2. പ്രഥമ മുസ്‌ലിം നവോത്ഥാന നായകന്‍


2. പ്രഥമ  മുസ്‌ലിം 
നവോത്ഥാന നായകന്‍

 ടിവി അബ്ദുറഹിമാന്‍കുട്ടി
                                                മുബൈല്‍ : 9495095336


ഏഴാം നൂറ്റാണ്ടിന്‍റെ  അന്ത്യത്തോടെ ഭാരതത്തില്‍ ബുദ്ധമതവും ജൈനമതവും  ക്ഷയിക്കുകയും ക്രമാനുഗതമായി ഈ മതങ്ങളിലെ വലിയൊരു വിഭാഗം ഹൈന്ദവ മതത്തില്‍ ലയിക്കുകയും ചെയ്തു. ഈ കാലത്ത് കേരളം ചേരമാന്‍ പെരുമാക്കന്‍മാരുടെ ഏകീകൃതഭരണത്തിന്‍ കീഴിലായിരുന്നു. ഭരണത്തിന്‍റെ അവസാന ഘട്ടത്തില്‍ രാജ്യത്ത് പലയിടത്തും ഹിംസയും അരാജകത്വവും നടമാടി. ഇതില്‍ മനംനൊന്ത പ്രജാതല്‍പരനായ അവസാനത്തെ പെരുമാള്‍ മനശാന്തി തേടുന്ന സമയത്താണ് അറേബ്യയില്‍ നിന്നുള്ള ഒരു മുസ്‌ലിം നിവേദക സംഘം ശ്രീലങ്കയിലേക്കുള്ള യാത്രമധ്യേ കൊടുങ്ങല്ലൂരില്‍ കപ്പലിറങ്ങിയത്. പെരുമാള്‍ സംഘത്തിന് രാജധാനിയിലേക്ക് ആതിഥ്യമരുളി. ഇസ്‌ലാമിക സന്ദേശം ഗ്രഹിച്ച അദ്ദേഹം മടക്കയാത്രയില്‍ താനും കൂടി വരാമെന്ന് അറിയിച്ചു. സംഘത്തോടെപ്പം യാത്ര തിരിച്ച അദ്ദേഹം അറേബ്യയിലെത്തി ഇസ്‌ലാം മത ആശ്ലേശിച്ച് താജുദ്ദീനെന്ന പേര് സ്വീകരിച്ചു. തുടര്‍ന്ന് പെരുമാളിന്‍റെ സ്‌നേഹ സന്ദേശവുമായി മാലിക് ബ്‌നു ദീനാറും സംഘവും കൊടുങ്ങല്ലൂരിലെത്തി. അന്നത്തെ രാജാവിനെ മുഖം കാണിച്ചു. സന്ദേശം കൈമാറി.

പെരുമാക്കന്മാര്‍ക്ക് ശേഷം കേരളത്തില്‍ ഭരണ അസ്ഥിരതയുടെ  കാലമായിരുന്നു. ഈ അവസരത്തിലാണ് മാലിക് ബ്‌നു ദീനാറിന്റെ ആഗമനം. അദ്ദേഹവും അനുചരന്മാരും വടക്ക് മംഗലാപുരം മുതല്‍ തെക്ക് കായല്‍ പട്ടണം വരെ പള്ളികള്‍ സ്ഥാപിച്ചു. നേതൃവാഹകരായി 18 ഖാസിമാരെ നിയമിച്ച് ഇസ്‌ലാമിക നവോത്ഥാന പ്രവര്‍ത്തങ്ങള്‍ക്ക് നാന്ദി കുറിച്ചു.

    ഇസ്‌ലാമിന്‍റെ ആവിര്‍ഭാവത്തിന് ശേഷം അധികം വൈകാതെ തന്നെ കേരളത്തിലും സൗഹാര്‍ദ്ദ പൂര്‍ണ്ണമായ അന്തരീക്ഷത്തില്‍ ഇസ്‌ലാം മതം പ്രചരിച്ചു. മാലിക്ബ്‌നുദീനാറും അനുചരന്മാരും മുതല്‍ ഇവിടെ വന്ന സകല ഇസ്‌ലാമിക പ്രബോധകര്‍ക്കും അറേബ്യന്‍ വ്യാപാര സമൂഹത്തിനും അതത് കാലത്തെ ഹൈന്ദവ ഭരണകര്‍ത്താക്കളില്‍ നിന്നും തദ്ദേശീയരില്‍ നിന്നും ആത്മാര്‍ത്ഥമായ പ്രോത്സാഹനവും ആദരവും അംഗീകാരവും ലഭിച്ചു. 

    മാലിക് ബ്‌നു ദീനാര്‍ കൊടുങ്ങല്ലൂരില്‍ തന്നെ താമസിച്ച് തന്‍റെ സഹോദര പുത്രനായ മാലിക് ബ്‌നു ഹബീബിനെ ഇതര പ്രദേശങ്ങളില്‍ ഇസ്‌ലാം മത പ്രചരണത്തിനും പള്ളികള്‍ സ്ഥാപിക്കാനും നിയോഗിച്ചു. തുടര്‍ന്ന് അദ്ദേഹവും ഭാര്യയും ചില സന്താനങ്ങളും തങ്ങളുടെ സമ്പത്തുകളുമായി കൊല്ലത്തേക്ക് പോയി പള്ളി പണിയുകയും പ്രബോധനങ്ങളില്‍ സജീവമാവുകയും ചെയ്തു. പിന്നീട് ഇവരുടെ ശ്രമത്താല്‍ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പുതിയ മുസ്‌ലിം കേന്ദ്രങ്ങള്‍ വളര്‍ന്നുവന്നു. അറേബ്യന്‍ നാടുകളില്‍ നിന്നും വ്യപാരാര്‍ത്ഥം വന്നു കൊണ്ടിരുന്ന മുസ്‌ലിംകള്‍ അവിടങ്ങളില്‍ പാര്‍പ്പുറപ്പിക്കാന്‍ ആരംഭിച്ചു. അവരുടെയും കൂടി  കൂട്ടായ പ്രബോധനങ്ങളുടെ ഫലമായി പ്രസ്തുത പ്രദേശങ്ങള്‍ പൂര്‍വ്വോപരി അഭിവൃദ്ധി പ്രാപിച്ചു. കോഴിക്കോട്, പൊന്നാനി, വെളിയംകോട്, പറവണ്ണ, താനൂര്‍, പരപ്പനങ്ങാടി, തിരൂരങ്ങാടി, കക്കാട്, എടക്കാട്, തിരുവങ്ങാട്, മയ്യഴി, ചെമ്മനാട്, ധര്‍മ്മടം, വളപ്പട്ടണം, നാദാപുരം, ശ്രീകണ്ഠ പുരം, കൊയിലാണ്ടി, തിക്കോടി, കാരക്കാട്, വൈപ്പിന്‍, പള്ളിപ്പുറം, കൊച്ചി, തെക്കന്‍ കൊല്ലം, ചാലിയം, പന്തലായനി, കണ്ണൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ മുസ്‌ലിംകളാല്‍ ജനനിബിഡമാവുകയും വ്യാപാര പട്ടണങ്ങളായി വളരുകയും ചെയ്തു. ഭരണാധികാരികള്‍ ഹിന്ദുക്കളായിരുവെങ്കിലും മുസ്‌ലിംകള്‍ക്ക് മാന്യമായ അംഗീകാരം നല്‍കി  ആവശ്യമായ സൗകര്യങ്ങള്‍ ചെയ്ത് കൊടുത്തു.