7. പൊന്നാനി പെരുമയുടെ വിളക്കത്തിരിക്കല്‍

 

7. പൊന്നാനി പെരുമയുടെ 
വിളക്കത്തിരിക്കല്‍





 

ടിവി അബ്ദുറഹിമാന്‍കുട്ടി

                                                മുബൈല്‍ : 9495095336


    ആത്മ സംസ്‌കരണവും നിര്‍മ്മലമായ സ്‌നേഹവും മത സഹിഷ്ണതയും ആഴത്തിലുള്ള മത സാമുദായിക ഉത്‌ബോധനവും സാമൂഹിക സാംസ്‌കാരിക നവോത്ഥാനവും കൂടി ലക്ഷ്യമാക്കിയായിരുന്നുമഖ്ദൂം  ദര്‍സിന് തുടക്കമിട്ടത്.  ഈ ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ച ഗ്രന്ഥങ്ങളും മഖ്ദൂമുകള്‍ രചിച്ചു. പഠനപൂര്‍ത്തീകരണത്തിന് നിശ്ചിത കാലയളവ് നിര്‍ണ്ണയിക്കപ്പെട്ടിരുന്നില്ല. മരണം വരെ പഠിക്കാന്‍ ആഗ്രഹിച്ച് എത്തിയവരും വിരളമല്ല. ചൊല്ലി കൊടുക്കുക, ഉരുവിടുക, ആവര്‍ത്തിക്കുക എന്ന ഗുരുകുല രീതിയിലായിരുന്നു പഠനം. കിതാബുകളുടെ പാര്‍ശ്വ ഭാഗങ്ങളില്‍ ഉസ്താദന്മാരില്‍ നിന്ന് ലഭിക്കുന്ന വിശദീകരണങ്ങള്‍ തല്‍സമയം എഴുതി പഠനത്തിന് ആക്കം കൂട്ടി. 

    ഗുരുകുല ശാലകളിലേത് പോലെ സാമ്പത്തികാസമത്വവും വിഭാഗീയതയും ഇല്ലായിരുന്നു. വിജ്ഞാന സംമ്പാദനം ഇന്നൊരു തൊഴില്‍ ഉപാധിയാണെങ്കില്‍ അന്നത് പൂര്‍ണ്ണമായും ആത്മീയമായിരുന്നു. പള്ളിയില്‍ ഒരു നിശ്ചിത സ്ഥലത്ത് ഗുരുനാഥന് ചുറ്റും ശിഷ്യന്മാര്‍ ഇരുന്ന് ബെഞ്ചോ ഡസ്‌കോ ഇല്ലാതെ പഠിക്കുന്ന രീതിയായിരുന്നു ആദ്യത്തെ ദര്‍സ് സമ്പ്രദായം. അധ്യാപനം വാമൊഴിയായിരുന്നു. ഗുരുനാഥന്മാരുടെ വിവരണങ്ങളില്‍ നിന്നും മറ്റ് ഗ്രന്ഥങ്ങളില്‍ നിന്നും ലഭിക്കുന്ന പാഠ്യ സബന്ധമായ അധിക വിജ്ഞാനം സമര്‍ത്ഥരായ പഠിതാക്കള്‍ കിതാബുകളുടെ പാര്‍ശ്വഭാഗങ്ങളില്‍ കലമ് കൊണ്ട് എഴുതി ചേര്‍ക്കും. 

    ഗുരുനാഥന്മാരുടെ സകലവിധ സദ്ഗുണങ്ങളും മാതൃകയാക്കിയായിരുന്നു വിദ്യാര്‍ത്ഥികളുടെ പഠനം. ഗുരുവിനോടൊന്നിച്ച് അനുഭവങ്ങള്‍ ആര്‍ജിക്കുകയും പങ്കുവെക്കുകയും ചെയ്തുകൊണ്ടുള്ള ജീവിതം പഠിതാക്കളെ കരുത്തരാക്കി. ഗുരുനാഥനും ശിഷ്യനും തമ്മിലുള്ള സുശക്തമായ ബന്ധം വിദ്യാര്‍ത്ഥികളുടെ സര്‍വ്വതോന്‍മുഖമായ വ്യക്തിത്വ വികാസത്തിന്നും സല്‍സ്വഭാവ രുപീകരണത്തിനും വഴിയൊരുക്കി ഇബ്‌നുഹജ്‌റുല്‍ ഹൈതമി പോലുള്ള വിശ്വപ്രശസ്ത ഇസ്‌ലാമിക പണ്ഡിതന്മാര്‍ പലരും  ഇവിടം സന്ദര്‍ശിച്ച് ദര്‍സിലെ അധ്യാപകരെയും പഠിതാക്കളെയും ആശിര്‍വദിച്ചു;അനുമോദിച്ചു.

    കേരളത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ നിന്നും ഭാരതത്തിലെ പല ഭാഗങ്ങളില്‍ നിന്നും ലക്ഷ്വദ്വീപ്, ശ്രീലങ്ക, മലേഷ്യ, ഇന്ത്യോനേഷ്യ, ജാവ, സുമാത്ര തുടങ്ങിയ പൗരസ്ത്യ രാജ്യങ്ങളില്‍ നിന്നും മറ്റും  വിജ്ഞാന കുതുകികള്‍  പഠനത്തിന് ഇവിടെയെത്തി. 19-ാം നൂറ്റാണ്ടില്‍ നാനൂറോളം മറുനാടന്‍ വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്നതായി വില്യം ലോഗന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.  പൊന്നാനി നഗരത്തിലെ ഒരോ വീട്ടുകാരും രണ്ടു വീതം കുട്ടികളുടെ സംരക്ഷണം എറ്റെടുത്തു. തല്‍ഫലമായി വീടുകളില്‍ ചിലവിനെത്തുന്ന വിദ്യാര്‍ത്ഥികളില്‍ നിന്ന് അകംമറക്കുള്ളിലെ സ്ത്രീകള്‍ കിതാബുകളും അറബി-മലയാള കൃതികളും സാഹിത്യവും  ഇസ്‌ലാമിക രചനകളും ഓതി വായിച്ച് പഠിച്ച് പണ്ഡിതകളായ മഹതികളും ഓരോ തറവാട്ടിലുമുണ്ടായി.

    പഠനം പൂര്‍ത്തിയാക്കിയ പണ്ഡിതന്‍മാര്‍  മഖ്ദൂമിന്‍റെ ആശിര്‍വാദത്തോടെ സ്വദേശത്തും മറു നാട്ടിലും പള്ളികളില്‍ ഈ രീതിയനുസരിച്ചുള്ള ദര്‍സുകള്‍ ആരംഭിച്ചു. ക്രമേണ നാട്ടിലും മറു നാട്ടിലുമുള്ള പള്ളികളിലും വിദ്യാശാലകളിലും ഈ പാഠ്യ പദ്ധതിയും തതനുസൃതമായ രചനകളും പ്രചരിച്ച് ഇസ്‌ലാമിക വൈജ്ഞാനിക രംഗത്ത് സ്‌ഫോടനം തന്നെ സൃഷ്ടിച്ച് അന്താരാഷ്ട്ര രംഗത്ത് അംഗീകാരം നേടി. വിവിധ നാടുകളിലെയും മറു നാടുകളിലെയും ദര്‍സുകളില്‍ നിന്നും ഓത്തു പള്ളികളില്‍ നിന്നും പഠനം നടത്തിയ വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് പൊന്നാനിയിലെത്തി. 

    വലിയ പള്ളിയിലെ തൂക്ക് വിളിക്കിന് ചുറ്റുമിരുന്ന് മഖ്ദൂമിന് കീഴില്‍ പഠനം പൂര്‍ത്തിയാക്കിയവര്‍   'വിളക്കത്തിരിക്കല്‍' ഡിഗ്രിയും പ്രതികാത്മക ബിരുദാന്തരബിരുദവും സനദും തലപ്പാവും സമ്പാദിച്ച് സമൂഹത്തിലെ സമുന്നത പണ്ഡിതന്മാരായി പ്രശോഭിച്ചു. ഇത്തരം പണ്ഡിതന്മരാണ് മറ്റിടങ്ങളിലെ ദര്‍സുകള്‍ക്ക് നേതൃത്വം നല്‍കി പോന്നിരുന്നത്. മത പഠനം ആധുനിക രീതികളിലേക്ക് വ്യാപിക്കുന്നതുവരെ  കേരളത്തില്‍ ഗ്രാമഗ്രാമന്തരങ്ങളിലും നഗര നഗരാന്തരങ്ങളിലും മുസ്‌ലിം മഹല്ലുകളില്‍ പള്ളി ദര്‍സുകളായിരുന്നു ഉന്നത മത പഠനത്തിന്‍റെ ആശ്രയം. 

    ക്രമേണ ദര്‍സ്സുകളിലെ സിലബസ്സുകള്‍ അറബി വ്യാകരണത്തിലും കര്‍മ്മ ശാസ്ത്രത്തിലും ഖുര്‍ആന്‍ വിശദീകരണത്തിലും ഹദീസ് പഠനത്തിലും മാത്രമായി ഒതുങ്ങി. ചില ന്യൂനതകള്‍ ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ നൂറ്റാണ്ടുകളില്‍ ഇസ്‌ലാമിക പ്രചരണത്തിനും വൈജ്ഞാനിക നവോത്ഥാനത്തിനും നേതൃത്വം നല്‍കിയ ആത്മീയാചാര്യന്മാരെയും പണ്ഡിത ശ്രേഷ്ഠരെയും സമുദായ നേതാക്കളെയും വാര്‍ത്തെടുക്കുന്നതില്‍ ദര്‍സ്സുകള്‍ വഹിച്ച പങ്ക് ശ്ലാഘനീയമാണ്.  പാഠ്യ ഭാഗങ്ങള്‍ പരിഷ്‌കരിച്ച് കാലാന്തരത്തില്‍ ധാരാളം അറബി കോളേജുകള്‍ ഉയര്‍ന്ന് വന്നെങ്കിലും പല പ്രമുഖ പള്ളികളിലും ദര്‍സ്സുകള്‍ പൈതൃക തനിമയോടെ ഇന്നും നിലനില്‍ക്കുന്നു. സ്‌കൂള്‍ പഠനത്തിന് കൂടി സൗകര്യം ഒരുക്കി് കാലാനുസൃതമായ പരിവര്‍ത്തനങ്ങള്‍ക്ക് നാന്ദി കുറിച്ചാണ് മിക്ക ദര്‍സ്സുകളും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.