57. ഗള്‍ഫ് സ്വാധീനം വിദ്യാഭ്യാസത്തില്‍
ടിവിഅബ്ദുറഹിമാന്‍കുട്ടി
മൊബൈല്‍. 9495095336
എഴുപതുകളില്‍ ആരംഭിച്ച് എമ്പതുകളോടെ സജീവമായ ഗള്‍ഫ് സ്വാധീനം മുസ്ലിങ്ങളുടെ നാനാ തുറകളിലുമുള്ള അഭിവൃദ്ധിക്ക് ഒരു പരിധിവരെ സഹായകമായി .പതിയെ പതിയെ വികാസം പ്രാപിച്ചിരുന്ന മുസ്ലിം മഹല്ലുകളുടെ വികസന കുതിപ്പിന് വേഗത വര്‍ദ്ധിച്ചു അര പട്ടയും കള്ളി തുണിയും തലയില്‍ കെട്ടും ബനിയനും ധരിച്ചിരുന്ന കാക്കമാരുടെയും കാച്ചി തുണിയും സൂപ്പും ഉമ്മ കുപ്പായവും കസവു തട്ടവും വെള്ളിയരഞ്ഞാണവും ചങ്കേലസും അണിഞ്ഞിരുന്ന താത്താമാരുടെയും മക്കള്‍ക്ക് ആവശ്യത്തിന് പോലും ആധുനിക വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല ആരാന്‍റെ വിറക് വെട്ടികളും വെള്ളം കോരികളുമായി നാട്ടില്‍ അന്നത്തിന് വഴി കണ്ടെത്തിയിരുന്ന സാധാരണക്കാരുടെ മക്കള്‍ മറുകര കടന്നപ്പോള്‍ ഗള്‍ഫിലും മികച്ച ജോലികളൊന്നും ലഭിച്ചില്ല. കച്ചവട രംഗത്ത് ശ്രദ്ധ ചെലുത്തിയ ഈ വിഭാഗത്തിന് സാമ്പത്തിക മെച്ചങ്ങള്‍ ഉണ്ടായെങ്കിലും തൊഴില്‍ രംഗത്ത് പ്രവേശിച്ചവര്‍ക്ക് മെച്ചപ്പെട്ട പ്രകടനം കാഴ്ച വെക്കാന്‍ സാധിച്ചില്ല . വിദ്യാസമ്പന്നരായ ഇതര കേരളീയര്‍ ഉന്നത ശ്രേണികള്‍ അലങ്കരിച്ചപ്പോള്‍ അവരുടെ കീഴില്‍ ഓഫീസ് ബോയി യായും സ്വീപ്പറായും മേസനായൂം ലേബറായും അറബികളുടെ കാര്‍ ഡ്രൈവറായും ഹൗസ് ബോയിയായും കുക്കായും ജോലി ചെയ്തു. സാങ്കേതിക വിധഗദര്‍ക്കും വിദ്യാസമ്പന്നര്‍ക്കും അവസരങ്ങള്‍ വര്‍ദ്ധിച്ചപ്പോള്‍ തങ്ങളുടെ മക്കള്‍ക്കും ആവശ്യാനുസരണം വിദ്യാഭ്യാസം നല്‍കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചു.മുസ്ലിം മഹല്ലുകളും സംഘടനകളും മത ഭൗതീക സമന്വയ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചു. ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്‍റെ ആരംഭത്തോടെ ഇതേ രീതിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പലയിടത്തും ഉയര്‍ന്നു വരാന്‍ തുടങ്ങി. പ്രവാസികള്‍കേരളത്തിലിപ്പോള്‍ ഏറ്റവും കൂടുതല്‍ വസിക്കുന്നത് മലപ്പുറം ജില്ലയിലാണ്.