6. ഒറ്റയാന്‍റെ തേരോട്ടം
ടിവി അബ്ദുറഹിമാന്‍കുട്ടി
മൊബൈല്‍. 9495095336
പ്രാചീനകാലം മുതല്‍ ഭാരതം ഒരു ബഹുസ്വര രാഷ്ട്രമായിരുന്നു. യഹൂദ-ക്രൈസ്തവ-ഇസ്ലാം മതങ്ങളെല്ലാം സൗഹാര്‍ദപൂര്‍ണമായ അന്തരീക്ഷത്തിലാണ് വളര്‍ന്നുവികസിച്ചത്. ആദ്യകാലം മുതല്‍ എല്ലാ മതവിഭാഗങ്ങള്‍ക്കും മത പ്രചാരണം നടത്താനും അതനുസരിച്ച് ജീവിക്കാനും സ്വാതന്ത്ര്യമുണ്ടായിരുന്നു. എന്നാല്‍ പോര്‍ച്ചുഗീസുകാരുടെ ആഗമനത്തോടെ മത സഹിഷ്ണുതയ്ക്ക് കോട്ടം തട്ടുകയും മിഷണറി പ്രവര്‍ത്തനം പൂര്‍വോപരി ക്രമാനുഗതമായി വളര്‍ന്നുവികസിക്കുകയും ഒരു വിഭാഗം പ്രലോഭനങ്ങളുടെയും ഭീഷണികളുടേയും മാര്‍ഗം അവലംബിക്കുകയും ചെയ്തു. 1599 ജൂണ്‍ 20ന് എറണാംകുളം ജില്ലയിലെ ഉദയം പേരൂരില്‍ ചേര്‍ന്ന സുനദോസിന് ശേഷം ക്രിസ്തീയ മതവിഭാഗത്തില്‍ പല പരിഷ്കരണങ്ങളും നടപ്പില്‍വന്നു. അതിനോടൊപ്പം അല്ലറചില്ലറ വിഭാഗീയത വളര്‍ന്നതിനെ തുടര്‍ന്ന് മിഷണറി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമായി.
1800ല്‍ ബ്രിട്ടീഷുകാരുടെ ആധിപത്യത്തോടെ തിരുവിതാംകൂറില്‍ ലണ്ടന്‍ മിഷനും മദ്ധ്യ കേരളത്തില്‍ ചര്‍ച്ച് മിഷന്‍ സൊസൈറ്റിയും മലബാറില്‍ സിറ്റ്സ്വര്‍ലാന്‍റ് നഗരം ആസ്ഥാനമായുള്ള ബാസല്‍ ഇവാഞ്ചിലിക്കല്‍ മിഷനും പ്രവര്‍ത്തനം ആരംഭിച്ചു. ഓരോ വിഭാഗവും മല്‍സരിച്ചുപ്രവര്‍ത്തിച്ചതിനാല്‍ ചില മിഷ്യനണറികളുടെ പ്രവര്‍ത്തനങ്ങളും പ്രചാരണങ്ങളും അപക്വമാം വിധം പാര്‍ശ്വവല്‍ക്കരിക്കട്ടെു. ഇസ്ലാമിനെയും മുഹമ്മദുനബിയെയും അപഹസിക്കുന്നതും അപകീര്‍ത്തിപ്പെടുത്തുന്നതുമായ രീതിയിലാണ് ചില കോണുകളില്‍നിന്ന് മതപ്രചരണം നടത്തിയത്.
ഭരണകൂടത്തിന്‍റെ പരോക്ഷമായ പിന്തുണയോടെ ഗ്രാമ ഗ്രാമാന്തരങ്ങളിലും നഗര നഗരാന്തരങ്ങളിലും മിക്കപ്പോഴും ഇസ്ലാം മതത്തിനെതിരെ അസംബന്ധമായ പ്രചരണങ്ങള്‍ അഴിച്ചുവിട്ടും പ്രവാചകനെ നിശിതമായി വിമര്‍ശിച്ചും ആരോപണങ്ങളും ദുഷ്പ്രചരണങ്ങളും നടത്തിയും ജനങ്ങളുടെ ഇടയില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചായിരുന്നു ഒരു വിഭാഗം മിഷണറിമാരുടെ പ്രവര്‍ത്തനം. പ്രസംഗങ്ങള്‍ക്കും പ്രഭാഷണങ്ങള്‍ക്കും പുറമെ കേരളത്തിനകത്തുനിന്നും പുറത്തുനിന്നും മലയാളത്തിലും ഇതര ഭാഷകളിലും ധാരാളം ലഘുലേഖകളും പുസ്തകങ്ങളും, മുസ്ലിംകള്‍ മാത്രം കൈകാര്യം ചെയ്തിരുന്ന അറബി മലയാള ഭാഷയില്‍ പോലും ക്രിസ്തീയ സാഹിത്യങ്ങളും ബൈബിളും പ്രസിദ്ധീകരിക്കപ്പെട്ടു. ക്രൈസ്തവ മാധ്യമങ്ങളും ഈ പാതതന്നെ പിന്തുടര്‍ന്നു.
ഇസ്ലാം മതത്തിനും മുസ്ലിം സമുദായത്തിനും എതിരെ നടന്നുവന്നിരിക്കുന്ന ഈ ഗൂഢ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സംഘടിതമായ യാതൊരു നീക്കവും മുസ്ലിം പക്ഷത്തുനിന്നുണ്ടായിരുന്നില്ല. മലയാളഭാഷയില്‍ കാലാനുസൃതമായ സംവാദത്തിനും ഖണ്ഡനത്തിനും ആവശ്യമായ ഭാഷാനൈപുണ്യവും തന്ത്രവും യുക്തിയും മുസ്ലിം പണ്ഡിതന്‍മാര്‍ക്ക് അധികവും ഇല്ലാതിരുന്നതിനാല്‍ ഇതര സമുദായങ്ങളുമായി ആശയവിനിമയം നടത്താന്‍ തയ്യാറായില്ല. തന്മൂലം ഹൈന്ദവ-മുസ്ലിം മതവിഭാഗങ്ങളിലെ സാധുജനങ്ങളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും നിര്‍ബന്ധിച്ച് ക്രിസ്തീയ മതംമാറ്റത്തിന് പ്രേരിപ്പിച്ചിരുന്നു. ഈ ദുരാവസ്ഥയില്‍ മനംനൊന്ത് സമുദായത്തിന്‍റെ ഉദ്ദാരണത്തിനായി നാഥന്‍റെ മാര്‍ഗ്ഗത്തില്‍ സ്വയം സമര്‍പ്പണം നടത്താന്‍ അദ്ദേഹം തയ്യാറായി, സര്‍ക്കാര്‍ സര്‍വ്വീസില്‍ കയറി അധികം കഴിയുന്നതിനു മുമ്പുതന്നെ, കേവലം 35വയസ്സായ മക്തി തങ്ങള്‍ ജോലി ഉപേക്ഷിച്ച് 1882ല്‍ ഒറ്റയാള്‍ പോരാട്ടത്തിന് ഗോദയിലിറങ്ങി. പ്രസ്ഥാനമായി രൂപപ്പെട്ട അപൂര്‍വ്വ കേരളീയരില്‍ ഒരാളാണ് ഇദ്ദേഹം ഉദ്യോഗത്തില്‍ നിന്ന് വിരമിച്ചശേഷം കൊച്ചിയിലായിരുന്നു അധിവാസം. ദൗത്യനിര്‍വ്വഹണത്തിന്നായി കന്യാകുമാരി മുതല്‍ കാസര്‍ഗോഡുവരെ കേരളത്തിനകത്തും പുറത്തും അവിശ്രമം ദേശാടനം നടത്തി.
ഹൈന്ദവ-മുസലിം-ക്രൈസ്തവ വേദങ്ങളില്‍ അഗാധ പാണ്ഡിത്യം നേടിയിരുന്ന മക്തി തങ്ങള്‍ വിവാദമായി തീര്‍ന്നിരുന്ന ക്രിസ്ത്രീയ മതവിഷയങ്ങളില്‍ പാതിരിമാരുമായി മദ്ധ്യസ്ഥന്മാരുടെ സാന്നിധ്യത്തില്‍ ചര്‍ച്ചകള്‍ നയിക്കാനും പ്രസംഗങ്ങള്‍ സംഘടിപ്പിക്കാനും വാഗ്വാദങ്ങള്‍ നടത്താനും സദാ സന്നദ്ധനായിരുന്നു. വിവിധ മതവിഷയങ്ങളിലുള്ള അഗാധജ്ഞാനം മറുപക്ഷത്തിന്‍റെ വായയടപ്പിക്കാന്‍ പര്യാപ്തമായിരുന്നു. പ്രസംഗ വൈഭവം എതിരാളികളെ അങ്കലാപ്പിലാക്കി. ക്രൈസ്തവ സാഹിത്യങ്ങളെ തന്‍റെ സാഹിത്യരചനയിലൂടെയും പാതിരി പ്രഭാഷണങ്ങളെ ഖണ്ഡനപ്രസംഗങ്ങളിലൂടെയും തടയിട്ടു. യുക്തിസഹമായ പ്രബോധനങ്ങളിലൂടെയും മറുപടി പ്രഭാഷണങ്ങളിലൂടെയും ബൗതിക രചനകളിലൂടെയും ഇസ്ലാംമതത്തിനെതിരായ ദുരാരോപണങ്ങളുടെ തനിനിറം പൊതുവേദികളില്‍ അദ്ദേഹം തുറന്നുകാട്ടി. ഇത് മുസ്ലിംകള്‍ക്ക് നവോന്‍മേഷവും ഊര്‍ജ്ജവും പകര്‍ന്നു. യുവാക്കളില്‍ നവചൈതന്യവും ആദര്‍ശബോധവും അങ്കുരിപ്പിച്ചു. അല്ലാമാ റഹ്മതുല്ലാഹില്‍ ഹിന്ദിയുടെ ഇള്ഹാറുല്‍ ഹക്ക് എന്ന ഉര്‍ദു കൃതി അദ്ദേഹത്തിന് താങ്ങും തണലുമായി. ഇസ്ലാമിനെതിരെ കുപ്രചരണങ്ങള്‍ രൂക്ഷമാക്കിയ സമയത്താണ് ത്രിയേകത്വം, കുരിശുമരണം തുടങ്ങിയ വിശ്വാസപ്രമാണങ്ങളിലേക്ക് കടന്നാക്രമണം നടത്തിയത്. ആശയ പാപ്പരത്തം നേരിട്ട മറുപക്ഷം അദ്ദേഹത്തെ ശാരീരികവും മാനസികവുമായി തകര്‍ക്കാന്‍ അടവുകള്‍ ആസൂത്രണം ചെയ്തു. ഒരു വിഭാഗം മുസ്ലിംകളും അതിനു കൂട്ടുനിന്നു.