35. സ്‌കൂളുകളില്‍ അറബി
ഭാഷ പഠനത്തിന്‍റെ ആരംഭം
ടിവി അബ്ദുറഹിമാന്‍കുട്ടി
മുബൈല്‍ : 9495095336
അറബികളുടെ പൂര്‍വ്വികരായ ഫിനീഷ്യക്കാരാണ് ആദ്യമായി ലിപികള്‍ കണ്ടുപിടിച്ചത്. തുടര്‍ന്ന് വിവിധ കാലഘട്ടങ്ങളില്‍ ലിപികളില്‍ വന്ന പരിണാമ രൂപമാണ് ആധുനിക അറബി ലിപികള്‍. പല രീതിയിലുള്ള ലിപികളാല്‍ സമ്പന്നമായ അറബി ഭാഷയില്‍ മലബാറിന്‍റെ വരദാനമായ ഖത്തുല്‍ ഫൂനാനിയാണ് കേരളത്തില്‍ കൂടുതല്‍ പ്രചാരത്തിലുള്ളത്. ആകൃതിയിലും പ്രകൃതിയിലും സവിശേഷതകള്‍ പുലര്‍ത്തിയ ഈ ലിപി കൂടുതല്‍ പുള്ളികളും ചിഹ്നങ്ങളും ഉള്‍ക്കൊള്ളാന്‍ കെല്‍പുള്ളവയാണ്. (സാവിയ)മൂലകളോട് കൂടി കട്ടിയുള്ള ഈ അക്ഷരങ്ങള്‍ക്ക് താഴെയും മുകളിലുമായി കൊടുക്കുന്ന ചിഹ്നങ്ങള്‍ വ്യക്തമാക്കി കാണിക്കാന്‍ പര്യാപ്തമാണ്. ഇതിനെ ഖത്വുല്‍ ഫൂനാനിയെന്നും ഖത്വുല്‍ മലബാരിയെന്നും വിളിക്കുന്നു. അറബി-മലയാള ആലേഖനത്തിനും ഈ ലിപിയാണ് ഉപയോഗിച്ച് വരുന്നത്.
യു.എന്‍.ഒ. (ഐക്യരാഷ്ട്രസഭ) ആറ് ഔദ്യോഗിക ഭാഷകളില്‍ ഒന്നായി അറബിയെ 1974 ഡിസംബര്‍ 18 ന് അംഗീകരിച്ചു. ഇതിന്‍റെ ഓര്‍മ്മക്കായി ഓരോ വര്‍ഷവും ഡിസംബര്‍ 18 ആഗോള അറബി ഭാഷ ദിനമായി ആചരിക്കുന്നു. ഫ്രഞ്ച്, ചൈനീസ്, സ്പാനിഷ്, ഇംഗ്ലീഷ്, റഷ്യന്‍ എന്നിവയാണ് ഇതര ഭാഷകള്‍. ലോകത്തെ 26 രാഷ്ട്രങ്ങളിലെ ഔദ്യോഗിക ഭാഷകളില്‍ മൂന്നാം സ്ഥാനം അറബിക്കുണ്ട്. ഒന്നാം സ്ഥാനം ഇംഗ്ലീഷിനും രണ്ടണ്ടാം സ്ഥാനം ഫ്രഞ്ചിനുമാണ്. മാതൃഭാഷയായി സംസാരിക്കുന്ന ഭാഷകളില്‍ ലോകത്ത് അഞ്ചാം സ്ഥാനം അറബിക്കുണ്ട്. മൂന്നാം സ്ഥാനം ഹിന്ദിക്കാണ്. നാലാം സ്ഥാനമേ ഇംഗ്ലീഷിനൊള്ളൂ. നമ്മുടെ മാതൃഭാഷ മലയാളത്തിന് 24 മുതല്‍ 34 സ്ഥാനം വരെ നിര്‍ണ്ണിയിക്കപ്പെടുന്നു. ഏഷ്യ, ആഫ്രിക്ക, യൂറോപ്യന്‍ വന്‍കരകളില്‍ സ്ഥിതിചെയ്യുന്ന 57 ഒ. ഐ. സി. രാഷ്ട്രങ്ങളില്‍ അറബി ഭാഷക്ക് മുഖ്യസ്ഥാനമുണ്ട്. 150 കോടിയിലധികമുള്ള മുസ്‌ലിംകളുടെ ആത്മീയ ഭാഷ കൂടിയാണ് അറബി. പത്ത് ശതമാനവും അധിലധികവും അറബികള്‍ വസിക്കുന്ന രാഷ്ട്രങ്ങളാണ് ബ്രസീല്‍, ഫ്രാന്‍സ്, അര്‍ജന്‍റീന. യൂറോപ്പിലും ആസ്‌ത്രേല്യയിലും അറബിക്ക് നിര്‍ണ്ണായക സ്വാധീനമുണ്ട്.
ഹമദാനി തങ്ങളാണ് സാമൂഹിക നീതിയുടെ ഭാഗമായി മുസ്‌ലിം കുട്ടികള്‍ പഠിക്കുന്ന പൊതുവിദ്യാലയങ്ങളില്‍ മലയാളം, ഇംഗ്ലീഷ് ഭാഷകള്‍ക്കൊപ്പം അറബിയും പഠിപ്പിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്ന് ഔദ്യോഗിക ഭരണസമിതിയായ പോപ്പുലര്‍ അസംബ്ലിയില്‍ ആദ്യമായി ശബ്ദമുയര്‍ത്തിയത്. ഈ ആവശ്യത്തിന് ജനകീയ അംഗീകാരം നേടി കൊടുത്തത് വക്കം മൗലവിയാണ്. അദ്ദേഹത്തിന്‍റെ മകന്‍ അറബി അധ്യാപകനായിരുന്നു. പെരിയാറിന്‍റെ തീരത്ത് ആലുവായില്‍ ഇപ്പോള്‍ റസ്റ്റൗസ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഹമദാനി തങ്ങളുടെ നേതൃത്വത്തില്‍ അറബി കോളേജ് സ്ഥാപിക്കാന്‍ എട്ട് ഏക്കര്‍ സ്ഥലം തിരുവിതാംകൂര്‍ മഹാരാജാവ് ദാനമായി നല്‍കി. കോളേജിന്‍റെ ശിലാസ്ഥാപനം ദിവാന്‍ സര്‍ പെരുങ്ങാവൂര്‍ രാജഗോപലാചാരി 1914 ല്‍ ആര്‍ഭാട പൂര്‍വ്വം നിര്‍വഹിച്ചു. കൊച്ചിയിലെ അബ്ദു സത്താര്‍ ഹാജി മൂസ സേട്ട് അയ്യായിരം രൂപയും കോളേജിന്നടുത്ത് ഒരു പള്ളി സ്ഥാപിക്കാമെന്നും വാഗ്ദാനം ചെയ്തു. നവാബ് സയ്യിദ് മുഹമ്മദ്, ഖാന്‍ ബഹദൂര്‍ അബ്ദുല്‍ അസീസ് പാഷ, ഹാജി അബ്ദുല്‍ ഹഖീം സാഹിബ് തുടങ്ങിയ പ്രമുഖര്‍ ഉള്‍പ്പെട്ട കോളേജ് സെന്‍ട്രല്‍ കമ്മിറ്റി മദ്രാസില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അല്‍ അസ്ഹറില്‍ നിന്ന് കോളേജിലേക്ക് ആവശ്യമായ അധ്യാപകരെ കണ്ടെത്തുന്നതിന് നിവേദക സംഘത്തെ പോലും നിയോഗിച്ചു. പക്ഷെ, ഒന്നാം ലോക മഹായുദ്ധത്തെ തുടര്‍ന്നുണ്ടായ പ്രതികൂല സാഹചര്യങ്ങളാലും അര്‍ഹിക്കുന്ന സഹകരണം ലഭിക്കാത്തതിനാലും കോളേജിന്‍റെ പ്രവര്‍ത്തനം മുടങ്ങി. സ്ഥലം സര്‍ക്കാറിന് തിരിച്ച് നല്‍കി.
സര്‍ മന്നത്ത് കൃഷ്ണന്‍ നായര്‍ ദിവാനായിരിക്കുമ്പോള്‍ തിരുവിതാംകൂറില്‍ പ്രാഥമിക വിദ്യാലയങ്ങളില്‍ അറബി പഠിപ്പിക്കണമെന്ന വിളംബരത്തില്‍ 1916 ല്‍ ശ്രീ മൂലം തിരുന്നാള്‍ മഹാരാജാവ് തുല്യം ചാര്‍ത്തി. തുടര്‍ന്ന് ആലപ്പുഴ ലജനത്തുല്‍ മുഹമ്മദീയ പ്രൈമറി സ്‌കൂളില്‍ അറബി അധ്യാപകന്‍ നിയമിതനായി. പിന്നീട് പലയിടത്തും പൊതുവിദ്യാലയങ്ങളില്‍ അറബിക്ക് പോസ്റ്റുകള്‍ അനുവദിച്ചു. കൊച്ചി സംസ്ഥാനത്തെ മഹാരാജാവായിരുന്ന രവിവര്‍മ്മ പതിനാറാമന്‍റെ ഭരണ(1914-1932)കാലത്ത് സീതി സാഹിബിന്‍റെ പിതാവ് ശീതി മുഹമ്മദ് സാഹിബിന്‍റെയും മറ്റും പ്രയത്‌നത്താല്‍ 1918 ല്‍ പ്രാഥമിക വിദ്യാലയങ്ങളില്‍ അറബി ഭാഷ പഠിപ്പിക്കണമെന്ന് രാജകീയ വിളംബരം വന്നു. കൊച്ചി സംസ്ഥാനത്തിലെ ആദ്യത്തെ അംഗീകൃത അറബി അധ്യാപകന്‍ ഇ. കെ. മൗലവിയാണ്. സര്‍ക്കാര്‍ അംഗീകൃത പ്രാഥമിക വിദ്യാലയത്തില്‍ പോലും പഠിക്കാതെ പ്രൈമറി സ്‌കൂള്‍ അധ്യാപകനായും ഹൈസ്‌കൂള്‍ അധ്യാപകനായുംഏ റാണാകുളം മഹാരാജാസ് കേളേജ് അറബി ലക്ചററായും സേവനം ചെയ്ത് ഇദ്ദേഹം 1947 ല്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചു.
സര്‍ സി. പി. യുടെ പ്രലോഭനങ്ങള്‍ക്ക് വഴങ്ങാതെ ഭരണ ഭീകരതെയെ കുറിച്ച് ഹലീമാ ബിവിയുടെ പത്രത്തില്‍ ലേഖനമെഴുതിയതിന് അവരുടെ ഭര്‍ത്താവും അറബി അധ്യാപകനുമായ മുഹമ്മദമൗലവിയുടെ ടീച്ചിങ്ങ് ലൈസന്‍സ് തിരുവിതാംകൂര്‍ ഭരണകൂടം റദ്ദാക്കി.