38. തെക്കെ മലബാറിലെ പ്രഥമ വിദ്യാഭ്യാസ സമ്മേളനം

38. തെക്കെ മലബാറിലെ 
പ്രഥമ വിദ്യാഭ്യാസ സമ്മേളനം







ടിവി അബ്ദുറഹിമാന്‍കുട്ടി

                                                മുബൈല്‍ : 9495095336



    20-ാം നൂറ്റാണ്ടിന്‍റെ ആദ്യത്തില്‍ മഊനത്തുല്‍ ഇസ്‌ലാം സഭയുടെ ആഭിമുഖ്യത്തില്‍ പൊന്നാനി വലിയ ജാറം അങ്കണത്തില്‍ പ്രത്യേകം സജ്ജമാക്കിയ പന്തലില്‍ വെച്ച് ചേര്‍ന്ന മുസ്‌ലിം വിദ്യാഭ്യാസ സമ്മേളനം ചരിത്രത്തില്‍ തങ്കലിപികളാല്‍ ആലേഖനം ചെയ്യപ്പെട്ട തെക്കെ മലബാറിലെ ആദ്യത്തെ അപൂര്‍വ്വ കുട്ടായ്മയാണ്. 

    1910 ഫെബ്രുവെരി 10ന് രാവിലെ എട്ടു മണിക്ക് എട്ടാം സര്‍ക്കിള്‍ സ്‌കുള്‍ ഇന്‍സ്‌പെക്ടര്‍ ഇംഗ്ലീഷ്‌ക്കാരനായ സായിപ് പി. പി. ബ്രൈത്ത് വൈറ്റിന്‍റെ അധ്യക്ഷതയിലാണ് സമ്മേളനം ആരംഭിച്ചത്. ആധുനിക വിദ്യാഭ്യാസവും മാപ്പിള മുസ്‌ലിംകളും എന്ന വിഷയം അവതരിപ്പിച്ച് സംസാരിച്ചത് പൊന്നാനിയുടെ വര്‍ത്തക പ്രമുഖനും ഇംഗ്ലീഷ് പരിജ്ഞാനം നേടിയ അപൂര്‍വ്വ മുസ്‌ലിം യുവാക്കളില്‍ ഒരാളുമായ എം. കുട്ടിഹസ്സന്‍ കുട്ടിയായിരുന്നു. ഡിസ്ട്രിക്ട് മുന്‍സിഫ് കെ. എ. കണ്ണന്‍, പി. ബി. വാഞ്ചി അയ്യര്‍ ബി. എ. എല്‍. ടി. , മലബാര്‍ ഡിവിഷണന്‍ സ്‌കൂള്‍ ഇന്‍സ്‌പെകടര്‍ എന്‍. സി. കണ്ണന്‍ നമ്പ്യാര്‍, പാലക്കാട് റേഞ്ച് സ്‌കൂള്‍ സബ് അസിസ്റ്റാന്റ് ഇന്‍സ്‌പെക്ടര്‍ എസ്. ഫെര്‍ണാണ്ടസ്, സബ് മജിസ്‌ട്രേറ്റ് ദ്വരൈ സ്വാമി അയ്യര്‍, പൊലീസ് ഇന്‍സ്‌പെകടര്‍ പി. കുട്ടിരാമന്‍ നായര്‍, സിവില്‍ അപ്പോത്തിക്കിരി പി. ജെ. വുനൈന്‍, ഡിസ്ട്രിക്ട് മുന്‍സിഫ് കോടതി ഹെഡ് ക്ലര്‍ക്ക് ആര്‍. കെ. കോരന്‍, പോലീസ് സബ് അസിസ്റ്റാന്റ് ഇന്‍സ്‌പെക്ടര്‍ ഗോവിന്ദ കിടാവ്, പി. ഡബ്ലു. ഡി. കോണ്‍ട്രാക്ടര്‍ പാടാലിയില്‍ മാക്കുണ്ണി, ഹിന്ദു സ്‌കൂള്‍ ഇന്‍സ്‌പെകടര്‍ പി. അച്യുതന്‍, പൊന്നാനി നഗരം അംശം അധികാരി പി. കുഞ്ഞികൃഷ്ണന്‍, മധ്യ ഖണ്ഡം മാപ്പിള സ്‌കൂള്‍ സബ് അസിസ്റ്റാന്‍റ് ഇന്‍സ്‌പെക്ടര്‍ എം. ബാവമൂപ്പന്‍, സലാഹുല്‍ ഇഖ്‌വാന്‍ മാനേജര്‍ സി. സൈതാലിക്കുട്ടി മാസ്റ്റര്‍ തിരൂര്‍, പൊന്നാനി യൂണിയന്‍(പഞ്ചായത്ത്) ബോര്‍ഡ് പ്രസിഡന്റ് വി. ആറ്റക്കോയ തങ്ങള്‍, സഭാ മാനേജര്‍ കല്ലിങ്കലകത്ത് കോയക്കുട്ടി കൂട്ടായി, ജോയന്റ് സെക്രട്ടറി പഴയകത്ത് കോയകുട്ടി തങ്ങള്‍, അസിസ്റ്റാന്റ് മാനേജര്‍ പാലത്തുംവീട്ടില്‍ മൊയ്തീന്‍കുട്ടി എന്ന കുഞ്ഞുണ്ണി, ചോഴിമാടത്തിങ്കല്‍ തറീക്കുട്ടി, അഴിക്കലകത്ത് മമ്മികുട്ടി, കൊങ്ങണം വീട്ടില്‍ അബ്ദുല്ല കുട്ടി, തരകം കോജിനിയകത്ത് മുഹമ്മദ്, വെട്ടം വീട്ടില്‍ അറക്കള്‍ അബ്ദുറഹിമാന്‍ തുടങ്ങി സഭാ ഭാരവാഹികള്‍ മാനേജിങ്ങ് കമ്മിറ്റി മെമ്പര്‍മാര്‍, ജനറല്‍ ബോഡി അംഗങ്ങള്‍ ഔദ്യോഗിക-അനൗദ്യോഗിക പ്രമുഖരുല്‍പ്പടെ ജാതി-മത ഭേദമന്യെ നൂറ് കണക്കിന് വിദ്യാവാസനികള്‍ യോഗത്തില്‍ സംബന്ധിച്ചു. ഖുര്‍ആനും മഊനത്തുല്‍ ഇസ്‌ലാം സഭ തയ്യാറാക്കുന്ന ഒന്നാം പാഠപുസ്തകവും എല്ലാ വിദ്യാലയങ്ങളിലും പഠിപ്പിക്കുക, ആധുനിക വിദ്യാഭ്യാസത്തെ കുറിച്ച് മുസ്‌ലിംകള്‍ക്കിടയിലുള്ള തെറ്റിദ്ധാരണ ദുരീകരിക്കാന്‍ സഭാ ചെലവില്‍ ലഘുലേഖകള്‍ അടിച്ച് മഊനത്തിന്റെ ഉപശാഖകളിലും കേരളത്തിന്‍റെ വിവിധ മഹല്ലുകളിലും വിതരണം ചെയ്യുക, മാപ്പിള ബോര്‍ഡ് സ്‌കൂളില്‍ മുസ്‌ലിം കുട്ടികളെ ചേര്‍ക്കാന്‍ സബ് കമ്മിറ്റിയെ നിയോഗിക്കുക, മുസ്‌ലിംകളില്‍ നിന്ന് അധ്യാപകരെയും വിദ്യാഭാസ  ഇന്‍സ്‌പെകടര്‍ മാരെയും വാര്‍ത്തെടുക്കുക, പാഠ്യ-പഠ്യേതര രംഗത്ത് സജീവ ശ്രദ്ധ പതിപ്പിക്കുന്ന മുസ്‌ലിം ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുക, മുഴുവന്‍ മുസ്‌ലിം കുട്ടികള്‍ക്കും ചുരുങ്ങിയത് പ്രാഥമിക വിദ്യാഭ്യാസം നേടാനെങ്കിലും അവസരം ഒരുക്കുക തുടങ്ങിയ പല സുപ്രധാന തീരുമാനങ്ങളുമെടുത്തു. 

    ഇത്രയും വിപുലവും ആസൂത്രിതവുമായ ഒരു സമ്മേളനം സംഘടിപ്പിച്ചതിന് സഭാ പ്രസിഡന്‍റ് വലിയ ജാറം കുഞ്ഞിസീതി കോയ വലിയ തങ്ങള്‍ക്ക് തെക്കെ ഖണ്ഡം മാപ്പിള സ്‌കൂള്‍ സബ് അസിസ്റ്റാന്‍റ് ഇന്‍സ്‌പെക്ടര്‍ സി. ഒ. മമ്മു കേയി അഭിനന്ദനങ്ങള്‍ അര്‍പ്പിച്ച് പ്രസംഗിച്ചു. മുസ്‌ലിംകളുടെ വിദ്യാഭ്യാസ പ്രശ്‌നങ്ങളില്‍ കാര്യത്തില്‍ പ്രത്യേക താത്പര്യവും ഇടപെടലുകളും നടത്തുന്ന യോഗാധ്യക്ഷനായ ബ്രൈത്ത് വൈറ്റ് സായിപ്പിനെ കുഞ്ഞി സീതി കോയ തങ്ങള്‍ ഹാരമണിയിക്കുകയും ആശംസകള്‍ നേരുകയും ചെയ്തു. 

    ആഹ്ലാദ സൂചകമായി സദസ്സ്യരെ പനനീര്‍ തെളിച്ചും അടക്കയും വെറ്റിലയും ചുരുട്ടും നല്‍കിയും യോഗം സമംഗളം പര്യവസാനിച്ചു. തീരുമാനങ്ങള്‍ ക്രമാനുസൃതമായി പ്രാവര്‍ത്തികമാക്കുന്നതില്‍ സഭാ ത്രീവ ശ്രമങ്ങള്‍ ആരംഭിച്ച് ആദ്യകാല മുസ്‌ലിം വിദ്യാഭ്യാസ ചരിത്രത്തില്‍ ശ്ലാഘനീയമായ ഇടം നേടി. അക്കാലത്ത് നടന്ന ഇതുപോലുള്ള നാമമാത്ര സമ്മേളനങ്ങളാണ് തുടര്‍ന്ന് വന്ന പല വിദ്യാഭ്യാസ ചലനങ്ങള്‍ക്കും മുസ്‌ലിംകള്‍ക്ക് ആശയും ആവേശവും പകര്‍ന്നത്.

    20-ാം നൂറ്റാണ്ടിന്‍റെ ആദ്യ പകുതിയില്‍ മത-ഭൗതീക വിദ്യാഭ്യാസം സമന്വയിപ്പിച്ച് പല സ്‌കൂളുകളിലും നടപ്പിലാക്കിയ പാഠ്യ പദ്ധതി മുസ്‌ലിംകളെ ആകര്‍ഷിച്ചു. മലബാറിലെ ഓത്തു പളളികളില്‍ പലതും കാലാന്തരത്തില്‍ മാപ്പിള(മുസ്‌ലിം) എലിമെന്‍ററി സ്‌കൂളുകളും മദ്രസ്സകളുമായി രൂപാന്തരപ്പെട്ടു. അഞ്ചാം തരം വരെ പഠിച്ചവരെയും, സെഷ്‌നല്‍ ക്ലാസുകളില്‍ പ പച്ച് പാസ്സായ മൊല്ലാമാരെയും പരിശീലിപ്പിച്ച് അംഗീകൃത അദ്ധ്യാപകരാക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേക പാക്കേജ് തയ്യാറാക്കി. ഇതിന്‍റെ ഭാഗമായി ഭാഗമായി സെഷനല്‍ സ്‌കൂളുകള്‍ സ്ഥാപിച്ചു. 

 ഓത്തുപള്ളികളുടെയും അവയോടനുബന്ധിച്ചുള്ള റിസല്‍ട്ടു സ്‌കൂളുകളുടെയും ക്രമാനുഗതമായ വളര്‍ച്ചയ്ക്കും ഉന്നത നിലവാരത്തിനും വേണ്ടി കൂടുതല്‍ അദ്ധ്യാപകര്‍ അത്യന്താപേക്ഷിതമായി വന്നു. മുസ്‌ലിം അധ്യാപകന്മാര്‍ പ്രത്യേകിച്ച് മുല്ല മുസ്‌ലിയാമാര്‍ അദ്ധ്യായന രംഗത്തുണ്ടായാല്‍ മലയാള ഭാഷ മുസ്‌ലിംകള്‍ക്കിടയില്‍ കൂടുതല്‍ സജീവമായി പ്രചരിപ്പിക്കാന്‍ കഴിയുമെന്ന് ഗ്രഹിച്ച സര്‍ക്കാര്‍ പൊന്നാനിയില്‍ ഒരു മാപ്പിള സെഷനല്‍ സ്‌കൂള്‍ സ്ഥാപിച്ചു. പിന്നീട് ഈ സ്ഥാപനത്തിന് തിരൂരിലേക്കും തുടര്‍ന്ന് കോഴിക്കോട്ടേക്കും സ്ഥാന ചലനം സംഭവിച്ചെന്ന് മുസ്‌ലിം വിദ്യാഭ്യാസ വിചഷണന്‍ പ്രൊഫ:സയ്യിദ് മുഹിയദ്ദീന്‍ ഷാ പറയുന്നു. കോഴിക്കോട്ടെ ഈ സെഷ്‌നല്‍ സ്‌കൂളും അനുബന്ധ ട്രൈനിംഗ് ക്ലാസും 1906 ല്‍ മലപ്പുറത്തേയ്ക്ക് മാറ്റി സ്ഥാപിച്ചു. ആദ്യത്തെ ഹെഡ്മാസ്റ്ററായി മണ്ടായപ്പുറത്ത് ബാവമൂപ്പനും തുടര്‍ന്ന് അച്ചാരത്ത് കാദര്‍കുട്ടി സാഹിബും മണ്ടായപ്പുറത്ത് ഉണ്ണിമൂപ്പനും യഥാക്രമം തല്‍സ്ഥാനം വഹിച്ചു. സ്ഥാപനത്തിന്റെ സര്‍വ്വതോന്മുഖമായ വളര്‍ച്ചയ്ക്ക് അശ്രാന്ത പരിശ്രമങ്ങള്‍ നടത്തിയെങ്കിലും പ്രതികൂല സാഹചര്യങ്ങള്‍ ഹേതുവായി 1914 മുതല്‍ 21 വരെ കാര്യമായ പുരോഗതി നേടാന്‍ കഴിഞ്ഞില്ല.

    മുസ്‌ലിം സമുദായത്തില്‍ നിന്ന് തിരുവിതാംകൂറില്‍ ആദ്യമായി 1914 ല്‍ ബി. എ. ബിരുദ്ധം നേടിയത് എസ്. മുഹമ്മദ് സുലൈമാനാണ്. ഇദ്ദേഹം ചടയമംഗലംറജിസട്രററായി നിയമിതനായി. ഒന്നാം ലോക മഹായുദ്ധം മുതല്‍ പ്രാക്ടീസ് ആരംഭിച്ച യുവ അഭിഭാഷകന്‍  ബി. പോക്കര്‍ സാഹിബ് മലബാറില്‍ മുസ്‌ലിം വിദ്യാഭ്യാസ രംഗത്ത് നിറ സാന്നിദ്ധ്യമായി പ്രശോഭിച്ചു. ഇദ്ദേഹവുമായി സഹകരിച്ച് പ്രവര്‍ത്തിച്ച ഉപ്പി സാഹിബിന്റെയും 1926 മുതല്‍ ആറ് വര്‍ഷം മലബാര്‍ ഡിസ്ട്രിക്ക് ബോര്‍ഡ് പ്രസിഡണ്ട് പദം അലങ്കരിച്ച ടി.എം. മൊയ്തു സാഹിബിന്റെയും മുസ്‌ലിം സ്ത്രീ വിദ്യാഭ്യാസ മുന്നേറ്റത്തിനും പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കുന്നതിനും അക്ഷീണം ശ്രമിച്ച മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെയും സേവനം ശ്ലാഘനീയമാണ്.