18. ബ്രിട്ടീഷ് ഭരണവും
മിഷനറി മുന്നേറ്റവും
ടിവി അബ്ദുറഹിമാന്‍കുട്ടി
മുബൈല്‍ : 9495095336
ഭരണകൂടത്തിന് കാര്യമായ നിയന്ത്രണമില്ലാതിരുന്ന വിദ്യാഭ്യാസത്തിന് മലയാളക്കരയില്‍ മാറ്റം വന്നത് ബ്രിട്ടീഷുകാരുടെ ആധിപത്യത്തോടെയാണ് മത പ്രചാരണാര്‍ത്ഥം ഇവിടെ എത്തിയ യൂറോപ്യന്‍ മിഷണറിമാരാണ്പതിനെട്ടാം നൂറ്റാണ്ടില്‍ ആധുനിക വിദ്യാഭ്യാസത്തിന് ആരംഭം കുറിച്ചത്. കഠിനാദ്ധ്വാനവും ദീര്‍ഘ വീക്ഷണവും നയചാതുര്യവും മിഷനറീസിന്റെ മുഖ മുദ്രയായിരുന്നു. അധഃസ്ഥിതര്‍ക്കും അശരണര്‍ക്കും സത്രീകള്‍ക്കും സമഭാവനയോടെ വിദ്യാഭ്യാസം നല്‍കുന്നതിന് ഒരു പരിധി വരെ ശ്രദ്ധിച്ചു. തദ്ദേശീയര്‍ക്ക് വിദ്യാഭ്യാസവും സാമൂഹിക പുരോഗതിയും ഭരണകൂടത്തിന്റെ ബാധ്യതയാണെന്ന് 1780 കളില്‍ കല്‍ക്കട്ടയില്‍ ചേര്‍ന്ന ക്രിസതീയ മിഷനറിമാരുടെ കൗണ്‍സില്‍ ഉല്‍ബോധിപ്പിച്ചു. തുടര്‍ന്ന് നടപ്പില്‍ വന്ന 1813 ലെ ചാര്‍ട്ടര്‍ ആകറ്റ് ആധുനിക വിദ്യാഭ്യാസ രംഗത്ത് പുതിയൊരു ദിശാ ബോധം നല്‍കി. 1817 ല്‍ പ്രധാന പ്രദേശങ്ങളിലെല്ലാം വിദ്യാലയങ്ങള്‍ സ്ഥാപിക്കണമെന്ന് ഭരണ തലത്തില്‍ തീരുമാനമായി. ഈ വര്‍ഷം തിരുവിതാം കൂറില്‍ ഗൗരി ലക്ഷ്മീ ഭായി തമ്പുരാട്ടിയുടെ ഭരണത്തില്‍ പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കി. ബ്രിട്ടീഷകാരുടെ ആധിപത്യം വേരുറച്ചതോടെ ഇംഗ്ലീഷ് ഭാഷയ്ക്ക് പ്രത്യക്ഷമായും പരോക്ഷമായും വ്യാപക പ്രചാരവും സിദ്ധിച്ചു.
ഇന്ത്യയിലെ പാശ്ചാത്യ വിദ്യാഭ്യാസത്തിന്‍റെ പിതാവായി അറിയപ്പെടുന്ന ഗവര്‍ണര്‍ ജനറല്‍ വില്യം ബെന്റിക്കിന്‍റെ ഭരണ(1828-35) കാലത്ത് കോടതികളില്‍ മാതൃഭാഷ ഉപയോഗിക്കാന്‍ കക്ഷികള്‍ക്ക് അനുവാദം നല്‍കി. ബെന്റിക്കിന്‍റെ കൗണ്‍സില്‍ അംഗമായ മെക്കാളോ പ്രഭുവിന്‍റെ മിനുട്ട്‌സ് അനുസരിച്ച് വിദ്യാഭ്യാസരംഗത്ത് പാശ്ചാത്യവല്‍കരണം നിലവില്‍ വന്നു. ഇന്ത്യയിലെ നിലവിലുള്ള ഏറ്റവും വലിയ ലൈബ്രറിയായ കൊല്‍കത്താ നാഷണല്‍ ലൈബ്രറി സ്ഥാപിതമായി. ഔദ്യോഗിക ഭാഷാപദവി അലങ്കരിച്ചിരുന്ന പേര്‍ഷ്യനെ മാറ്റി പകരം ഇംഗ്ലീഷിന് തല്‍സ്ഥാനം നല്‍കി അദ്ധ്യായന മാധ്യമവുമാക്കി. ഇംഗ്ലീഷ് പഠിച്ചവര്‍ക്ക് നാനാ രംഗത്തും പ്രത്യേക അംഗീകാരം ലഭിച്ചു. സര്‍ക്കാര്‍ ജോലിയില്‍ ഉയര്‍ച്ചക്ക് ഇംഗ്ലീഷ് അനിവാര്യമായി. സമൂഹത്തിലെ മേല്‍തട്ടുകാര്‍ക്കാണ് ഇതു കൊണ്ട് ആദ്യം പ്രയോജനം ലഭിച്ചതെങ്കിലും, ക്രമേണ താഴെ തട്ടിലുള്ളവര്‍ക്കും ഗുണം ലഭിക്കുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ വീക്ഷണം. ഹാര്‍ഡിഞ്ച് പ്രഭു ഓന്നാമന്റെ(1844-48) കാലത്ത് സര്‍ക്കാര്‍ ജോലി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയവര്‍ക്ക് മാത്രമായി നിജപ്പെടുത്തി. ഏഷ്യാ വന്‍കരയിലെ വിവിധ രാജ്യങ്ങളില്‍ വ്യാപിച്ചു കിടന്നിരുന്ന മുസ്‌ലീം പൈതൃക സംസ്‌ക്കാര ഭാഷയായ പേര്‍ഷ്യനിലെ അമൂല്യ വിജ്ഞാന ശാഖകള്‍ക്കും സാഹിത്യത്തിനും നാഗരിക കലകള്‍ക്കും ഇംഗ്ലീഷിന്‍റെ കടന്നു കയറ്റം മങ്ങലേല്‍പ്പിച്ചു. നിരവധി പേര്‍ഷ്യന്‍ പണ്ഡിതന്‍മാര്‍ തൊഴില്‍ രഹിതരായി ക്രമേണ ഈ ഭാഷ കൈകാര്യം ചെയ്യുന്നവരുടെ എണ്ണം നാമമാത്രമായി പിന്നീട് ഉറുദു തല്‍സ്ഥാനത്തേക്ക് ഉയര്‍ന്നു വന്നെങ്കിലും പേര്‍ഷ്യനോളം മേല്‍ കൈനേടാന്‍ കഴിഞ്ഞില്ല.
ആധുനിക ഇന്ത്യയുടെ ശില്‍പിയെന്ന് വിശേഷിപ്പിക്കപ്പെട്ട ഡെല്‍ഹൗസി പ്രഭു ഗവര്‍ണര്‍ ജനറാലായിരുന്ന(1848-56) കാലത്ത് ഇന്ത്യയില്‍ പുതിയൊരു വിദ്യാഭ്യാസ നയം രൂപീക്കരിക്കുന്നതിന്‍റെ ഭാഗമായി ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ നിര്‍ദേശാനുസരണം നിലവില്‍ വന്ന കണ്‍ട്രോള്‍ ബോര്‍ഡിന്‍റെ ചെയര്‍മാനായിരുന്ന ചാള്‍സ് വുഡ് ആവിഷ്‌ക്കരിച്ച ചാര്‍ട്ടര്‍ വുഡസ് ഡസ്പാച്ചിനെ ആധുനിക വിദ്യാഭ്യാസത്തിന്‍റെ മാഗ്‌നകാര്‍ട്ട എന്ന് വിശേഷിപ്പിച്ചു. 1857 ജനുവരി 24ന് ഇന്ത്യയില്‍ ആദ്യമായി കൊല്‍ക്കത്തയില്‍ പാശ്ചാത്യ സര്‍വ്വകലാശാല സ്ഥാപിച്ചു. തുടര്‍ന്ന് മുംബൈ, ചെന്നൈ എന്നീ പ്രധാന പട്ടണങ്ങളില്‍ സര്‍വ്വകലാശാലകളും വിവധ പ്രവിശ്യകളില്‍ വിദ്യാഭ്യാസ വകുപ്പുകളും നിലവില്‍വന്നു.