3. സാമൂതിരിയും മുസ്ലിംകളും
ടിവി അബ്ദുറഹിമാന്‍കുട്ടി
മൊബൈല്‍. 9495095336
13-ാം നൂറ്റാണ്ടില്‍ കോഴിക്കോട് ആസ്ഥാനമായി ഭരണമാരംഭിച്ച സാമൂതിരിമാര്‍ മുസ്ലിംകള്‍ക്ക് അര്‍ഹമായ അംഗീകാരവും പ്രോല്‍സാഹനവും നല്‍കി. പറങ്കികളുടെ കുതന്ത്രം സാമൂതിരിയില്‍ ചെലുത്തുന്നതുവരെ വിദേശ വ്യാപാരങ്ങളുടെ കുത്തക മുസ്ലിംകളുടെ നിയന്ത്രണത്തിലായിരുന്നു. സാമൂതിരിരാജ്യത്തിന്‍റെ ഐശ്വര്യത്തിന് മുഖ്യ കാരണം മുസ്ലിംകള്‍ നല്‍കിയ നിഷ്കളങ്കമായ പിന്തുണയായിരുന്നു. കോഴിക്കോടിന് ആഗോള തലത്തില്‍ സത്യത്തിന്‍റെ തുറുമഖമെന്ന ഖ്യാതി നേടാന്‍ ഇത് കാരണമായി. തുറമുഖാധിപനായി നിയമിച്ചിരുന്ന മുസ്ലിം വര്‍ത്തക പ്രമുഖന്‍ ഷാബന്ദര്‍ കോയക്ക് നായര്‍ മാടമ്പിമാര്‍ക്ക് നല്‍കിയിരുന്നതുപോലെ എല്ലാ പദവികളും നല്‍കി ആദരിച്ചു. നഗരത്തിലെ മുസ്ലിംകളുടെ നിയന്ത്രണവും മാമാങ്ക മഹോത്സവത്തില്‍ നിലപാട് തറയില്‍ സാമൂതിരിയുടെ ഇടത് വശത്ത് നില്‍ക്കുവാനുള്ള അവകാശവും അദ്ദേഹത്തിനായിരുന്നു. മാമാങ്കത്തിന്‍റെ രക്ഷാപുരുഷ സ്ഥാനം സാമൂതിരിക്ക് ലഭ്യമാക്കുന്നതില്‍ ഷാഹ്ബന്ദര്‍ കോയ നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നു.
സാമൂതിരിയുടെ കെട്ടിച്ചെഴുന്നള്ളത്ത് സമയത്ത് പല്ലക്കില്‍ കയറി വലത് ഭാഗത്ത് ഒരുമിച്ച് പോകാനും രാജകീയ ചടങ്ങായ അരിയിട്ട് വാഴ്ചയുടെ ഘോഷയാത്ര കല്ലായിപ്പുഴ കടക്കുന്ന സമയത്ത് വടക്കെ കരയില്‍ സാമൂതിരിയെ സ്വീകരിക്കുന്നവരുടെ കൂടെ ഷാഹ്ബന്ദര്‍ കോയ, കോഴിക്കോട് ഖാസി, മരക്കാര്‍, പള്ളി മുസ്ലിയാര്‍ തുടങ്ങിയവര്‍ അകമ്പടി സേവകരായിരിക്കണം. ഭഗവതിയുടെ വാളേന്തുന്ന നമ്പൂതിരിയെ കൂടാതെ മക്കത്ത് പോയ പെരുമാളുടെ വാളേന്തുന്ന യോദ്ധാവ് കൂടി വേണമെന്നാണ് കീഴ്വഴക്കം. കോയക്കുള്ളത് പോലെയുള്ള പല അധികാരാവകാശങ്ങളും കോഴിക്കോട് ഖാസിക്കുമുണ്ടായിരുന്നു. സാമൂതിരിയുടെ ഉപദേശകരായിരുന്ന പൊന്നാനിയിലെ ആദ്യകാല മഖ്ദൂമുകള്‍ക്കും ഭരണത്തില്‍ നിര്‍ണ്ണായക സ്വാധീനമുണ്ടായിരുന്നു.
ചരിത്ര പണ്ഡിതന്‍ പ്രൊഫ: ആര്‍ണോള്‍ഡ് പറയുന്നതു നോക്കൂ. തന്‍റെ രാജ്യത്തെ മീന്‍ പിടുത്തക്കാരുടെ കുടുംബങ്ങളിലെ ഒന്നോ അതിലധികമോ ആണ്‍ സന്തതികളെ മുസ്ലിംകളായി വളര്‍ത്തികൊണ്ട് വരേണ്ടതാണെന്ന് സാമൂതിരി കല്‍പ്പിച്ചു. ഈ പുതിയ സന്തതികളാണ് പിന്നീട് പുതു ഇസ്ലാമീങ്ങള്‍ എന്ന് വിളിച്ചുവരുന്ന മത്സ്യത്താഴിലാളികളില്‍ ഒരു വിഭാഗമായി മാറിയത്. തന്‍റെ നാവിക മേല്‍ക്കോയ്മ വളര്‍ത്താന്‍ കൂടിയാണ് മുസ്ലിംകളില്‍ ഈ പുതിയ വര്‍ഗ്ഗത്തെ സാമൂതിരി സൃഷ്ടിച്ചത്.
മുസ്ലിംകളെ പ്രോത്സാഹിപ്പിക്കാനായി രാജ്യത്തിലെ സകലവിധ കയിറ്റിറക്കുകച്ചവടം നടത്താനുള്ള പൂര്‍ണ്ണാവകാശവും മതാനുഷ്ഠാന സ്വാതന്ത്ര്യവും നാട്ടുകാരെ ഇഷ്ടമുണ്ടെങ്കില്‍ മതത്തില്‍ ചേര്‍ക്കാനുള്ള അവകാശവും നാട്ടു സ്ത്രീകളെ വിവാഹം ചെയ്യാനുള്ള അനുവാദവും സാമൂതിരി മുസ്ലിംകള്‍ക്ക് കല്പിച്ച് കൊടുത്തു.
ചരിത്ര പണ്ഡിതനായ ഡോ. താരാചന്ദ് ഇങ്ങനെ എഴുതി 'ഒരു നമ്പൂതിരിയുടെ അരികില്‍ ഇരിക്കാനുള്ള അവകാശം ഒരു മുസല്‍മാനുണ്ടായിരുന്നു. ഒരു നായര്‍ക്കുണ്ടായിരുന്നില്ല. മാപ്പിളമാരുടെ മതനേതാവായ ഖാസിക്ക് സാമൂതിരിയോടൊപ്പം പല്ലക്കില്‍ യാത്ര ചെയ്യാനും അവകാശമുണ്ടായിരുന്നു. സാമൂതിരിയുടെ സാമ്രാജ്യത്തിലാകമാനം മുസ്ലിംകളുടെ സ്വാധീനം വ്യാപിച്ചിരുന്നു.
ഈ ഔദാര്യം മുസ്ലിംകളുടെ സമ്പദ്ഘടനയില്‍ സാരമായ വര്‍ദ്ധനവിനിടയാക്കി. സാമൂതിരിയുടെ ആനുകൂല്യങ്ങള്‍ അറിയപ്പെടാന്‍ തുടങ്ങിയതോടെ കൂടുതല്‍ കച്ചവടസംഘങ്ങള്‍ ഈ തീരത്തേക്ക് പ്രവഹിക്കാനും തുടങ്ങി. അവരോടൊപ്പം മതപ്രചാരണ സംരംഭങ്ങളും പുഷ്ടിപ്രാപിച്ചു.
കാലവര്‍ഷം കഴിയുന്നതുവരെ ഇവിടെ തങ്ങേണ്ടിവന്ന അറബികള്‍ക്കും നവമുസ്ലിംകള്‍ക്കും പുതിയ സങ്കേതങ്ങളും ആരാധനാലയങ്ങളും വൈവാഹിക ബന്ധങ്ങളും ആവശ്യമായിരുന്നുവെന്ന് പറഞ്ഞുവല്ലൊ. കോഴിക്കോട്ടെ അമ്പാടി കോവിലകം, വലിയ കോവിലകം, ചെറിയ കോവിലകം, ഏറമ്പിറ കോവിലകം, പടിഞ്ഞാറെ കോവിലകം, കിഴക്കെ കോവിലകം, കുറ്റിച്ചിറ തമ്പുരാട്ടി ഇല്ലം തുടങ്ങിയ എട്ടോളം കോവിലകങ്ങളില്‍ നിന്നു നാനുറോളം സ്ത്രീകളെ മുസ്ലിംകളുടെ ഭാര്യമാരാവാന്‍ സാമൂതിരി അനുവദിച്ചുവത്രെ. പതിനഞ്ച് പതിനാറ് നൂറ്റാണ്ടാവുമ്പോഴേക്കും സാമൂതിരിയുടെ പ്രശസ്തി നാടാകെ വ്യാപിച്ചു. അറേബ്യന്‍ നാടുകളില്‍ നിന്ന് കൂടുതല്‍ മുസ്ലിം കച്ചവടക്കാര്‍ വ്യാപാരത്തിനായി കോഴിക്കോട്ടെത്തി.
1887ല്‍ പ്രസിദ്ധീകരിച്ച മലബാര്‍ മാനുവലില്‍ വില്യം ലോഗന്‍ പറയുന്നത് നോക്കു:
'മലബാര്‍ ജില്ലയുടെ രാഷ്ട്രീയ ചരിത്രത്തില്‍ മാപ്പിളമാര്‍ വഹിച്ചിട്ടുള്ള പങ്ക് സുപ്രധാനമാണ്. ജനസംഖ്യാപരമായി നോക്കുമ്പോള്‍ ഇപ്പോള്‍ അവര്‍ക്കിടയില്‍ അറബി വംശജരുടെ സാന്നിദ്ധ്യം കുറവാണെന്ന് പറയാം. എന്നാല്‍ മാപ്പിളമാര്‍, ഹിന്ദുജനസംഖ്യയെ അപേക്ഷിച്ചു ശീഘ്രഗതിയില്‍ പെറ്റുപെരുകുന്നുണ്ടെന്നു പറഞ്ഞുകൂടാ.
ഹിന്ദുക്കളില്‍ കീഴ്ജാതിക്കാര്‍ക്കിടയില്‍ നടക്കുന്ന മുസ്ലിം മതത്തിലേക്കുള്ള പരിവര്‍ത്തനമാണ് അവരുടെ ജനസംഖ്യാ വര്‍ദ്ധനവിനു ഒരു കാരണം. സ്വാഭാവിക പ്രക്രിയയെക്കാള്‍ ഇത്തരം മതം മാറ്റം അനുവദനീയമായിരുന്നുവെന്നും കാണണം. മാത്രമല്ല അങ്ങനെ ചെയ്യണമെന്ന് സാമൂതിരി രാജ പലപ്പോഴും അനുശാസിച്ചിട്ടുള്ള അനുഭവങ്ങളുമുണ്ട്. ഹിന്ദുക്കളായ മത്സ്യ പിടിത്തക്കാരുടെ കുടുംബങ്ങളില്‍ നിന്ന് ഒന്നോ അതിലധികമോ പുരുഷന്മാര്‍ ഇസ്ലാം മതം സ്വീകരിക്കണമെന്ന സാമൂതിരിമാരുടെ അനുശാസനം രാജാവിന്‍റെ നാവിക മേല്‍കോയ്മ നിലനിര്‍ത്തുന്നതിന് പറ്റിയ ആളുകളെ വളര്‍ത്തിയെടുക്കുന്നതിനു വേണ്ടിയായിരുന്നു. ആധുനിക കാലത്ത് പോലും ഈ സമ്പ്രദായം തുടര്‍ന്ന് വരുന്നുണ്ട്.
കണ്ണൂരിലെ അറക്കല്‍ രാജവംശം ഒഴികെ മലബാറില്‍ ഭരണാധികാരികളെല്ലാം ഹിന്ദുക്കളായിരുന്നു. ഹൈന്ദവ നിയമനുസരിച്ചായിരുന്നു ഭരണ നിര്‍വ്വഹണമെങ്കിലും സാമൂതിരിയില്‍ നിന്നും മുസ്ലിംകള്‍ക്ക് മാന്യമായ ഭരണ സൗകര്യങ്ങളും നീതിയും ലഭിച്ചു. മുസ്ലിംകളാരെങ്കിലും പിഴ ഒടുക്കേണ്ട സന്ദര്‍ഭത്തില്‍ രാജ്യ നിയമമനുസരിച്ച് മാത്രമെ വസൂല്‍ ചെയ്തിരുന്നുള്ളൂ. വ്യാപാരാധിപത്യവും ഭാഗികമായ രാജ്യ നിര്‍മ്മാണ ചുമതലയും മുസ്ലിംകള്‍ക്ക് ആയതിനാല്‍ ഹിന്ദുക്കള്‍ക്കിടയില്‍ അവര്‍ക്ക് വലിയ മതിപ്പായിരുന്നു. ജുമുഅ നമസ്കാരം നടത്താനും ഇസ്ലാമിക ആഘോഷങ്ങള്‍ കൊണ്ടാടാനും ഉദാരമായ സൗകര്യങ്ങള്‍ നല്‍കി. ഖാസിമാര്‍ക്കും പള്ളിയിലെ ബാങ്ക് വിളിക്കാര്‍ക്കും സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ഗ്രാന്‍റ് നല്‍കി. ശരീഅത്ത് നിയമങ്ങള്‍ നടപ്പാക്കാന്‍ ഖാസിമാരെ ഭരണകൂടം സഹായിച്ചു.
ജൂമുഅ നിര്‍വ്വഹണത്തില്‍ അനാസ്ഥ കാണിക്കാന്‍ ആരെയും അനുവദിച്ചിരുന്നില്ല. ജുമുഅ ഉപേക്ഷിക്കുന്നവരെ ശിക്ഷിക്കുകയും പിഴ ഈടാക്കുകയും ചെയ്തിരുന്നു. കൊലക്കുറ്റം ചെയ്ത മുസ്ലിംകളെ മുസ്ലിം നേതാക്കളുടെ അനുവാദത്തോടെ മാത്രമേ വധശിക്ഷ നടപ്പാക്കിയിരുന്നുള്ളൂ. എത്ര വലിയ ധനികനായാലും വിള നികുതിയോ നില നികുതിയോ ഈടാക്കിയിരുന്നില്ല. എന്നാല്‍, കച്ചവടത്തില്‍ ലഭിക്കുന്ന ലാഭത്തില്‍ നിന്ന് പത്തിലൊന്ന് ഖജനാവിലേക്ക് നല്‍കണം. മുസ്ലിം ഭവനങ്ങളില്‍ അനുവാദം കൂടാതെ അന്യര്‍ പ്രവേശിക്കുകയില്ല. മുസ്ലിം വീടുകളില്‍ കൊലപ്പുള്ളികള്‍ അഭയം പ്രാപിച്ചാല്‍ അതിക്രമിച്ച് കയറി പിടിക്കൂടുകയില്ല. പുറത്തിറക്കിക്കൊടുക്കാന്‍ ആവശ്യപ്പെടും. ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം നടത്താന്‍ പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട്. മുസ്ലിമാവുന്നവരെ യാതൊരു തരത്തിലും വിഷമിപ്പിക്കില്ല. ഇതര മുസ്ലിംകള്‍ക്ക് നല്‍കുന്ന ആദരവും അംഗീകാരവും അവര്‍ക്കും നല്‍കി. താഴ്ന്ന ജാതിക്കാര്‍ മുസ്ലിമായാലും ഈ പരിഗണന ലഭിച്ചിരുന്നു. നവമുസ്ലിം സമുദ്ധാരണത്തിന് മുസ്ലിം വ്യാപാരികളില്‍ നിന്ന് പ്രത്യേക ഫണ്ട് സ്വരൂപിച്ചിരുന്നു.
അറബി സങ്കര വിഭാഗക്കാരായ മുസ്ലിംകളെ മുറുക്കള്‍ എന്നാണ് വിളിച്ചിരുന്നത്. മക്കത്ത് പോയ പെരുമാളുടെ പ്രത്യേക മിത്രങ്ങളെന്ന നിലയില്‍ സാമൂതിരിയും അറബികളും തമ്മില്‍ കൂടുതല്‍ അടുപ്പം ഉണ്ടാകാന്‍ ഇടയായത് കൊണ്ടാവാം പല പാശ്ചാത്യ സന്ദര്‍ശകരും സാമൂതിരിയെ മുറീഷ് പ്രിന്‍സ് (ങഛഛഞകടഒ ജഞകചഇഋ) എന്ന് വിശേഷിപ്പിച്ചതെന്നാണ് ചരിത്ര ഭാഷ്യം.
മദ്ധ്യ കാലഘട്ടത്തില്‍ സാമൂതിരിയുടെ പ്രത്യേക സ്നേഹാദരവുകള്‍ നേടിയ പ്രജകളെന്ന നിലയില്‍ മറ്റു വൈദേകിക മതസ്ഥരെക്കാള്‍ അംഗീകാരത്തോടും പ്രതാപൈശ്വര്യങ്ങളോടും ശാന്തിയോടും സമാധാനത്തോടും കൂടിയാണ് മലബാറില്‍ മുസ്ലിംകള്‍ ജിവിച്ച് പോന്നിരുന്നത്. 'ഭാരതത്തിലെ ഇതര പ്രദേശങ്ങളെക്കാള്‍ ഇവിടെ ഹിന്ദു-മുസ്ലിം മതമൈത്രി ഊഷ്മളവും സുദൃഢവുമായിരുന്നു.
വെള്ളിയാഴ്ച്ച ജുമുഅ നമസ്ക്കാര പ്രസംഗം (ഖുതുബ)കളില്‍ ഹൈന്ദവ രാജാവായിരുന്നിട്ടുകൂടി സാമൂതിരിയുടെ ക്ഷേമാശ്വൈര്യങ്ങള്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തിയിരുന്നു. സാമൂതിരിയും മുസ്ലിംകളും തമ്മിലുള്ള കൂട്ടായ്മയും അന്നത്തെ ഹിന്ദു-മുസ്ലിം സുദൃഢ ബന്ധവും ശൈഖ് സൈനുദ്ധീന്‍ രണ്ടാമന്‍ അടിവരയിട്ടു പറയുകയും പ്രാര്‍ത്ഥിക്കുകയും കോഴിക്കോട് ഖാസി മുഹമ്മദ് വാഴ്ത്തുകയും ചെയ്തിട്ടുണ്ട്.
സാമൂതിരി രാജാവിന്‍റെ മന്ത്രി മങ്ങാട്ടച്ചനും, സരസ ശിരോമണിയും പണ്ഡിതനും കവിയുമായ കുഞ്ഞായിന്‍ മുസ്ലിയാരും തമ്മിലുളള ആത്മബന്ധം സുവിദിതമാണല്ലൊ. യശഃശരീരനായ സാമൂതിരി പി. കെ. എസ്. രാജയും മതസൗഹൃദം നിലനിര്‍ത്തി. അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ കോഴിക്കോട് നടത്തിയ സ്നേഹ സ്പര്‍ശം കുറ്റിച്ചിറ മിശ്ക്കാല്‍ പള്ളിയും, തളിക്ഷേത്രവും തനിക്കൊരുപോലെ എന്നതിനുള്ള വിളംബരമായിരുന്നു.
ഇങ്ങനെ സകലവിധ സ്വാതന്ത്ര്യത്തോടും അന്തസ്സോടും കൂടി മുസ്ലിംകള്‍ ജീവിച്ചിരുന്ന അവസരത്തിലാണ് പോര്‍ച്ചുഗീസുകാരുടെ ആഗമനം. പറങ്കികളുടെ നയവൈകല്യങ്ങള്‍ ഹേതുവായി ക്രമേണ മതങ്ങള്‍ തമ്മിലുള്ള അകല്‍ച്ച വര്‍ദ്ധിച്ചു വന്നു. തുടര്‍ന്ന് ഡച്ച്, ഫ്രഞ്ച്, ഇംഗ്ലീഷ് പാശ്ചാത്യ ശക്തികളുടെ അധിനിവേശത്തോടുകൂടിയാണ് കേരളത്തില്‍ മുസ്ലിംകളുടെ അപജയ കാലഘട്ടം ആരംഭിക്കുന്നത്. ഡച്ചുകാരില്‍നിന്നും ഫ്രഞ്ച്കാരില്‍നിന്നും കാര്യമായ ഏതിര്‍പ്പ് നേരിടേണ്ടി വന്നില്ലെങ്കിലും പറങ്കികളില്‍ നിന്നും ഇംഗ്ലീഷ്കാരില്‍ നിന്നും കഠിനമായ പീഠനങ്ങള്‍ തന്നെ മുസ്ലിംകള്‍ അനുഭവിക്കേണ്ടി വന്നു.