1. ഇങ്ങനെ ഒരാള്‍ മാത്രം
ടിവി അബ്ദുറഹിമാന്‍കുട്ടി
മൊബൈല്‍. 9495095336
മുസ്ലിം പരിഷ്കരണത്തോടൊപ്പം സാമൂഹ്യ പുരോഗതിക്കുകൂടി നേതൃത്വം നല്‍കി കടന്നുപോയ പല നവോത്ഥാന നായകന്മാര്‍ക്കും നേതാക്കള്‍ക്കും ജന്മം നല്‍കിയ നാടാണ് കേരളം. അവരില്‍ അധികവും സമ്പന്നരായിരുന്നില്ല. വേണ്ടത്ര സഹകരണവും ലഭിച്ചിരുന്നില്ല. പ്രതികൂല സാഹചര്യങ്ങള്‍ അതിജീവിച്ച് മത-സാമൂഹിക-സാംസ്കാരിക-വൈജ്ഞാനികരംഗങ്ങളില്‍ അവര്‍ നല്‍കിയ സംഭാവനകള്‍ ശ്ലാഘനീയമാണ്. വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിച്ച പലര്‍ക്കും പൂമാലകള്‍ ലഭിച്ചപ്പോള്‍ അപൂര്‍വ്വം ചിലര്‍ക്ക് ആരംഭം മുതല്‍ തന്നെ മുസലിംകളില്‍ ഒരു വിഭാഗത്തിന്‍റെ കല്ലേറും ഏല്‍ക്കേണ്ടിവന്നിട്ടുണ്ട്. ത്യാഗോജ്വലവും മാതൃകാപരവുമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച അവരുടെ കാല്‍പ്പാടുകള്‍ പിന്‍പറ്റി ഈ മണ്ണില്‍ കാലൂന്നി നടന്നതിന്‍റെ ഗുണഫലങ്ങളാണ് നാം ഇന്ന് അനുഭവിക്കുന്നത്. ഇതില്‍നിന്നും വ്യത്യസ്തമായി, വേറിട്ട വഴിയിലൂടെ സഞ്ചരിച്ച് മുസ്ലിം സമുദായത്തിന്‍റെ സമഗ്രമായ സാമുഹിക മുന്നേറ്റത്തിനായി അശ്രാന്ത പരിശ്രമം നടത്തിയ പരിഷ്കര്‍ത്താക്കളില്‍ സ്വസമുദായത്തിലെതന്നെ ഒരു വിഭാഗത്തിന്‍റെ രൂക്ഷമായ എതിര്‍പ്പ് തരണംചെയ്ത് പലപ്പോഴും ഹൈന്ദവ സമുദായത്തിന്‍റെ സഹകരണത്തോടെ നവോത്ഥാനത്തിന്‍റെ മുന്നില്‍ സഞ്ചരിച്ച പരിഷ്കര്‍ത്താവാണ് സനാഉല്ലാ മക്തി തങ്ങള്‍.
സാമൂഹിക സാമുദായിക പ്രസ്ഥാനങ്ങള്‍ വലിയൊരു പരിവര്‍ത്തനത്തിന് നാന്ദികുറിച്ചുകൊണ്ടിരുന്ന അവസരത്തിലാണ് മക്തി തങ്ങള്‍ ജീവിതം ആരംഭിക്കുന്നത്. കേരള മുസ്ലിംകളില്‍ സ്കൂള്‍ പഠനം, സ്ത്രീ വിദ്യാഭ്യാസം, മലയാള പത്രപ്രവര്‍ത്തനം, മലയാളം ഇംഗ്ലീഷ് ഭാഷാപഠനം, പാരമ്പര്യ പഠന പരിഷ്കരണം, മതാന്തര സംവാദം, മലയാള ഗ്രന്ഥരചന തുടങ്ങി സമുദായ പുരോഗതിക്ക് ആവശ്യമായ പലതും നിഷിദ്ധമാണെന്ന് ആഹ്വാനം ചെയ്ത് ഒരു വിഭാഗം വിദ്യാഭ്യാസ പുരോഗതിക്ക് തടയിട്ട് സമുദായത്തെ പിന്നോട്ട് ആഞ്ഞുവലിച്ചിരുന്ന സമയത്ത് സ്വതന്ത്രമായ നിലപാടുകള്‍ സ്വീകരിച്ച നാമമാത്ര മുസ്ലിം പണ്ഡിതന്‍മാരില്‍ പ്രഥമ ഗണനീയനാണ് മക്തി തങ്ങള്‍.
കറകളഞ്ഞ മതേതരവാദി, വാഗ്മി, ഗ്രന്ഥകര്‍ത്താവ്, പ്രഭാഷകന്‍, ദാര്‍ശനികന്‍, വിമര്‍ശകന്‍, വിപ്ലവകാരി, ഭാഷാപണ്ഡിതന്‍ തുടങ്ങി ബഹുമുഖ പ്രതിഭയായിരുന്ന അദ്ദേഹം പൈതൃകങ്ങളെ പാടെ അവഗണിക്കാതെ കാലാതീതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ഉള്‍ക്കാഴ്ചയോടെ കാലാനുസൃതമായി സ്വസമുദായത്തെ പരിഷ്കരണ പാതയിലേക്ക് നയിക്കുന്നതിന് തന്‍റെ മൂര്‍ച്ചയേറിയ തൂലികയും പ്രസംഗ വൈഭവവും അവസരോചിതമായി വിനിയോഗിച്ചു. താന്‍ നേടിയ വിജ്ഞാനത്തെ യുക്തിയും അവസരവും സമന്വയിപ്പിച്ച് പ്രായോഗിക തലത്തില്‍ ഫലപ്രദമായ രീതിയില്‍ പരിവര്‍ത്തനം നടത്തി പരിഷ്കരണത്തിന് ആരംഭം കുറിച്ചു എന്നതാണ് ഇതര മുസ്ലിം വൈജ്ഞാനിക നായകരില്‍നിന്നും ആ മഹാനുഭാവനെ വ്യത്യസ്ഥനാക്കിയത്. മുപ്പത് വര്‍ഷങ്ങള്‍കൊണ്ട് വിദ്യാഭ്യാസത്തിലൂടെയും വിജ്ഞാന ശാഖകളിലൂടെയും ക്രിയാത്മക ഇടപെടലുകളിലൂടെയും മുസ്ലിംകള്‍ക്ക് സമൂഹത്തിന്‍റെ മുഖ്യധാരയില്‍ ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവസരം ഒരുക്കി കൊടുത്ത് ഒരു നൂറ്റാണ്ടുമുമ്പ് സ്മരണകളിലേക്ക് മറഞ്ഞുപോയ മക്തി തങ്ങളെ നമുക്ക് അടുത്തറിയാന്‍ ശ്രമിക്കാം.