36. മുഹമ്മദീയ
വിദ്യാഭ്യാസ സംഘം
ടിവി അബ്ദുറഹിമാന്‍കുട്ടി
മുബൈല്‍ : 9495095336
ആദ്യകാലത്ത് ദക്ഷിണേന്ത്യയില്‍ ചിട്ടയോടെ വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തനം നടത്തിയിരുന്ന പ്രമുഖ മുസ്‌ലിം സംഘടനയാണ് മുഹമ്മദീയ വിദ്യാഭ്യാസ സംഘം പ്രാഥമിക പാഠശാലകളില്‍ നിന്നും മുസ്‌ലിം കുട്ടികളെ വേര്‍തിരിച്ചു പ്രത്യേക എലിമെന്‍ററി സ്‌കൂളുകള്‍ സ്ഥാപിച്ച് മുസ്‌ലിം ഇന്‍സ്പക്ടര്‍മാരുടെ കീഴിലാക്കുക, മുസ്‌ലിം സബ് അസിസ്റ്റന്‍റ് ഇന്‍സ്‌പെക്ടര്‍മാരേയും, സൂപര്‍വൈസര്‍മാരേയും കൂടുതല്‍ നിയമിക്കുക, മുസ്‌ലിം ട്രൈയിനിംഗ് സ്‌ക്കൂളുകള്‍ സ്ഥാപിക്കുക, പ്രാഥമിക പാഠശാലകളുടെ എണ്ണം വര്‍ദ്ധപ്പിക്കുക, മുസ്‌ലിം പാഠശാലകള്‍ക്ക് പുസ്തകങ്ങള്‍ രചിക്കുന്നതിന് പാരിതോഷികം നല്‍കുക, അറബി പള്ളികൂടങ്ങള്‍ കാലോചിതമായി പരിഷ്‌കരിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള നിവേദനം കേരളീയ മുസ്‌ലിം പ്രതിനിധികള്‍ പ്രസ്തുത വിദ്യാഭ്യാസ സംഘത്തിന് നല്‍കിയിരുന്നു ഈ അഭ്യര്‍ത്ഥന ധൃതഗതിയില്‍ നടപ്പാക്കുന്നതിന് ഗവണ്‍മെന്റില്‍ പ്രേരണ ചെലുത്താന്‍ വിദ്യാഭ്യാസ സംഘം ശ്രമിച്ചു.
ഒരു ഭാഗത്ത് ഇത്തരം ശ്രമങ്ങള്‍ നടന്നുക്കൊണ്ടിരിക്കുമ്പോള്‍ മറു ഭാഗത്ത് ഒന്നാം ലോക മഹായുദ്ധത്തെ തുടര്‍ന്ന് തുര്‍ക്കിയിലും മറ്റു രാജ്യങ്ങളിലും യുദ്ധ കെടുതിയില്‍പ്പെട്ട മുസ്‌ലിം കുടുംബങ്ങള്‍ക്ക് സഹായനിധി സംഭരിക്കുന്നതില്‍ മുസ്‌ലിം സന്നദ്ധ പ്രവര്‍ത്തകര്‍ വ്യാപൃതരായിരുന്നു. ഈ ആവശ്യാര്‍ത്ഥം വക്കം മൗലവി, നടയറ യൂസഫ് ഇബ്രാഹിം സേട്ട് തുടങ്ങിയവര്‍ തിരുവിതാംകൂറിന്‍റെ നാനാ ഭാഗത്തും ഫണ്ട് സ്വരൂപിക്കാന്‍ പര്യടനം നടത്തി. ചിറയന്‍കീഴില്‍ ചേര്‍ന്ന സമ്മേളനത്തില്‍ മൗലവിയുടെയും പത്ര പ്രവര്‍ത്തകനും വാഗ്മിയുമായ ജി. പി. നായരുടേയും ആവേശകരമായ പ്രസംഗങ്ങള്‍ ശ്രവിച്ച മുസ്‌ലിം സ്ത്രീകള്‍ കാതില്‍ അണിഞ്ഞിരുന്ന ആഭരണങ്ങള്‍ അഴിച്ചു സംഭാവന നല്‍കി. കഷ്ടപ്പെടുന്ന മുസ്‌ലിംകളോടുള്ള സഹതാപ സൂചകമായി ഞങ്ങള്‍ മരിക്കുന്നതുവരെ ഞങ്ങളുടെ കാതുകള്‍ ആഭരണ രഹിതമാക്കുമെന്നവര്‍ പ്രതിജ്ഞയും ചെയ്തു. മഞ്ചേരി ഹിദായത്തുല്‍ ഇസ്‌ലാം സഭയും ഊര്‍ജിത ഫണ്ട് ശേഖരണം നടത്തി. സമുദായ ഉദ്ധാരണത്തിന് ശക്തമായി തൂലിക ചലിപ്പിച്ച മലബാര്‍ ഇസ്‌ലാം പത്രത്തിന്‍റെ സര്‍ക്കുലേഷന്‍ വര്‍ദ്ധിച്ചത് ഇക്കാലത്തായിരുന്നു. മുസ്‌ലിം വിദ്യാഭ്യസ രംഗത്ത് സമഗ്ര പരിവര്‍ത്തനം അത്യാവിശ്യമാണെന്ന് ആഗ്രഹിച്ചിരുന്ന ഈ ഘട്ടത്തിലാണ് 1913-ല്‍ ഇന്ത്യാ ഗവര്‍മെന്റ് 57-ാം വകുപ്പനുസരിച്ച് 301-ാം നമ്പറായി സംസ്ഥാന സര്‍ക്കാറുകള്‍ക്ക് മുസ്‌ലിം വിദ്യാഭ്യാസ നയത്തെ സംബന്ധിച്ച് പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചത്.
മുസ്‌ലിംകള്‍ക്ക് വിദ്യാഭ്യാസം നേടാനുള്ള പ്രതിബന്ധങ്ങില്‍ ഒന്ന് ഭാഷയാകുന്നു. സ്‌കൂള്‍ പഠനത്തിന് മുമ്പ് മത പഠനം ഇവര്‍ക്ക് നിര്‍ബന്ധമായതിനാല്‍ .നാടന്‍ പള്ളിക്കൂടങ്ങളില്‍ മത പഠനവും ഖുര്‍ആനും ഉറുദു ഭാഷയും മുന്‍ഗണന നല്‍കി പഠിപ്പിക്കുന്നതോടൊപ്പം വിദ്യാഭ്യാസ നിയമം അനുസരിച്ചുള്ള മറ്റു വിഷയങ്ങളും അഭ്യസിപ്പിക്കുക. മുസ്‌ലിം മത നിബന്ധനയനുസരിച്ച് പാഠ പുസ്തകങ്ങള്‍ രചിക്കുകയും സ്വന്തം സ്‌കൂളുകള്‍ നടത്താന്‍ അനുവാദം നല്‍കുകയും ചെയ്യുക. പ്രത്യേക പാഠപുസ്തകങ്ങള്‍ തയ്യാറാക്കുക, മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ അവരുടെ ഹിതമനുസരിച്ചുള്ള പുസ്തകങ്ങള്‍ അംഗീകരിക്കുക, അദ്ധ്യാപകരേയും, ഇന്‍സ്‌പെകടര്‍മാരേയും മുസ്‌ലിം സമുദായത്തില്‍ നിന്നും നിയമിക്കുക, ദാരിദ്രവും ഭാഷാപരമായ പ്രയാസവും ഉന്നത വിദ്യാഭ്യാസത്തിന് വിഘ്‌നങ്ങള്‍ വരുത്തിയതിനാല്‍ ഉയര്‍ന്ന തരം സ്‌ക്കൂളുകളില്‍ പ്രവേശനവും സാധുക്കളായ മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും നല്‍കി പ്രോല്‍സാഹിപ്പിക്കുക സെനറ്റിലും മറ്റും വിദ്യാഭ്യാസ എജന്‍സികളിലും മതിയായ പ്രാതിനിത്യം നല്‍കുക, ഗേള്‍സ് സ്‌കൂളുകള്‍ സ്ഥാപിക്കുക. തുടങ്ങി മുസ്‌ലീം വിദ്യാഭ്യാസത്തെ പ്രോല്‍സാഹിപ്പിക്കുന്നതിന് ആവശ്യമായ സത്വര നടപടികള്‍ ഉള്‍ക്കൊള്ളിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന ഗവണ്‍മെന്റുകള്‍ നടപടി സ്വീകരിക്കണം ഇവ പ്രയോഗിക തലത്തില്‍ പ്രാവര്‍ത്തികമാക്കേണ്ടതിന് സാധ്യത പഠനം നടത്തി നിലവിലുണ്ടായിരുന്ന വിദ്യാഭ്യാസ രീതിയെ സമൂലം പുനഃക്രമീകരണം നടത്തുന്നതായിരുന്നു ഈ ഉത്തരവ്.
ഇത്രയും ഗൗരവമായി മുസ്‌ലിം വിദ്യാഭ്യാസ രംഗത്ത് അക്കാലത്ത് ബ്രിട്ടീഷ് സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തണമെങ്കില്‍ രാജ്യ വ്യാപകമായിത്തന്നെ സംഘടിതമായി ശബ്ദമുയര്‍ന്നിരിക്കണം. പക്ഷേ, ഇതുകൊണ്ടൊന്നും മുസ്‌ലിംകളില്‍ നൈരാശ്യത്തിനും മാനസിക അസംതൃപ്തിക്കും കാര്യമായ മാറ്റംവന്നില്ല. ബ്രിട്ടീഷ് ഭരണകൂടം നടപ്പിലാക്കിയ ആധുനിക വിദ്യാഭ്യാസത്തോട് മുസ്‌ലിം ഭൂരിപക്ഷം നിസ്സഹകരണം തുടര്‍ന്നു. പൊതു വിദ്യാലയങ്ങളില്‍ മുസ്‌ലിം കുട്ടികളുടെ എണ്ണം നാമ മാത്രമായി തുടര്‍ന്നു. ഭരണകൂടം നടത്തിയ ശ്രമങ്ങള്‍ ഫലം കണ്ടില്ല. വലിയൊരു വിഭാഗം പഴയ നിലപാടില്‍ തന്നെ ഉറച്ചു നിന്നു. ഭൂരിപക്ഷം മുസ്‌ലിംകളും ഇസ്‌ലാമിക വിജ്ഞാനം കൊണ്ടും അറബി മലയാളം കൊണ്ടും മാത്രം തൃപ്തിപ്പെട്ടു. ഇക്കാരണത്താല്‍ മുസ്‌ലിംകള്‍ ആധുനിക വിദ്യഭ്യാസ രംഗത്ത് പിന്തള്ളപ്പെട്ടു.