പരിഷ്കാര വിരോധികള്‍ ആയതുകൊണ്ട് അവര്‍ നശിക്കേണ്ടതുമാകുന്നു.
ഗ്രീക്കെന്ന യവന ഭാഷയില്‍ ഉണ്ടായിരുന്ന ഫിലോസഫി, സയന്‍സ് മുതലായ അഭ്യാസ ഗ്രന്ഥങ്ങളെ അറബിയില്‍ ഭാഷപ്പെടുത്തി പലയിടത്തും പാഠശാലകള്‍ ഏര്‍പ്പെടുത്തി. ജാതി--മതാദി വ്യത്യാസം കൂടാതെ അഭ്യസിപ്പിച്ചു. ഇക്കാലെ യൂറോപ്പില്‍ കാണുനന സകല പരിഷ്കാരങ്ങള്‍ക്കും ഗുരുക്കന്മാരായി തീര്‍ന്നത് ഇസ്ലാം ജനമാണെന്ന് ചരിത്ര കര്‍ത്താക്കള്‍ എകോപിച്ച് പറയുന്ന അവസ്ഥക്ക് അന്നുണ്ടായിരുന്ന പാഠശാലകളില്‍ വേദ പഠന സിദ്ധാന്തം ഇല്ലായിരുന്നുവെന്നും രാജ്യ പരിഷ്കാരം, ജന പരിഷ്കാരം ഇതുകള്‍ക്കാവശ്യമായ എല്ലാ പഠനങ്ങളും (ഭൂമിശാസ്ത്രം-അസ്ട്രോണമി,- അല്‍ജബ്ര, (പദാര്‍ത്ഥവിജ്ഞാനം, ഗണിതം, തര്‍ക്കം, അര്‍ത്ഥദ്യോദകം, വൈദഗ്ദ്യം, വൈദ്യം, കൈവേലശില്‍പ വിദ്യ, അജുതം, ഫിലോസഫി, സയന്‍സ് ) മുതലായവ പഠിപ്പിച്ചിരുന്നു എന്നും തെളിയുന്നു. രാജ ഭാഷയും രാജ്യ ഭാഷയും വേദ ഭാഷയും ഒന്നു തന്നെ ആയിരുന്നത് കൊണ്ട് അന്യ ഭാഷ വേണ്ടിവന്നില്ല. ഇങ്ങനെ രാജ പരിഷ്കാരത്തിലും രാജ്യ അഭിവൃദ്ധിയിലും അത്യുല്‍സാഹികളായും പരിശ്രമികളായും പ്രജാ പരിപാലനത്തില്‍, നീതി ന്യായ പരിപാലകരായും കീര്‍ത്തിപെട്ടു. ആ കീര്‍ത്തി കൊണ്ട് മത സുകൃതവും യശ്ശസും ഉറച്ചു. ഇങ്ങനെ പരഗുണം കൊണ്ട് ബഹുഗുണവും ബഹുഗുണം കൊണ്ട് പരഗുണവും ജനത്തിന് ബോധ്യപ്പെട്ടതിനാല്‍ അധിക പക്ഷവും ഇസ്ലാം മത തല്‍പരരായി തീര്‍ന്നു. കൂട്ടം കൂട്ടമായ് വന്നുചേര്‍ന്നു. മതോല്‍ഭവ കാലം അല്‍ഭുത വര്‍ദ്ധനക്കുണ്ടായ കാരണം മേല്‍ പറഞ്ഞത് തന്നെയെന്നും, ഇന്ത്യയില്‍ മത വര്‍ധനക്ക് ഹേതുവായതും ജന പരിഷ്കാരാഭിവൃദ്ധി തന്നെയെന്നും ചരിത്ര വായന കൊണ്ട് സപഷ്ടമാവും. ക്രിസ്തീയ മത വര്‍ധനക്ക് കാരണമായിരിക്കന്നതും അത് തന്നെ. മത വര്‍ധനക്ക് കാരണമാകുന്നത് ജന പരിഷ്കാരവും അഭിവൃദ്ധിയും ആകുന്നു എന്നുള്ള നമ്മുടെ മൊഴിയെ ബുദ്ധിയും വിവേക ശക്തിയുമുള്ളവരില്‍ ഒരുത്തനും തന്നെ ത്യജിക്കുന്നതല്ല. ---
1921ലെ കലാപത്തിന് കാരണം മലബാറിലെ മാപ്പിളമാരുടെ വിദ്യാവിഹീനത കൊണ്ടായിരുന്നുവെന്നാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്‍റെ വിലയിരുത്തല്‍. അതുകൊണ്ട് മുസ്ലിംകളെ വിദ്യാസമ്പന്നരാക്കാനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്തു. തുടര്‍ന്ന് മുസ്ലിംകള്‍ക്കിടയില്‍ വിദ്യാഭ്യാസം വ്യാപിപ്പിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചു. ഓത്തുപള്ളളികളില്‍ ചിലത് മാപ്പിള സ്കൂളുകളാക്കി അംഗീകാരം നല്‍കുകയും വാര്‍ഷിക ഗ്രാന്‍റായി ഒരു തുക നല്‍കുകയും ചെയ്തു. മൊല്ലാന്മാരില്‍ ചിലര്‍ നോണ്‍ ടീച്ചിങ്ങ് സ്റ്റാഫായും രണ്ട് വര്‍ഷത്തെ അധ്യാപക പരിശീലനത്തിന് ശേഷം സര്‍ട്ടിഫിക്കറ്റ് നല്‍കി അധ്യാപകരായും സര്‍ക്കാര്‍ സര്‍വീസില്‍നിയമിച്ചു.
മത പഠനത്തോടൊപ്പം മുസ്ലിം കുട്ടികള്‍ പൊതുവിദ്യാഭ്യാസവും നേടണമെന്ന ലക്ഷ്യത്തോടെ ഇത്തരം പാഠശാലകളില്‍നിന്ന് തിരഞ്ഞെടുത്തവെക്ക് സര്‍ക്കാര്‍ ഗ്രാന്‍റ് നല്‍കി പ്രോത്സാഹിപ്പിച്ചു. പരിശോധനക്കായി മുസ്ലിം വിദ്യാഭ്യാസ ഇന്‍സ്പെകടര്‍മാരെയും നിയമിച്ചു.