58. മലപ്പുറം ജില്ലയും വിദ്യാഭ്യാസ പുരോഗതിയും

58. മലപ്പുറം ജില്ലയും  വിദ്യാഭ്യാസ പുരോഗതിയും




ടിവിഅബ്ദുറഹിമാന്‍കുട്ടി

മൊബൈല്‍. 9495095336


        കാവനൂരിലെ അന്തരിച്ച ചേലക്കാടന്‍ ആയിഷ ഉമ്മ 1998 എപ്രില്‍ 18ന് കേരളം സമ്പൂര്‍ണ്ണ സാക്ഷരതാ സംസ്ഥാനമായി പ്രഖ്യാപിച്ചു. 2011 ലെ സെന്‍സസ് അനുസരിച്ച് ഇന്ത്യയില്‍ സാക്ഷരത കൂടിയ സംസ്ഥാനമാണ് കേരളം. മലപ്പുറം ജില്ലയിലാണ് സംസ്ഥാനത്ത് ജനസംഖ്യ കൂടുതലുള്ളത്. (41, 10, 956) മുസ്ലിംകളും സര്‍ക്കാര്‍ സ്കൂളുകളും സ്വകാര്യ അണ്‍ എയിഡഡ് സ്കൂളുകളും ഇപ്പോള്‍ കൂടുതലുള്ളത് ഈ ജില്ലയില്‍ തന്നെ. സാക്ഷരത 93.56, പുരുഷ സാക്ഷരത 95.78, സ്ത്രീ സാക്ഷരത 91.55 ഇത് സംസ്ഥാന സാക്ഷരത നിരക്കിനെക്കാള്‍ 0.36, 0.24, 0.33 എന്നീ ക്രമത്തില്‍ കുറവാണ്. 2011 ലെ എസ് എസ് എല്‍ സി പരീക്ഷയില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കുട്ടികള്‍ ഉപരി പഠന യോഗ്യത നേടിയ ഇവിടെ ജില്ലയുടെ വിജയം 88.52 ശതമാനമാണ്. ഇത് മുന്‍കാലത്തെക്കാള്‍ മികച്ച വിജയമാണ്. 2001 ലെ 33.24 ശതമാനത്തില്‍ നിന്ന് ഈ വിജയത്തിലേക്ക് കുതിച്ചുചാട്ടത്തിന് മുഖ്യകാരണം ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ച വിജയഭേരി പദ്ധതിയും മികച്ച ആസൂത്രണവും വിദ്യാഭ്യാസ പ്രവര്‍ത്തകരുടെ കൂട്ടായ്മയും കഠിനാദ്ധ്വനവുമാണ്.

  മിക്കപ്പോഴും സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കുട്ടികളെ പരീക്ഷക്കിരുത്തിയാണ് മികച്ച വിജയം നേടുന്നത്.2007 ല്‍ സംസ്ഥാനത്തെ എഞ്ചിനീയറിംഗ് എന്‍ട്രന്‍സില്‍ ജില്ലയിലെ ഒതുക്കുങ്ങല്‍ മറ്റത്തൂരിലെ ഇസ്ഹാഖ്  അലിയും 2011 ല്‍ ഈ പ്രദേശത്തെ വി.ഇര്‍ഫാന്‍ മെഡിസിന്‍ എന്‍ട്രന്‍സില്‍   ഒന്നാം റാങ്കും ജാഫര്‍ എന്‍ജിനീയറിംഗ് എന്‍ട്രന്‍സില്‍ രണ്ടാം റാങ്കും നേടി ജില്ലക്ക് അഭിമാനമായി. 2010 ലെ മെഡിസിന്‍ എന്‍ട്രന്‍സില്‍ നാലാം റാങ്ക് നേടിയ കെ വിഷ്ണു ഈ ജില്ലയിലെ ചാപ്പനങ്ങാടി സ്വദേശിയും ഇന്ത്യന്‍ എക്ണോമിക്സ് സര്‍വ്വീസില്‍ മൂന്നാം റാങ്കുകാരനായ ആഷിക്ക് തിരൂര്‍ മുത്തൂര്‍ സ്വദേശിയുമാണ്. ഐ എ എസിന് സെലക്ഷന്‍ ലഭിച്ച മുഹമ്മദലി ഷിഹാബും യതീംഖാന സ്ക്കൂളുകളില്‍ പഠിച്ച് മെഡിക്കല്‍ എന്‍ട്രന്‍സില്‍ 23-ാം റാങ്ക് നേടിയ കൂട്ടിലങ്ങാടി സ്വദേശി അബ്ദുസലാമും തുടങ്ങി പ്രാരാബ്ധം നിറഞ്ഞ കുടുംബങ്ങളില്‍ നിന്ന് ഉദിച്ചുയര്‍ന്ന താരങ്ങള്‍ പലരും  കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ജില്ലക്ക് റാങ്കിന്‍റെ സുവര്‍ണ തിളക്കം നല്‍കിയിട്ടുണ്ട്. 

        തുടര്‍ വര്‍ഷങ്ങളിലും വിവിധ വിഷങ്ങളില്‍ ഉന്നത മാര്‍ക്കോടെയുള്ള വിജയം പൂര്‍വ്വോപരി മെച്ചപ്പെടുത്തി. അക്ഷയ കമ്പ്യൂട്ടര്‍ സാക്ഷരതാ പദ്ധതിക്ക് ആരംഭം കുറിച്ച ഈ ജില്ലയിലാണ് കേരളത്തിലെ ആദ്യത്തെ അക്ഷയ കേന്ദ്രം സ്ഥാപിതമായ പള്ളിക്കല്‍ പഞ്ചായത്തും ഇന്ത്യയിലെ ആദ്യത്തെ കമ്പ്യൂട്ടര്‍ സാക്ഷരതാ ഗ്രാമമായ നിളാ തീരത്തെ ചമ്രവട്ടവും സ്ഥിതിചെയ്യുന്നത്. 1967 ന് ശേഷം എറ്റവും കൂടുതല്‍ വിദ്യാഭ്യാസ മന്ത്രിമാരുണ്ടായത് ഈ ജില്ലയില്‍ നിന്നാണ്. കേരളത്തില്‍ കൂടുതല്‍ യൂനിവേഴ്സിറ്റിയുള്ള ജില്ലയായി ഇത് മാറും. 2013 ല്‍ എഞ്ചിനിയറിംഗ്, മെഡിസിന്‍ തുടങ്ങിയ ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് പ്രവേശനം ലഭിച്ചവരില്‍ ജില്ലക്ക് മുഖ്യ സ്ഥാനമുണ്ട്. 2013 ല്‍ കേരളത്തില്‍ നിന്ന് ഐ എ എസിന് സെലക്ഷന്‍ ലഭിച്ച ഏക മുസ്ലിം ഡോ. അനീസ് ഈ ജില്ലക്കാരനാണ്.