49. ശരീഅത്ത് കോളേജുകള്‍
ടിവി അബ്ദുറഹിമാന്‍കുട്ടി
മൊബൈല്‍ . 9495095336
ദര്‍സ് സമ്പ്രദായം പരിഷ്‌കരിച്ച് സ്വാതന്ത്ര്യത്തിന് മുമ്പ് ചില കലാലയങ്ങള്‍ സ്ഥാപിതമായിരുന്നു. ചാലിലകത്ത് കുഞ്ഞി മുഹമ്മദാജിയുടെ നേതൃത്വത്തില്‍ വാഴക്കാട്ടെ ദാറൂല്‍ ഉലൂം പാങ്ങില്‍ അഹമ്മദ് കുട്ടി മുസ്‌ലിയാരുടെ നേതൃത്വത്തില്‍ 1924 ല്‍ സ്ഥാപിതമായ താനൂരിലെ ഇസ്‌ലാഹുല്‍ ഉലൂം ദര്‍സ്സ് കോളേജ് തുടങ്ങിയവ പ്രഥമ ഗണനീയമാണ്. സ്വാതന്ത്ര്യാനന്തരം ഇതേ രീതിയിലുള്ള സ്ഥാപനങ്ങള്‍ പലയിടത്തും ഉയര്‍ന്ന് വന്നു. പ്രശസ്തകലാലയങ്ങളായ പൊന്നാനി മഊനത്തുല്‍ ഇസ്‌ലാം(മുഖ്തസര്‍)അറബി കോളേജ് 1959ല്‍ വെല്ലൂര്‍ ബാക്കിയാത്തു സ്വാലിഹാത്ത് പ്രിന്‍സിപ്പാള്‍ ശൈഖ് ആദം ഹസ്രത്ത് സൂറത്തുല്‍ അഹ്‌സാബിലെ “ഇന്നാ അര്‍ള്‌നല്‍ അമാനത്ത”എന്ന 72-ാം സൂക്തം ഓതി കൊടുത്താണ് ഉദ്ഘാടനം നിര്‍വഹിച്ചത്. പുതുപൊന്നാനി ഖാസി മൊയ്തു മുസ്‌ലിയാരും മകന്‍ മുഹമ്മദ്കുട്ടി മുസ്‌ലിയാരും പ്രഥമ ശിഷ്യ സ്ഥാനീയരായി. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, നാട്ടിക മൂസ മുസ്‌ലിയാര്‍ തുടങ്ങി പല പ്രഗത്ഭരും ഇവിടത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്. സ്ഥാപനം പിന്നീട് ചെമ്മാട് ദാറുല്‍ ഹുദയോട് അഫിലിയേറ്റ് ചെയ്തു.
ധനാഢ്യനും ഉദാര മനസ്‌ക്കനുമായ ബാപ്പു ഹാജിയുടെ സാമ്പത്തിക പിന്‍ബലത്തോടെ 1963 മാര്‍ച്ച് 18ന് ഖുത്വുബി മുഹമ്മദ് മുസ്‌ല്യാര്‍ ശാഫി മദ്ഹബിലെ പ്രമുഖ കര്‍മ്മ ശാസ്ത്ര ഗ്രന്ഥമായ തുഹ്ഫതുല്‍ മുഹ്താജീനില്‍ നിന്ന് ഏതാനും വരികള്‍ ചൊല്ലി കൊടുത്ത് പഠനം ആരംഭിച്ച പട്ടിക്കാട് ജാമിയ്യ നൂരിയ്യ (മുതവ്വല്‍)അറബി കോളേജ് 1964 നവംമ്പര്‍ 12 ന് വിപുലമായ സൗകര്യങ്ങളോടെ പുതിയ കെട്ടിടത്തിലേക്ക് മാറ്റി. ഇവിടത്തെ ഫൈസി വിരുദ്ധം അലിഗര്‍ യൂനിവേഴ്‌സിറ്റി തുടങ്ങി സര്‍വകലാശാലകള്‍ ഗ്രാജുവേഷന്‍ കോഴ്‌സിന് തുല്ല്യമാക്കിയിട്ടുണ്ട്. കോളേജിന് കീഴില്‍ വിവിധ പ്രദേശങ്ങളില്‍ അമ്പതിലധികം ജൂനിയര്‍ കോളേജുകള്‍ ഇപ്പോഴുണ്ട്. വിവിധ മത സംഘടനകളുടെ കീഴില്‍ പല പ്രദേശങ്ങളിലും ഇത്തരം കലാലയങ്ങള്‍ സ്തുത്യര്‍ഹ്യമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നു.