43. വിസ്മരിക്കപ്പെട്ട പരിഷ്‌കര്‍ത്താവ്

 43. വിസ്മരിക്കപ്പെട്ട 
പരിഷ്‌കര്‍ത്താവ്





   

ടിവി അബ്ദുറഹിമാന്‍കുട്ടി

                                                മുബൈല്‍ : 9495095336



    19-ാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധത്തില്‍ ബ്രട്ടീഷ് സര്‍ക്കാറിന്‍റെ ലോക്കല്‍ ഫണ്ടിന്‍റെ കീഴില്‍  നടന്നിരുന്നതും മലബാര്‍ മാനുവലില്‍ പരാമര്‍ശിതവുമായ  ആശുപത്രി റോഡിലെ ടൗണ്‍ ജി എല്‍ പി സ്‌കൂളാണ് പൊന്നാനി നഗരത്തിലെ ആദ്യ വിദ്യാലയം. ബോര്‍ഡ് മാപ്പിള എലിമെന്‍ററി സ്‌കൂളെന്നാണ് അന്നത്തെ പേര്. ഏതാണ്ട് മൂന്ന് പതിറ്റാണ്ടോളം ഇവിടത്തെ ഏക അംഗീകൃത വിദ്യാലയവും ഇതുതന്നെ. വിദ്യാലയത്തിന്‍റെ നവീകരിച്ച പ്രധാന കെട്ടിടം മദ്രാസ് ഗവര്‍മെന്റിന്റെ ഇംഗ്ലീഷുകാരനായ വിദ്യാഭ്യാസ ഡയറക്ടര്‍ 1912 ല്‍ ഉദ്ഘാടനം ചെയ്തു. നഗരത്തിന്‍റെ പ്രാന്തപ്രദേശങ്ങളില്‍ എഴുത്താശാന്‍മാരുടെ കുടിപള്ളികൂടങ്ങള്‍ ഉണ്ടായിരുന്നെങ്കിലും മുസ്‌ലിം കുട്ടികള്‍ അധികവും അവിടെ ചേര്‍ന്നില്ല.  മുസ്‌ലിം കുട്ടികള്‍ക്കുള്ള ഏക ആശ്രയം ഈ സ്‌കൂളായിരുന്നു. ഇന്നിവിടം പൂര്‍ണ്ണ മുസ്‌ലിം പ്രദേശമാണെങ്കിലും അക്കാലത്ത്  അമുസ്‌ലിങ്ങളും വസിച്ചിരുന്നു. അതുകൊണ്ടാവാം അറബിയും ഇസ്‌ലാമിക വിഷയങ്ങളും ഉള്‍പ്പെടാത്ത ജനറല്‍ സിലസ്സനുസരിച്ചുള്ള പാഠ്യ പദ്ധതിയായിരുന്നു ഇവിടെ. ഈ അപര്യാപ്തത കൊണ്ടാവാം നഗരത്തിലെ സാധാരണക്കാരായ മുസ്‌ലിംകള്‍ കുട്ടികളെ ഇവിടെ പഠിപ്പിക്കാന്‍ രക്ഷിതാക്കള്‍ വിമുഖത പ്രകടിപ്പിച്ചത്. 

    ഇതിന് ശാശ്വത പരിഹാരമെന്ന നിലക്ക് ഭൗതീക വിഷയങ്ങളോടൊപ്പം മത പഠനവും അറബി ഭാഷയും ഉള്‍പ്പെടുത്തി. വലിയപള്ളിക്ക് സമീപം തരകന്‍ കോജിനിയകത്ത് തറവാട് അങ്കണത്തിലെ കെട്ടിടത്തില്‍ തഅ്‌ലീമുല്‍ ഇക്‌വാന്‍ മദ്രസ സ്ഥാപിച്ച് കുന്നിക്കലകത്ത് ഉസ്മാന്‍ മാസ്റ്റര്‍(1884-1964) മദ്രസ സ്‌കൂള്‍ പ്രസ്ഥാനത്തിന് ആരംഭം കുറിച്ചു. തുടര്‍ന്ന് ഈ സ്ഥാപനം ടൗണിലെ രായിച്ചിനകം വീടിനടുത്ത മാളിക മുകളിലേക്ക് മാറ്റി. 

    ഇതേ കാലത്ത് മൗലാനാ ചാലിലകത്ത് കുഞ്ഞിമുഹമ്മദ് ഹാജിയുടെ നേതൃത്വത്തില്‍ മദ്രസാ സിലബസ്സ് പരിഷ്‌കരിച്ച് ഏതാനും മദ്രസാ-സ്‌കൂളുകള്‍ നിലവില്‍ വന്നത് . മാസ്റ്ററുടെ സദുദ്ദ്യമത്തിന് കരുത്തേകി. 1914 ആകുമ്പോഴക്കും തഅ്‌ലീമുല്‍ ഇഖ്‌വാന്‍ നാലാം ക്ലാസ് വരെയുള്ള എല്‍.പി. സ്‌കൂളായി രൂപാന്തരപ്പെട്ടു. അധികം താമസിയാതെ മദ്രാസ് സര്‍ക്കാറില്‍ നിന്ന് അംഗീകാരവും ലഭിച്ചു. മാസ്റ്റര്‍ നഗരത്തിലെ മുസ്‌ലിം വീടികളില്‍ ദൈനംദിനം കയറിയിറങ്ങി രക്ഷിതാക്കളെ നിരന്തരം പ്രോല്‍സാഹിപ്പിച്ചാണ് പല കുട്ടികളും സ്‌കൂളില്‍ ചേര്‍ന്നത്. പ്രഥമ വിദ്യാര്‍ത്ഥി വെട്ടംകുഞ്ഞിമാക്കാനകത്ത് മുഹമ്മദാണ്. എന്നിട്ടും ആദ്യത്തില്‍ 209 ആണ്‍കുട്ടികള്‍ മാത്രമേ ചേര്‍ന്നുള്ളൂ. 1918 ല്‍ അഡ്മിഷന്‍ നമ്പര്‍ 210 ആയി ചേര്‍ന്ന കൊങ്ങണം വീട്ടില്‍ പാത്തുമാമ്മകുട്ടിയാണ് പ്രഥമ വിദ്യാര്‍ത്ഥിനി. ഇവരാണ് പൊന്നാനി നഗരത്തിലെ മുസ്‌ലിം വനിതകളില്‍ പ്രഥമ സ്‌കൂള്‍ പഠിതാവ്. 

    തഅലീമുല്‍ ഇക്‌വാന്‍റെ ആരംഭം മുതല്‍ പ്രധാന അദ്ധ്യാപകനായിരുന്ന ഉസ്മാന്‍ മാസ്റ്റര്‍ക്ക് സര്‍ക്കാര്‍ അംഗീകൃത ട്രൈനിങ് യോഗ്യത  ഇല്ലാത്തതിനാല്‍ പ്രസ്തുത പദവി ഒഴിയേണ്ടി വന്നു എന്നിട്ടും  സ്ഥാപനത്തിന്‍റെ സര്‍വ്വതല സ്പര്‍ശിയായ ചാലകശക്തിയായും ജീവനക്കാരനായും തുടര്‍ന്നു. കണ്ണൂരിലെ എ. എന്‍. കോയ കുഞ്ഞി സാഹിബിന്‍റെ മഅദനുല്‍ ഉലും മദ്രസാ സ്‌കൂള്‍  മാസ്റ്റര്‍ സന്ദര്‍ശിച്ച് അവിടത്തെ പാഠ്യപരിഷ്‌ക്കരണം തന്‍റെ വിദ്യാലയത്തിലും നടപ്പില്‍ വരുത്തി. വിദ്യാഭ്യാസ രംഗത്ത് കാലാനുസൃതമായി വന്ന മാറ്റങ്ങള്‍ക്കനുസരിച്ച് സ്ഥാപനം മുന്നോട്ട് പോകുന്നതിന്  സാമ്പത്തിക ബാധ്യത വര്‍ദ്ധിച്ചപ്പോള്‍ അമ്പലത്ത് വീട്ടില്‍ മുഹമ്മദ് പ്രസിഡണ്ടും പി.കെ.അബ്ദുറഹിമാന്‍ കുട്ടി എന്ന ഇമ്പിച്ചി സെക്രട്ടറിയുമായി രൂപീകരിച്ച ജനകീയ കമ്മിറ്റിയെ സ്‌കൂള്‍ ഥരണം ഏല്‍പ്പിച്ചു. ഈ അവസരത്തിലാണ് ഇ.കെ ഇമ്പിച്ചിബാവ, വി.പി.സി തങ്ങള്‍, ചീഫ് എഞ്ചിനീയര്‍ എ. എം. ഉസ്മാന്‍ തുടങ്ങിയ രപല പ്രമുഖരും ഇവിടെ പഠിതാക്കളായിരുന്നു.

    ശൈശവ ദശയിലെ ബാലാരിഷ്ടതകള്‍ പരിഹരിച്ച് സ്ഥാപനം പൂര്‍വ്വോപരി പുരോഗതി പ്രാപിക്കുന്ന അവസരത്തിലാണ് കൈഴുത്ത് ആഘോഷ നടത്തിപ്പുമായി ബന്ധപ്പെട്ട് സ്‌കൂള്‍ കമ്മിറ്റിയുമായി ഉണ്ടായ അസ്വാരസ്യം കാരണം 1927 ല്‍ മാസ്റ്റര്‍ക്ക് തഅലീമുല്‍ ഇക്ക്‌വാനോട് വിട പറയേണ്ടി വന്നത്. തുടര്‍ന്ന് അദ്ദേഹം തിരൂരിനടുത്ത വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന തീര പ്രദേശമായ പറവണ്ണയിലും കൂട്ടായിയിലും സ്‌കൂളുകള്‍ സ്ഥാപിച്ചു. കൂട്ടായ്‌യിലെ മദ്രസതുല്‍ ഇഖ്‌വാന്‍ സ്‌കൂള്‍ ഈയടുത്ത കാലത്ത് സുലൈമാന്‍ ഹാജി മെമ്മോറിയല്‍ സ്‌കൂളെന്ന് പൂനര്‍ നാമകരണം ചെയ്തത്. 

    1931 ല്‍ ഇന്നത്തെ മെയിന്‍ കെട്ടിടത്തിലേക്ക് മാറ്റിയ തഅലീമുല്‍ ഇഖ്‌വാന്‍ വിദ്യാലയം തഅലീമുല്‍ ഇഖ്‌വാന്‍ മദ്രസ്സ ഹയര്‍ എലിമെന്‍റററി സ്‌കൂള്‍ (ടി.ഐ.മദ്രസ്സ എച്ച്.ഇ.സ്‌കൂള്‍) എന്നാണ് അറിയപ്പെട്ടിരുന്നത്. തുടര്‍ന്നാണ് കെ.വി ഇബ്രാഹിം കുട്ടി മാസ്റ്റര്‍, എ. അബൂബക്കര്‍ മാസ്റ്റര്‍ പ്രധാന അദ്ധ്യാപകരായി തിളങ്ങിയത്. 

    വീണ്ടും പൊന്നാനിയില്‍ തന്നെ സജീവമായ ഉസ്മാന്‍ മാസ്റ്റര്‍ 1930 ല്‍ പൊന്നാനി മഊനത്തല്‍ ഇസ്‌ലാം സഭയ്ക്ക് സമീപം മദ്രസത്തുല്‍ ഉസ്മാനിയ സ്ഥാപിച്ചു. ക്രമാനുഗതമായ പ്രവര്‍ത്തനത്താല്‍ 1932 ല്‍  മദ്രാസ് സര്‍ക്കാരില്‍ നിന്ന് അംഗീകാരം ലഭിച്ചു.പ്രഥമ വിദ്യാര്‍ത്ഥി അവറാന്‍ കുട്ടി മുസിലിയാരകത്ത് അബു സാലിഹ് ആണ്.  മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് അറബിയല്ലാത്ത എഴുത്ത് പഠിപ്പിക്കല്‍ കറാഹത്ത്(അനഭിലഷണീയം) ആണെന്നും ഹറാം(നിരോധിക്കപ്പെട്ടത്) ആണെന്നും ഖൗല്‍(അഭിപ്രായം) ഉള്ളതിനാല്‍ പെണ്‍കുട്ടികള്‍ക്ക് എഴുത്ത് പഠപ്പിക്കാന്‍ പാടില്ലാത്തതാകുന്നു എന്നൊരു മത വിധി(ഫത്‌വാ) 1930 കളില്‍ മുസ്‌ലിംകള്‍ക്കിടയില്‍ സജീവ ചര്‍ച്ചക്ക് വിധേയമായിരുന്നു. ഈ  അവസരത്തിലാണ് മാസ്റ്റര്‍ സ്വന്തം മകള്‍ ബീവിയെ മദ്രസത്തുല്‍ ഉസ്മാനീയായില്‍ പ്രഥമ വിദ്യാര്‍ത്ഥിനിയായി ചേര്‍ത്ത് പ്രദേശത്തിന് മാതൃകയായത്.

    അക്കാലത്ത് സ്‌കൂള്‍ പഠനത്തിന് പോകുന്ന മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് പലയിടത്തും അധിക്ഷേപവും പരിഹാസവും സഹിക്കേണ്ടി വന്നിരുന്നു. ഒരു ഗ്രാമീണ മുസ്‌ലിം പെണ്‍കുട്ടി അനുഭവിക്കേണ്ടി വന്ന യാതന വിവരിക്കുന്നത് നോക്കൂ:

    'എന്‍റെ ബാപ്പ ഖത്തീബും ഇമാമുമായിരുന്നു. വീടിനടുത്തുള്ള ഒരു ഹൈന്ദവ മാനേജ്‌മെന്‍റിന് കീഴിലുള്ള സ്‌കൂളില്‍ അദ്ദേഹം എന്നെ ചേര്‍ത്തു. ഖത്തീബിന്‍റെ മകള്‍ സ്‌കൂളില്‍ പഠിക്കുന്നതിന് ശക്തമായ എതിര്‍പ്പ് വന്നതിനാല്‍  ഞാന്‍ തല്‍ക്കാലം പഠനം നിറുത്തി. തുടര്‍  പഠനത്തോടുള്ള ആഗ്രഹത്താല്‍ പിന്നെ ഒളിഞ്ഞും മറിഞ്ഞും സ്‌കൂളില്‍ പോക്ക് പുനരാരംഭിച്ചു. സ്‌കൂള്‍ വീടിനടുത്തായിരുന്നുവെങ്കിലും വിമര്‍ശകര്‍  കാണാതിരിക്കാന്‍ വളഞ്ഞ വഴിയിലൂടെ ഒരു പുഴ കടന്ന് രണ്ടു മൂന്ന് ഫര്‍ലോങ്ങ് യാത്ര ചെയ്ത് സ്‌കൂളിന്‍റെ പിന്നിലൂടെ ക്ലാസില്‍ ഹാജരാവും  'നമസ്‌കാരത്തില്‍ വെളിവാകുന്ന ഭാഗങ്ങള്‍ മാത്രം വെളിവാക്കി വസ്ത്രം ധരിച്ച് സ്‌കൂളില്‍ പോകുമ്പോള്‍ എന്നെ 'കോത്തായി' (ഉരിഞ്ഞിട്ടവള്‍) എന്ന് വിളിച്ചു കുട്ടികള്‍ കളിയാക്കും. അതിലിടക്ക് സ്‌കൂളിന്റെ വാര്‍ഷികം വന്നു. ഞാന്‍ ഒരു ഇംഗ്ലീഷ് പ്രസംഗം നടത്തിയതിനാല്‍ എതിര്‍പ്പ് അതി രൂക്ഷമായി അവസാനം ഒരു പണ്ഡിതന്റെ മതവിധി വാങ്ങി. എന്റെ ബാപ്പയെ പള്ളിയില്‍ നിന്ന് പുറത്താക്കി……' 

    ഇത്രയും രൂക്ഷമായ എതിര്‍പ്പ് പൊന്നാനിയില്‍ ഇല്ലായിരുന്നുവെങ്കിലും ചോക്ക് കൊണ്ട് ബ്ലാക്ക് ബോര്‍ഡില്‍ ദീനി പാഠ ഭാഗങ്ങള്‍ പഠനത്തിനായി എഴുതുന്ന സമയത്ത് ചോക്ക് പൊടി നിലത്ത് വീഴല്‍ അനഭിലക്ഷണീയമാണെന്ന് കരുതപ്പെട്ടിരുന്ന അക്കാലത്ത് പഠന പരിഷ്‌കാരങ്ങള്‍ പ്രാവര്‍ത്തികമാക്കിയതു കാരണം പലരില്‍ നിന്നും  കടുത്ത എതിര്‍പ്പും ത്യാഗവും മാസ്റ്റര്‍ സഹിക്കേണ്ടി വന്നു. മദ്രസ സ്‌കൂള്‍ പ്രസ്ഥാനത്തിന്റെ കടുത്ത വിമര്‍ശകരില്‍ നിന്ന് ഒരവസരത്തില്‍ പൊന്നാനി വലിയപള്ളിയുടെ പടിപ്പുരയില്‍ വെച്ചു കല്ലേറും ഏല്‍ക്കേണ്ടി വന്നു. തുടര്‍ന്ന് വന്ന പ്രതിസന്ധികളില്‍ അദ്ദേഹത്തിന് ഒരു കൈത്താങ്ങായി പ്രവര്‍ത്തിച്ചത് സഭ അസിസ്റ്റന്‍റ് മാനേജര്‍ കെ.എം. നൂറുദ്ധീന്‍ കുട്ടിയായിരുന്നു. ഏതാനും വര്‍ഷം മദ്രസത്തുല്‍ ഉസ്മാനിയ സ്‌കൂളിന്‍റെ മാനേജര്‍ സ്ഥാനവും ഇദ്ദേഹം വഹിക്കേണ്ടി വന്നു.

    വിദ്യാഭ്യാസരംഗത്ത് ആരംഭം മുതല്‍ ഉസ്മാന്‍ മാസ്റ്ററെ പ്രോല്‍സാഹിപ്പിച്ച സഭ പ്രസിഡന്‍റ് ഖാന്‍ സാഹിബ് വി ആറ്റകോയ തങ്ങളുടെ തീവ്രശ്രമത്താല്‍ ഈ വിദ്യാലയം 1941 ല്‍ സഭ എറ്റെടുത്ത് എം. ഐ. യു. പി. സ്‌ക്കൂളെന്ന് നാമകരണം ചെയ്തു. എന്നിട്ടും വര്‍ഷങ്ങളോളം ഉദുമാന്‍ സാറിന്‍റെ സ്‌കൂള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്.

    പൊന്നാനി നഗരത്തിലെ സാധാരണക്കാരില്‍ പലര്‍ക്കും അക്കാലത്ത് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം അപ്രാപ്യമായിരുന്നു വെന്ന് തന്നെ പറയാം. ഇക്കാരണത്താല്‍ ശാരീരികവും മാനസികവും ബൗദ്ധികവുമായ വ്യക്തിത്വ വികസനത്തിന്‍റെ നിര്‍ണ്ണായക ഘടകമായ സെക്കണ്ടറി വിദ്യാഭ്യാസം പൊന്നാനി കനോലികനാലിന്‍റെ പടിഞ്ഞാറ് ഭാഗത്ത് പ്രയാസമായി. ഈ പ്രദേശത്ത് നിന്ന് ഹൈസ്‌കൂളില്‍ പ്രവേശനം ലഭിച്ചവര്‍ക്ക് തന്നെ അര്‍ഹമായ പരിഗണനയും കിട്ടിയിരുന്നില്ല. ഇതെല്ലാം സഹിച്ച് ഒഴുക്കിനെതിരെ നീന്തി മറുകര പറ്റിയവരെ വിസ്മരിക്കുന്നില്ല. ഈ ന്യൂനതകള്‍ക്ക് ശാശ്വത പരിഹാരമെന്ന നിലക്ക് ആധുനിക വിദ്യാഭ്യാസം കൂടി ഉണ്ടായാല്‍ മാത്രമേ സമുദായം പ്രബുദ്ധമാകു എന്ന് ഗ്രഹിച്ച പ്രസിദ്ധരും പ്രാമാണികരുമായ സഭാ ഭാരവാഹികളും സുമനസ്സുകളായ സമുദായ നേതാക്കളും സെക്കണ്ടറി വിദ്യാഭ്യാസം മുഖ്യ വിഷയമായി എടുത്ത് സജീവ ചര്‍ച്ചകള്‍ സംഘടിപ്പിച്ചു.  സ്ഥാപനം 1945ല്‍ ഹൈസ്‌കൂളായി അപ്‌ഗ്രെഡ് ചെയ്യാന്‍ ശ്രമങ്ങള്‍ ആരംഭിച്ചു. സഭയുടെ പാരമ്പര്യവും കീഴ് വഴക്കങ്ങളും അനുകൂലമായിരുന്നില്ല. സഭാ ഫണ്ട് ഈ രംഗത്ത് വിനിയോഗിക്കാന്‍ പറ്റുമോ എന്ന വിഷയത്തില്‍ ഉലമാക്കളും ഉറമാക്കളും സഭ മാനേജിംഗ് കമ്മിറ്റിയും തമ്മില്‍ വീണ്ടും  സജീവ ചര്‍ച്ചകള്‍ നടന്നു. ഒടുവില്‍ ആരംഭക്കാലത്ത് സ്‌കൂളിന്‍റെ ചില ക്ലാസുകള്‍ പ്രവര്‍ത്തിച്ചിരുന്ന വെട്ടം പോക്കിരിയകം തറവാടിന്‍റെ പള്ളി ചരുവില്‍ കെ. എം. സീതി സാഹിബ്, വി. പി. സി. തങ്ങള്‍, കെ. എം. കുഞ്ഞി മുഹമ്മദാജി, സി. ഹംസ സാഹിബ് തുടങ്ങിയവരുടെ അനൗദ്യോഗിക ചര്‍ച്ചയെ തുടര്‍ന്ന് സഭാ റിസീവര്‍മാരോട് സ്‌കൂളിന് വേണ്ടി  പ്രത്യേക ഫണ്ട് പോലും സ്വരൂപിക്കാന്‍ നിര്‍ദേശിച്ചു. 

    ജസ്റ്റിസ് കുഞ്ഞി അഹമ്മദ് കുട്ടി ഹാജി തുടങ്ങി ഒരു പറ്റം  വിദ്യാ തല്‍പരരുടെ സജീവ കൂട്ടായ്മയാല്‍ ഒരു ദേശത്തിന്‍റെ വൈജ്ഞാനിക സാക്ഷാത്ക്കാരമെന്ന നിലക്ക് 1947 ല്‍ തേഡ് ഫോറം ആരംഭിച്ച് മിഡില്‍ സ്‌ക്കൂളായി ഉയര്‍ത്തി സെക്കണ്ടറി വിദ്യാഭ്യാസത്തിന് ആരംഭം കുറിച്ചു. മദ്രാസ് അസംബ്ലി പ്രതിപക്ഷ നേതാവായിരുന്ന ഖാഇദെമില്ലത്ത് മുഹമ്മദ്ഇസ്മാഈല്‍ സാഹിബാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. പ്രഥമ ഹെഡ്മാസ്റ്റര്‍ സൂര്യനാരായണ അയ്യരായിരുന്നു. 1948 ല്‍ ചാവക്കാട് സ്വദേശി അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍ ഹെഡ്മാസ്റ്ററായി ചാര്‍ജ്ജെടുത്തത് മുതലാണ് സ്‌കൂള്‍ ക്രമാനുഗതമായി പാഠ്യ പാഠ്യേതര രംഗത്ത് പുരോഗതി പ്രാപിച്ചത്. എം.ഐ.യു.പി സ്‌കൂളില്‍ തുടക്കം കുറിച്ച ഹൈസ്‌കൂള്‍ വിഭാഗം 1950 ല്‍ ഇന്ന് സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി. തുടര്‍ന്ന് ഹയര്‍ സെക്കണ്ടറി ആയി ഉയര്‍ത്തപ്പെട്ട ഈ സ്ഥാപനം 1995/96 വര്‍ഷങ്ങളില്‍ ഗേള്‍സ് ബോയ്‌സ് എന്നീ രണ്ട് ഹയര്‍ സെക്കണ്ടറി സ്‌കൂളുകളായി വിഭജിക്കപ്പെട്ടു.

    വിവിധ മേഖലകളില്‍ പാദമുദ്ര ചാര്‍ത്തിയ ഉസ്മാന്‍ മാസ്റ്റര്‍ നല്ലൊരു ഗായകനും ഗാനരചയിതാവുമായിരുന്നു.അദ്ദേഹം ചിട്ടപ്പെടുത്തിയെടുത്ത 'മൗത്തള' എന്ന മാപ്പിള കലാരൂപം വിവിധ കല്യാണ സദസ്സുകളിലും മറ്റും അവതരിപ്പിച്ചും  ആഴ്ച്ചതോറും ആകാശവാണിയില്‍ മാപ്പിള പാട്ടുകളും   ലളിതഗാനങ്ങളും ആലപിച്ച് ശ്രോതാക്കളുടെ പ്രശംസ പിടിച്ചു പറ്റി. 

    പ്രശസ്ത സംഗീത സംവിധായകരായ ബാബുരാജ്, രാഘവന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ അദ്ദേഹത്തിന്‍റെ പ്രതിഭയെ വാഴ്ത്തിയിട്ടുണ്ട്. മാസ്റ്റര്‍ക്ക് പല രചനകള്‍ ഉണ്ടെങ്കിലും തഖ്‌രീബുസ്വിബിയാന്‍ എന്ന കൃതി  മലബാറിലെ ആദ്യകാല ശിശു പാഠ പുസ്തകങ്ങളില്‍ പെടും കേരളാ മുസ്‌ലിം ചരിത്രം അര്‍ഹമായ അംഗീകാരം നല്‍കാന്‍ വിസ്മരിച്ച പരിഷ്‌കര്‍ത്താവാണ് ഉസ്മാന്‍ മാസ്റ്റര്‍.