11. ഐനുല്‍ ഖിബ്ലയും ജിഹത്തുല്‍ ഖിബ്ലയും (ഖിബില തര്‍ക്കം)


11. ഐനുല്‍ ഖിബ്ലയും ജിഹത്തുല്‍ ഖിബ്ലയും (ഖിബില തര്‍ക്കം)  





ടിവി അബ്ദുറഹിമാന്‍കുട്ടി

മൊബൈല്‍. 9495095336


    സഭയുടെ തുടക്കം മുതല്‍തന്നെ സഭയും ഉപശാഖകളും മുസ്ലിം സമുദായത്തിന്‍റെ മത-സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസരംഗങ്ങളില്‍ സജീവമായി പങ്കുവഹിച്ചു പോന്നു. അക്കാലത്ത് സഭയോളം വളര്‍ന്ന മറ്റൊരു സ്ഥാപനമോ  പ്രസ്ഥാനമോ സമുദായത്തിന്‍റേതായി കേരളത്തില്‍ രൂപപ്പെട്ടിരുന്നില്ല. സഭയുടെ കമ്മിറ്റി യോഗങ്ങള്‍ വിവിധ പ്രദേശങ്ങളില്‍ ചേര്‍ന്ന് സമുദായ മധ്യത്തിലുണ്ടായിരുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കുകയും സമുദായത്തിന്‍റെയും സ്ഥാപനത്തിന്‍റെയും പുരോഗതിക്ക് ആവശ്യമായ തീരുമാനങ്ങളെടുത്ത് പ്രാവര്‍ത്തികമാക്കുകയും ചെയ്തിരുന്നു. 

            20-ാം നൂറ്റാണ്ടിന്‍റെ ആദ്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ നിലനിന്നിരുന്ന ആരോഗ്യകരമായ അഭിപ്രായഭിന്നതയാണ് ഐനുല്‍ ഖിബ്ല, ജിഹതുല്‍ ഖിബ്ല തര്‍ക്കം. നമസ്കാരം നിര്‍വ്വഹിക്കുമ്പോള്‍ കഅ്ബാലയത്തിന് (ഐനുല്‍ ഖിബ്ലക്ക്) നേരെത്തന്നെ തിരിഞ്ഞ് നമസ്ക്കരിക്കണമെന്ന് മുസ്ലിം പരിഷ്കര്‍ത്താവും പണ്ഡിത ശ്രേഷ്ഠനുമായ മൗലാന ചാലിലകത്ത് കുഞ്ഞിമുഹമ്മദാജി (1866-1919), ചെറുശ്ശേരി അഹമ്മദ് കുട്ടി മുസ്ലിയാര്‍, ദെഞ്ചിപ്പാടി സുലൈമാന്‍ മുസ്ലിയാര്‍ തുടങ്ങിയ പണ്ഡിതശ്രേഷ്ഠന്മാര്‍ വാദിച്ചപ്പോള്‍ ഖിബ്ലക്കുനേരെ കൃത്യമായി തിരിയേണ്ടതില്ലെന്നും ഖിബ്ലയുടെ ഭാഗമായ പടിഞ്ഞാറോട്ട് (ജിഹത്തുല്‍ ഖിബ്ലക്ക്) തിരിഞ്ഞ് നമസ്ക്കരിച്ചാല്‍ മതിയെന്നുമായിരുന്നു മറുപക്ഷത്തെ കൊല്ലൊളി അഹമ്മദ് കുട്ടി മുസ്ലിയാര്‍, വെളിയംകോട് തട്ടാങ്കര കുട്ടിയാമു മുസ്ലിയാര്‍, അറക്കല്‍ പരി മുസ്ലിയാര്‍, കാസര്‍ക്കോട് നാദാപുരം ഖാസിയായിരുന്ന അബ്ദുല്ല മുസ്ലിയാര്‍ തുടങ്ങിയ പ്രശസ്ത പണ്ഡിതന്മാര്‍ വാദിച്ചത്. 

        കുഞ്ഞിമുഹമ്മദ് ഹാജി അക്കാലത്ത് പുളിക്കല്‍ മുദരിസ്സായിരുന്നു. തന്‍റെ ശിഷ്യപ്രമുഖനായ ചെറുശ്ശേരി അഹമ്മദ്കുട്ടി മുസ്ലിയാര്‍ പൊതുവേദിയില്‍വെച്ച് നടന്ന സംവാദത്തില്‍ ഗുരുനാഥന്‍റെ കാഴ്ചപ്പാടിനെ പിന്തുണച്ച് ചെയ്ത സാരഗര്‍ഭമായ പ്രസംഗം മറുപക്ഷത്തെ തറപറ്റിക്കാന്‍ ഹേതുവായി. തുടര്‍ന്ന് ഈ വിഷയത്തില്‍ ധാരാളം വാദപ്രതിവാദങ്ങളും ഖണ്ഡന സദസ്സുകളും നടന്നു. പ്രശ്നസങ്കീര്‍ണ്ണമായ ഈ വിഷയം കൈകാര്യംചെയ്യുന്നതില്‍ വേണ്ടത്ര ഫലം ലഭിക്കാതെ അഭിപ്രായഭിന്നത രൂക്ഷമാകുമെന്ന് ഗ്രഹിച്ച മുസ്ലിം യുവ നേതാവ് കോട്ടാല്‍ ഉപ്പി സാഹിബ് (1891-1972) തലശ്ശേരിക്ക് 11 കീലോമീറ്റര്‍ കിഴക്ക്  തന്‍റെ ജന്മദേശമായ കോട്ടയത്തെ ജുമാമസ്ജിദില്‍വെച്ച് 1911 മെയ് 30ന് മഊനത്തുല്‍ ഇസ്ലാം സഭയുടെ നേതൃത്വത്തില്‍ ഇരുപക്ഷത്തെ പണ്ഡിതന്മാരുടെയും പൗരപ്രമുഖരുടെയും സംയുക്തയോഗം വിളിച്ചുചേര്‍ത്തു. സാദത്ത് ഉലമാ-ഉമറാക്കള്‍ ഉള്‍പ്പെടെ അഞ്ഞൂറില്‍പ്പരം പ്രമുഖര്‍  യോഗത്തില്‍ പങ്കെടുത്തു. ഇരു വിഭാഗത്തിന്‍റെയും വാദഗതികള്‍ വിശദമായി ചര്‍ച്ചചെയ്തു. ഹജ്ജ് യാത്രയ്ക്ക് പുറപ്പെട്ട ചേലേമ്പ്ര ചേക്കുട്ടി മുസ്ലിയാര്‍വശം ഇരുവിഭാഗത്തിന്‍റെയും വാദഗതികളും ഫത്വകളും ബന്ധപ്പെട്ട മറ്റുരേഖകളും സഭാ സെക്രട്ടറി കുഞ്ഞന്‍ ബാവ മുസ്ലിയാര്‍ മഖ്ദൂമിയുടെ നേതൃത്വത്തില്‍ അദ്ദേഹത്തെ ഏല്‍പ്പിച്ചു. വിശുദ്ധ ഹറമിലെ ഇമാമുമായും മുഫ്ത്തികളുമായും ചര്‍ച്ചകള്‍ നടത്തി നിജസ്ഥിതി ബോധ്യമായതിനെ തുടര്‍ന്ന് പ്രശ്നങ്ങള്‍ രമ്യതയില്‍ പരിഹരിക്കാന്‍ സഭ തീവ്രയത്നം നടത്തി. തുടര്‍ന്ന് പടിഞ്ഞാറുഭാഗത്തേക്ക് സ്ഥിതിചെയ്തിരുന്ന പള്ളികളെ പ്രസ്തുത ദിശയില്‍നിന്ന് ഇരുപത്തിരണ്ട് ഡിഗ്രി വലത്തോട്ടേക്ക് മാറ്റി പുനഃക്രമീകരിച്ചു.