45. പ്രഥമ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

 


45. പ്രഥമ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി



ടിവി അബ്ദുറഹിമാന്‍കുട്ടി മാസ്റ്റര്‍

മൊബൈല്‍. 9495095336


    സ്വാതന്ത്ര്യ ഇന്ത്യയില്‍ ആദ്യമായി വിദ്യക്ക് ദിശാബോധം നല്‍കിയത് മൗലാന അബുല്‍ കലാം ആസാദ്(1888-1958) ആണ്. മക്കയിലാണ് ജനനം. മുഹിയദ്ദീന്‍ അഹ്‌മ്മദ് എന്നാണ് യഥാര്‍ഥ പേര്. സ്വതന്ത്ര്യത്തിന് മുമ്പ് കൂടുതല്‍ (1940-46)കാലം ആറ് വര്‍ഷം തുടര്‍ച്ചയായി എഐസിസി പ്രസിഡന്‍റ് പദം അലങ്കരിച്ചത് ഇദ്ദേഹമാണ്. 35-ാം വയസ്സില്‍ എഐസിസി സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ച് ഏറ്റവും പ്രായം കുറഞ്ഞ അദ്ധ്യക്ഷനെന്ന ഖ്യാതി നേടി. 

    സ്വതന്ത്ര്യാന്തരം പ്രഥമ കേന്ദ്ര വിദ്യാഭ്യാസ-ശാസ്ത്ര ഗവേഷണ മന്ത്രിയായി. വിദ്യാഭ്യാസ രംഗം സമൂലമായി ഉടച്ചുവാര്‍ക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചു. ഡോ. എസ്. രാധാകൃഷ്ണന്‍ ചെയര്‍മാനായി യൂനിവേഴ്‌സിറ്റി എഡ്യുകേഷന്‍ കമ്മീഷന്‍, ഡോ. എ ലക്ഷമണ സ്വാമി മുതലിയാര്‍ അദ്ധ്യക്ഷനായി സെക്കണ്ടറി എഡ്യുകേഷന്‍ കമ്മീഷന്‍, യൂനിവേഴ്‌സിറ്റി ഗ്രാന്‍റ് കമ്മീഷന്‍ തുടങ്ങിയവ രൂപീകരിക്കുന്നതില്‍ മുന്‍ കൈയ്യെടുത്തു. 

    ഭരണഘടനയുടെ 304-ാം വകുപ്പനുസരിച്ച് ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയായി അംഗീകരിച്ചു. മദ്രസ്സകളിലെ മത പഠനത്തിന് ആധുനികവും ശാസ്ത്രീയവുമായ രൂപം നല്‍കണമെന്ന് സമുദായത്തെ ഉത്‌ബോധിപ്പിച്ചു. പ്രാരംഭ ദശയില്‍ രണ്ട് കോടി രൂപയായിരുന്നു പ്രഥമ കേന്ദ്ര വിദ്യാഭ്യാസ ബജറ്റ്. 1958 ല്‍ അത് മൂപ്പത് കോടി രൂപയായി വര്‍ദ്ധിച്ചു. മരണാന്തര ബഹുമതിയായി 1992 ല്‍ ഭാരതരത്‌നം നല്‍കി. അദ്ദേഹത്തിന്‍റെ ജന്മദിനമായ നവംബര്‍ 11 ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നു.