4. മുന്നാക്കാവസ്ഥയും പിന്നാക്കാവസ്ഥയും

 


4. മുന്നാക്കാവസ്ഥയും പിന്നാക്കാവസ്ഥയും


 

 ടിവി അബ്ദുറഹിമാന്‍കുട്ടി

 

 മുബൈല്‍ : 9495095336


    കേരളത്തിലെ മറ്റു വിഭാഗങ്ങളെ അപേക്ഷിച്ച് മലബാറില്‍ മുസ്‌ലിംകളുടെ സംഖ്യ വര്‍ദ്ധിക്കാനും ഇതര മതസ്ഥരെ ധാരാളം ഇസ്‌ലാമിലേക്ക് ആകര്‍ഷിക്കാനും മതിയായ കാരണങ്ങള്‍ അന്നുണ്ടായിരുന്നു. ചരിത്രാതീത കാലം മുതല്‍ അറബികളുമായുള്ള വ്യാപാരബന്ധത്തെ തുടര്‍ന്ന് അവരില്‍ പലരും ഇവിടെ വിവാഹം ചെയ്ത് സകുടുംബം പാര്‍ത്തിരുന്നുവെന്ന് നടെ പറഞ്ഞുവല്ലൊ. മദ്ധ്യകാലഘട്ടത്തില്‍ സാര്‍വ്വലൗകിക സാഹോദര്യം ലക്ഷ്യമാക്കിയ സൂഫികളുടെ പ്രവര്‍ത്തനവും മുസ്‌ലിംകളെ അടുത്തറിയാന്‍ അവസരം നല്‍കി. സാമൂതിരിയുടെ ഇഷ്ടപ്പെട്ട പ്രജകളാണ് മുസ്‌ലിംകളെന്ന ഖ്യാതിയും അക്കാലത്ത് പരന്നിരുന്നു. സാമൂതിരി രാജാവ് ബ്രാഹ്‌മണര്‍ക്ക് അഭീഷ്ടദാനം നല്‍കിയത് പോലെ മുസ്‌ലിംകള്‍ക്കും നല്‍കി അവരെ ആദരിച്ച് അംഗീകരിച്ചിരുന്നു. മാമാങ്കാദ്ധ്യക്ഷനായ സാമൂതിരിക്ക് തിരുന്നാവായ നിലപാട് തറയില്‍ രക്ഷാപുരുഷനായി നില്‍ക്കുന്ന സമയത്ത് പ്രധാന അംഗരക്ഷകന്‍ സ്ഥാനം കോഴിക്കോട്ടെ ശാബന്തര്‍ കോയക്കായിരുന്നു. കോയയുടെ പ്രൗഢിയും ഭരണത്തിലൂള്ള സ്വാധീനവും മറ്റുള്ളവരെ ആകര്‍ഷിച്ചു.

    സാമൂതിരി പ്രജകള്‍ക്കിടയില്‍ സാഹോദര്യവും മുസ്‌ലിം-അമുസ്‌ലിം വൈവാഹികബന്ധവും പ്രോല്‍സാഹിപ്പിച്ചു. സാമൂതിരിയുടെ മേല്‍ക്കായ്മയില്‍ ആയതിന് ശേഷം വന്നേരി നാട്ടിലെ പെരുമ്പടപ്പില്‍ മുസ്‌ലിംകള്‍ക്ക് പാര്‍ക്കാന്‍  കുടുതല്‍സൗകര്യങ്ങള്‍ നല്‍കിയതും, ചാലിയം മുതല്‍ തിരൂരങ്ങാടി വരെയുള്ള പ്രദേശങ്ങള്‍ ഭാഗികമായി വാഴാന്‍ മുസ്‌ലിംകള്‍ക്ക് അധികാരം നല്‍കിയതും സാമൂതിരി മുസ്‌ലിംകളോട് സ്വീകരിച്ച നിലപാട് വ്യക്തമാക്കുന്നതാണ്. പോര്‍ച്ചുഗീസ് വരവിന് ശേഷം പല കാരണങ്ങളാല്‍ സാമൂതിരിക്ക് നിരന്തരം പറങ്കികളുമായി പോരാടേണ്ടി വന്ന അവസരങ്ങളില്‍ നായര്‍ പടയാളികള്‍ക്ക് താഴ്ന്ന ജാതിക്കാരോടൊപ്പം യുദ്ധം ചെയ്യാനും നാവിക യുദ്ധത്തില്‍ പങ്കെടുക്കാനും അക്കാലത്തെ ജാതീയ വ്യവസ്ഥിതി അനുവദനീയമാല്ലത്തതിനാല്‍  നാവിക ശക്തി വര്‍ദ്ധിപ്പിക്കേണ്ടി വന്നു. അതിന് അമുസ്‌ലിം മത്സ്യത്തൊഴിലാളികളെയും ഇതര വിഭാഗങ്ങളെയും മുസ്‌ലിംകളാവാന്‍ സാമൂതിരി പ്രോല്‍സാഹിപ്പിച്ചു. അമുസ്‌ലിം കുടുംബങ്ങളില്‍ വെള്ളിയാഴ്ച ജനിക്കുന്ന ഒന്നോ രണ്ടോ ആണ്‍ കുഞ്ഞുങ്ങള്‍ മുസ്‌ലിമായി വളര്‍ത്തി നാവിക ശക്തി വര്‍ദ്ധിപ്പിക്കണമെന്ന രാജകീയ ശാസനവും ഇതേത്തുടര്‍ന്ന് പുറപ്പെടുവിക്കുകയുണ്ടായി.

    ഭാരതത്തില്‍ ആദ്യമായി അധിനിവേശ വിരുദ്ധ പോരാട്ടത്തിന് നേതൃത്വം നല്‍കിയ സാമൂതിരി-മരക്കാര്‍-മഖ്ദൂം സംയുക്ത സേന രൂപികരണവും, മുസ്‌ലിം പണ്ഡിതന്മാരുടെയും പൗരപ്രമുഖരുടെയും മാതൃകാപരമായ ജീവിത രീതിയും, മുസ്‌ലിംകള്‍ വിഭാഗീയത ഇല്ലാതെ ഇതര മതസ്ഥരോടുള്ള സനേഹ സമ്പന്നമായ പെരുമാറ്റവും, സംസ്‌കൃതത്തിലും ആയുര്‍വേദത്തിലും പ്രാവീണ്യം സിദ്ധിച്ച മലയാളക്കരയില്‍ സ്ഥിരപ്രതിഷ്ഠ നേടിയ മുസ്‌ലിം പണ്ഡിതന്മാരും ഹൈന്ദവാചാര്യന്മാരും തമ്മിലുള്ള സുദൃഢബന്ധവും, ഹൈന്ദവ കവികളുമായുള്ള മുസ്‌ലിം പണ്ഡിതന്മാരുടെ കൂട്ടായ്മയും, ഹൈന്ദവരില്‍ നിലനിന്നിരുന്ന  ജാതി-മത-വര്‍ക്ഷ-സമ്പത്തിന് പേരിലുള്ള ഉച്ഛനീചത്വവും വിവേചനവും, താഴ്ന്ന ജാതിക്കാര്‍ ഇസ്‌ലാമിലേക്ക് മത പരിവര്‍ത്തനം നടത്തിയാല്‍ സമൂഹത്തില്‍ അവര്‍ക്ക് ലഭിക്കുന്ന അംഗീകാരവും ആദരവും, അവരോട് മുസ്‌ലിംകളുടെ വിവേചനരഹിതമായ പെരുമാറ്റവും, മൈസൂര്‍ സുല്‍ത്താന്മാരായ ഹൈദറലിയുടെയും ടിപ്പുവിന്‍റെയും ആഗമനവും, നാനാ ജാതി വിഭാഗങ്ങളോടെ മുസ്‌ലിംകളുടെ സമഭാവനയോടെയുള്ള ഇടപെടലുകളും തുടങ്ങിയ പല കാരണങ്ങള്‍ ഇതിന് ശക്തി പകര്‍ന്നു. 

  മരക്കാന്‍മാരുടെ സഹായത്തോടെ സാമൂതിരി ഭരണകൂടം ദക്ഷിണേന്ത്യയിലെ  വലിയ സൈനിക ശക്തിയായി വളര്‍ന്ന്  മികച്ച ജീവിത സൗകര്യങ്ങളുമായി കേരളത്തില്‍ മുന്നേറിയിരുന്ന അവസരത്തിലാണ് പറങ്കി ഉപജാപക സംഘം പതിനാറാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ സാമൂതിരിയില്‍ സ്വാധീനം ചെലുത്തി. മുസ്‌ലിങ്ങളുമായി മൂന്ന് നൂറ്റാണ്ടിലധികെ നിലനിന്നിരുന്ന സൗഹാര്‍ദത്തിന് മങ്ങലേല്‍ക്കാന്‍ ഇടയായത്. സമുദ്ര വ്യാപാര കുത്തകക്ക്  കോട്ടം തട്ടിയത് കാരണം . തുറമുഖങ്ങളിലും പട്ടണങ്ങളിലും വ്യാപാരത്തിലേര്‍പ്പെട്ടിരുന്ന പല  മുസ്‌ലിംകളും  ക്രമേണ ഗ്രാമങ്ങളിലേക്ക് ഉള്‍വലിഞ്ഞു. ചെറുകിട കച്ചവടക്കാരായും കുടിയാന്മാരായും ജീവിച്ചു.ഇവരുടെ പുരോഗതിക്കായി 1792 മുതല്‍ മലബാറില്‍ ആധിപത്യം സ്ഥാപിച്ച ബ്രിട്ടീഷുകാരും  കാര്യമായൊന്നും ചെയ്തില്ല നാനാ രംഗത്തും മുസ്‌ലിങ്ങളുടെ  അധ;പതനം തുടര്‍ന്നു.

പുരാതന മുസ്‌ലിം യൂനിവേഴ്‌സിറ്റികള്‍

    സ്‌പെയിനിലും ബാഗ്ദാദിലും ദമസ്‌ക്കസിലും കൈറോവിലും സ്തുത്യര്‍ഹമായ രീതിയില്‍  പ്രവര്‍ത്തിച്ചിരുന്ന  മുസ്‌ലിം കലാലയങ്ങളും യൂണിവേഴ്‌സിറ്റികളും ഒരു കാലത്ത് ലോകത്തിന് വെളിച്ചം വിതറിയ സമുന്നത വിദ്യാകേന്ദ്രങ്ങളായിരുന്നു.  മുസ്‌ലിം ലോകം അക്കാലത്ത് കാലാനുസൃതമായി വൈജ്ഞാനിക രംഗത്ത് മുന്നേറിയപ്പോള്‍ ഇന്ന് പ്രസിദ്ധമായ പല പാശ്ചാത്യ രാജ്യങ്ങളും അജ്ഞതയുടെ അന്ധകാരത്തില്‍ മുഴുകി  പി്‌ന്നോക്കാവസ്ഥയിലായിരുന്നു. ക്രൈസ്തവ മത പണ്ഡിതന്മാരുടെ പാതിരി മഠങ്ങളായിരുന്നു തെല്ലൊരാശ്വാസം. മഠങ്ങളിലെ പഠനമാണെങ്കില്‍ പുരോഹിതന്‍മാരാകാന്‍ വേണ്ടി മാത്രം നിജപ്പെടുത്തി. ഇതെ കാലഘട്ടത്തില്‍ മുസ്‌ലിം രാജ്യങ്ങളിലാവട്ടെ ഭരണാധികാരികളും കുടുംബങ്ങളും സമുദായത്തിലെ സമ്പന്നരും വഖഫ് ചെയ്ത സ്വത്തുക്കള്‍ പ്രയോജനപ്പെടുത്തി പള്ളികളോട് ചേര്‍ന്ന് ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉയര്‍ന്നു. ദൈനം  ദിനം വീടുകളില്‍ നിന്ന് വന്നിരുന്നവരും പാഠശാലകളോടനുബന്ധിച്ചുള്ള തമ്പ് (റുവാക്ക്)കളില്‍ താമസിച്ചിരുന്നവരുമായിരുന്നു പഠിതാക്കള്‍. പല വിദേശ രാജ്യങ്ങളില്‍ നിന്നും പഠിതാക്കളെത്തി. സമ്പന്നരുടേയും ദരിദ്രരുടേയും വ്യവസായികളുടേയും തൊഴിലാളികളുടേയും കുട്ടികള്‍ ഒന്നിച്ചു പാര്‍ത്തു ഒന്നിച്ചു പഠിച്ചു ഒന്നിച്ചു കളിച്ചു.സര്‍വര്‍ക്കും വിദ്യാഭ്യാസവും താമസിച്ചു പഠിക്കുന്നവര്‍ക്ക് ഭക്ഷണം ചികിത്സ താമസം പഠനോപകരണങ്ങള്‍ തുടങ്ങിയവയും സൗജന്യമായി നല്‍കി. 

    ഇമം നൂറുദ്ധീന്‍ ശഹീദ് ദമസ്‌ക്കസില്‍ സ്ഥാപിച്ച കലാശാല മികവുറ്റ ഇസ്‌ലാമിക നാഗരികതയുടേയും  സാങ്കേതിക പരിജ്ഞാനത്തിന്‍റെയും വിദ്യാകേന്ദ്രമായിരുന്നു. നുറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്ന ഇത്തരം ദീനി മദാരിസുകളും കലാശാലകളും പലയിടത്തും  ഉണ്ടായിരുന്നു. ഇതേ കാലത്താണ് ഈജിപ്തിലെ ജാമിഅത്തുല്‍ അസ്ഹര്‍ സ്ഥാപിതമായത്. 

  ആരംഭത്തില്‍ പള്ളിയിലെ ഹാളുകളിലായുന്നു ക്ലാസുകള്‍ വിവിധ രാജ്യക്കാര്‍ അവരവരുടെ റുവാക്കുകളില്‍ താമസിച്ച് പഠിച്ചു. കാലാന്തരത്തില്‍ ഈ സ്ഥാപനം ആഗോള രംഗത്ത് സര്‍വകലശാലകള്‍ക്ക് മാതൃകയായി വളര്‍ന്നു. ഈജിപ്തിന്റെ നവേത്ഥാനത്തില്‍  സുപ്രധാന പങ്ക് വഹിച്ച ഫാത്വിമി ഭരണത്തില്‍ കൈറോപട്ടണം രൂപ കല്‍പ്പനചെയ്ത ഭരണാധികാരി  അല്‍മുഈസ്സുലിദീനില്ലാഹിയുടെ കമാന്‍ഡര്‍ അല്‍ ജൗഹറുല്‍സ്സിഖില്ലിയാണ്  ക്രി: വ : 970 ല്‍  അല്‍ അസ്ഹറിന് അടിത്തറ പാകിയത് .ഉസ്മാനിയ ഭരണത്തിന്റെ കാലഘട്ടത്തിലാണ് സ്ഥാപനം അക്കാദമിക്ക് തലത്തില്‍ നവീന പരിഷ്‌ക്കരണങ്ങള്‍ക്ക് വേദിയായത്. ഈജിപ്തിലെ അത്യുന്നത അപൂര്‍വ്വ തസ്തികകളില്‍ ഒന്നായ ശൈഖുല്‍ അസ്ഹര്‍ പദവിയില്‍ സമ്മുന്നത പണ്ഡിത ശ്രേഷ്ഠരെ നിയമിച്ച് പാഠ്യ പാഠ്യേതര രംഗത്ത് ആഗോള തലത്തില്‍ മികവ് പ്രകടിപ്പിച്ചു. ഇസ്‌ലാമിക വൈജ്ഞാനികരംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച ഇമാം ജമാലുദ്ദീന്‍ സുയുത്വി, ഇബ്‌നു ഹജറുല്‍ അസ്‌കലാനി, ഇബ്‌നു ഹിശാം, ഇമാം സുബുകി തുടങ്ങി നിരവധി അന്താരാഷ്ട്ര പ്രശസ്തരായപണ്ഡിത പ്രതിഭകള്‍ക്ക് അസഹര്‍  ജന്മം നല്‍കി.

   പ്രതിഭാശാലികളും മഹാജ്ഞാനികളുമായ ഇമമം നവവി, ഇബ്‌നു സ്വലാഹ്, അബൂശാമ, തകിയ്യുദിനുബ്‌നു സുബുകി, ഇമാദുദീനു ഇബ്‌നു കസീര്‍ തുടങ്ങിയവര്‍ ഡമസ്‌ക്കസിലെ  കലാലയങ്ങളിലും ഇമാം ഗസാലി ശിറാസി, ഇമാമുല്‍ ഹറമൈനി അല്ലാമ ശാസാബി, ഖത്വീബ് തബീരീസി, ഗസിവീനി, ഫൈറൂസാബാദി തുടങ്ങിയവര്‍ ബാഗാദാദിലെ മദ്രസത്തു നിളാമിയയിലും ഗുരുവര്യന്‍ മാരായിരുന്നു. ആദ്യകാലത്ത് അദ്ധ്യാപക സേവനം സൗജന്യമായിരുന്നു. വഖഫ് സ്വത്തുക്കളില്‍ നിന്ന് വരുമാനം വര്‍ദ്ധിച്ചതോടെ ഗുരുനാഥന്മാര്‍ക്ക് പ്രതിഫലവും വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും നല്‍കി. വിവിധ രാജ്യങ്ങളില്‍ വിജ്ഞാന സദസ്സുകളും ലൈബ്രററികളും സ്ഥാപിച്ചു. ബാഗ്ദാദിലെ ബൈത്തുല്‍ ഹിക്മ, സ്‌പെയനിലെ അല്‍ ഹകമ, ട്രിപ്പോളിയിലെ അബൂ അമാര്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ വിശ്വ പ്രശസ്തങ്ങളായിരുന്നു.

  ഗോളശാസ്ത്രം, രസതന്ത്രം, വൈദ്യം, ഗണിതാക്കങ്ങള്‍, പൂജ്യം, മുഹമ്മദ്ബ്‌നു മൂസ ഖുവാരിസ്മി ചിട്ടപ്പെടുത്തിയെടുത്ത അല്‍ ജിബ്ര(ബീജ ഗണിതം), തുടങ്ങിയവ യൂറോപ്യര്‍ക്ക് പഠിപ്പിച്ചത് അറബികളായിരുന്നു. ബീജഗണിതത്തിന് അടിത്തറ പാകിയ കിതാബ് മുഖ്തസ്വരി ഫീ ഹിസാബില്‍ ജബ്‌രിബല്‍ മുഖാബല തുടങ്ങി പല ഗണിത ശാസ്ത്ര കൃതികളും യൂറോപ്യന്‍ ഭാഷകളിലേക്ക് മൊഴി മാറ്റം നടത്തി.  ശഹറസാദ് തന്‍റെ ഭര്‍ത്താവായ ശഹരീയാര്‍ രാജാവിനോട് ആയിരത്തി ഒന്ന് രാവുകളിലായി അതുല്ല്യ ഭാവന  ശൈലികളിലൂടെ കഥപറഞ്ഞുകൊടുത്ത അല്‍ഫു ലൈല വ ലൈല(ആയിരത്തിയൊന്ന് രാവുകള്‍) തുടങ്ങിയ പല കഥാസാഹിത്യ സൃഷ്ടികളും ജന്മമെടുത്തു.  

  ഇസ്‌ലാമിന്‍റെ ആരംഭത്തിന് ശേഷം ഏതാണ്ട് ആറ് നൂറ്റാണ്ടോളം കാലം ലോകത്തിലെ സര്‍വ്വവിധ വൈജ്ഞാനിക ശാഖകളുടെയും നേതൃത്വം മുസ്‌ലീംകള്‍ക്കായിരുന്നു. വിജ്ഞാനവും സമ്പത്തും അധികാരവും സൈനിക ശക്തിയും ഭരണ നൈപുണ്യവും കലാസാഹിത്യവും മത്സരത്തോടെ സമുന്നയിച്ചതായിരുന്നു ഈ കാലഘട്ടം. ഹാറൂന്‍ അല്‍ റഷീദ് തുടങ്ങി സുല്‍ത്വാന്‍ സലാഹുദ്ധീന്‍ അയ്യൂബി പോലുള്ള ഭരണാധികാരികള്‍ ഉന്നത ശീര്‍ഷരായ പണ്ഡിതന്മാര്‍, കവികള്‍, ശാസ്ത്രജ്ഞര്‍ തുടങ്ങിയ മഹാ പ്രതിഭാശാലികള്‍ ഒത്തുചേര്‍ന്ന ഈ കാലഘട്ടം പ്രവാചകന് ശേഷം ഇന്നുവരെയുള്ള സ്ഥിതി വിവര കണക്കുകള്‍ പരിശോധിച്ചാല്‍ അതത് കാലത്തെ ഇതര വിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ലോക മുസ്‌ലിം ചരിത്രത്തില്‍ ഏറ്റവും തിളക്കമേറിയ അധ്യായമാണ് ഈ കാലഘട്ടം നമുക്ക് പറഞ്ഞു തരുന്നത്. ഈ നവോത്ഥാനം യൂറോപ്പിലാകെ പടര്‍ന്നു ക്രമേണ ലോകത്തിന്‍റെ നാനാ ഭാഗത്തും വ്യാപിച്ചു. അതുവരെ ഗ്രഹിക്കാത്ത പലതും പശ്ചാത്യര്‍ക്ക് മുസ്‌ലിം സ്‌പെയിന്‍ പരിചയപ്പെടുത്തി. കൊളമ്പസിന് നാലര നൂറ്റാണ്ട് മുമ്പ് തന്നെ സ്‌പെയിനും അറബികളും അമേരിക്കയുമായി വ്യാപര ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു.